Image

രാജു തോമസ്സിന്റെ കവിതകള്‍ വിചാരവേദിയില്‍

വാസുദേവ്‌ പുളിക്കല്‍ Published on 15 March, 2013
രാജു തോമസ്സിന്റെ കവിതകള്‍ വിചാരവേദിയില്‍
ന്യൂയോര്‍ക്ക്‌: മാര്‍ച്ച്‌ 10-ന്‌ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ കെ.സി.എ.എന്‍.എ.(ബ്രാഡോക്‌ അവന്യു, ന്യൂയോര്‍ക്ക്‌) യില്‍ ചേര്‍ന്ന സാഹിത്യ സദസ്സില്‍ രാജു തോമസ്സിന്റെ ചിന്താവിഷ്‌ടനായ ശ്രീരാമന്‍, കുഞ്ഞിലകള്‍ കരിയുമ്പോള്‍, ഉറങ്ങാനാവാതെ, അച്‌ഛന്റെ കത്ത്‌, അശ്രുസംഭാരം, സിംഹദുഃഖം, പുറപ്പാട്‌, വഴികള്‍ എന്നീ കവിതകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴല്‍ എന്ന കവിതാസമാഹരത്തിലെ സൂര്യകാന്തി എന്ന കവിത ഡോ. എന്‍. പി. ഷീല ചൊല്ലിക്കൊണ്ടാണ്‌ യോഗം ആരംഭിച്ചത്‌. പ്രശസ്‌തകവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഡി. വിനയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്‌ സാംസി കൊടുമണ്ണും ജോര്‍ജ്‌ കുര്യന്‍ മലകളും താഴ്‌വരകളും എന്ന പേരില്‍ തന്റെ നാഗാലാന്‍ഡ്‌ ജീവിതാനുഭവത്തിന്റെ അടിസ്‌ഥാനത്തില്‍ രചിച്ച പുസ്‌തകം പരിചയപ്പെടുത്തിക്കൊണ്ട്‌ വാസുദേവ്‌ പുളിക്കലും സംസാരിച്ചു.

രാജു തോമസ്സിന്റെ കവിതകള്‍ സമഗ്രമായി ചര്‍ച്ച ചെയ്യപ്പെട്ട സാഹിത്യ സദസ്സിന്‌ രാജു തോമസ്സിന്റെ സഹോദരിയും പ്രശസ്‌ത കവയിത്രിയുമായ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ അധ്യക്ഷയായിരുന്നു. കുടുംബത്തില്‍ വളര്‍ന്നു വരുന്ന പ്രതിഭാശാലിയെ കണ്ട്‌ അഭിമാനിച്ചതും ചിന്താശീലനായ സഹോദരന്റെ വിവിധ മേഖലകളിലുള്ള വളര്‍ച്ച സൂക്ഷ്‌മമായി നിരീക്ഷിച്ചു കൊണ്ടിരുന്നതും മറ്റും സ്‌മരിച്ചുകൊണ്ട്‌ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രാജു തോമസ്സിന്റെ അപൂര്‍വ്വ വ്യക്‌തിപ്രഭാവത്തെ കുറിച്ചാണ്‌ പ്രധാനമായും സംസാരിച്ചത്‌. അര്‍ത്ഥസമ്പുഷ്‌ടവും ആശയസമൃദ്ധവുമായ കവിതകള്‍ ഇനിയും എഴുതി ഉയരങ്ങളില്‍ എത്തട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്‌തു. തട്ടാന്‍ പൊന്നുരുക്കുന്നതു പോലെ ശ്രദ്ധയോടെ ചെയ്യുന്ന ഒരു അനുഷ്‌ഠാനമായി എഴുപതുകളില്‍ കലാകൗമുദിയില്‍ എഴുതിത്തുടങ്ങിയ രാജു തോമസ്സിന്റെ മുഖ്യധാര തത്വചിന്തകളാണെന്നും വേദോപനിഷത്തുക്കളില്‍ നിന്നും പകര്‍ന്നു കിട്ടിയ തിളയ്‌ക്കുന്ന അറിവുകള്‍ കവി പോലുമറിയാതെയാണ്‌ കവിതകളിലേക്കൂര്‍ന്നിറങ്ങിയതെന്നും, ഹൃദയസ്‌പര്‍ശിയായ അച്‌ഛന്റെ കത്ത്‌ ഓരോ അച്‌ഛന്മാരും കടന്നു പോകുന്ന വിഷമവൃത്തമാണെന്നും കവിതകളില്‍ ചിലപ്പോള്‍ കാണുന്ന ക്ലിഷ്‌ടപദങ്ങള്‍ മനസ്സിലാക്കാന്‍ അടിക്കുറിപ്പുകള്‍ സഹായിക്കുന്നുണ്ടെന്നും സാംസി കൊടുമണ്‍ പറഞ്ഞു. വിചാരവേദി അയച്ചുകൊടുത്തിരുന്ന ഏഴു കവിതകളുടെ ഉള്‍ക്കാമ്പു തൊട്ടറിഞ്ഞ്‌, പദവൈഭവം കൊണ്ട്‌ കുറിക്കുകൊള്ളുന്ന വാക്കുകള്‍ ഉപയോഗിച്ച്‌ കവിതയുടെ കെട്ടും മട്ടും അറിയാവുന്ന രാജു തോമസ്‌ താള, വൃത്ത, പ്രാസ നിബദ്ധതയോടെ രചിച്ച കവിതകള്‍ അര്‍ത്ഥസമ്പുഷ്‌ടത, കാവ്യാത്മകത, ചിന്തോദ്ദീപകങ്ങളായ അലങ്കാരപ്രയോഗങ്ങള്‍, ആവിഷ്‌ക്കരണ സൗകുമാര്യം എന്നിവ കൊണ്ട്‌ മികച്ചു നില്‍ക്കുന്നു എന്ന്‌ ഡോ. നന്ദകുമാര്‍ അക്ഷരങ്ങളുടെ രജതരേഖ എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പ്രതിപാദിച്ചു.

കവിതകളുടെ പൊതുസ്വഭാവത്തെ പറ്റി സംസാരിച്ചുകൊണ്ടാണ്‌ ഡോ. ജോയ്‌ കുഞ്ഞാപ്പു ആരംഭിച്ചത്‌. കഥാസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ പദ്യസാഹിത്യത്തിന്‌ കോട്ടം തട്ടിയെങ്കിലും കഥയുടെ നാഭിസ്‌ഥാനം കവിതയാണെന്നും അതുകൊണ്ട്‌ കവിതയുടെ പ്രാധാന്യം മനസ്സിലാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന്‌, പഴയ സമ്പ്രദായങ്ങളെ പുതിയ മാതൃകകളുമായി ബന്ധിപ്പിക്കുന്ന കണ്ണികളായ, സൂക്ഷ്‌മ
ദര്‍ശനിയിലൂടെ പ്രപഞ്ചത്തെ നോക്കിക്കാണുന്ന രാജു തോമസ്സിന്റെ കവിതകള്‍ തത്വചിന്താനിബദ്ധമാണ്‌, സുഗ്രാഹ്യമാണ്‌, ആശയെ താഴ്‌ത്തിക്കളയുന്ന ഇച്‌ഛാഭംഗത്തിന്റെ മുറിയാത്ത ധാര ഒഴുകുന്നതാണ്‌ എന്നൊക്കെ കുഞ്ഞിലകള്‍ കരിയുമ്പോള്‍, അച്‌ഛന്റെ കത്ത്‌, അശ്രുസംഭാരം എന്നീ കവിതകള്‍ വിലയിരുത്തിക്കൊണ്ട്‌ അഭിപ്രായപ്പെട്ടു. ഫിലോസഫി നേരിട്ട്‌ പറയാതെ ഒരു തത്വചിന്ത വായനക്കാരന്റെ മനസ്സില്‍ ഉണ്ടാകത്തക്കവണ്ണം അവതരിപ്പിക്കണമെന്ന്‌ അദ്ദേഹം കൂട്ടിക്ലേര്‍ത്തു. ബൃഹത്തായ ജ്‌ഞാനം തിരുകി വച്ചിരിക്കുന്ന ഗഹനവും ചിന്തോദ്ദീപകങ്ങളുമായ കവിതകാളാണ്‌ രാജു തോമസ്സിന്റേതെന്ന്‌ ബാബു പാറക്കലും ആശാന്റെ ചിന്താവിഷ്‌ടയായ സീതയുടെ മാധുര്യം ചിന്താവിഷ്‌ടനായ ശ്രീരാമന്റെ ആദ്യ ഭാഗത്തുണ്ടെങ്കിലും വായിച്ചു ചെല്ലുന്തോറും സീതാകാവ്യം പോലെ രാമകാവ്യം അനായാസമായി മനസ്സിലാക്കാന്‍ സാധിച്ചില്ല, ഇതിഹാസം മതം ചരിത്രം ശാസ്ര്‌തം തുടങ്ങി ഒരു ബഹുതല പ്രകടനം രാജു തോമസ്സിന്റെ കവിതകളില്‍ കാണാം എന്ന്‌ ബാബുക്കുട്ടി ഡാനിയലും അഭിപ്രായപ്പെട്ടു. വാസുദേവ്‌ പുളിക്കല്‍ രാജു തോമസ്സിന്റെ കവിതകള്‍ ചിന്തയില്‍ സ്‌ഫുടം ചെയെ്‌തടുത്തതാണെന്ന്‌ വിലയിരുത്തിക്കൊണ്ട്‌ പ്രബന്ധം അവതരിപ്പിച്ചു.

നാട്ടിലെ കവികളെഴുതുന്ന കവിതകളോട്‌ കിടപിടിക്കുന്നതോ, അവയേക്കാള്‍ മേന്മയുള്ളതോ ആയ കവിതകള്‍ അമേരിക്കന്‍ മലയാളി കവി രാജു തോമസ്‌ എഴുതിയിട്ടുണ്ട്‌ എന്ന്‌ അമേരിക്കന്‍ മലയാളി എഴുത്തുകാരെ രണ്ടാം നിരയില്‍ വീക്ഷിക്കുന്നവരെ ബോധ്യപ്പെടുത്താന്‍ രാജു തോമസ്സിന്റെ കവിതകള്‍ പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിക്കേണ്ടതിന്റെ ആവശ്യകത ജോസ്‌ ചെരിപുറം ചൂണ്ടിക്കാട്ടി. ജോസ്‌ ചെരിപുറത്തിന്റെ കാഴ്‌ചപ്പാട്‌ ശരിയാണെന്ന്‌ ഡോ. എന്‍. പി, ഷീലയുടെ അവലോകനം തെളിയിച്ചു. രാജു തോമസ്സിന്റെ ചില കവിതകളുടെ ക്ലിഷ്‌ടത ചൂണ്ടിക്കാണിച്ചെങ്കിലും രാജു തോമസ്സിന്റെ കാവ്യപ്രതിഭ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ മഹാകവിത്വം തുളുമ്പി നില്‍ക്കുന്ന കവിതയാണ്‌ `വഴികള്‍' എന്ന്‌ അഭിമാത്തോടെ ഷീല ടീച്ചര്‍ പറയുകയും ചെയ്‌തു. ആറു വര്‍ഷം കവിതയില്‍ ഗവേഷണം നടത്തിയ ഷീല ടീച്ചര്‍ ഇത്ര മനോഹരമായ ഒരു കവിത ഇതിനു മുമ്പ്‌ വായിച്ചിട്ടില്ലെന്ന്‌ കവിതയിലെ പ്രേമത്തിന്‍ സ്വര്‍ഗ്ഗമുന്നി കാമുകനൊപ്പം പോയ പെണ്ണതാ ഇരിക്കുന്നു ദരിതപരിത്യക്‌ത പാടുവാനാവുമെങ്കില്‍ നീറുമാഗുഹ്യാധരം പാടുമേ ആവേശത്തിന്‍ ദാരുണ പരിണാമം. എന്നീ വരികള്‍ ചൊല്ലിക്കൊണ്ടു പറഞ്ഞു. കവിയെ അഭിനന്ദിച്ചു കൊണ്ട്‌ ഷീല ടീച്ചര്‍ പ്രഖ്യാപിച്ച പാരിതോഷികം ജോണ്‍ ഇമ്മാനുവലില്‍ നിന്ന്‌ രാജു തോമസ്‌ ഏറ്റുവാങ്ങി.

തന്റെ കവിതകള്‍ പഠി
ച്ചു വിലയിരുത്തി അഭിപ്രായങ്ങള്‍ പറഞ്ഞതില്‍ സന്തോഷം രേഖപ്പെടുത്തിക്കൊണ്ട്‌ രാജു തോമസ്‌ എല്ലാവരോടും നന്ദി പറഞ്ഞു. വചാരവേദിയുടെ എഴുത്തുകാരുടെ രചനകള്‍ ചര്‍ച്ച ചെയ്‌തു കൊണ്ട്‌ അവരെ ആദരിക്കുന്ന സംരംഭത്തെ അഭിനന്ദിക്കുകയും ചെയ്‌തു.
രാജു തോമസ്സിന്റെ കവിതകള്‍ വിചാരവേദിയില്‍ രാജു തോമസ്സിന്റെ കവിതകള്‍ വിചാരവേദിയില്‍ രാജു തോമസ്സിന്റെ കവിതകള്‍ വിചാരവേദിയില്‍ രാജു തോമസ്സിന്റെ കവിതകള്‍ വിചാരവേദിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക