Image

ജഗതിയില്ലാതെ മലയാളത്തിന് ഒരു വര്‍ഷം

Published on 14 March, 2013
ജഗതിയില്ലാതെ മലയാളത്തിന് ഒരു വര്‍ഷം
ജഗതിയില്ലാതെ മലയാള സിനിമയില്‍ ഒരു വര്‍ഷമോ. ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരു വര്‍ഷം റിലീസിനെത്തുന്ന മലയാള സിനിമകളുടെ മൂന്നിലൊന്നില്‍ ജഗതിയുടെ സാന്നിധ്യമുണ്ടാകുമായിരുന്നു മുമ്പ്. അങ്ങനെ പരന്നൊഴുകിയ ജഗതിയന്‍ ഹാസ്യം. ആ ഹാസ്യത്തെ നെഞ്ചോട് ചേര്‍ത്ത് ആസ്വദിച്ചവരാണ് എന്നും മലയാളി. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പത്തിന് മലപ്പുറത്ത് പാനാമ്പ്രയില്‍ സംഭവിച്ച റോഡ് ആക്‌സിഡന്റ് ജഗതിയെ തിരക്കുനിറഞ്ഞ ചലച്ചിത്ര ജീവിതത്തില്‍ നിന്നും താല്‍ക്കാലികമായി തിരിച്ചു വിളിക്കുകയായിരുന്നു. ജഗതി ഇനി തിരിച്ചെത്തുമോ എന്ന അഭ്യൂഹങ്ങളിലായിരുന്നു ഏറെനാളുകള്‍ പിന്നീട്.

ചികില്‍സ കഴിഞ്ഞ് ഇപ്പോള്‍ വീട്ടിലെത്തിയിരിക്കുന്നു ജഗതി. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ജഗതിയെത്തി, നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചുകൊണ്ട്. സംസാര ശേഷി പൂര്‍ണ്ണമായും ജഗതിക്ക് തിരികെ ലഭിച്ചിട്ടില്ല. അതുപോലെ തന്നെ ശരീരവും മനസിനൊത്ത് വഴങ്ങുന്ന സാഹചര്യത്തിലേക്ക് വന്നിട്ടില്ല. പക്ഷെ ധൈര്യം തിളങ്ങി നില്‍ക്കുന്ന ജഗതിയുടെ മുഖം ഒന്നുവ്യക്തമാക്കുന്നുണ്ടായിരുന്നു, ഞാന്‍ മടങ്ങി വരും. മലയാള സിനിമയ്ക്ക് ഇനിയത് ധൈര്യമായി ഉറപ്പിക്കാം. ജഗതി വൈകാതെ മടങ്ങിവരും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചാനല്‍ അഭിമുഖത്തില്‍ ജഗതി പറഞ്ഞ വാക്കുകളാണ് ആദ്യം ഓര്‍മ്മ വരുന്നത്. 'ജീവിതത്തില്‍ ഒരുപാട് വേദനകള്‍ നേരിട്ടവനാണ് ഞാന്‍. അച്ഛനെ ധിക്കരിച്ച് ആദ്യ പ്രണയത്തിലേക്ക് പോയപ്പോഴും അവരുമൊത്ത് ജീവിതം ആരംഭിച്ചപ്പോഴും എനിക്ക് തിരിച്ചടി നേരിട്ടു. ആദ്യ പ്രണയം തകര്‍ന്നത് ആ ചെറുപ്പക്കാലത്ത് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. പിന്നീട് സ്വസ്ഥമായി ഒരു കുടുംബ ജീവിതത്തിലേക്ക് എത്തിച്ചേര്‍ന്ന് കാലം മുന്നോട്ടു പോയപ്പോള്‍ മനസറിയാതെ ഒരു വ്യാജകേസില്‍ പെടുന്നു. എന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നുവെങ്കില്‍ പിടിച്ചു നില്‍ക്കുമായിരുന്നുവെന്ന് തോന്നുന്നില്ല. പീഡനക്കേസില്‍ പ്രതിചേര്‍ത്ത് ലോകം വേട്ടയാടിയപ്പോഴും എനിക്ക് എന്നും കാമറക്ക് മുമ്പിലെത്തേണ്ടിയിരുന്നു. അഭിനയിക്കേണ്ടിയിരുന്നു. അവിടയൊന്നും തളരാതെ പിടിച്ചു നിന്നതുകൊണ്ട് എന്റെ മനസില്‍ വേദനകളുണ്ടായിരുന്നില്ല എന്നു കരുതരുത്. നീറുന്ന മനസുമായിട്ടാണ് ഞാന്‍ പലപ്പോഴും നിങ്ങളെ ചിരിപ്പിച്ചത്'.

ജഗതിക്ക് മാത്രം കഴിയുന്ന ചിരിയുടെ വിസ്മയമാണത്. എങ്കിലും ചിരിക്കു പിന്നില്‍ എന്നും നൊമ്പരങ്ങള്‍ വേട്ടയാടിയ ഒരു മനുഷ്യനുണ്ടായിരുന്നു എന്നതാണ് സത്യം.  ലോകത്തെ ചിരിപ്പിച്ച എല്ലാ കലാകാരന്‍മാര്‍ക്കും ഇതുപോലെ നൊമ്പരപ്പെടുത്തുന്ന സ്വകാര്യതകളുണ്ടായിരുന്നു. ചാര്‍ളി ചാപ്ലിന്‍ മുതലുള്ള ഹാസ്യസാമ്രാട്ടു മുതല്‍ ഈ സത്യം ശരിവെക്കുന്നുണ്ട്.  എന്നാല്‍ അതൊന്നും പ്രേക്ഷകനെ ചിരിപ്പിക്കുന്നതില്‍ അവര്‍ക്ക് തടസമായിരുന്നില്ല. പക്ഷെ ചിരിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ക്കുമ്പോഴും നൊമ്പരങ്ങള്‍ അവരെ തേടിവന്നുകൊണ്ടിരുന്നു.

സ്വകാര്യ ജീവിതത്തില്‍ തനിക്കേറ്റ തിരിച്ചടികളും വേദനകളും തുറന്നു പറയാന്‍ ജഗതി ഒരിക്കലും മടിച്ചില്ല. എല്ലാം ഒരു തുറന്ന ഹാസ്യമായി കാണാന്‍ ജഗതിക്ക് കഴിഞ്ഞിരുന്നു എന്നതാണ് സത്യം. ജഗതിക്ക് രണ്ടാമതൊരു മകളുണ്ടെന്ന് എന്ന് ലോകം അറിഞ്ഞത് ജഗതി അപകട ശേഷം ഹോസ്പിറ്റലിലായിരുന്ന കാലത്തായിരുന്നു. എന്നാല്‍ എത്രയോ കാലമായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ സത്യം അറിയുമായിരുന്നു. അപകടം നടക്കുന്നതിനും കുറച്ചുനാള്‍ മുമ്പ് ഒരു അഭിമുഖത്തില്‍  ജഗതി തുറന്നു പറഞ്ഞിരുന്നു എനിക്ക് മറ്റൊരു മകള്‍ കൂടിയുണ്ടെന്ന്. എന്തെങ്കിലും ഒളിച്ചുവെയ്‌ക്കേണ്ടതുണ്ട് എന്ന നിലയിലല്ല അന്ന് ജഗതി ശ്രീലക്ഷമി എന്ന മകളെക്കുറിച്ച് പറഞ്ഞത്. മറച്ച് ജഗതി ശ്രീലക്ഷമിയെക്കുറിച്ച് പറഞ്ഞപ്പോള്‍ തികഞ്ഞ അഭിമാനത്തോടെ തന്നെയായിരുന്നു. എന്നാല്‍ ജഗതിയുടെ അപകടം സംഭവിച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കാര്യങ്ങള്‍ മാറി മറിഞ്ഞു.

ജഗതിക്ക് മറ്റൊരാള്‍ ഒരു മകള്‍ കൂടിയുണ്ടെന്നത് വലിയൊരു ഗോസിപ്പായി എവിടെയും ആഘോഷിക്കപ്പെട്ടു. ഒരിക്കലും ജഗതി ആഗ്രഹിച്ചതായിരുന്നില്ല അത്. ഗോസിപ്പായി മാറാന്‍ ഇക്കാര്യം മറച്ചു വച്ചിരുന്നുമില്ല ജഗതി. പിന്നെയും എന്തിനായിരുന്നു ആ വിഴുപ്പലക്കല്‍ ജഗതിക്ക് നേരെ. സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ഹോസ്പിറ്റലില്‍ ആത്മബലം കൊണ്ട് പൊരുതുന്ന ഒരാള്‍ക്ക് നേരെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു അത്. മൗനം പാലിക്കാനുള്ള സാമാന്യ യുക്തി ജഗതിയുടെ ബന്ധുക്കളും പ്രകടിപ്പിച്ചില്ല. അഭിമുഖങ്ങളും വാര്‍ത്തകളുമായി ജഗതിയുടെ കുടുംബവും സജീവമായി നിന്നു. ഇപ്പോഴിതാ ജഗതിയുടെ മകള്‍ പാര്‍വ്വതിയുടെ ഭര്‍ത്താവ് ഷോണും അച്ഛനും എം.എല്‍.എയുമായ പി.സി ജോര്‍ജ്ജും ചേര്‍ന്ന് ജഗതിയെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് ശ്രീലക്ഷമി മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരിക്കുന്നു. സത്യമെന്തായാലും ആ കലാകാരനെ അല്പമെങ്കിലും ആദരിക്കുന്നുണ്ടെങ്കില്‍ ഒഴിവാക്കേണ്ടതു തന്നെയാണ് ഇത്തരം വിവാദങ്ങള്‍.

അവഗണനകള്‍ക്കെതിരെ എന്നും ശക്തിയായി പ്രതികരിച്ചുകൊണ്ടും നിരവധി തവണ വിവാദങ്ങളിലേക്ക് കടന്നു വന്നിട്ടുണ്ട് ജഗതി ശ്രീകുമാര്‍. എത്രയോ മികച്ച സിനിമകള്‍ ചെയ്തപ്പോഴും അര്‍ഹിക്കുന്ന പുരസ്‌കാരങ്ങള്‍  ലഭിക്കാതെ പോയത് ജഗതിയെ പലപ്പോഴും വേദനിപ്പിച്ചിരുന്നു. എന്നാല്‍ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന അംഗീകാരമാണ് യഥാര്‍ഥ പുരസ്‌കാരമെന്ന് അദ്ദേഹം തിരിച്ചറിയുകും ചെയ്തിരുന്നു. പുരസ്‌കാരത്തിനു വേണ്ടി ലോബിയിംഗ് നടത്താന്‍ താനില്ലെന്നും ഇപ്പോഴുള്ള പുരസ്‌കാരങ്ങള്‍ പലതും ജനങ്ങളുടെ അംഗീകാരമുള്ളതല്ലെന്നും തുറന്നടിക്കാന്‍ ജഗതിയെ പ്രേരിപ്പിച്ചത് അവാര്‍ഡ് നിര്‍ണ്ണയങ്ങളിലെ മൂല്യച്യുതി തന്നെയായിരുന്നു. എന്നാല്‍ ഇതും ഏറെ വിവാദങ്ങളില്‍ പെടുത്തിയിരുന്നു ജഗതിയെ.

1200ല്‍ അധികം കഥാപാത്രങ്ങളെ പോയ കാലം കൊണ്ട് സ്വന്തം പേരിലെഴുതിയിരിക്കുന്നു ജഗതി ശ്രീകുമാര്‍. ലൊക്കേഷനില്‍ നിന്നും ലൊക്കേഷനിലേക്ക് പറക്കുമ്പോള്‍ സിനിമയുടെയോ കഥാപാത്രത്തിന്റെയോ മേന്‍മ ജഗതി നോക്കിയിരുന്നില്ല. എന്തിനിങ്ങനെ സിനിമകള്‍ ചെയ്തുകൂട്ടുന്നു എന്നതിന് ഏറ്റവും സരസമായി ജഗതി മറുപടി പറഞ്ഞിട്ടുണ്ട്. 'ഞാനൊരു വാടക സൈക്കിളാണ്. നന്നായി ചവുട്ടാന്‍ അറിയുന്നവന്  എന്നെ നന്നായി മുമ്പോട്ടു കൊണ്ടുപോകാം. മോശമായി സൈക്കിള്‍ ചവുട്ടുന്നവന്‍ വീഴും'. അഭിനയിക്കാന്‍ ആരു വിളിച്ചാലും പോകും. പക്ഷെ തന്നെ നന്നായി ഉപയോഗിക്കുക എന്നത് സംവിധായകന്റെ ഉത്തരവാദിത്വമാണെന്നാണ് ഇവിടെ ജഗതി പറഞ്ഞു വെച്ചത്. എന്നാല്‍ ഒരു ദിവസം പോലും ഇടവേളയെടുക്കാതെ ചായമിട്ട മുഖവുമായി കാമറക്ക് മുമ്പില്‍ ജഗതി ജീവിച്ചതിനു പിന്നില്‍ ഒരുപക്ഷെ എല്ലാത്തില്‍ നിന്നും മാറി കഥാപാത്രങ്ങളിലേക്ക് പോകുന്നതിലുള്ള ഒരു സുഖമുള്ളതുകൊണ്ടാവാം.

എന്തുകൊണ്ടും മലയാള സിനിമയിലെ ഒരു കാലഘട്ടമാണ് ജഗതിയും ജഗതിയന്‍ ഹ്യൂമറും. ആ കാലഘട്ടം വീണ്ടും വസന്തമാകുന്നതും കാത്ത് പ്രേക്ഷകര്‍ ഇപ്പോഴും കാത്തിരിക്കുന്നു. ഉടന്‍ തന്നെ തിരിച്ചുവരാന്‍ ജഗതിക്ക് കഴിയുമെന്ന പ്രതീക്ഷയുമായി.  അതെ ജഗതി മടങ്ങി വരും. അധികം വൈകാതെ തന്നെ.


ജഗതിയില്ലാതെ മലയാളത്തിന് ഒരു വര്‍ഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക