Image

നിഴല്‍ജീവിതം(കവിത) -മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 25 February, 2013
നിഴല്‍ജീവിതം(കവിത) -മീട്ടു റഹ്മത്ത് കലാം

നേരിന്റെ നേര്‍ക്കിനി നോക്കുവാനേറെയും
നേരമുണ്ടെങ്കിലും  ആവതില്ല
വേര്‍പെട്ടകന്നോരു കാലത്തിനോര്‍മ്മകള്‍
കത്തിയെരിക്കുന്നു കരളങ്ങുരുക്കുന്നു
ഇന്നലെ ഹൃദയത്തില്‍ നെയ്ത കനവുകള്‍
ഇന്ന് കടന്നല്‍കള്‍ കുത്തിതുളച്ചുപോയ്

കണ്ണുനീര്‍ ധാരയും രുധിരവും ചേര്‍ന്നൊരെന്‍
കണ്ണിലെ ദ്രാവകം കണ്ടതില്ലാരുമേ
മൃതതുല്യമാം ജീവിത്തേയൊരു കൂട്ടര്‍
മരണവെപ്രാളത്തോടെ വിറ്റകറ്റുന്നു
വീണിടം വിഷ്ണുലോകം എന്ന് നിരൂപിച്ചു
വ്യവസായമാക്കാത്തതോ ചെയ്‌തൊരപരാധം?

ഭൂമിതന്‍ തല്‍സ്വരൂപം ഭയന്നിട്ടു ഞാന്‍
ഭൂവില്‍ ഭ്രമത്തോടുഴറി നടക്കുന്നു
ഇന്ന് ചിരിക്കുന്ന പൂവില്ല കാഴ്ചയില്‍
തെളിവെള്ളമൊഴുകുന്ന പുഴയില്ല കണ്‍മുന്‍പില്‍
കാടില്ല കുന്നില്ല മനുഷ്യരുമില്ലല്ലോ
കാണുന്നതേതോ നിഴല്‍രൂപങ്ങള്‍ മാത്രം
കണ്ണുനീര്‍ വീഴ്ത്തി കിതപ്പോടെയാടുന്ന
പാഴ്മുളം തണ്ടുകള്‍ മാത്രമെന്ന് ചുറ്റിനും

നാടിന്റെ നാവായിടാന്‍ കൊതിച്ചെങ്കിലും
നാടിന്റെ പേരില്‍ സ്വനാമം മറഞ്ഞുപോയ്
സ്വന്തമാമെല്ലാമെ നഷ്ടമായിന്നെന്റെ
സ്വന്തമായില്ലല്ലോ പേരുപോലും
വിശ്വത്തിന്‍ മുന്നില്‍ മറ്റൊന്നുമല്ലിന്നു ഞാന്‍
വിഖ്യാത നാട്ടിലെ പെണ്ണുമാത്രം


നിഴല്‍ജീവിതം(കവിത) -മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക