Image

പ്രവാസി ഞാന്‍ (കവിത: ശങ്കര്‍ ഒറ്റപ്പാലം)

Published on 10 February, 2013
പ്രവാസി ഞാന്‍ (കവിത: ശങ്കര്‍ ഒറ്റപ്പാലം)
മര്‍ത്ത്യ ജീവിതമാകുമീ ആഴിയില്‍ പണ്ട്‌
മുത്തു വാരുവാന്‍ മുങ്ങിയതാണു ഞാന്‍
മുങ്ങി, മുങ്ങിത്തളരുകയാണിന്നും
മുത്തിന്നായുള്ളോരാവേശം ചോരാതെ..

സ്വപ്‌നങ്ങളിന്നും ഉയരുന്നു വാനോളം
മാനത്തിന്നുമതു മഴവില്ലു തീര്‍ക്കുന്നു
കാലമൊരു കാളസര്‍പ്പം പോലിഴയുന്നു
അതിന്‍ വാലും ഗ്രഹിച്ചു പ്രവാസി ഗമിയ്‌ക്കുന്നു

നല്ല ബോധ്യമാണാരോഗ്യ കാര്യത്തില്‍,
പക്ഷേ, നടക്കുന്നതില്ലൊന്നും നിനയ്‌ക്കും പോലവേ..
പുട്ടു കടല, ദോശ ചമ്മന്തിയെന്‍ ശീലം,
എങ്കിലും ഓംലെറ്റും, ബുള്‍സൈ മാണെളുപ്പം!

ചോറും സാമ്പാറുമൊക്കെ ഓണത്തിനൊക്കുന്നു,
ബിരിയാണിയും നെയ്‌ച്ചോറും ഇഷ്‌ടത്തിനെത്തുന്നു

നിനച്ചിരിക്കാത്ത നേരത്തതെപ്പോഴോ
നെഞ്ചിന്നകത്തെങ്ങോ വെള്ളിടി വെട്ടുന്നു!
ഒട്ടുമേ വൈകാതെ ഡോക്‌ടറെ കാണുന്നു
പരിശോധന തീര്‍ന്നപ്പോള്‍ `ബ്ലോക്കുകള്‍' സുലഭം!

അറ്റകുറ്റപ്പണികള്‍ ഉടനെ നടത്തുന്നു,
പതുക്കെ പ്രവാസി വീണ്ടും നടക്കുന്നു..

ജീവിതത്തിന്‍ വഴിത്താരയിലെത്രയോ
കാതങ്ങളേറെയുണ്ടിനിയും താണ്ടീടുവാന്‍
സ്വപ്‌നങ്ങളൊക്കെയും ഏഴു നിറങ്ങളില്‍
മാനത്തിന്നുമതു മഴവില്ലു തീര്‍ക്കുന്നു

ആ സ്വപ്‌ന സാക്ഷാത്‌ക്കാരാനുഭൂതിയിലീ
പ്രവാസി തുടരുന്നു തന്‍ പ്രയാണം..
പ്രവാസി ഞാന്‍ (കവിത: ശങ്കര്‍ ഒറ്റപ്പാലം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക