Image

ജാതി, വര്‍ഗ്ഗം, നിറം പിന്നെ ധനവും (ജോണ്‍മാത്യു)

Published on 24 February, 2013
ജാതി, വര്‍ഗ്ഗം, നിറം പിന്നെ ധനവും (ജോണ്‍മാത്യു)
യാദൃച്‌ഛീകമായിട്ടായിരുന്നു ഏതാണ്ട്‌ എഴുപതോളം വയസ്‌ പ്രായം തോന്നിക്കുന്ന പ്രൗഢയായ ആ വനിതയെ പരിചയപ്പെട്ടത്‌. ഞാന്‍ അങ്ങോട്ട്‌ ചെന്ന്‌ ഹലോ പറയുകയായിരുന്നെന്ന്‌ വേണമെങ്കില്‍ പറയാം. കാരണം, മാന്യയായ അവര്‍ ധരിച്ചിരുന്ന ഉടുപ്പില്‍ വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയിരുന്ന റോസാ പാര്‍ക്ക്‌സ്‌ എന്ന പേരുതന്നെ. പേരിന്റെ ഒപ്പം മറ്റൊന്നുകൂടി ഞാന്‍ ശ്രദ്ധിച്ചു. റോസാ പാര്‍ക്ക്‌സ്‌ ബുളവാഡ്‌, ഡിട്രോയ്‌റ്റ്‌.

ഡിട്രോയ്‌റ്റ്‌ കാസ്‌കോറിഡോറിലെ ഞങ്ങളുടെ തറവാടായ പീറ്റര്‍ബറോയും സെക്കന്റ്‌ സ്‌ട്രീറ്റും പിന്നിട്ട്‌ ചെല്ലുമ്പോഴുള്ള പന്ത്രണ്ടാം തെരുവ്‌, അത്‌ റോസാ പാര്‍ക്ക്‌സ്‌ ബുളവാഡായി മാറിയിരിക്കുന്നു, വര്‍ഗ്ഗ വിവേചനത്തിനെതിരായ സമരത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍.

വെയ്‌ന്‍സ്‌റ്റേറ്റ്‌ സര്‍വകലാശാലയും, സെയ്‌ന്റ്‌ പോള്‍സ്‌ കത്തീഡ്രലും, കാസ്‌ടെക്കും, മാസോണിക്‌ ക്ഷേത്രവും ഞങ്ങളുടെ കൊച്ചുവര്‍ത്തമാനത്തിലെ ഒരു ഓട്ട പ്രദിക്ഷണത്തിനുള്ള വക നല്‌കി.

ബാര്‍ബര എന്ന ആ സ്‌ത്രീ അവരുടെ പിതൃസഹോദരിയായ റോസാ പാര്‍ക്ക്‌സിനെപ്പറ്റി വാചാലയായി. അവര്‍ പറഞ്ഞു:

`തന്റെ വ്യക്‌തിപരവും സമൂഹത്തിന്റെയും അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ റോസാ പാര്‍ക്ക്‌സിനെ ഞാനിന്ന്‌ ഓര്‍മ്മിക്കുകയാണ്‌. ഫെബ്രുവരി നാല്‌ അവരുടെ നൂറാം ജന്മദിനം'.

ആയിരത്തിതൊള്ളായരത്തിഅമ്പത്തിയഞ്ച്‌ ഡിസംമ്പര്‍ ഒന്നാംതീയതി പൗരാവകാശ സമരത്തിന്റെ ചരിത്രത്തിലെ ഒരു നിര്‍ണ്ണായകദിനമായിരുന്നു. അന്നായിരുന്നു അലബാമ സംസ്‌ഥാനത്തെ മോണ്ട്‌ഗോമറിയില്‍ ഒരു വെള്ളക്കാരന്‍ യാത്രക്കാരനുവേണ്ടി ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കാന്‍ റോസാ പാര്‍ക്ക്‌സ്‌ വിസമ്മതിച്ചത്‌. അക്കാലത്ത്‌ നഗരത്തിലെ നിയമമായിരുന്നു കറുത്തവര്‍ വെളുത്തവര്‍ക്കുവേണ്ടി വാഹനങ്ങളില്‍ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കണമെന്നത്‌.

പിന്നെയും ഒരു ദശകം പിന്നിട്ടതിന്‌ ശേഷമാണ്‌ അമേരിക്ക തുല്യാവകാശ നിയമം അംഗീകരിച്ചത്‌. ഇതിനിടെ അമേരിക്കയുടെ ചരിത്രം മാറ്റിക്കുറിച്ച തെരഞ്ഞെടുപ്പ്‌ നടന്നു. അറുപതുകളില്‍ ആര്‌ പ്രസിഡണ്ട്‌ ആയിരുന്നെങ്കിലും ഈ പൗരാവകാശനിയമം അംഗീകരിച്ചേ തീരുമായിരുന്നൊള്ളൂ. പ്രസിഡണ്ട്‌ ജോണ്‍സണ്‍ ഈ നിയമത്തില്‍ ഒപ്പുവെച്ചതോടെ വെള്ളക്കാര്‍ക്ക്‌ മുന്‍തൂക്കമുള്ള തെക്കന്‍ സംസ്‌ഥാനങ്ങളില്‍ യാഥാസ്‌ഥിതികവര്‍ഗീയത തെരുവില്‍നിന്ന്‌ മനസുകളിലേക്ക്‌ മാറി. ഇന്ന്‌ ഇതിന്റെ തീവ്രത ക്രമേണ കുറഞ്ഞുവരുന്നു.

കഴിഞ്ഞതെല്ലാം ആവര്‍ത്തിച്ച്‌ എഴുതുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. അമേരിക്കയിലെ പൊതു സമൂഹം. എത്രവേഗമാണ്‌ വര്‍ഗ്‌ഗ വിഭാഗീയത മറക്കാന്‍ ശ്രമിച്ചത്‌. നിറത്തേക്കാള്‍ കൂടുതലായി മനുഷ്യനെ വേര്‍തിരിക്കുന്നത്‌ ധനമാണെന്ന തിരിച്ചറിവ്‌ സമൂഹം അംഗീകരിച്ചതുപോലെയാണിന്ന്‌.

ചരിത്രം തുടങ്ങിയപ്പോള്‍മുതല്‍ ആദ്യം കൃഷിക്കാരനും ഇടയനും, പിന്നെ കൃഷിക്കാരനും വ്യപാരിയും തമ്മിലുള്ള തരംതിരിവുണ്ടായിരുന്നു. ഇതില്‍ കൃഷിക്കാരന്‍ പ്രാകൃതനും ബുദ്ധികുറഞ്ഞവനുമായി മുദ്രകുത്തപ്പെട്ടു. ആഡംബരങ്ങളും രീതികളും നിര്‍മ്മിക്കുന്നത്‌ വ്യാപാരസമൂഹമാണല്ലോ. പാവം കയീന്‍, ഞാനെന്നും കയീന്റെ ഒപ്പമാണമാണ്‌, ദൈവശാസ്‌ത്രം എന്തൂ പറഞ്ഞാലും.

ഈ കയീനെ പുറത്താക്കിയതിന്റെ, അവന്റെമേല്‍ കൊലക്കുറ്റം ചുമത്തിയതിന്റെ, അവന്റെ കഴുത്തില്‍ നുകംവെച്ച്‌ ഉഴുതതിന്റെ, അടിമയാക്കിയതിന്റെ കഥയാണ്‌ ലോകചരിത്രം. (പൂജക്ക്‌ പൂവ്‌( എന്ന ആദ്യ കാര്‍ഷികവിപ്ലവം ആരും തിരിച്ചറിഞ്ഞില്ലെന്നോ.

എല്ലാ അടിമത്തവും ഒറ്റിക്കൊടുക്കലിന്റെീയുംകൂടി കഥയാണ്‌. ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ അടിമകളാക്കുകയല്ല ചെയ്‌തത്‌. അന്നത്തെ ഭരണവര്‍ഗം രാജ്യത്തെമുഴുവന്‍ ഏതാനും വെള്ളിക്കാശിന്‌ ഒറ്റുകൊടുത്ത്‌ സ്വയം അടിമത്തം വരിക്കുകയാണുണ്ടായത്‌. അതുപോലെ ആഫ്രിക്കയിലെ അടിമക്കച്ചവടത്തിനും പിന്നില്‍നിന്ന്‌ പ്രവര്‍ത്തിച്ചത്‌ തന്നാട്ടുകാരായിരുന്ന കങ്കാണിമാരായിരുന്നു.

മിശ്രവിവാഹം നിയമം മൂലം നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നവര്‍ ഏതാനും പതിറ്റാണ്ടുകാലം മുന്‍പ്‌വരെ ഈ അഃമരിക്കയില്‍ ഉണ്ടായിരുന്നുവെന്നത്‌ നേര്‌. ഒരു കാലത്ത്‌ വര്‍ഗവിവേചനത്തിന്റെ വക്‌താവായിരുന്ന ജോര്‍ജ്‌ വാലസ്‌ അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ മനസുമാറി പ്രവര്‍ത്തിച്ച്‌ ആഫ്രോ അമേരിക്കന്‍ സമുഹത്തിന്റെ വിശ്വാസം നേടി വീണ്ടും അലബാമയിലെ ഗവര്‍ണ്ണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. നിയമം മൂലം എന്തെങ്കിലും അവസാനിപ്പിക്കുന്നത്‌ ഒരു കാര്യം, സമൂഹത്തെക്കൊണ്ട്‌ അംഗീകരിപ്പിക്കുന്നത്‌ മറ്റൊന്ന്‌. അതിനു മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ ജൂനിയറും റോസാ പാര്‍ക്ക്‌സും ചെയ്‌ത സേവനങ്ങള്‍ എന്നുമെന്നും ഓര്‍മ്മിക്കും.

എന്നാല്‍ ഇന്ത്യാക്കാരും പ്രത്യേകിച്ച്‌ മലയാളികളും പലപ്പോഴും തങ്ങളുടെ ജാതിയില്‍ അധിഷ്‌ഠിതമായ മാനസികാവസ്‌ഥയില്‍നിന്ന്‌ മോചനം നേടാന്‍ ശ്രമിക്കാത്തത്‌ ദുഃഖസത്യവും.

ഒരു പക്ഷേ വരും തലമുറകള്‍ക്ക്‌ ഈ തുറന്ന സമൂഹത്തില്‍ ജീവിക്കാന്‍ കഴിയുന്നതുതന്നെ ഭാഗ്യമെന്ന്‌ കണക്കാക്കാം. ഇനിയുമുള്ളകാലത്ത്‌ ജാതിയുടെയും വര്‍ഗ്‌ഗത്തിന്റെയും സ്‌ഥാനത്ത്‌ പ്രതിഷ്‌ഠിക്കാവുന്നത്‌ `ധനം എന്ന ദേവനെ' ആയിരിക്കുമെന്നുമാത്രം.
ജാതി, വര്‍ഗ്ഗം, നിറം പിന്നെ ധനവും (ജോണ്‍മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക