Image

സ്വപ്നാടനം(നോവല്‍ ഭാഗം-7)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 25 March, 2013
സ്വപ്നാടനം(നോവല്‍ ഭാഗം-7)- നീന പനയ്ക്കല്‍
ഏഴ്

തിരക്കുപിടിച്ച വാഷിംഗ്ടണ്‍ എയര്‍പോര്‍ട്ട്. ട്യൂബുവിളക്കുകളുടെ പ്രഭയില്‍ ബിന്ദുവിന്റെ കൈയില്‍ മുറുകെ പിടിച്ചുകൊണ്ട് ജനങ്ങളുടെ ഒഴുക്കിനൊത്ത് സൂസി നീങ്ങി.

ആദ്യമായി അമേരിക്കയിലേക്കു വരുന്നവരും ഗ്രീന്‍കാര്‍ഡുള്ളവരും ഇതിലേ എന്നു വിളിച്ചു പറഞ്ഞുകൊണ്ട് രണ്ടു സായ്പന്മാര്‍ നില്‍ക്കുന്നു. അവര്‍ ചൂണ്ടിക്കാട്ടിയ ലൈനിലൂടെ, പേപ്പേഴ്‌സ് എല്ലാ അടങ്ങിയ ചെറിയ സ്യൂട്ട്‌കേയ്‌സ് ഒരു കൈകൊണ്ടും ബിന്ദുവിനെ മറ്റേകൈകൊണ്ടും പിടിച്ച് നെഞ്ചിടിപ്പോടെ അവള്‍ നീങ്ങി.

അവരുടെ ഊഴമെത്തി. പേപ്പറുകള്‍ കൗണ്ടറില്‍ ഇരിക്കുന്ന ഓഫീസര്‍ക്കു നല്‍കി. എല്ലാം പരിശോധിച്ചു തൃപ്തിയായശേഷം അയാള്‍ അവരെ നോക്കി.

'യു വില്‍ ഗെറ്റ് യുവര്‍ ഗ്രീന്‍കാര്‍ഡ് വിതിന്‍ എ മന്ത്. ക്ലെയിം യുവര്‍ ലഗേജ് ആന്റ് ഗോ.'
ഒരു മാസത്തിനുള്ളില്‍ നിങ്ങളുടെ ഗ്രീന്‍കാര്‍ഡു കിട്ടും. പെട്ടികള്‍ എടുത്ത് പൊയ്‌ക്കൊള്ളൂ.

അമേരിക്കന്‍ ഉച്ചാരണത്തില്‍ പറഞ്ഞ ആ വാക്കുള്‍ സൂസിക്ക് മനസ്സിലായില്ല. അയാളുടെ മുഖത്തേക്ക് അവള്‍ ഒരുവിഡ്ഢിയെപ്പോലെ തുറിച്ചു നോക്കി.

ഓഫീസര്‍ അടുത്തയാളിനെ വിളിച്ചു. ബിന്ദുവിനേയും കൊണ്ട് അവള്‍ മുന്നോട്ടു നടന്നു.
ബാഗേജ് ക്ലെയിം എന്നെഴുതിയ ബോര്‍ഡു കണ്ടു. പലരും അങ്ങോട്ടു പോകുന്നതു കണ്ട് അവളും ചെന്നു.

'അമ്മേ എനിക്ക് ബാത്ത്‌റൂമില്‍ പോകണം. ശബ്ദം താഴ്ത്തി ബിന്ദു.'

'സമാധാനപ്പെട്. പോകാം. എയര്‍പ്പോര്‍ട്ടില്‍ ബാത്ത്‌റൂം കാണാതിരിക്കുമോ. കണ്ടുപിടിക്കാം.
കണ്‍വെയര്‍ ബെല്‍റ്റിലൂടെ പെട്ടികള്‍ ഒഴുകിവരുന്നത് അവര്‍ കൗതുകപൂര്‍വ്വം നോക്കിനിന്നു. പല നിറത്തിലും തരത്തിലും ആകൃതിയിലും ഉള്ള പെട്ടികള്‍.

സൂസി ചുറ്റും നോക്കി. മലയാളിയെന്നു തോന്നിക്കുന്ന ആരെയും കണ്ടില്ല. മുടി ക്രോപ്പുചെയ്ത് ഇറുകിപ്പിടിച്ച വസ്ത്രങ്ങളണിഞ്ഞ ചില ഇന്‍ഡ്യക്കാരികള്‍ ഒരു ഹലോ അവളുടെ നേര്‍ക്ക് എറിഞ്ഞുക്കൊടുത്തിട്ട്  സ്യൂട്ട്‌കേയ്‌സുകള്‍ കയറ്റിയ വണ്ടികളുമുന്തി ധൃതിയില്‍ നടന്നുപോയി.

 പെട്ടികള്‍ കിട്ടാന്‍ അരമണിക്കൂറോളം കാത്തുനില്‍ക്കേണ്ടിവന്നു സൂസിക്ക്. പെട്ടി വലിച്ചെടുത്ത് നിലത്തുവെക്കാന്‍ അവള്‍ പ്രയാസപ്പെടുന്നതുകണ്ട് ഒരു വെളുത്ത മനുഷ്യന്‍ ദയാപൂര്‍വ്വം മൂന്നെണ്ണവും എടുത്ത് ഉന്തുവണ്ടിയില്‍ വെച്ചുകൊടുത്തു.

'താങ്ക്യൂ' സൂസി അയാളോടു പറഞ്ഞു.

'പ്ലഷര്‍ മേം' അയാള്‍ ആദരവോടെ തലകുനിച്ചു.

അയാള്‍ പറഞ്ഞതെന്താണെന്ന് സൂസിക്ക് മനസ്സിലായില്ല.

ഇനി ബാത്ത്‌റൂം കണ്ടുപിടിക്കണം നോക്കിയിട്ട് എങ്ങും അങ്ങനെ എഴുതിവെച്ചിരിക്കുന്നതു കണ്ടില്ല. ആരോടു ചോദിക്കും? ഇംഗ്ലീഷു തന്നെയാണോ അമേരിക്കക്കാര്‍ സംസാരിക്കുന്നത്? കോളേജില്‍ അഞ്ചു വര്‍ഷം പഠിച്ചു. ഓഫീസിലും ഇംഗ്ലീഷ് കൈകാര്യം ചെയ്തു. പക്ഷേ ഈ നാട്ടുകാര്‍ പറയുന്നത് ഒരക്ഷരം പോലും മനസ്സിലാകുന്നില്ല.

പരന്ന മുഖമുള്ള ഒരു സ്ത്രീ ഒറ്റക്കു നില്‍ക്കുന്നതു കണ്ട് സൂസി അങ്ങോട്ടു ചെന്നു.
വെയര്‍ ഈസ് ദി ബാത്ത്‌റൂം പ്ലീസ്? അവള്‍ വിനീതയായി ചോദിച്ചു. ആ സ്ത്രീ നിശ്ചലയായി. നിശ്ശബദയായി സൂസിയെ തുറിച്ചു നോക്കി.

ബാത്ത്‌റൂം…ബാത്ത്‌റൂം…' താന്‍ പറഞ്ഞത് അവര്‍ക്കു മനസ്സിലായിക്കാണില്ലെന്നു കരുതി സൂസി സാവാധാനത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞു.

'നോ ഇഞ്ചനോ ഇംഗി' സൂസിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി പൂച്ച കരയുന്ന ശബ്ദത്തില്‍ അവര്‍ പറഞ്ഞു.

സൂസിക്ക് ചിരിയടക്കാന്‍ ഒരുപാട് ശ്രമിക്കേണ്ടിവന്നു. നാണമില്ലല്ലോ ചിരിക്കാന്‍ അവള്‍ സ്വയം കുറ്റപ്പെടുത്തി. ഇന്‍ഡ്യന്‍ ഭാഷയും ഇംഗ്ലീഷും വശമില്ലെന്നാവണം ആ സ്ത്രീ പറഞ്ഞത്.

ബോംബെ എയര്‍പ്പോര്‍ട്ടില്‍ വെച്ച് രണ്ട് ഓഫീസര്‍മാര്‍ പല ചോദ്യങ്ങളും ചോദിച്ചിരുന്നു. ബാഗിനകത്ത് എന്തൊക്കെയുണ്ട്? വല്ലരും വല്ലതും തന്നയച്ചിട്ടുണ്ടോ? പെട്ടിയില്‍ സാധനങ്ങള്‍ അടുക്കിയത് നീ തന്നെയാണോ?

അമേരിക്കയില്‍ എത്തിയിട്ട് ആരും ഒന്നും ചോദിച്ചില്ല. ഭാഗ്യം ചോദിച്ചാല്‍ ഒന്നും മനസ്സിലാവില്ലായിരുന്നു.

'വാ മോളേ. ജോസങ്കിളിനെ കണ്ടിട്ട് ബാത്ത്‌റൂമില്‍ പോകാം.'

വണ്ടിയും ഉന്തി ചുറ്റും നോക്കി അവര്‍ നടന്നു. എവിടെ ജോസച്ചാച്ചനും അമ്മാമ്മയും ബീനമോളും?
അതാ ജോസങ്കിള്‍. പെട്ടെന്നു ബിന്ദു ജോസിനെ കണ്ടു. കൈവീശിക്കൊണ്ട് ജോസ് നില്‍ക്കുന്നതു കണ്ടപ്പോള്‍ സൂസിക്ക് ശ്വാസം നേരെ വീണു.

വെള്ളക്കാരും നീഗ്രോകളും മഞ്ഞത്തൊലിയുള്ളവരും ഒക്കെ തിക്കിത്തിരക്കുന്ന എയര്‍പ്പോര്‍ട്ടില്‍നിന്നും എത്രയുംവേഗം പുറത്തു കടന്നാല്‍ മതിയെന്നായിരുന്നു അവള്‍ക്ക്. ചില നീഗ്രോകളെ കണ്ടപ്പോള്‍ അല്പം ഭയം തോന്നാതിരുന്നില്ല. 'നീഗ്രോ' എന്ന വാക്ക് ഉച്ചരിക്കരുതെന്ന് ജോസച്ചാച്ചന്‍ മുന്നറിയിപ്പു തന്നിട്ടുണ്ടായിരുന്നു. കറുമ്പര്‍ എന്നേ പറയാവൂ.

ഒരു വലിയ കറുമ്പന്‍ സൂസിയെ നോക്കി ചിരിച്ചു. 'ഹലോ സ്വീറ്റ് ഹാര്‍ട്ട്' അയാള്‍ ബിന്ദുവിനോടു പറഞ്ഞു.

രണ്ടുപേരും ജോസു നില്ക്കുന്ന ഭാഗത്തേക്ക് വേഗം നടന്നു.

യാത്രയൊക്കെ സുഖമായിരുന്നോ? ബിന്ദുവിനെ ആശ്ലേഷിച്ചു കൊണ്ട് ജോസ് ചോദിച്ചു.
സുഖമായിരുന്നു അച്ചായാ. ബിന്ദുവിന് ബാത്ത്‌റൂമില്‍ പോകണമെന്നുണ്ട്.
'റെസ്റ്റ്‌റൂം വരുന്ന വഴിയില്‍ പലയിടത്തും ഉണ്ടായിരുന്നല്ലോ. കണ്ടില്ലല്ലേ?'

കണ്ടതാണ്. പക്ഷേ ആരറിഞ്ഞു റെസ്റ്റ്‌റൂം എന്നാല്‍ അമേരിക്കയില്‍ ബാത്ത്‌റൂം എന്നാണെന്ന്.
സൂസിയും ബിന്ദുവും റെസ്റ്റ്‌റൂമില്‍ പോയിവന്നു.

വാനിന്റെ പിന്‍ഭാഗം തുറന്ന് ജോസ് പെട്ടികള്‍ മൂന്നും എടുത്തു വച്ചു.
എന്തൊക്കെയാ മോളേ നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്? തിന്നാന്‍ വല്ലതുമുണ്ടോ?
ഉണ്ടങ്കിളേ. ഏത്തക്കാ ഉപ്പേരിയും ചക്കവറുത്തതും ചുട്ട പറങ്കിയണ്ടിയും ഒക്കെ വല്യമ്മച്ചി തന്നയച്ചിട്ടുണ്ട്.

അമ്മാമ്മയും ബീനമോളും എന്താ വരാത്തത്? സൂസി ചോദിച്ചു. മേരിക്കുട്ടിക്ക് ഭക്ഷണം പാകം ചെയ്യണം. ബീനക്കു ഗിറ്റാര്‍ ക്ലാസില്‍ പോകണം. ആഴ്ചയില്‍ രണ്ടു ദിവസം ക്ലാസുണ്ട്.

വീട്ടിലെത്തിയപ്പോള്‍ വൈകീട്ട് എട്ടുമണി കഴിഞ്ഞിരുന്നു. പക്ഷേ ഇനിയും സൂര്യനസ്തമിച്ചിട്ടില്ല. കുളിര്‍കാറ്റ് വീശിക്കൊണ്ടിരിക്കുന്നു.

വാനിന്റെ ഹോണടി കേട്ട് ബീനയും മേരിക്കുട്ടിയും പുറത്തേക്കിറങ്ങി വന്നു. മേരിക്കുട്ടി സൂസിയുടെ കൈപിടിച്ചു.

യാത്രയൊക്കെ സുഖമായിരുന്നോ സൂസി? എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ഇംഗ്ലീഷിലായിരുന്നു മേരിക്കുട്ടിയുടെ ചോദ്യങ്ങള്‍. മറുപടിക്കു കാത്തുനില്‍ക്കാതെ അവള്‍ വാനില്‍നിന്നും പെട്ടികള്‍ പുറത്തെടുക്കുന്ന ജോസിന്റെ അടുത്തേക്കു ചെന്നു.

സൂസിയുടെ കണ്ണുകള്‍ ബീനയില്‍ തങ്ങിനിന്നു. തീരെ വണ്ണമില്ല. എല്ലും തൊലിയുമേയുള്ളൂ. മുഖം നീണ്ടുപോയതുപോലെ. ചുണ്ടില്‍ ലിപ്സ്റ്റിക്ക്.

'ലിപ്സ്റ്റിക്കിടാന്‍ പ്രായമായോ ഇവള്‍ക്ക്?'

'ബീനമോളേ… ' സൂസി വാത്സല്യപൂര്‍വ്വം വിളിച്ചു. കേള്‍ക്കാത്ത മട്ടില്‍ ഒരക്ഷരം പോലും മിണ്ടാതെ ബിന്ദുവിനെത്തന്നെ നോക്കിനിന്നതേയുളളൂ അവള്‍.

സൂസിയുടെ പെട്ടികള്‍ അവള്‍ക്കു വേണ്ടി ഒരുക്കിയ ലിവിംഗ്‌റൂമിനോടു ചേര്‍ന്നുള്ള മുറിയില്‍ കൊണ്ടുചെന്നുവെച്ചു.
ബിന്ദുവിന് അപ്‌സ്റ്റെയേഴ്‌സില്‍ ബീനയുടെ മുറീടെ തൊട്ടടുത്ത മുറി തയ്യാറാക്കിയിട്ടിട്ടുണ്ട്. അവിടെ കിടക്കാം. മേരിക്കുട്ടി പറഞ്ഞു.
അയ്യോ. ബിന്ദു മനസ്സില്‍ പറഞ്ഞു. പരിചയമില്ലാത്ത രാജ്യത്ത് പരിചയമില്ലാത്ത വീട്ടില്‍ ഒറ്റക്ക് ഒരു മുറിയില്‍ കിടക്കാനോ. വീട്ടില്‍ അമ്മയുടെ ഒപ്പമേ കിടന്നിട്ടുള്ളൂ. അമ്മക്ക് അസുഖമാണെങ്കില്‍ മാത്രമേ മാറിക്കിടന്നിട്ടുള്ളൂ. അതും തനിച്ചല്ല വല്യമ്മച്ചിയുടെ ഒപ്പം ആ പഞ്ഞിപോലുള്ള മാറില്‍ മുഖമണച്ച്.

'ഞാന്‍ അമ്മേടെ കൂടെ കിടന്നോളാം ആന്റി.'

അതുവരെ ഒരക്ഷരം മിണ്ടാതെ നിന്ന ബീന ഉച്ചത്തില്‍ പരിഹസിച്ചു. ആര്‍യൂ സ്‌കെയഡി ക്യാറ്റ്? ആര്‍ യൂ ചിക്കന്‍? ഇത്രയും വലിയ പെണ്ണായിട്ടും അമ്മയുടെ കൂടെയാണുപോലും കിടക്കാന്‍ പോകുന്നത് വെയിറ്റ് ടിന്‍ ഐ ടെല്‍ മൈ ഫ്രണ്ട്‌സ്.

ബിന്ദുവിന് ഒന്നും മനസ്സിലായില്ല. എന്തിനാണെന്നെ സ്‌കെയഡി ക്യാറ്റെന്നും ചിക്കനെന്നുമൊക്കെ വിളിക്കുന്നത്? ചിക്കന്‍ എന്നു പറഞ്ഞാല്‍ കോഴിയല്ലേ? അവള്‍ അമ്മയെ നോക്കി. പിന്നെ അങ്കിളിനേയും.

'ബിന്ദു വളരെ ടയേടാണ് ബീനാ. അവള്‍ വല്ലതും കഴിച്ചു കിടക്കട്ടെ. അവളെ ശല്യപ്പെടുത്താതിരിക്ക്.' ജോസ് വിലക്കി.

ഉണര്‍ന്നപ്പോള്‍ നേരം നന്നേ പുലര്‍ന്നിരുന്നു. ബിന്ദു നല്ല ഉറക്കം. സൂസി എണീറ്റു ജനാലയുടെ കര്‍ട്ടന്‍ നീക്കി പുറത്തേക്കു നോക്കി.

കത്രിച്ചു നിരപ്പാക്കിയ പുല്‍ത്തകിടി. ഭംഗിയായി വെട്ടി നിര്‍ത്തിയ കുറ്റിച്ചെടികള്‍. പൂക്കള്‍ നിറഞ്ഞ വലിയ മരങ്ങള്‍. പുല്ലില്‍ കൊത്തിപ്പെറുക്കുന്ന ചെറിയ കിളികള്‍. ചിലത് നാട്ടിലെ മൈനകളെപ്പോലുണ്ട്.

കുറച്ചകലെ ഒരു കുളം. കുളത്തിന്റെ കരയില്‍ താറാവിനെപ്പോലുള്ള പക്ഷികള്‍.
ഒരു കപ്പു കാപ്പി വേണം. സൂസി മുറി തുറന്നു പുറത്തേക്കിറങ്ങി. അടുക്കളയില്‍ കോഫിമേക്കര്‍ കണ്ടു. പ്ലഗ്ല് കുത്തിയിട്ട് ഫ്രിഡിജ് തുറന്നു നോക്കി.

മൂന്നുതരം പാലിരിക്കുന്നു. കാര്‍ട്ടണ്‍ നിറവ്യത്യാസമുണ്ട്. 1% മില്‍ക്ക്ഫാറ്റണ്. 2%മില്‍ക്ക്ഫാറ്റഅ. വൈറ്റമിന്‍ ഡി. 4% മില്‍ക്ക്ഫാറ്റ്.

ഏതാണ് എടുക്കേണ്ടത്?

പിന്നില്‍ കാല്‍പ്പെരുമാറ്റം കേട്ടു. ജോസാണ്.

കോഫീടെ മണം മേളില്‍ വന്നു. അടുക്കളയിലിട്ടിരിക്കുന്ന വട്ടമേശക്കരികില്‍ അയാള്‍ ഇരുന്നു. പഞ്ചസാരയിടാതെ 1% പാല്‍ ചേര്‍ത്തു ഒരു കപ്പു കാപ്പി ചോദിച്ചു. തീരെ കൊഴുപ്പില്ലാത്ത വെള്ളനിറം മാത്രമുള്ള പാല്.

മഗ്ഗില്‍ കാപ്പിയെടുത്ത് 4% പാലും കുറച്ചു പഞ്ചസാരയും ചേര്‍ത്ത് സൂസി മെല്ലെ കുടിച്ചു.
ചീത്തയാ 4% പാലു കുടിക്കുന്നത്. ജോസ് പറഞ്ഞു. വീട്ടിലെ കറമ്പിപ്പശുവിന്റെ പാലിന്റെ ഏഴയലത്തുവരില്ല അമേരിക്കയിലെ ഫാറ്റു കൂടി പാല്.

മേരിക്കുട്ടി ഉണര്‍ന്നില്ല. നിങ്ങളു വന്നതു പ്രമാണിച്ച് അവളിന്ന് അവധിയെടുത്തിരിക്കയാ.
ജോസച്ചാച്ചാ, വീട്ടിലേക്ക് ഒന്നു വിളിച്ചു പറയണ്ടായോ ഞങ്ങള്‍ എത്തിയ വിവരം? അപ്പച്ചനും അമ്മച്ചിയും കാത്തിരിക്കും. അവള്‍ ഓര്‍മ്മിപ്പിച്ചു.

മേരിക്കുട്ടി ഇന്നലെ രാത്രിതന്നെ വിളിച്ചു പറഞ്ഞല്ലോ. മേരിക്കുട്ടി നിന്നോട് പറഞ്ഞില്ലേ?
സൂസിക്ക് വല്ലാത്ത വിഷമം തോന്നി. അമ്മയോട് എനിക്കൊന്നു സംസാരിക്കാന്‍ സാധിച്ചില്ലല്ലോ.
ബ്രേക്ക്ഫാസ്റ്റിന് സാധാരണയായി അമ്മാമ്മ എന്താണുണ്ടാക്കുന്നത്? അവള്‍ ചോദിച്ചു.

'ഞങ്ങള്‍ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാറില്ല. സീറിയലില്‍ ശകലം പാലൊഴിച്ചു കഴിക്കും. വല്ലാതെ വിശന്നാല്‍ ഒരു മുട്ട പോച്ചു ചെയ്തു കഴിക്കും. ചീത്തയാ മുട്ട തിന്നുന്നത്.'

4%പാലു കുടിക്കുന്നത് ചീത്ത. മുട്ട തിന്നുന്നതു ചീത്ത. ഇനി എന്തൊക്കെ ചീത്തയായിട്ട് ഉണ്ടാവുമോ ആവോ. അവള്‍ അയാളെ കളിയാക്കി.

നീ കളിയാക്കണ്ട. മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോളു കേറും 4% പാലിലും മാട്ടിറച്ചിയിലും നിറയെ കൊളസ്‌ട്രോളാണ്. ഇവിടെ ഞങ്ങള്‍ കോഴിയുടെ ബ്രെസ്റ്റ് മാത്രമേ ഉപയോഗിക്കൂ. എന്നിട്ടും എന്റെ ശരീരം കണ്ടില്ലേ ചീര്‍ത്തുവരുന്നത്. പേടിയാണ് ഡയബറ്റക് ആകുമോ എന്ന്.

കൃത്യം എട്ടുമണിക്ക് ബീന താഴേക്കിറങ്ങിവന്നു. സ്‌ക്കൂളില്‍ പോകാന്‍ റെഡിയായിരുന്നു അവള്‍. പതിനഞ്ചു മിനിട്ടു നടന്നാല്‍ മതി സ്‌ക്കൂളിലേക്ക്.

'ഗുഡ്‌മോണിങ് ഡാഡ്. ഗുഡ്‌മോണിങ് ആന്റീ'.

'ഗുഡ്‌മോണിങ്ങ് മോളേ.'

ഒരു കൊച്ചു കോപ്പയില്‍ പാലെടുത്ത് മൈക്രോവേവ് ഒവനില്‍ വെച്ചു ചൂടാക്കി അതിലേക്ക് കുറച്ചു സീറിയല്‍ ഇട്ട് ഇളക്കി സ്പൂണ്‍കൊണ്ട് അതു കഴിക്കാന്‍ തുടങ്ങിമ്പോള്‍ ബീന സൂസിയെ നോക്കി.

'ഡിഡ് യൂ സ്ലീപ്പ് വെല്‍ ആന്റീ?'

യെസ്. മോള്‍ക്ക് മലയാളം സംസാരിക്കാനറിയില്ലേ?

അവള്‍ മലയാളം പറയില്ല. പക്ഷേ കേട്ടാല്‍ നല്ലവണ്ണം മനസ്സിലാകും.

'എന്താ ജോസച്ചാച്ചാ മോളോട് നിങ്ങള്‍ മലയാളത്തില്‍ സംസാരിക്കാത്തത്? നമ്മുടെ മാതൃഭാഷ അറിഞ്ഞിരിക്കുന്നതു നല്ലതല്ലേ?'.

ഓ. എന്തിനാ വെറുതേ. അവള്‍ തീരെ കംഫര്‍ട്ടബിള്‍ അല്ല മലയാളം സംസാരിക്കുന്നതില്‍. അതുകൊണ്ട് ഞങ്ങള്‍ നിര്‍ബന്ധിക്കാറില്ല. കുട്ടികളെ നിര്‍ബന്ധിച്ച് ഒന്നും ചെയ്യിക്കരുതെന്നാണ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്.

കഴിച്ചുകഴിഞ്ഞ് ബീന നാപ്കിന്‍ കൊണ്ട് ചുണ്ടുകള്‍ ഒപ്പി. ബൈ ഡാഡി.

അവള്‍ ബുക്ക്ബാഗ് തോളത്തിട്ടു. ജോസിന്റെ കവിളില്‍ ഉമ്മ വച്ചു. സൂസിയെ ഒന്നു നോക്കുകപോലും ചെയ്യാതെ പുറത്തിറങ്ങി വെളിയില്‍ നിന്നും വാതിലടച്ചു.

നീ പറഞ്ഞത് അവള്‍ക്കിഷ്ടപ്പെട്ടില്ല. അതാ നിന്നോട് ബൈ പറയാത്തത്.

ജോസ് ജോലിക്കു പോയിക്കഴിഞ്ഞു സൂസി വീണ്ടും അടുക്കളയിലേക്കു ചെന്നു.

ഇത്രയും വൃത്തിയുള്ള ഒരടുക്കള സൂസി ജീവിതത്തില്‍ ആദ്യമായി കാണുകയാണ്. ചുവരില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കാബിനറ്റുകള്‍. പുതിയ രീതിയിലുള്ള ഗ്യാസ് സ്റ്റൗവ്. മുകളില്‍ മൈക്രോവേവ് ഒവന്‍. താഴെ കണ്‍വെന്‍ഷണല്‍  ഒവന്‍. ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ലെന്നു തോന്നു.

സ്റ്റൗവിനടുത്തായി ചുവരില്‍ എക്‌സോസ്റ്റ്ഫാന്‍. ഭക്ഷണം പാകം ചെയ്യുമ്പോഴത്തെ മണമെല്ലാം ഫാന്‍ ഓണ്‍ ചെയ്യുമ്പോള്‍ പുറത്തേക്കു പൊയ്‌ക്കൊള്ളും.

ഉപയോഗിച്ച പ്ലേറ്റുകളും കപ്പുകളും സോസറുകളും സ്പൂണും ഫോര്‍ക്കും ഒന്നും കഴുകി കൈ കേടാക്കണ്ട. ഒന്നാന്തരം ഡിഷ്വാഷറുണ്ട്. എല്ലാം അകത്ത് അടുക്കിവെച്ച് സോപ്പും ഇട്ട് വാഷര്‍ ഇട്ട് വാഷര്‍ ഓണ്‍ ചെയ്താല്‍ മതി. അരമണിക്കൂര്‍ കൊണ്ടും സകലലും കഴുകി ഉണക്കിക്കിട്ടും.
തിളങ്ങുന്ന അലൂമിനത്തിന്റെ സിങ്ക്. കുടയുടെ വളഞ്ഞ കാലുപോലുള്ള ഫോസറ്റ്. ഇരുവശത്തും ടാപ്പുകള്‍. ഇടതുവശത്തേതു തുറന്നാല്‍ ചൂടുവെള്ളം വരും. വലതുവശത്തേതു തിരിച്ചാല്‍ തണുത്ത വെള്ളവും. ടാപ്പിനടുത്ത് ഒരു സ്‌പ്രേയര്‍. സിങ്കു കഴുകാന്‍.

കോഫി മേക്കര്‍, ബ്‌ളണ്ടര്‍, ബ്രെഡ്‌ടോസ്റ്റര്‍, ടിന്‍ കട്ടര്‍, നൈഫ് ഷാര്‍പ്നര്‍… എല്ലാ അടുക്കള ഉപകരണങ്ങളും കൈയെത്തുന്നേടത്ത് ഭംഗിയായി വെച്ചിരിക്കുന്നു.ഇപ്പോള്‍ കടയില്‍ നിന്നും വാങ്ങിക്കൊണ്ടു വന്നതേയുള്ളൂ എന്നു തോന്നും.

വലിയ ഫ്രിഡ്ജിന്റെ മുകളില്‍ പല പേരുകളില്‍ പലനിറങ്ങളില്‍ സീറിയല്‍ ബോക്‌സുകള്‍.
അമ്മേ പാലു കണ്ടു പിടിച്ചോ? ബിന്ദു വന്നു ചോദിച്ചു. ഒരു മഗ്ഗില്‍ 4% പാല്‍ എടുത്തു ചൂടാക്കി പഞ്ചസാരയിട്ട് ബിന്ദുവിനു കൊടുത്തു.

നമ്മുടെ വീട്ടിലെ പാലിനാ രുചി അല്ലേ അമ്മേ?

സൂസി പുഞ്ചിരിച്ചു.

പത്തുമണിയായപ്പോള്‍ മേരിക്കുട്ടി അടുക്കളയിലേക്കു വന്നു ഗുഡ്‌മോണിങ്ങ് സൂസി. ഗുഡ്‌മോണിങ് ബിന്ദു, ഉറക്കം ശരിയായോ?

അവര്‍ തലകുലുക്കി.

'മോള്‍ പോയി കുളിക്ക്. അമ്മ ആന്റിക്ക് കാപ്പി കൊടുക്കട്ടെ.' ഒരു മഗ്ലെടുത്ത് കൊണ്ട് സൂസി പറഞ്ഞു.

'കാപ്പി ഞാനെടുത്തോളാം.' മേരിക്കുട്ടി പറഞ്ഞു. 'ഈ നാട്ടില്‍ ആരും ആര്‍ക്കും  ആഹാരം എടുത്തു കൊടുക്കാറില്ല. ആവശ്യമുള്ളത് അവരവര്‍ എടുത്തുകൊള്ളും.'

സൂസി അത്ഭുതപ്പെട്ടു.ഒന്നും എടുത്തു കൊടുക്കാത്ത വീട്ടില്‍ എങ്ങനെ സ്‌നേഹമുണ്ടാകും?

Previous Page Link:http://emalayalee.com/varthaFull.php?newsId=46374



സ്വപ്നാടനം(നോവല്‍ ഭാഗം-7)- നീന പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക