Image

വിപ്ലവത്തിന്റെ കൊടുങ്കാറ്റ്‌ സാഹിത്യചര്‍ച്ചകളില്‍

Published on 19 February, 2013
വിപ്ലവത്തിന്റെ കൊടുങ്കാറ്റ്‌ സാഹിത്യചര്‍ച്ചകളില്‍
സാഹിത്യവിചാരങ്ങള്‍ ഇനിയും ആധുനിക സാങ്കേതികതയില്‍ക്കൂടിയും ഒന്ന്‌ പരീക്ഷിച്ചു നോക്കാം.

ഇത്രയുംകാലം പഴയ സാഹിത്യസമാജം രീതിയിലാണ്‌ യോഗങ്ങള്‍ നടന്നുകൊണ്ടിരുന്നത്‌. ഒരു അദ്ധ്യക്ഷന്‍ വേണം. ഉപക്രമം, ഉപന്യാസം, അഭിപ്രായങ്ങള്‍, ഉപസംഹാരം എന്നീ ക്രമത്തില്‍, പിന്നെ സംഘടനക്ക്‌ പ്രസിഡണ്ട്‌, കാര്യദര്‍ശി, മുതല്‍പ്പിടി എന്നിങ്ങനെയും.

എന്നാല്‍ പുതിയ തുടക്കം, ഒക്ക്‌ലഹോമസിറ്റിയില്‍നിന്ന്‌്‌ ബ്രദര്‍ ഏബ്രഹാം ജോണ്‍ വിളിച്ചു. ധാരാളം അനുഭവസമ്പത്തുള്ള ഒരു നല്ല വായനക്കാരന്‍. പലപ്പോഴും അദ്ദേഹവുമായി സാഹിത്യ സാമൂഹികവിഷയങ്ങള്‍ ദീര്‍ഘമായി സംസാരിക്കാറുണ്ട്‌. കുറ്റബോധത്തോടെയോ അല്ലെങ്കില്‍ എന്തെങ്കിലും മറച്ചുവെച്ചുകൊണ്ടോ ഉള്ള വര്‍ത്തമാനമല്ല അദ്ദേഹത്തിന്റേത്‌.

മുന്‍പൊരിക്കല്‍ ഫാദര്‍ സെഡ്‌. എം. മൂഴൂര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞത്‌ ഓര്‍മ്മ വരുന്നു. താന്‍ ആദ്യമായും അവസാനമായും ഒരു വൈദീകനാണ്‌, അതാണ്‌ തന്റെ ദൗത്യമെന്ന്‌.

ഏതാണ്ട്‌ അതേ സ്വരത്തില്‍ത്തന്നെയാണ്‌ ബ്രദര്‍ ഏബ്രഹാം ജോണും സംസാരിക്കുന്നത്‌. താന്‍ ഒരു പാസ്‌റ്റര്‍ ആണെന്ന കാര്യം ഒരിക്കലും അദ്ദേഹം മറച്ചുവെക്കാറില്ല. ആ ഉത്തരവാദിത്വത്തിന്‌ പരിമിതികള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല, എന്നാല്‍ തന്റെ സ്വതന്ത്രചിന്തക്ക്‌ കടിഞ്ഞാണിടുന്നുമില്ല. തന്റെ ഒക്കമലഹോമയിലെ വീടിന്റെ പിന്നിലെ വിശാലമായ വയലില്‍ വിളഞ്ഞുകിടക്കുന്ന ചോളത്തലപ്പുകള്‍ കാറ്റത്ത്‌ ഊഞ്ഞാലാടുന്നതിന്റെ ഭംഗി അദ്ദേഹം വിവരിക്കും. അതേ സമയത്തുതന്നെ സ്വന്തം ഗ്രാമമായ കവിയൂരിലേക്കും മണിമലയാറിന്റെ തീരത്തേക്കും പോകും. ഇതിനിടയില്‍ തനിക്ക്‌ സുപരിചിതമായ അമേരിക്കന്‍ ഇന്ത്യാക്കാരുടെ ജീവിതശൈലിയും കടന്നുവരും.

`ആധുനികസാങ്കേതികത ഉപയോഗിച്ച്‌ നമുക്കൊരു സാഹിത്യചര്‍ച്ച തുടങ്ങിയാലോ' എനിക്കൊന്നും മനസിലായില്ല.

`ഒരു സാഹിത്യ സര്‍ക്കിള്‍. വല്ലപ്പോഴും ഒന്നോ രണ്ടോ മണിക്കൂര്‍ ചെലവഴിക്കാന്‍ സന്മനസുള്ളവരുടെ കൂട്ടായ്‌്‌മ. എങ്ങും യാത്ര ചെയ്യേണ്ട, മറ്റൊരു പണിയും കാര്യമായി മുടക്കേണ്ട. ഒരു ടെലഫോണ്‍സാഹിത്യസമ്മേളനം. ലോകത്തിന്‌ ഇതൊരു പുതിയകാര്യമൊന്നുമല്ല, പക്ഷേ സാഹിത്യരംഗത്ത്‌ ഒരു ഉണര്‍വുണ്ടാക്കും, തീര്‍ച്ച' ഞാന്‍ മൗനമായിരുന്നപ്പോള്‍ ബ്രദര്‍ തുടര്‍ന്നു:

`എന്നാല്‍ ഇതങ്ങ്‌ തുടങ്ങട്ടെ'

`പിന്നീട്‌ കാര്യങ്ങള്‍ നീങ്ങിയത്‌ എത്രയോ വേഗമായിരുന്നു. ഈ സാങ്കേതികത നാളുകളായി ഇവിടെയുണ്ട്‌. നമ്മുടെ സാഹിത്യചര്‍ച്ചയില്‍ പരീക്ഷിക്കുന്നത്‌ ഇപ്പോഴാണെന്നുമാത്രം.

വലിയ വലിയ പ്രസ്‌ഥാനങ്ങളുടെ ചെറിയ തുടക്കത്തിന്റെ കഥകള്‍ ഞങ്ങള്‍ പങ്കുവെച്ചു. മരച്ചുവടുകളില്‍ ഇരുന്നും പാറക്കെട്ടുകളില്‍ ഇരുന്നും രൂപംകൊടുത്തവ ഇന്ന്‌ മഹത്തായ സംഘടനകളായിരിക്കുന്നു.

സമ്മേളനസമയവും ദിവസവും നിശ്‌ചയിച്ചുറച്ചു. ഫെബ്രുവരി ഒന്‍പത്‌ ശനിയാഴ്‌ച രാവിലെ ഒന്‍പതര സെന്‍ട്രല്‍ സമയം. രണ്ടു മണിക്കൂര്‍ നീണ്ടുനില്‌ക്കുന്ന കോണ്‍ഫ്രന്‍സ്‌.

അമേരിക്കയുടെ വിവിധ നഗരങ്ങളില്‍നിന്ന്‌ പ്രതീക്ഷയില്‍ക്കവിഞ്ഞ പ്രതികരണമാണ്‌ ഈ ആശയത്തിന്‌ ലഭിച്ചത്‌. ബ്രദര്‍ ഏബ്രഹാം ജോണ്‍ സാങ്കേതിക നിയന്ത്രണം ഏറ്റെടുത്തു. സമ്മേളനത്തിന്റെ സാഹിത്യപരമായ നടത്തിപ്പ്‌ എന്റെ ചുമലിലും.

ഈ രാജ്യത്തെ മലയാള സാഹിത്യ പ്രസ്‌ഥാനങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കാനുള്ള നിയോഗം. ഏതാണ്ട്‌ ഇരുപത്തിയഞ്ച്‌ വര്‍ഷം മുന്‍പ്‌ ഹൂസ്‌റ്റനില്‍ കേരള റൈറ്റേഴ്‌സ്‌ ഫോറമെന്ന അമേരിക്കയിലെ സംഘടിതമായ ആദ്യ മലയാള ചര്‍ച്ചാവേദിക്ക്‌ രൂപംകൊടുത്തപ്പോള്‍ അതിനൊപ്പം നില്‍ക്കാനുള്ള ഭാഗ്യമുണ്ടായി. പിന്നിടുവന്ന ഹൂസ്‌റ്റനിലെ സാഹിത്യപ്രസ്‌ഥാനങ്ങള്‍ക്കെല്ലാം സഹകരണം കൊടുക്കാനും കഴിഞ്ഞു. പതിനേഴോളം വര്‍ഷം മുന്‍പ്‌ ലാനയുടെ തുടക്കം കുറിച്ചപ്പോഴും അതിന്റെ മുന്നില്‍ത്തന്നെയുണ്ടായിരുന്നു. ഇപ്പോള്‍, ഇന്നിതാ മറ്റൊരു ചരിത്ര മുഹൂര്‍ത്തം. അമേരിക്കയിലെ മലയാളസാഹിത്യ ചര്‍ച്ചയില്‍ മറ്റൊരു നാഴികക്കല്ല്‌.

അല്‌പം ആശങ്കയോടാണ്‌ ഒന്‍പതരക്ക്‌ കാത്തിരുന്നത്‌.

പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറമായിരുന്നു പന്നീട്‌ സംഭവിച്ചത്‌. ന്യൂയോര്‍ക്കില്‍നിന്ന്‌, ഫിലദല്‍ഫിയയിനിന്ന്‌, ഫ്‌ളോറിഡയില്‍നിന്ന്‌, ഹൂസ്‌റ്റനില്‍നിന്ന്‌, ഡാളസില്‍നിന്ന്‌, ഡിട്രോയ്‌റ്റില്‍നിന്ന്‌, അറ്റ്‌ലാന്റയില്‍നിന്ന്‌ ഒരോരുത്തരായി ലൈനില്‍വന്നുകേറിക്കൊണ്ടിരുന്നു. മറ്റൊരു സമ്മേളനത്തിനും കണ്ടിട്ടില്ലാത്ത ആവേശം. മൂന്‍കൂട്ടി നിശ്‌ചയിച്ചുറച്ച പരിപാടികളൊന്നുമില്ലാതെ അമേരിക്കയിലെ മലയാളം എഴുത്തിനെപ്പറ്റി ചിട്ടയോടെ, മാന്യത കൈവിടാതെ പങ്കെടുത്തവര്‍ സംസാരിച്ചു.

ഇത്‌ അമേരിക്കയിലെ മലയാള സാഹിത്യചര്‍ച്ചയിലെ ഒരു വിപ്ലവമാണ്‌. എന്നുമെന്നും ഓര്‍മ്മിക്കുന്ന ഒരു ശുഭമുഹൂര്‍ത്തമാണ്‌. പ്രാദേശികവും ദേശീയവുമായ കൂട്ടായ്‌മകള്‍ക്കുള്ള ഒരു പകരംവെയ്‌ക്കല്ല, പരിപോഷണമാണ്‌ ഈ സാഹിത്യ സര്‍ക്കിളെന്ന സാഹിത്യചക്രവാളം.

ആഴ്‌ചതോറും നടക്കുന്ന പ്രദേശിക സമ്മേളനങ്ങളുടെ സംഘാടകര്‍ക്ക്‌ തങ്ങളുടെ പരിപാടികള്‍ വിളിച്ചറിയിക്കാനുള്ള അവസരവും ഇവിടെയുണ്ടായിരിക്കും, പുതിയതായിട്ടെത്തുന്ന പുസ്‌തകങ്ങള്‍ ചുരുക്കമായി പരിചയപ്പെടുത്താനും അതത്‌ ഗ്രന്ഥകാരന്മാര്‍ക്ക്‌ സമയമെടുക്കാം.

അമേരിക്കയില്‍ എത്തുന്ന പ്രമുഖ സാഹിത്യകാരന്മാര്‍ക്ക്‌ ഒരു ദേശീയ സമ്മേളനത്തിലെന്നപോലെ സാഹിത്യവിഷയങ്ങള്‍ ഗൗരവമായി ചിന്തിക്കുന്നവരെ നിശ്‌ചിതസമയത്ത്‌ അഭിസംബോധന ചെയ്യാനും കഴിയും.

ഒരു പുതിയ കാല്‍വെയ്‌പ്‌. തമ്മില്‍ത്തമ്മിലുള്ള സഹകരണത്തിന്റെ, അംഗീകാരത്തിന്റെ, എഴുത്തിന്റെപിന്നിലെ ബൗദ്ധീകതയുടെ, സാമൂഹിക പ്രതിബദ്ധതയുടെ എല്ലാം തിരിച്ചറിവാണ്‌ ഈ കൊടുങ്കാറ്റ്‌.
വിപ്ലവത്തിന്റെ കൊടുങ്കാറ്റ്‌ സാഹിത്യചര്‍ച്ചകളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക