Image

നിയമലംഘനം തടയാന്‍ വേണ്ടത്‌ ബോധവല്‍ക്കരണം: യുഎഇ ഉപപ്രധാന മന്ത്രി

Published on 15 September, 2011
നിയമലംഘനം തടയാന്‍ വേണ്ടത്‌ ബോധവല്‍ക്കരണം: യുഎഇ ഉപപ്രധാന മന്ത്രി
അബുദാബി: നിയമലംഘകരെ പിടികൂടുകയും ജനങ്ങള്‍ക്കു ഗതാഗത വിദ്യാഭ്യാസം നല്‍കുകയുമാണു റോഡ്‌ ഗതാഗത നിയമലംഘനം തടയാനുള്ള മാര്‍ഗമെന്ന്‌ യുഎഇ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്‌ഖ്‌ സൈഫ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍. അബുദാബി പൊലീസ്‌ ട്രാഫിക്‌ ആന്‍ഡ്‌ പട്രോള്‍ ഡയറക്‌ടറേറ്റ്‌ നടപ്പാക്കുന്ന പതിവ്‌ മൊബൈല്‍ ഗതാഗത വിദ്യാഭ്യാസ പരിപാടി സന്ദര്‍ശനവേളയിലാണ്‌ മന്ത്രി ഇക്കാര്യം പറഞ്ഞത്‌. വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷിതത്വം പ്രധാന ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ്‌ ഭവന സന്ദര്‍ശന ബോധവല്‍ക്കരണത്തിലൂടെ പൊലീസ്‌ നടപ്പാക്കുക.

അബുദാബി പൊലീസ്‌ ഓപ്പറേഷന്‍സ്‌ ഡയറക്‌ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ്‌ അല്‍ അവാദി അല്‍ മെന്‍ഹാലി, ട്രാഫിക്‌ ആന്‍ഡ്‌ പട്രോള്‍ വിഭാഗം ഡയറക്‌ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്‌മദ്‌ അല്‍ ഹെര്‍ത്തി എന്നിവരും പങ്കെടുത്തു. ഗതാഗത സുരക്ഷാ സംസ്‌കാര വികസനത്തിന്റെ ഭാഗമായാണ്‌ അബുദാബി പൊലീസ്‌ ബോധവല്‍ക്കരണ പരിപാടി നടത്തുന്നതെന്നും അധികൃതര്‍ വ്യക്‌തമാക്കി. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരെ സുരക്ഷിത ഗതാഗതത്തിന്‌ പ്രേരിപ്പിക്കുന്ന രീതിയിലാണു ബോധവല്‍ക്കരണ പരിപാടി.

വീടുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഡ്രൈവര്‍മാര്‍ക്കും നേരിട്ടു പ്രായോഗിക മാര്‍ഗങ്ങള്‍ വിശദീകരിക്കും. കുട്ടികളുമായി വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും റോഡില്‍ സഞ്ചരിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെ റോഡപകട നിരക്ക്‌ കുറയ്‌ക്കാനുള്ള നടപടികളില്‍ എല്ലാവരും പങ്കാളികളാകണമെന്ന ആഹ്വാനവും പൊലീസ്‌ നല്‍കുന്നുണ്ട്‌. ലഘുലേഖകള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതോടൊപ്പം പ്രത്യേക സമ്മാനങ്ങളും ക്യാംപയിന്റെ ഭാഗമായി വിതരണം ചെയ്യുന്നുണ്ട്‌.
നിയമലംഘനം തടയാന്‍ വേണ്ടത്‌ ബോധവല്‍ക്കരണം: യുഎഇ ഉപപ്രധാന മന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക