Image

ഒരു 'നിരപരാധി'യുടെ ജയില്‍ ദിനങ്ങള്‍ -ജോണ്‍മാത്യു

ജോണ്‍മാത്യു Published on 18 March, 2013
ഒരു 'നിരപരാധി'യുടെ ജയില്‍ ദിനങ്ങള്‍ -ജോണ്‍മാത്യു

അടുത്ത സമയത്ത് അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ 'ഒരു നിരപരാധിയുടെ ജയില്‍ ദിനങ്ങള്‍' എന്ന കഥ വായിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. നിര്‍ബന്ധിതനായിയെന്ന വാക്കിന് അടിവരയിടുകയും 'വീണ്ടും' എന്നൊരു വാക്കുംകൂടി എഴുതിച്ചേര്‍ക്കുകയും വേണം. കാരണം കുറേക്കാലം മുന്‍പ് ഈ കഥയുടെ ആദ്യ കരട് പതിപ്പ് ഞാന്‍ വായിച്ചിരുന്നു. ഇതുവരെയും പ്രസിദ്ധീകരിക്കാത്ത ഈ കഥ ചില മലയാളം എഴുത്തുകാരുടെ കൂടി വരവുകളില്‍ ചര്‍ച്ചക്കുവന്നപ്പോള്‍ പിന്നെയും ഒരു വിലയിരുത്തലിന് അവസരം കിട്ടി.
ഒരു പ്രത്യേക പ്രമേയം, ഒന്നോ രണ്ടോ കഥാപാത്രങ്ങളുടെ സൃഷ്ടി, ചുരുക്കം ചില സന്ദര്‍ഭങ്ങള്‍ക്ക് മിഴവ്, പിന്നെ നാടകീയമായ പരിണാമഗുപ്തിയും. ഇതൊക്കെയാണ് സാധാരണ രണ്ടു പേജില്‍ കവിയാത്ത ഒരു കഥയില്‍നിന്ന് പ്രതീക്ഷിച്ചിരുന്നത്. ട്വിസ്റ്റും മേല്‍ട്വിസ്റ്റും കൂടിച്ചേരുമ്പോള്‍ അത് ഒരു
'ഒ ഹെന്റി സ്റ്റൈല്‍' എന്നു വേണമെങ്കിലും പറയാം. ഈ മാപനമാതൃക കണക്കിലെടുത്താല്‍ 'ഒരു നിരപരാധിയുടെ ജയില്‍ ദിനങ്ങള്‍' നിഷേധാത്മകമായി വിലയിരുത്തിയവരെ ഞാന്‍ കുറ്റം പറയുകയില്ല. ഇരുപത്തിമൂന്നു പേജില്‍ പത്തു പോയിന്റ് അക്ഷരത്തില്‍ തുടര്‍ച്ചയായി ടൈപ്പു ചെയ്ത കഥ ചര്‍ച്ചക്ക് സമര്‍പ്പിക്കുന്നതിനുമുന്‍പ് വായനാസുഭഗതക്ക് ഉതകുംവിധം പ്രസിദ്ധീകരണയോഗ്യമാക്കേണ്ടതായിരുന്നു.
എങ്കിലും, മറ്റുപലര്‍ക്കും കൈവെക്കാന്‍ കഴിയാത്ത രംഗത്തേക്കാണ് കഥാകൃത്ത് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. ഇതില്‍ കഥാകൃത്ത് തീര്‍ച്ചയായും വിജയം കൈവരിച്ചിരിക്കുന്നു.
ഇതുപോലൊരു സൃഷ്ടി നടത്താന്‍ ഈ കഥാകൃത്തിനെ പ്രേരിപ്പിച്ചത് ഇന്ന് അമേരിക്കയിലെ മലയാളിസമൂഹത്തില്‍ ചര്‍ച്ചാവിഷയമായിട്ടുള്ള ആനന്ദ് ജോണ്‍ കേസ് ആണെന്ന് സ്വാഭാവികമായും കരുതിയേക്കാം. ആനന്ദ് ജോണ്‍ കേസ് ഇന്നത്തെനിലയിലെത്തുന്നതിന് എത്രയോ മുന്‍പ് ഈ കഥയുടെ ആദ്യ ഡ്രാഫ്റ്റ് തയ്യാറായിക്കഴിഞ്ഞിരുന്നു. ആനന്ദ് നിരപരാധിയാണെന്ന് തുടരെ വാര്‍ത്തകള്‍ കാണുന്നതുകൊണ്ട് 'ഒരു നിരപരാധിയുടെ ജയില്‍ദിനങ്ങള്‍ക്ക്' സംഭവകഥയുമായിട്ടുള്ള ബന്ധം വേണമെങ്കില്‍ വളരെവേഗം സ്ഥാപിച്ചെടുക്കുകയും ചെയ്യാം.
ചര്‍ച്ചയുടെ ഭാഗമായി കഥാകൃത്തിനോട് ചോദിച്ചു: കഥാപാത്രങ്ങളുടെ നെറ്റിയില്‍ 'നിരപരാധി' എന്ന് എഴുതിവെക്കണോ? പകരം ആഖ്യാനത്തില്‍ക്കൂടിയല്ലേ അത് വെളിച്ചത്ത് കൊണ്ടുവരേണ്ടത്? 'നിരപരാധിത്വം' എന്ന ഈ വാക്കിന്റെ നിര്‍വചനംതന്നെ ദേശവും കാലവും സാഹചര്യവും അനുസരിച്ച് മാറുന്നതായിട്ടുമാണ് കണ്ടുവരുന്നത്.
'നിരപരാധിയായ' നായകനില്‍ക്കൂടി അബ്ദുള്‍ അമേരിക്കയിലെ ജയില്‍ ജീവിതം തുറന്നുകാട്ടുന്നു. അമേരിക്കയിലെ ജയില്‍ ഉദ്യോഗസ്ഥര്‍ മാന്യന്മാരെന്ന് അവകാശപ്പെടുന്നവരായിരിക്കാം, പക്ഷേ സഹകുറ്റവാളികള്‍ അങ്ങനെയല്ലല്ലോ. കുറ്റവാളികളുടെ മനസ്സ് എന്തുമാത്രം സങ്കീര്‍ണ്ണമാണെന്ന് പിശുക്കില്ലാതെ വാക്കുകള്‍ ഉപയോഗിച്ച് കഥാകൃത്ത് വിവരിക്കുന്നു. സ്വയം ദൈവമാണെന്ന് പറയുന്നവരും, മതമൗലീകവാദികളും വെറും രസത്തിന് അശുക്കളായ സഹതടവുകാരെ പീഡിപ്പിക്കുന്നവരും, സ്വവര്‍ഗഭോഗികളും ജയിലില്‍ തങ്ങളുടേതായ സാമ്രാജ്യം കെട്ടിപ്പെടുത്തവരുമൊക്കെ അടങ്ങുന്നതാണ് സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഈ ജയില്‍ലോകം.
ഇവിടെ ഒരു മലയാളി ജയിലില്‍ പോകേണ്ടതായി വന്നാല്‍ നമുക്കെല്ലാം ദുഃഖമുണ്ട്, സഹതാപമുണ്ട് എന്നു കരുതി ഇങ്ങനെയുള്ളവര്‍ നിരപരാധികളാണെന്ന് നിയമപരമായി വിധിയെഴുതാന്‍ പറ്റുമോ? ഇനിയും ചില സാഹചര്യങ്ങളില്‍ പ്രതികളെ വെറുതെ വിട്ടാലും നൂറുശതമാനവും ധാര്‍മ്മികമായി ഇവര്‍ നിരപരാധികളാകുമോ? എവിടെയെങ്കിലും ചുമ്മാ നിന്ന ഒരുവനെ പോലീസ് പിടിച്ചുകൊണ്ട് പോകുകയാണോ ചെയ്തത്? പറഞ്ഞുകേട്ടതും നേരിട്ട് തെളിവില്ലാത്തതുമായ ഒരു 'ഹിറ്റ് ആന്‍ഡ് റണ്‍' സംഭവം നായകന്റെ ജയില്‍ജീവിതത്തിന്റെ തുടക്കമായിട്ടെടുത്തിരിക്കുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. അതുപോലെ സ്വപ്നമായി അവതരിപ്പിക്കാവുന്നവയ്ക്ക് സത്യത്തിന്റെ യുക്തി തേടിപ്പോകേണ്ടതുമില്ല. ഉദാഹരണത്തിന് സൂസനുമായുള്ള സംഭാഷണം.
മാന്ത്രികയഥാര്‍ത്ഥസങ്കേതം ഉടനീളം ഉപയോഗിക്കാത്ത കഥനരീതികളില്‍ എന്തിനും യുക്തിപരമായ സാധുതയുണ്ടായിരിക്കണം. അമേരിക്കപോലുള്ള രാജ്യത്ത് സാധാരണമല്ല പൊടുന്നനെ ഒരുവന്റെമേല്‍ കുറ്റം ചാര്‍ത്തിവിടുന്നത്. എന്തോ കുരുക്കുകളില്‍ അറിഞ്ഞുകൊണ്ടോ,  ചിലപ്പോള്‍ അറിയാതെയോ അകപ്പെട്ടതായിരിക്കാം. അതിന്റെ ഉത്തരവാദിത്തവും ശിക്ഷയും നിയമപരമായോ അല്ലെങ്കില്‍ മാനസികമായോ അനുഭവിച്ചേതീരൂ. ചിലപ്പോള്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നൊന്നുമല്ല ഇവിടെ വിവക്ഷ.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി ജയിലുകളില്‍ എത്രയോ മലയാളികള്‍ ശിക്ഷ അനുഭവിക്കുന്നുണ്ടായിരിക്കാം. അതിന് ഔദ്യോഗികമായ കണക്കുണ്ടോ, ഊഹിച്ചെടുത്ത കണക്കെങ്കിലുമുണ്ടോ? എനിക്കറിയില്ല. നമ്മുടെ നഗരങ്ങളില്‍നിന്നുള്ള ചിലരുടെ കാര്യം ഓര്‍മ്മയിലെത്തുകയും, അത്ര വേഗം മറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ലോകസ്വഭാവം. സമൂഹത്തിനും അതിന്റെ നേതാക്കന്മാരെന്ന് ഭാവിക്കുന്നവര്‍ക്കും ഇങ്ങനെയുള്ളവരുടെ കാര്യത്തില്‍ ഒരു താല്‍പര്യവും ഒരുകാലത്തും തോന്നിയിട്ടില്ലെന്നതാണ് സത്യം. മാധ്യമങ്ങളിലൊന്നും ചര്‍ച്ചകള്‍ക്ക് ആരും മുതിര്‍ന്നിട്ടുമില്ല.
പാവപ്പെട്ട തെമ്മാടികള്‍ മാത്രമല്ല ജയിലില്‍ പോകുന്നത്, സമ്പന്നരും പ്രഫഷനലുകളും ഒക്കെ നിയമത്തിന്റെ മുന്നില്‍ തലകുനിച്ചേ തീരൂ. ഇന്ന് നമുക്കുവേണ്ടത് നിസഹായരായി ജയിലിലുള്ള സര്‍വ്വ മലയാളികളുടെയും ക്ഷേമം അന്വേഷിക്കാന്‍ കഴിയുന്ന ഒരു സംഘടനയാണ്. ഇങ്ങനെയുള്ള വിഷയങ്ങള്‍ ഇന്ത്യയിലെ ഭരണാധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തണം. ഇപ്പോള്‍ ഒരു പ്രത്യേകകാര്യത്തിനുവേണ്ടി മാത്രം സംഘടിച്ചിരിക്കുന്നവര്‍ക്ക് ഈ സംഘടനാരീതികള്‍ വിപുലപ്പെടുത്തി പ്രാദേശികമായി സമാജങ്ങളോടും മതസംഘടനകളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും കഴിയണം. ചര്‍ച്ചാവിഷയമായ ഈ കഥ, ഒരു പക്ഷേ, പലരുടെയും കണ്ണുതുറപ്പിക്കാന്‍ പ്രേരകമായിത്തീര്‍ന്നേക്കാം.
അപകടത്തില്‍പ്പെടുമ്പോള്‍ മാത്രം സമാജങ്ങള്‍ രക്ഷക്കെത്തണമെന്ന് പ്രതീക്ഷിക്കുന്നത് ന്യായമല്ല. എന്തുകൊണ്ട് എല്ലാവര്‍ക്കുംതന്നെ സമൂഹത്തിന്റെ ഭാഗമായിക്കൂടാ? സ്ഥലത്തെ ഒരു സംഘടനയിലെങ്കിലും അംഗത്വമെടുക്കുക, കാശു കൊടുത്ത് ഒന്നുരണ്ട് മലയാളം പ്രസിദ്ധീകരണങ്ങളെങ്കിലും വാങ്ങുക, ചുരുക്കമായിട്ടെങ്കിലും ചില യോഗങ്ങളില്‍ പങ്കെടുക്കുക. സമൂഹത്തിലെ ഉന്നതരെന്നു ഭാവിക്കാതെ താഴേക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുക നാം മലയാളികള്‍ ഇതൊക്കെ ശ്രദ്ധിച്ചേതീരൂ.
അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ കഥയ്ക്ക് ഇന്നത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തിയുണ്ട്. ഈ കഥയില്‍ക്കൂടി തുറന്നുകാട്ടുന്ന, അധികംപേര്‍ക്കും അപരിചിതമായ, 'അകലോകം' എന്തെന്ന് നമ്മളെല്ലാം അറിഞ്ഞിരിക്കണം. നിയമത്തിനുമുന്നില്‍ തെളിവുകള്‍ക്ക്, പിന്നെ പിന്‍ബലത്തിനും സമര്‍ത്ഥമായ അവതരണത്തിനുമാണ് പ്രസക്തി. വ്യക്തിപരമായി സ്വന്തം മനസാക്ഷിക്കും.



--0--


ഒരു 'നിരപരാധി'യുടെ ജയില്‍ ദിനങ്ങള്‍ -ജോണ്‍മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക