Image

സ്വപ്നാടനം(നോവല്‍ ഭാഗം-2)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 18 February, 2013
സ്വപ്നാടനം(നോവല്‍ ഭാഗം-2)- നീന പനയ്ക്കല്‍
രണ്ട്
പിടിപ്പതു പണിയുള്ള ദിവസമായിരുന്നു സൂസിക്ക് അന്ന് ഓഫീസില്‍. ഇതുകാരണം ഉച്ചക്ക് ഒരുമണി കഴിഞ്ഞിട്ടാണ് അവള്‍ക്ക് ഊണു കഴിക്കാന്‍ പോകാന്‍ സാധിച്ചത്.

വീട്ടിലേക്ക് കഷ്ടിച്ച് അഞ്ചുമിനിട്ട് നടന്നാല്‍ മതി. ഭയങ്കര വെയില്‍. അവള്‍ കുട നിവര്‍ത്തി വേഗം നടന്നു.

ഗേറ്റ് കടക്കുമ്പോഴേ കുഞ്ഞുങ്ങളാരോ കരയുന്ന ഒച്ച കേട്ടു. ബിന്ദുമോളായിരിക്കും. രാവിലെ അവളുടെ ദേഹത്തിന് അല്പം ചൂടുണ്ടായിരുന്നു.

സൂസിയെ കണ്ടതും പ്രസന്നമായ മുഖത്തോടെ ബീനമോള്‍ ഇഴഞ്ഞു വന്നു. കുട മടക്കി വെച്ചട്ട് അവള്‍ കുഞ്ഞിനെ വാരിയെടുത്ത് ഉമ്മ വെച്ചു.

കൈയിലിരുന്നു. കരയുകയായിരുന്ന ബിന്ദുമോളെയും കൊണ്ട് മറിയച്ചേടത്തി പുറത്തേക്കുവന്നു.

'ബിന്ദുമോള്‍ക്ക് പനിയുണ്ടെന്നു തോന്നുന്നു മോളേ. പാല്‍ ഒട്ടും കുടിച്ചില്ല.'

സൂസിയെ കണ്ടു കരച്ചില്‍ നിര്‍ത്തി ബിന്ദുമോള്‍ രണ്ടും കൈയും നീട്ടി അമ്മയുടെ നേര്‍ക്ക് കുതിക്കാനാഞ്ഞു.

ബീനയെ നിലത്തു വിരിച്ച ഷീറ്റില്‍ ഇരുത്തിയിട്ട് സൂസി കൈനീട്ടി ബിന്ദുവിനെ വാങ്ങി. ചെറുതായി പനിക്കുന്നുണ്ട്. മൂക്കം മുഖവും ചുവന്നു തുടുത്തിട്ടുണ്ട്.

'വൈകുന്നേരം ഞാന്‍ ഓഫീസില്‍നിന്നും നേരത്തേ വരാം ചേടത്തീ.' സൂസി പറഞ്ഞു.

'എന്നാല്‍ ചോറു വിളമ്പട്ടേ?'

'ഉം.'

നനഞ്ഞ തുണികൊണ്ട് മാറിടം വൃത്തിയാക്കിയശേഷം സൂസി ബിന്ദുവിനു പാലുകൊടുത്തു. കുഞ്ഞ് എളുപ്പം ഉറങ്ങി. അവളെ തൊട്ടിലില്‍ കിടത്തിയിട്ട് സൂസി ബീനയുടെ നേര്‍ക്കു തിരിഞ്ഞു. വാപൊളിച്ച് ചിരിച്ചുകൊണ്ട് ആ ഓമനകുഞ്ഞ് അമ്മിഞ്ഞപ്പാലിനായി അമ്മയുടെ അരികില്‍ ഓടിയെത്തി.

എട്ടുമാസം പ്രായമായി കുഞ്ഞുങ്ങള്‍ക്ക്. കണ്ടാല്‍ തമ്മില്‍ തിരിച്ചറിയാനാവാത്ത പൊന്നോമനകള്‍. രണ്ടു തങ്കക്കട്ടികള്‍, ശബ്ദത്തില്‍ മാത്രം അല്പം വ്യത്യാസമുണ്ട്. ബിന്ദുവിന്റെ കൈതണ്ടയില്‍ ഒരു കറുത്ത മറുകുള്ളതുകൊണ്ട് സൂസിക്കവരെ തിരിച്ചറിയാന്‍ എളുപ്പം കഴിയും.

സൂസി വേഗം ഊണു കഴിച്ചു. രണ്ടുമണിക്കുമുന്‍പ് ഓഫീസിലെത്തണം. താമസിച്ചുചെന്നിട്ട് നേരത്തേയിറങ്ങുന്നത് എങ്ങനെ?

കണ്ണാടിയില്‍ നോക്കി മുടി ഒന്നൊതുക്കി വെക്കുമ്പോഴാണ് അവള്‍ ഒരു കാര്യം ഓര്‍ത്തത്. പേഴ്‌സ് എടുത്തു തുറന്നു നോക്കി. അന്‍പതിന്റെ ഒരു നോട്ടും കുറെ ചില്ലറകളും മാത്രം. കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ രൂപ തികയുകയില്ല.

ഇന്നു തീയതി ഇരുപത്. അവള്‍ കണക്കുകൂട്ടി. ശമ്പളം കിട്ടാന്‍ പത്തുദിവസം കൂടി കഴിയണം. സീനിയര്‍ അക്കൗണ്ടന്റ് മാലതിസാര്‍ തന്നെ രക്ഷ.

ആവശ്യം വരുമ്പോള്‍ മടിയോടെയാണെങ്കിലും സൂസി അവരോടു കടം ചോദിക്കും. അവര്‍ കൊടുക്കുകയും ചെയ്യും. ഒന്നാം തീയതി ശമ്പളം കിട്ടുമ്പോള്‍ സൂസി കടം മുഴുവന്‍ വീട്ടും.

രണ്ടു മണിക്കു മുന്‍പ് ഓഫീസിലെത്തി. സഹപ്രവര്‍ത്തകരാരും സീറ്റില്‍ എത്തിയിരുന്നില്ല. അവര്‍ അവിടെയും ഇവിടെയും സൊറ പറഞ്ഞിരിക്കയായിരുന്നു. സൂസി മാലതിസ്സാറിന്റെ അടുത്തുചെന്നു.

'ബിന്ദുമോള്‍ക്ക് സുഖമില്ല സാറേ. എനിക്ക് ഇത്തിരി നേരത്തെ പോകണം. കുഞ്ഞിനെ ഡോക്ടറെ കാണിക്കണം.'

'രൂപയുണ്ടോ കൈയില്‍?'

സൂസി തലകുനിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

'എത്ര രൂപ വേണം കുട്ടീ?'

'ഇരുന്നൂറു കിട്ടിയാല്‍ നന്നായിരുന്നു.'

ഹാന്‍ഡ്ബാഗ് തുറന്ന് നൂറിന്റെ രണ്ടുനോട്ടുകള്‍ എടുത്ത് മാലതിസ്സാര്‍ സൂസിക്കു കൊടുത്തു.

കുഞ്ഞിനെ ഡോക്ടറെ കാണിച്ചിട്ട് തിരികെ വീട്ടിലെത്തിയപ്പോള്‍ മണി ഏഴ്. പാരസറ്റമോളും ആന്റിബയോട്ടിക്കും ഡോക്ടര്‍ കൊടുത്തു. ജലദോഷപ്പനിയാണ് സാരമില്ല.

'ബീനമോള്‍ വഴക്കുണ്ടാക്കിയോ?' സൂസി മറിയച്ചേടത്തിയോടു ചോദിച്ചു.

'ബിന്ദുമോളെപ്പോലെയല്ലല്ലോ ബീനമോള്‍,' ചിരിച്ചു
കൊണ്ട് റിയച്ചേടത്തി പറഞ്ഞു. കുറുമ്പിത്തിരി കൂടുതലാ.'

ഇരട്ടകളാണെങ്കിലും ബീനക്കും ബിന്ദുവിനും രണ്ടുതരം സ്വഭാവമാണെന്നു ചിലപ്പോഴൊക്കെ സൂസിക്കും തോന്നിയിട്ടുണ്ട്.

കുളികഴിഞ്ഞ് വേഷം മാറിയപ്പോള്‍ അവള്‍ക്ക് അല്പം ഒരാശ്വാസം തോന്നി. ബീനയും ബിന്ദുവും കട്ടിലില്‍ സുഖമായി ഉറങ്ങുന്നു.

'നമുക്കും വല്ലതും കഴിച്ചിട്ട് കിടക്കാം.' മറിയച്ചേടത്തി പറഞ്ഞു. 'മോളെ കണ്ടിട്ട് വലിയ ക്ഷീണമുള്ളതുപോലെ.'

ഊണുകഴിഞ്ഞ് പാത്രങ്ങള്‍ കഴുകിവെച്ച്, പുറത്തേക്കുള്ള വാതിലുകളെല്ലാം അടച്ച് മറിയച്ചേടത്തി അവരുടെ മുറിയില്‍ ഉറങ്ങാന്‍ പോയി.

ഇരട്ടക്കട്ടിലില്‍ ഭിത്തിയോടു ചേര്‍ത്ത് ബീനയെ കിടത്തി. അതിനിപ്പുറത്തു ബിന്ദുവിനെ. കട്ടിലിന്റെ അറ്റത്തു സൂസി കിടന്നു.

കിടന്നാല്‍ പെട്ടെന്നൊന്നും അവള്‍ക്കുറക്കം വരാറില്ല. പലതും ഓര്‍ക്കും. ആലോചിക്കും. ചിലപ്പോള്‍ ശബ്ദമുണ്ടാക്കാതെ കരയും. എപ്പോഴെങ്കിലും ആവും ഉറങ്ങുക.

മൂന്നു വര്‍ഷ ം മുന്‍പ് രജിസ്ട്രാറുടെ മുന്നില്‍ വെച്ച് രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ മനുവിനെ വിവാഹം കഴിക്കുമ്പോള്‍ ഒരുപാടു പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വരുമെന്ന് അ
റിയാമായിരുന്നു. മനു കൂടെയുണ്ടെങ്കില്‍ എന്തും നേരിടാം എന്ന ധൈര്യവും ഉണ്ടായിരുന്നു.

മനുവിന്റെ വീട്ടുകാര്‍, ഭയന്നാവണം, മാറിനിന്നു. അതായിരുന്നില്ല തന്റെ വീട്ടിലെ സ്ഥിതി. കന്യാസ്ത്രീകളും അച്ചന്മാരുമുള്ള ആഢ്യകുടുംബമാണ് ചാരുവിളവീട്. കുടുംബത്തിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയ നിഷേധിയെ അന്നുതന്നെ വീട്ടില്‍നിന്നും തള്ളിക്കളഞ്ഞു.

"നമുക്കു രണ്ടുപേര്‍ക്കും ജോലിയുണ്ട്. നമ്മള്‍ സുഖമായി ജീവിക്കുന്നതു കാണുമ്പോള്‍ സൂസിയുടെ വീട്ടുകാര്‍ സന്തോഷിക്കയേ ഉള്ളൂ." ഉറച്ച വിശ്വാസത്തോടെ തന്നെ മനു കൂട്ടിച്ചേര്‍ത്തു. "കാലം കുറെ ചെല്ലുമ്പോള്‍ അവരുടെ മനസ്സുമാറും. അവര്‍ നമ്മെ സ്വീകരിക്കും. സൂസി നോക്കിക്കോ."

എല്ലാവരും ഉപേക്ഷിച്ചെങ്കിലും ജീവിതം തടസ്സങ്ങളൊന്നുമില്ലാതെ നീങ്ങി. വൈകുന്നേരങ്ങളില്‍ കായല്‍ക്കാറ്റേറ്റിരുന്നും ഇടയ്‌ക്കൊക്കെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചും ചെറിയ വാടകവീട്ടില്‍ സന്തുഷ്ടരായി ജീവിച്ചു.

സൂപ്രണ്ട് ജോണ്‍സാറിന്റെ നിര്‍ദ്ദേശപ്രകാരം ഓഫീസിനടുത്ത് കുറച്ചു സ്ഥലം വാങ്ങി, ലോണെടുത്ത് വീടുവെച്ചു. താമസം മാറി.

വീടുമാറ്റവും മനുവിന്റെ പ്രമോഷനും ഒരുമിച്ചാണ് വന്നത്. ആഘോഷിക്കാതിരിക്കുന്നതെങ്ങനെ? കുറച്ചു കാശു ചെലവുള്ള ഹോട്ടലിലേക്കാണ് മനു ഡിന്നര്‍ കഴിക്കാന്‍ കൊണ്ടുപോയത്.

ഒന്നും കഴിക്കാന്‍ സൂസിക്കു സാധിച്ചില്ല. എന്തോ ഒന്നു നുള്ളിത്തിന്നപ്പോഴേക്കും മനം പുരട്ടിവന്നു.

ഒന്നിനും രുചിയില്ല. ക്ഷീണവും തളര്‍ച്ചയും അധികമാകുന്നു. ഡോക്ടറെ കണ്ടേ തീരൂ എന്ന സ്ഥിതിയായി.
'താങ്കളുടെ ഭാര്യ ഗര്‍ഭിണിയാണ്. അഭിനന്ദനങ്ങള്‍.' ഡോക്ടര്‍ മനുവിനോടു പറഞ്ഞു.

സന്തോഷമടക്കാന്‍ സാധിച്ചില്ല. ആരോരുമില്ലാത്ത തങ്ങളുടെ പുതിയ വീട്ടിലേക്ക് ഒരു പുതിയ അംഗം വരുന്നു. തങ്ങളെ സ്‌നേഹിക്കാന്‍. തങ്ങള്‍ക്ക് സ്‌നേഹിക്കാന്‍.

പ്രമോഷനായപ്പോള്‍ തൃശ്ശൂരേക്ക് സ്ഥലംമാറ്റം. അതൊരു അടിയായിപ്പോയി. മനു എന്നും എറണാകുളത്തുനിന്നും ട്രെയിനില്‍ തൃശ്ശൂര്‍ക്ക് പോയിവന്നു. ഒരു ദിവസംപോലും സൂസിയെ പിരിഞ്ഞിരിക്കാനാവുമായിരുന്നില്ല അയാള്‍ക്ക്.

രണ്ടുമാസത്തിനുശേഷം എറണാകുളത്ത് ഒരു വേക്കന്‍സിയുണ്ടായപ്പോള്‍ പഴയ ഓഫീസിലേക്കുതന്നെ തിരിച്ചുവരാന്‍ അയാള്‍ക്കു സാധിച്ചു.

ജീവിതം വീണ്ടും സുന്ദരമായ ഒരു കുളിരൊഴുക്കുപോലെ.

'നമുക്കൊരു സ്‌കൂട്ടര്‍ വാങ്ങിയാലോ സൂസി.' ഒരു ദിവസം മനു പറഞ്ഞു. 'നമ്മള്‍ ഒരുമിച്ച് എവിടെയെങ്കിലും പോകുമ്പോള്‍ ബസ്സിലെ ഉന്തും തള്ളും ഒഴിവാക്കാമല്ലോ.'

സ്‌ക്കൂട്ടര്‍ വാങ്ങുന്നതു നല്ലതുതന്നെ. പിന്നില്‍ പുരുഷനെ പരസ്യമായി കെട്ടിപ്പിടിച്ചിരിക്കുവാനുള്ള അനുമതി സ്‌കൂട്ടറിലും മോട്ടോര്‍ സൈക്കിളിലും സഞ്ചരിക്കുന്ന സ്ത്രീക്കു മാത്രമേ ജനം നല്‍കിയിട്ടുള്ളൂ. അവളുടെ ചുണ്ടില്‍ ചിരിയൂറി.

പക്ഷെ റോഡുകളിലെ ട്രാഫിക്! എത്ര അപകടങ്ങളാണ് ദിവസവും ഉണ്ടാകുന്നത്!
പൂര്‍ണ്ണമനസ്സോടെയല്ലെങ്കിലും സൂസി സമ്മതിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ മനു ഒരു പുതിയ സ്‌കൂട്ടര്‍ വാങ്ങി. ലോണ്‍ കിട്ടിയിരുന്നു.

ഒരു തവണ പതിവു ചെക്കപ്പിനു ചെന്നപ്പോള്‍ ഡോക്ടര്‍ ഒരു സംശയം പറഞ്ഞു. ഒന്നു സ്‌കാന്‍ ചെയ്തു നോക്കണം.'

മനു ഉള്ളില്‍ നടുങ്ങി. എന്താ ഡോക്ടര്‍ ? വല്ല കുഴപ്പവും ഡോക്ടര്‍ പുഞ്ചിരിച്ചു. രണ്ടു കുഞ്ഞുങ്ങളാണോ എന്നൊരു സംശയം.

സ്‌കാന്‍ ചെയ്തു നക്കിയപ്പോള്‍ സംഗതി ശരിയാണെന്നു തെളിഞ്ഞു.

'ഇനി എന്തുചെയ്യും സൂസി?' മനു അമ്പരപ്പോടെ ചോദിച്ചു. 'രണ്ടു കുഞ്ഞുങ്ങളെ വയറ്റിലിട്ടു കൊണ്ടുനടക്കാനുള്ള ആരോഗ്യം നിനക്കുണ്ടോ?'

'സാരമില്ല. ഡബിള്‍ ബോണസ്സായി കണക്കാക്കിയാല്‍ മതി.' സൂസി കുണുങ്ങിച്ചിരിച്ചു. 'ഇനി ഒരു തവണകൂടി കഷ്ടപ്പെടാതെ കഴിക്കാമല്ലോ'

മുടങ്ങാതെ ചെക്കപ്പിനുപോയി. കുഞ്ഞുങ്ങള്‍ നല്ലവണ്ണം അനങ്ങാന്‍ തുടങ്ങി. അവരുടെ ചലനത്തിലെ പ്രത്യേകതള്‍ അവള്‍ ശ്രദ്ധിച്ചു. മനു അടുത്തുവരുമ്പോള്‍ കുഞ്ഞുങ്ങള്‍ കൈകാലുകള്‍ ഇളക്കി അവരുടെ പപ്പായെ സ്വാഗതം ചെയ്യും. സൂസിയുടെ വയറ്റില്‍ അയാള്‍ കൈവക്കുമ്പോള്‍ രണ്ടുപേരും ശാന്തരായി ആ തലോടലേറ്റു മയങ്ങും.

സ്‌കൂട്ടറിന്റെ ശബ്ദം കേള്‍ക്കുമ്പോഴും ഡോര്‍ബെല്‍ ശബ്ദിക്കുമ്പോഴും അവര്‍ ഞെട്ടിയുണരും. വീട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അവര്‍ മനസ്സിലാക്കിയിരുന്നതുപോലെ.

സൂസിക്ക് കൂട്ടിനൊരാളെ വേണം.

സൂപ്രണ്ട് ജോണ്‍സാര്‍ സഹായത്തിനെത്തി.

മറിയച്ചേടത്തിയെ മനുവിന്റെ വീട്ടിലെത്തിച്ചു.

ഒന്‍പതാം മാസമായി.

ആ ഞായറാഴ്ച്ചയും രാവിലെ മെല്ലെ നടന്ന് സൂസി പള്ളിയില്‍ പോയി. അടുത്തു തന്നെയാണ് പള്ളി.
തിരികെ വരുമ്പോള്‍ റോഡരികിലെ ചൈനീസ് റസ്റ്റോറന്റില്‍ നിന്ന് രുചികരമായ മണം അന്തരീക്ഷത്തിലേക്ക് ഒഴുകി വരുന്നുണ്ടായിരുന്നു. സൂസിയുടെ നാവില്‍ അറിയാതെ വെള്ളമൂറി.

'ഒരു ദിവസം നമുക്ക് ചൈനീസ് ഫുഡ് കഴിക്കാന്‍ പോകണം.' വീട്ടിലെത്തിയശേഷം അവള്‍ പറഞ്ഞു. 'ഇപ്പോഴല്ല, പ്രസവമൊക്കെ കഴിഞ്ഞിട്ടു മതി.'

'എന്തിനാ അതുവരെ കാക്കുന്നത്? നമുക്ക് ഇപ്പോള്‍ത്തന്നെ പോകാം.'

വേണ്ട, വലിയ വെയിലാ. വയ്യ.

'എന്നാല്‍ ഞാന്‍ പോയി മേടിച്ചു കൊണ്ടുവരാം.'

വേണ്ട എ
ന്ന് വീണ്ടും വീണ്ടും പറഞ്ഞെങ്കിലും മനു അതു കേള്‍ക്കാതെ സ്‌കൂട്ടറുമെടുത്ത് അപ്പോള്‍ത്തന്നെ പോയി.

മനു പോയതും, വയറ്റില്‍ കിടന്ന് കുഞ്ഞുങ്ങള്‍ രണ്ടും ശക്തിയായി കൈകാലുകളിട്ട് ഇളക്കാന്‍ തുടങ്ങി. സൂസി രണ്ടു കൈകൊണ്ടും വയറമര്‍ത്തി കസേരയില്‍ ഇരുന്നുപോയി.

'എന്താ മോളേ?' അതുകണ്ട് പരിഭ്രാന്തിയോടെ മറിയച്ചേടത്തി ചോദിച്ചു.

'എന്റെ അടിവയര്‍ പിളരുന്നു. ഇവരെന്നെ ചവിട്ടുക്കൊല്ലുമെന്നാ തോന്നുന്നത്.'

'പപ്പാ പോയതിന്റെ വിഷമമാവും മക്കള്‍ക്ക്.'

ചൈനീസ് റസ്റ്റോറന്റിലേക്കു പോയ മനു പിന്നെ ജീവനോടെ വീട്ടില്‍ തിരിച്ചുവന്നില്ല.

പോയിട്ട് ഏറെ നേരാമായിട്ടും മനുവിനെ കാണാഞ്ഞ് സൂസി വെളിയില്‍ വന്നു കാത്തിരുന്നു.
ഗേറ്റിനു വെളിയില്‍ ഒരു ടാക്‌സി വന്നു നിന്നു.

സൂപ്രണ്ട് ജോണ്‍സാര്‍ ഇറങ്ങി.

'മനുവിന് ചെറിയൊരാക്‌സിഡന്റ്…. ഹോസ്പിറ്റലിലാ, പേടിക്കാനൊന്നുമില്ല. 'സൂസി വാ.. നമുക്കങ്ങോട്ടു പോകാം.'

ഓപ്പറേഷന്‍ തീയേറ്ററിനു മുന്നിലെ വരാന്തയിലുള്ള വെള്ളപ്പെയിന്റടിച്ച കസേരയില്‍ എത്രനേരം ഇരുന്നു എന്നറിയില്ല. അറിഞ്ഞും കേട്ടും ഓഫീസിലുള്ള സഹപ്രവര്‍ത്തകര്‍ മിക്കവരും എത്തി.

'സൂസിയുടെ വീട്ടില്‍ ഫോണ്‍ ചെയ്ത് അറിയിച്ചിട്ടുണ്ട്.' ജോണ്‍സാര്‍ പറഞ്ഞു.

'ആരെയാ കിട്ടത്?' കരച്ചിലിനിടയില്‍ അവള്‍ ചോദിച്ചു.

'ഫാദറാ ഫോണെടുത്തത്.'

'അപ്പച്ചനെന്തു പറഞ്ഞു.?'

ജോണ്‍സാര്‍ നിശ്ശബ്ദനായി നിന്നതേയുള്ളൂ.

സൂസിയുടെ കണ്ണുകളില്‍നിന്നും ധാരധാരയായി കണ്ണീരൊഴുകി വീണു.

അല്പനേരം കഴിഞ്ഞപ്പോള്‍ ശബ്ദംതാഴ്ത്തി ജോണ്‍സാര്‍ മാലതിസ്സാറിനോട് സംസാരിക്കുന്നത് അവള്‍ കേട്ടു.

കിഡ്‌നിയുംസ്പ്ലീനും ചതഞ്ഞു പോയി. ഇന്റേണല്‍ ബ്‌ളീഡിംഗുമുണ്ട്. പ്രയാസമാണെന്നാ ഡോക്ടര്‍ പറഞ്ഞത്. ഇക്കാര്യമെല്ലാം ഞാന്‍ സൂസിയുടെ ഫാദറിനോട് വിശദമായി പറഞ്ഞതാ..

'കണ്ണില്‍ ച്ചോരയില്ലാത്ത..' ബാക്കി വാക്കുകള്‍ ദേഷ്യത്തോടെ മാലതിസ്സാര്‍ വിഴുങ്ങി.

വാശിയും വൈരവും ഇത്തരം സമയങ്ങളിലെങ്കിലും മറക്കാത്തവര്‍ മനുഷ്യരാണോ.

ദൈവം അത്ര ക്രൂരനൊന്നുമല്ല. നമ്മളൊക്കെ ഇവിടുണ്ടല്ലോ, മനു രക്ഷപ്പെടുകതന്നെ ചെയ്യും. തീര്‍ച്ച.

മനു രക്ഷപ്പെട്ടില്ല. രണ്ടാമത്തെ ദിവസം മനു മരിച്ചു. നാണംകെട്ട്, ജോണ്‍സാര്‍ വീണ്ടും സൂസിയുടെ വീട്ടിലേക്കു ഫോണ്‍ ചെയ്തു. 'സൂസി പൂര്‍ണ്ണഗര്‍ഭിണിയാണ്. നിങ്ങളല്ലാതെ വേറെ ആരുമില്ല അവള്‍ക്ക്.'

'നിങ്ങളൊക്കെയുണ്ടല്ലോ. അതു ധാരാളം മതി.'

പരിഹാസം കലര്‍ന്ന മറുപടി.

വൈകുന്നേരം ശവസംസ്‌കാരം നടന്നു.

സൂസിക്കു വേദന തുടങ്ങി. വയറു പൊട്ടിപ്പോകുന്ന പോലുള്ള വേദന. പ്രസവത്തോടെ താനും മക്കളും മരിച്ചുപോയിരുന്നെങ്കില്‍! അവള്‍ ആത്മാര്‍ത്ഥമായിട്ട് ആഗ്രഹിച്ചു.

ആരാണ് ഹോസ്പിറ്റലില്‍ കൊണ്ടുപോയത് എന്ന് അവളറിഞ്ഞില്ല. ശരീരത്തില്‍ സൂചികള്‍ തറച്ചുകയറുന്നത് അറിഞ്ഞില്ല. അര്‍ദ്ധബോധാവസ്ഥയില്‍ ആരൊക്കെയോ സംസാരിക്കുന്നത് ഒരു സ്വപ്നത്തിലെന്നപോലെ കേട്ടു. പിന്നെ കുഞ്ഞുങ്ങളുടെ കരച്ചിലും.

നാലാം ദിവസം ആശുപത്രിയില്‍ നിന്നു പോകാന്‍ കഴിഞ്ഞു. മനുവില്ലാത്ത വീട്ടിലേക്ക് രണ്ടു പുതിയ അതിഥികളുമായി ചെന്നു കയറി.

കരഞ്ഞു കരഞ്ഞു കണ്ണീര്‍ വറ്റി.

പിന്നീട് കരച്ചില്‍ മറന്നു.

കുഞ്ഞുങ്ങളുടെ മുഖത്തേക്കു നോക്കിയിരിക്കുമ്പോള്‍ ലോകം തന്നെ മറന്നു.

ബീനയും ബിന്ദുവും.

മനുവിന്റെ മക്കള്‍. മനുവിന്റെ രക്തം.

അവരുടെ കണ്ണിലേക്കു നോക്കിയാല്‍ മതി. മനുവിനെ കാണാം.

വീട്ടില്‍ നിന്ന് ആരും വന്നില്ല. ആരും വിവരങ്ങള്‍ അന്വേഷിച്ചുമില്ല.

ജോലിയുള്ളതുകൊണ്ട് കഷ്ടിച്ചു ജീവിച്ചു പോകാന്‍ കഴിയുന്നു. ഓഫീസില്‍ എല്ലാവരുടേയും സ്‌നേഹവും സഹകരണവും എപ്പോഴുമുണ്ട്. എങ്കിലും സുന്ദരിയും ചെറുപ്പക്കാരിയുമായ ഒരു വിധവയെ പ്രത്യേകതരം കാഴ്ചപ്പാടില്‍ കാണുന്ന പുരുഷന്മാരുണ്ടായിരിക്കുമല്ലോ. അവരില്‍ നിന്നുള്ള നോട്ടത്തിനും സംസാരത്തിനും ബുദ്ധിപൂര്‍വ്വം തടയിടാനും കഴിയാറുണ്ട്.

ആലോചിച്ചാലോചിച്ച് സൂസി കിടന്നുറങ്ങി.

രാവിലെ ഉണര്‍ന്നപ്പോള്‍ മണി ഏഴ്. അന്നു ഞായറാഴ്ചയാണല്ലോ എന്നോര്‍ത്തപ്പോള്‍ സമാധാനമായി. ധൃതിവെച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല.

കാപ്പികുടി കഴിഞ്ഞ് മറിയച്ചേടത്തി സഞ്ചിയുമെടുത്ത് മാര്‍ക്കറ്റില്‍ പോയി.

ബീനയുടേയും ബിന്ദുവിന്റേയും മേല്‍കഴുകി പുതിയ ഉടുപ്പുകളിടുവിച്ച് മുടിചീകി ഒതുക്കുമ്പോഴാണ് ഗേറ്റിനു വെളിയില്‍ ഒരു കാര്‍ വന്നു നില്‍ക്കുന്നത് സൂസി കണ്ടത്.

കാറില്‍ നിന്നറങ്ങിയവരെ കണ്ട് അവള്‍ സ്തബ്ധയായി നിന്നു. ജോസച്ചാച്ചനും മേരിക്കുട്ടിമ്മാമ്മയും!!

വിശ്വസിക്കാന്‍ പ്രയാസം പോയി. അമേരിക്കയില്‍നിന്നും എല്ലാക്കൊല്ലവും നാട്ടില്‍ വന്നിട്ടും, ഒരിക്കല്‍ പോലും എറണാകുളത്തു വരികയോ തന്നെ കാണാന്‍ ശ്രമിക്കയോ ചെയ്യാത്ത ജോസച്ചായന്‍.

ആദ്യമൊന്നു സംശയിച്ചു നിന്നെങ്കിലും, സൂസിയെ കണ്ടപ്പോള്‍ വീടുതെറ്റിയിട്ടില്ലെന്നു മനസ്സിലായി. ജോസും പിന്നാലെ മേരിക്കുട്ടിയും ഗേറ്റുകടന്ന് അകത്തേക്കു കയറി.

സൂസി പെട്ടെന്നു മുറ്റത്തേക്കിറങ്ങിച്ചെന്നു.

“സൂസി മോളേ…” അവളുടെ കോലം കണ്ട് ജോസ് അറിയാതെ വിളിച്ചുപോയി.

അവളുടെ ഇരുചുമലുകളിലും കൈവെച്ച് അയാള്‍ അവളുടെ മുഖത്തേക്കു നോക്കി.

'നീ വല്ലാതെ മാറിപ്പോയല്ലോ കുഞ്ഞേ' വേദനയോടെ അയാള്‍ പറഞ്ഞു.

അവള്‍ തലതിരിച്ചു മേരിക്കുട്ടിയെ നോക്കി. മേരിക്കുട്ടിമ്മാമ്മ വല്ലാതെ തടിച്ചുപോയിരിക്കുന്നു. മുടിമുറിച്ചിട്ടുണ്ട്. ചുണ്ടുകളില്‍ ചായം തേയ്ച്ചിരിക്കുന്നു.

'സോറി മോളെ.. മനു മരിച്ച വിവരം അമ്മച്ചി വിളിച്ചു പറഞ്ഞായിരുന്നു. അന്നേ വിചാരിച്ചതാണ് ഇനി വരുമ്പോള്‍ നിന്നെ വന്നു കാണണമെന്ന്.'

'മനു മരിക്കട്ടെ. അതു കഴിഞ്ഞു സൂസിമോളെ പോയി കാണാം എന്നായിരുന്നു ചിന്ത അല്ലേ' എന്നു ചോദിക്കാന്‍ നാവു വളഞ്ഞതാണ്. പെട്ടെന്നവള്‍ സ്വയം നിയന്ത്രിച്ചു.

'കയറി വാ അച്ചായാ, അമ്മാമ്മേം വാ.'

അവര്‍ അകത്തേക്കു കയറി. ഡ്രോയിംഗ് റൂമില്‍ നിലത്ത് ബിന്ദുവും ബീനയും ഇരുന്നു കളിക്കുന്നു.

അവരെക്കണ്ട് മേരിക്കുട്ടിയുടെ ഹൃദയം ഒന്നു കുതിച്ചു. ഓമനത്തമുള്ള രണ്ടു കുഞ്ഞുങ്ങള്‍. കണ്ടാല്‍ രണ്ടുപേരും ഒരുപോലെ. ഇവരില്‍ ആരെയാണു താന്‍…

ബിന്ദുവും ബീനയും മുറിയിലേക്കു കയറിവന്ന രണ്ടപരിചിതരെ കണ്ണുകള്‍ വിടര്‍ത്തി കൗതുകത്തോടെ നോക്കി.

Previous Page: Link: http://emalayalee.com/varthaFull.php?newsId=43894
സ്വപ്നാടനം(നോവല്‍ ഭാഗം-2)- നീന പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക