Image

സ്വപ്നാടനം(നോവല്‍ ഭാഗം-8)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 01 April, 2013
സ്വപ്നാടനം(നോവല്‍ ഭാഗം-8)- നീന പനയ്ക്കല്‍
എട്ട്
സൂസിക്ക് വല്ലാതെ വിശക്കുന്നു. ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ല. മേരിക്കുട്ടിമ്മാമ്മ ബ്രേക്ക്ഫാസ്റ്റുണ്ടാക്കുന്ന കോളൊന്നും കാണുന്നുമില്ല.

ഇവിടെ ബ്രേക്ക്ഫാസ്റ്റുണ്ടാക്കാറില്ല എന്നു ജോസച്ചാച്ചന്‍ പറഞ്ഞത് അവള്‍ക്കോര്‍മ്മ വന്നു. ബിന്ദുവിനും വിശക്കുന്നുണ്ടാവണം.

'വിശക്കുന്നല്ലോ അമ്മാമ്മേ…' സൂസിക്കു പറയേണ്ടിവന്നു.

മേരിക്കുട്ടി ഫ്രിഡ്ജിന്റെ മുകളിലിരുന്ന ബോക്‌സുകള്‍ ചൂണ്ടിക്കാട്ടി. 'ദാ ഈ ഇരിക്കുന്ന സീറിയലുകള്‍ എല്ലാം നല്ല പോഷകമുള്ളതാണ് പാലു ചേര്‍ത്തു കഴിക്കണം. ബ്രെഡ്ഡും മുട്ടയും ഫ്രിഡ്ജിലുണ്ട്. സോസേജും ഹാഷ്ബ്രൗണും ഫ്രീസറിലും.'

ബ്രെഡ് ടോസ്റ്റുചെയ്തതും ഓറഞ്ചു മാര്‍മലേഡും മുട്ട ബുള്‍സ്‌ഐയും സോസേജും ഹാഷ്ബ്രൗണും കൂടിയ വിഭവസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റ് മിനിട്ടുകള്‍ക്കകം മേരിക്കുട്ടിയുണ്ടാക്കി.

ബ്രേക്ക്ഫാസ്റ്റു കഴിഞ്ഞ് ബിന്ദുവും സൂസിയും യാര്‍ഡിലിറങ്ങാന്‍ വാതില്‍ തുറന്നു. തണുത്ത കാറ്റടിച്ചുകയറി.

ഒരു മണിക്കൂര്‍ നേരം സൂസിയും ബിന്ദുവും പറമ്പു മുഴുവന്‍ കണ്ടുനടന്നു. വിവിധതരത്തിലുള്ള മരങ്ങള്‍. വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ അന്തരീക്ഷത്തില്‍ പൂക്കളുടെ സുഗന്ധം. പൊടിയില്ല. മലിനീകരണമില്ല.

ഒരു കൊച്ചു പൂച്ചയോളം വലിപ്പമുള്ള അണ്ണാന്‍മാര്‍. മുതുകില്‍ മൂന്നു വരയുള്ളവയെ ചിപ്മങ്ക്‌സ് എന്നാണു പറയുക. വലിപ്പം നാട്ടിലേതിന്റേതു പോലെയേയുള്ളഊ.

കളിപ്പൊയ്കയില്‍ തെളിഞ്ഞ വെള്ളം. രണ്ട് ആമ്പല്‍പ്പൂക്കള്‍ വിടരാറായി നില്‍ക്കുന്നു.
ഉച്ചയൂണു കഴിഞ്ഞ് ഒന്നു മയങ്ങണമെന്നു സൂസിക്കു തോന്നി. ലൈബ്രറിയായി ഉപയോഗിക്കുന്ന മുറി മേരിക്കുട്ടി കാട്ടിക്കൊടുത്തു. അവിടെ വലിയ ചാരുകസേരയുണ്ട്. പുസ്‌കതമെടുത്തു വായിക്കാം. ചാരിക്കിടന്ന് ഉറങ്ങുകയും ചെയ്യാം.

ബുക്ക് ഷെല്‍ഫുകളില്‍ പലതരം എന്‍സൈക്ലോപീഡിയകള്‍, ചരിത്രപുസ്തകങ്ങള്‍, ഇംഗ്ലീഷ് നോവലുകള്‍, എല്ലാം ചിട്ടയോടെ അടുക്കിവെച്ചിരിക്കുന്നു.

ഒരു മൂലക്ക് വലിയൊരു ടി.വി.

സൂസി ചാരുകസേരയില്‍ ഇരിക്കുന്നതിനു മുന്‍പ് ടി.വി.യുടെ 'ഓണ്‍' ബട്ടണ്‍ ഞെക്കി.
സാവകാശം കളര്‍ചിത്രം തെളിഞ്ഞുവന്നു. ഒരുകിടപ്പറരംഗമാണ്. മുക്കാലും നഗ്നരായ സ്ത്രീയും പുരുഷനും.

എന്റെ മാതാവേ…സൂസി പെട്ടെന്ന് ടി.വി. ഓഫ് ചെയ്തു. ഭാഗ്യത്തിന് ബിന്ദു അടുത്തില്ലായിരുന്നു.
ആരുമില്ലാത്തപ്പോള്‍ ബീനമോള്‍ ഇവിടെ വന്നു ടി.വി. കണ്ടിട്ടുണ്ടാവുമോ? ആര്‍ക്കറിയാം!!

വൈകുന്നേരങ്ങളില്‍ ജോസിന്റെ പെങ്ങളേയും മകളേയും കാണാന്‍ ആരെങ്കിലുമൊക്കെ വരും. ഒരു പെട്ടി മിഠായിയോ ഒരു പായ്ക്കറ്റ് കുക്കിയോ അവരുടെ കൈയില്‍ കാണും.

'ഇത്രയും രുചിയുള്ള ചോക്കളേറ്റും കുക്കിയും തിന്നിട്ടേയില്ല അല്ലേ അമ്മേ.' ബിന്ദു പറയും.

ബിന്ദു ചോക്കളേറ്റോ കുക്കിയോ കൊടുത്താല്‍ ബീന വാങ്ങില്ല. ബിന്ദുവിനോടൊന്നു മിണ്ടാന്‍പോലും കൂട്ടാക്കില്ല. സ്‌ക്കൂള്‍ കഴിഞ്ഞു വന്നാലുടനെ അടുക്കളയില്‍ ചെന്ന് ഒരു ആപ്പിളോ ഓറഞ്ചോ എടുത്തുകൊണ്ട് സ്വന്തം മുറിയില്‍ കയറി വാതിലടയ്ക്കും. മേരിക്കുട്ടിയോ ജോസോ വരുന്നതുവരെ മുറിയില്‍നിന്നു പുറത്തിറങ്ങില്ല. ഹായ് എന്നൊരു ശബ്ദമുണ്ടാക്കുന്നതല്ലാതെ സൂസിയോടു പോലും അവള്‍ സംസാരിക്കില്ല.

ഒരു ദിവസം അവധിയെടുത്ത് സൂസിയേയും ബിന്ദുവിനേയും കൊണ്ട് ജോസ് സോഷ്യല്‍ സെക്യൂരിറ്റി ഓഫീസില്‍ പോയി.

'എന്തിനാ നമ്മളവിടെ പോകുന്നത്?' സൂസിക്ക് ജിജ്ഞാസയടക്കാന്‍ കഴിഞ്ഞില്ല.

ആ ഓഫീസില്‍ നിന്നുമാണ് നമുക്ക് സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ കിട്ടുന്നത്. അമേരിക്കയില്‍ ഒരാളെ ഐഡന്റിഫൈ ചെയ്യുന്ന നമ്പരാണത്. ഇവിടെ സ്ഥിരമായി താമസിക്കുന്ന ഓരോരുത്തര്‍ക്കും നമ്പരുണ്ട്. അതില്ലാതെ ആര്‍ക്കുമിവിടെ ജീവിക്കാന്‍ സാധിക്കില്ല.
റോഡുകളുടെ വിസ്താരം! ഹൈവേയില്‍ കയറിയപ്പോള്‍ അവള്‍ അമ്പരന്നു. എയര്‍പ്പോര്‍ട്ടില്‍നിന്നു വീട്ടിലേക്ക് വരുമ്പോള്‍ ശ്രദ്ധിച്ചതേയില്ല.
എന്തുമാത്രം കാറുകള്‍, വാനുകള്‍, ജീപ്പുകള്‍! ലോറികള്‍ കാണാനില്ല. പകരം വളരെ നീളമുള്ള കൂറ്റന്‍ ട്രക്കുകള്‍ കണ്ടു. ഹോണടി കേള്‍ക്കാനേയില്ല.
വാഹനങ്ങള്‍ റോഡിന്റെ വലതുവശത്തുകൂടി പോകുന്നു. കാറിന്റെ സ്റ്റിയറിംഗ് വീല്‍ ഇടതുവശത്താണ്. നാട്ടിലുള്ളതിന്റെ നേരെ വിപരീതം.
ലോകത്തിന്റെ നാനാഭാഗത്തുനിന്നും അമേരിക്കയില്‍ കൂടിയേറിപ്പാര്‍ക്കാന്‍ വന്നവരെ സൂസി സോഷ്യല്‍ സെക്യൂരിറ്റി ഓഫീസില്‍ കണ്ടു.
സൂസിയേയും ബിന്ദുവിനേയും അറ്റന്റുചെയ്ത അമേരിക്കക്കാരി വളരെ ക്ഷമയോടെ സാവധാനത്തിലാണ് സംസാരിച്ചത്. അവര്‍ പറഞ്ഞതെല്ലാം സൂസിക്കു മനസ്സിലായി. സൂസി പറഞ്ഞത് അവര്‍ക്കും.
'മുപ്പതു ദിവസത്തിനകം നിങ്ങള്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ കിട്ടും. നിങ്ങള്‍ക്ക് ജോലി ചെയ്യാനും കുട്ടിയെ സ്‌ക്കൂളില്‍ ചേര്‍ക്കാനും ഇതാ ടെംപററി പെര്‍മിറ്റ്.'
അവര്‍ വീട്ടിലേക്കു മടങ്ങി.
സൂസിയേയും ബിന്ദുവിനേയും കാണാന്‍ ഒരു ദിവസം റീത്താന്റി വന്നു. അലങ്കരിച്ച ഒരു ചോക്കളേറ്റ്‌കേയ്ക്കും ഒരു വലിയ ടെഡി ബെയറുമായിട്ടാണ് അവര്‍ വന്നത്.
ജോസിന്റെ സൂസിമോളെ ആദ്യമായി കാണുകയല്ലേ. ഇതാ ഒരു ചെറിയ സമ്മാനം കേക്ക് അവളുടെ കൈയില്‍ കൊടുത്തിട്ട് അവര്‍ പറഞ്ഞു.
താങ്ക്‌സ് ആന്റീ.
റീത്താന്റിയെക്കുറിച്ച് മേരിക്കുട്ടി അവളോട് ധാരാളം പറഞ്ഞിട്ടുണ്ടായിരുന്നു. ഒറ്റക്ക് ഒരപ്പാര്‍ട്ട്‌മെന്റിലാണ് താമസം. മേരിക്കുട്ടിയും ജോസും മെരിലാണ്ടിലേക്ക് താമസം മാറിയപ്പോള്‍ റീത്താന്റിയും ഡിട്രോയിറ്റഇലെ വീട് വിറ്റിട്ട് മെരിലാണ്ടിലേക്കു വന്നു. ബീനക്കു വേണ്ടി മാത്രം.
ഇവിടെ വന്നിട്ടു പുതിയ വീടു വാങ്ങിയില്ല. പുല്ലു വെട്ടാനും മഞ്ഞു നീക്കാനും അവര്‍ക്ക് ആരോഗ്യമില്ല. അപ്പാര്‍ട്ട്‌മെന്റാവുമ്പോള്‍ ഒന്നും അറിയണ്ട. വാടകമാത്രം കൊടുത്താല്‍ മതി.
സൂസി വീട്ടിലുള്ളപ്പോള്‍ ബീനയെ ബേബിസിറ്റു ചെയ്യേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട് വീട്ടില്‍ റെസ്റ്റ് എടുക്കുകയാണ്.
'എവിടെ ബിന്ദു?' റീത്താന്റി ചോദിച്ചു.
വാതിലിനു മറവില്‍ നിന്ന് ബിന്ദു പുറത്തു വന്നു. 'ഇത് ബിന്ദുവിനാണ്.' ടെഡിബെയറിനെ സമ്മാനിച്ചു കൊണ്ട് റീത്താന്റി പറഞ്ഞു.
കണ്ടുനിന്ന ബീനയുടെ മുഖം കറുത്തു.
“ബിന്ദു എന്തു സുന്ദരിയായിരിക്കുന്നു. ഹൗ നൈസ് ആന്റ് സ്വീറ്റ്.” അവളുടെ തലമുടിയില്‍ അവര്‍ തലോടി.
ബീനയ്ക്ക് സഹിച്ചില്ല.
ഇവിടെയുള്ള ഐസ്‌ക്രീം മൂഴുവന്‍ അവളാണ് തിന്നു തീര്‍ക്കുന്നത്. 'ഷീ ഈസ് ഗോയിംഗ് ടു ബി എ ഫാറ്റ് ഗൂസ്.'(ഇവളൊരു തടിച്ചിത്താറാവിനെപ്പോലെയാകും.) ബീന പരിഹസിച്ചു.
ബിന്ദുവിന്റെ മുഖം വാടി. കണ്ണുകള്‍ നിറഞ്ഞു.
'നോ ബീനാ. ഡോണ്‍ട് സേ ലൈക്ക് ദാറ്റ്.' റീത്താന്റി വിലക്കി.
ഷി ഈസ് ഈറ്റിംഗ് ആള്‍ ദി കുക്കീസ് ആന്റ് കാണ്ടീസ്. അവളെ നോക്ക്. ഇപ്പോഴേ അവള്‍ ചബ്ബിയാണ്. ഇനി അവള്‍ ഫാറ്റ് പിഗ് ആവൂം.
ദാറ്റീസ് ഇനഫ്. മതി നിര്‍ത്ത്. റീത്താന്റി ഗൗരവത്തില്‍ പറഞ്ഞു.
ബീന ദേഷ്യത്തില്‍ അവളുടെ മുറിയിലേക്ക് കയറിപ്പോയി.
വിഷണ്ണയായി നിന്ന സൂസിയെ വിളിച്ചുകൊണ്ട് റീത്താന്റി വീടിനു പുറത്തിറങ്ങി.
'സൂസിയോട് ഞാനൊരു കാര്യം പറയാം. മറ്റൊന്നും വിചാരിക്കരുത്.'
'എന്താ ആന്റീ?'
'എന്നും ജോസിന്റെ കൂടെ കഴിയാമെന്ന് സൂസി കരുതരുത്. എത്രയും എളുപ്പം ഒരു ജോലി സമ്പാദിക്കണം. ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറണം.'
'ഒരു പരിചയവുമില്ലാത്ത ഈ നാട്ടില്‍ ഞാന്‍ ഒറ്റക്ക്…'
പേടിച്ചിരുന്നാല്‍ ജീവിക്കാനൊക്കുമോ. ബീനയില്‍നിന്നും സൂസി അകന്നു നില്ക്കുന്നതാണ് മേരിക്കിഷ്ടം. കാരണം സൂസിക്ക് ഊഹിക്കാവുന്നതേയുള്ളൂ.
അവള്‍ അമ്പരപ്പോടെ അവരെ നോക്കി.
മേരിക്കുട്ടിയെ ഞാന്‍ പ്രസവിച്ചതല്ലേന്നേയുള്ളൂ. വളര്‍ത്തി വലുതാക്കിയത് ഞാനാണ്. അവള്‍ക്കു വിഷമമുണ്ടാകുന്നതൊന്നും സംഭവിക്കുന്നത് എനിക്കിഷ്ടമല്ല.
സൂസി ഒന്നും പറഞ്ഞില്ല.
ജോസച്ചാച്ചനും അമ്മാമ്മയും കൂടിചേര്‍ന്ന് റീത്താന്റിയെക്കൊണ്ട് പറയീച്ചതാവും.
പുതിയ നാട്. ആരേയും പരിചയമില്ല. ഇവിടുത്തുകാര്‍ പറയുന്നത് മനസ്സിലാക്കാനും പ്രയാസം.
എങ്ങനെ ജോലികിട്ടും? എങ്ങനെ ജോലിക്കു പോകും? എങ്ങനെ ബിന്ദുവുമായി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കും?
വന്നിട്ട് ദിവസങ്ങളേ ആയുള്ളൂ. പ്രശ്‌നങ്ങളാരംഭിക്കുകയായി.
താന്‍ കാരണം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുത്.
'
'അച്ചായാ എനിക്കെന്തെങ്കിലും ജോലി കിട്ടിയാല്‍ നല്ലതായിരുന്നു.എത്ര ദിവസമാ ഒന്നും ചെയ്യാനില്ലാതെ വീട്ടില്‍ത്തന്നെ..'
നിനക്കൊരു ജോലിക്കു വേണ്ടി ഞാനും മേരിക്കുട്ടിയും പലസ്ഥലത്തും ശ്രമിക്കുന്നുണ്ട്. പലരോടും പറഞ്ഞിട്ടുണ്ട്. അതിനു മുന്‍പ് നീ ഡ്രൈവിങ്ങ് പഠിക്കണം.
ഈ വന്‍ നഗരത്തിലെ തിരക്കുള്ള ഹൈവേകളില്‍ കൂടി സ്വയം കാറോടിച്ചു പോകുക!ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല സൂസിക്ക്. പക്ഷേ, ജോലിക്കു പോകുന്നവര്‍ സ്വയം കാറോടിച്ചാണു പോവുക.
ഇവിടെ ഒരു പഴയ ഡ്രൈവിംഗ് മാനുവല്‍ ഇരിപ്പുണ്ട്. ഞാന്‍ അത് എടുത്തു തരാം. വായിച്ചു പഠിക്ക്. അതു കഴിഞ്ഞ് ടെസ്റ്റ് എടുക്കണം. ടെസ്റ്റ് ജയിച്ചാലേ ഡ്രൈവിങ് പഠിക്കാനുള്ള പെര്‍മിറ്റ് കിട്ടൂ.
ആ പുസ്തകം എടുത്ത് ജോസ് അവള്‍ക്കു കൊടുത്തു.

'ഈ സീറിയലു കഴിച്ചു മടത്തു അമ്മേ. ഇവിടെ അപ്പവും ദോശയും ഒന്നും ഉണ്ടാക്കാന്‍ പറ്റില്ലേ?'
ബിന്ദു സൂസിയോടു ചോദിക്കുന്നതു കേട്ടുകൊണ്ടാണ് ജോസ് താഴേക്കിറങ്ങിവന്നത്. പിറ്റേദിവസം ജോലികഴിഞ്ഞു വരുമ്പോള്‍ ഇന്‍ഡ്യന്‍ കടയില്‍ നിന്ന് ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങിക്കൊണ്ടുവന്നു.

പിറ്റേന്നു രാവിലെ ദോശയുടെ കൊതിപ്പിക്കുന്ന മണം ആസ്വദിച്ചുകൊണ്ടാണ് ബിന്ദു ഉണര്‍ന്നതു തന്നെ. പല്ലുതേച്ചിട്ട് അവള്‍ വേഗം കിച്ചനിലെത്തി. പട്ടിണികിടന്ന കുട്ടിയെപ്പോലെ ചുടുദോശ സമ്മന്തിയില്‍ മുക്കി വേഗം വേഗം തിന്നുന്നത് സൂസി കൗതുകപൂര്‍വ്വം നോക്കിനിന്നു.

ജോസും മേരിക്കുട്ടിയും ജോലിക്കു പോകാന്‍ തയ്യാറായി വന്നു. എത്ര നിര്‍ബന്ധിച്ചിട്ടും ഒരു കഷ്ണം ദോശതിന്നാന്‍ അവര്‍ കൂട്ടാക്കിയില്ല. സൂസിക്കു വിഷമം തോന്നി.

എട്ടുമണിയായപ്പോള്‍ ബീന താഴേക്കിറങ്ങിവന്നു. 'ഐ സ്‌മെല്‍ കേരള കുക്കിംഗ്.'(കേരളത്തിലെ പാചകത്തിന്റെ മണം വരുന്നു) മൂക്കു ചുളിച്ചു കൊണ്ട് അവള്‍ പറഞ്ഞു.

'ബീന മോളേ. നല്ല രുചിയുള്ള ദോശ തരട്ടേ?'

'നോ താങ്ക്‌സ്.' സീറിയല്‍ കഴിച്ച് ബുക്ക് ബാഗുമെടുത്ത് അവള്‍ പുറത്തേക്കിറങ്ങി.

'ഐ ആം ലീവിംഗ്. ലോക്ക് ദ ഡോര്‍'( ഞാന്‍ ഇറങ്ങുന്നു. കതക് അടച്ചേക്ക്)
അവള്‍ പോയി.

ബീനയുടെ സംസാരത്തിലും പെരുമാറ്റത്തിലും സ്‌നേഹമോ ബഹുമാനമോ ലേശം പോലുമില്ല. വളര്‍ത്തി ചീത്തയാക്കിക്കളഞ്ഞു അച്ചായന്‍. സൂസിക്ക് അരിശം തോന്നി.

'ബിന്ദുവിനെ സെപ്റ്റംബറില്‍ സ്‌ക്കൂളില്‍ ചേര്‍ത്താല്‍ മതി.' ജോസു പറഞ്ഞു. ഹാജര്‍ പോരെന്നോ മറ്റോ പറഞ്ഞ് അടുത്ത ക്ലാസിലേക്ക് കയറ്റം കിട്ടാതിരുന്നാലോ. അതു ശരിയാണെന്നു സൂസിക്കു തോന്നി. ബീനയേക്കാള്‍ ഒരു വര്‍ഷം പിറകിലാവാന്‍ പാടില്ല ബിന്ദു.

ഡ്രൈംവിഗ് പെര്‍മിറ്റിനുള്ള ടെസ്റ്റ് എടുക്കാന്‍ പോകേണ്ട ദിവസമെത്തി. ജോസാണ് അവളെ കൊണ്ടുപോയത്. സൂസിക്ക് ഭയമായിരുന്നു. അമേരിക്കയില്‍ വന്നശേഷം ആദ്യമായി ഒരു ടെസ്റ്റിനെ അഭിമുഖീകരിക്കാന്‍ പോകുന്നു. അതും കംപ്യൂട്ടറില്‍.

ഒന്നും പേടിക്കാനില്ല. ചോദ്യങ്ങള്‍ ശ്രദ്ധിച്ചു വായിക്കണം. ഉത്തരങ്ങളും ശ്രദ്ധിച്ചു വായിക്കണം. എന്നിട്ട് ശരിയോ തെറ്റോ എന്നു പറഞ്ഞാല്‍ മതി. സമയപരിധിയൊന്നുമില്ല.

ഇപ്രാവശ്യം തന്നെ നീ ജയിക്കും സൂസി. അല്ലെങ്കില്‍ ഇനിയും വരാം. ജോസ് അവള്‍ക്ക് ധൈര്യം കൊടുത്തു.

പോലീസ് ഓഫീസര്‍ അവളെ ഒഴിഞ്ഞ ഒരു കംപ്യൂട്ടറിന്റെ അടുത്തേക്കു കൊണ്ടുപോയി. ആ മുറിയില്‍ വേറെയും ഒരുപാടു കംപ്യൂട്ടറുകള്‍ ഉണ്ടായിരുന്നു. മിക്കവാറും എല്ലാറ്റിന്റെ മുന്നിലും ആളുകളുണ്ട്.

'മേം, ആര്‍ യു റെഡി?' ഓഫീസര്‍ ചോദിച്ചു.

'യെസ്.'

ആദ്യത്തെ ചോദ്യം കംപ്യൂട്ടറില്‍ തെളിഞ്ഞു. സ്‌ക്കൂളുള്ള ദിവസം റീസസ് ടൈമില്‍(കുട്ടികളെ പുറത്തു വിടുന്ന സമയത്ത്) ട്രാഫിക് പോസ്റ്റില്‍ മഞ്ഞ ലൈറ്റ് മിന്നിക്കൊണ്ടിരിക്കും. അതിന്റെ അര്‍ത്ഥം വാഹനങ്ങള്‍ വേഗത കുറയ്ക്കണമെന്നാണ്.

സൂസി അതൊന്നു കൂടി വായിച്ചു. എന്നിട്ട് 'യെസ്' എന്ന ബട്ടണില്‍ വിരലമര്‍ത്തി.
യൂ ആര്‍ റൈറ്റ്. കമ്പ്യൂട്ടറില്‍ തെളിഞ്ഞു.

ഉത്തരം ശരിയാണ്.

അവള്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു.

പത്തിരുപതു ചോദ്യങ്ങള്‍. എല്ലാറ്റിനും അവള്‍ ഉത്തരം കൊടുത്തു. എല്ലാം ശരിയായിരുന്നു.
“കണ്‍ഗ്രാജുലേഷന്‍സ്. നിങ്ങള്‍ ടെസ്റ്റു പാസായിരിക്കുന്നു.” ഓഫീസര്‍ പറഞ്ഞു.

സന്തോഷത്തോടെ അവള്‍ ജോസിന്റെ അടുത്തേക്ക് ഓടിച്ചെന്നു. എനിക്കറിയാമായിരുന്നു നീ ജയിക്കുമെന്ന്. ജോസ് അവളെ അഭിനന്ദിച്ചു.

വീട്ടിലേക്കു പോകുന്ന വഴി ഒരു ഡോനട്ടു കടയില്‍ കയറി ഒരു ഡസണ്‍ ഡോനട്ടു വാങ്ങി ജോസ് അവള്‍ക്കു കൊടുത്തു.

'നീയിത് തിന്നു നോക്കിയിട്ടില്ലല്ലോ. ഇതെന്റെ വക ഒരുസമ്മാനം. ചിലതിന് ഉഴുന്നു വടയുടെ ആകൃതിയുണ്ടെങ്കിലും മധുരമാ.'

കാറിലിരുന്ന് സൂസി ബോക്‌സ് തുറന്നു. പന്ത്രണ്ടു തരത്തിലുള്ള ഡോനട്ടുകള്‍. ജോസ് ഓരോന്നിന്റെയും പേരു പറഞ്ഞു കൊടുത്തു.

ഏതാണ് ഏറ്റവും നല്ലത്? ജെല്ലിയാണോ, ചോക്കളേറ്റാണോ? ക്രീം ഫില്‍ഡ് ആണോ? കോക്കനട്ട് ടോപ്ട് ആണോ?
ആദ്യം ഏതെടുക്കണമെന്ന് അവള്‍ക്ക് തീരുമാനിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു ജെല്ലി ഡോനട്ട് എടുത്ത് രണ്ടായി പകുത്ത് ഒരു ഭാഗം അവള്‍ ജോസിനു നല്‍കി.

'ഒരു പാടു മധുരം കഴിക്കുന്നത് ചീത്തയാ.' ശകലം നുള്ളിയെടുത്ത് വായിലിട്ടുകൊണ്ട് അയാള്‍ പറഞ്ഞു.

ഡോനട്ട് അല്പാല്പമായി നാവിലിട്ട് അലിയിച്ച് അവള്‍ ആസ്വദിച്ചു. സൂസിക്കു ടെസ്റ്റു പാസായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് മേരിക്കുട്ടിയാണ്-ഇനിയൊരു ജോലി- പിന്നെയൊരു കൊച്ചു അപ്പാര്‍ട്ട്‌മെന്റ്…

പിറ്റേന്നു ജോലികഴിഞ്ഞു വന്നപ്പോള്‍ മേരിക്കുട്ടി ഒരു കൊച്ചു പായ്ക്കറ്റ് സൂസിയുടെ കൈയില്‍ വെച്ചുകൊടുത്തു. 'കണ്‍ഗ്രാജുലേഷന്‍സ് സൂസി.'

അവള്‍ അതു തുറന്നു നോക്കി. നീലക്കല്ലു പതിച്ച ഒരു ബ്രേസ്ലറ്റ്.

'എനിക്കെന്തിനാ അമ്മാമ്മേ ഇതൊക്കെ?'

'ബ്രേസ് ലറ്റ് ഇട്ടെന്നും പറഞ്ഞ് ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല.'

ആ ഞായറാഴ്ച എല്ലാവരും കൂടിയാണ് പള്ളിയില്‍ പോയത്. പള്ളിയില്‍ എത്തിയപ്പാടെ ബീന അവളുടെ കൂട്ടുകാരികളുടെ അടുത്തേക്ക് പോയി.

ശുശ്രൂഷ കഴിയുന്നതുവരെ അവള്‍ കൂട്ടുകാരുടെ കൂടെയാണ് ഇരുന്നത്. ബിന്ദു അമ്മയുടേയും അങ്കിളിന്റേയും നടുവിലും.

ഒടുവില്‍ അവള്‍ കൂട്ടുകാരെയും കൊണ്ട് ബിന്ദുവിന്റെ അടുത്തേക്കു ചെന്നു.

'ഇതെന്റെ കസിന്‍ ബിന്ദു.' ബീന കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തി.

'ഷി ലുക്‌സ് ജസ്റ്റ് ലൈക്ക് യൂ ബീനാ.'(അവളെ കണ്ടിട് നിന്നെപ്പോലെ തന്നെയിരിക്കുന്നു ബീനാ)ഒരു കുട്ടി പറഞ്ഞു.

'ഓ അത്രയ്‌ക്കൊന്നുമില്ല.' ബീന വിരസതയോടെ പറഞ്ഞു.

'ഇവള്‍ നിന്റെ വീട്ടിലാണോ താമസം?'

'ഫോര്‍ ദി ടൈം ബീയിംഗ്.(തല്‍ക്കാലത്തേക്കു മാത്രം.) ബിന്ദുവിന്റെ ഡാഡി മരിച്ചു. അവളുടെ മമ്മിക്ക് ജോലികിട്ടിയാലുടന്‍ അപ്പാര്‍ട്ട്‌മെന്റെടുത്തു മാറും. ഇവര്‍ വന്നതില്‍പ്പിന്നെ കേരള കുക്കിംഗിന്റെ മണമാണ് വീടു മുഴുവന്‍. ചിലപ്പോള്‍ എന്റെ വസ്ത്രങ്ങള്‍ പോലും നാറും… ബീന മൂക്കു ചുളിച്ചു.'

ബിന്ദുവിന് വല്ലായ്മ തോന്നി.

അമ്മ വിഷമിക്കുമെന്നു കരുതി അക്കാര്യം സൂസിയോടു മിണ്ടിയതേയില്ല.

അമ്മയെ ബിന്ദു അടുക്കയില്‍ സഹായിക്കും. വീട് വാക്യും ചെയ്യുമ്പോഴും വെളിയില്‍ പുല്ലുവെട്ടുമ്പോഴും അവള്‍ ജോസിനെ സഹായിക്കാന്‍ ഓടിച്ചെല്ലും.

'താങ്ക്യൂ ബിന്ദു… യൂ ആര്‍ സോ സ്വീറ്റ്. അങ്കിള്‍ ചെയ്‌തോളാം.'

സൂസി ഡ്രൈവിംഗ് പഠിച്ചു. ലൈസന്‍സ് എടുത്തു. ജോസ് എവിടെപ്പോകുമ്പോഴും അവളെ കൂട്ടിക്കൊണ്ടുപോകും. അവളെക്കൊണ്ട് കാറോടിപ്പിക്കും.

സെപ്റ്റംബറില്‍ സ്‌ക്കൂള്‍ തുറന്നു. ബിന്ദുവിനെ സ്‌ക്കൂളില്‍ ചേര്‍ത്തു. ബീന പഠിക്കുന്ന അതേ സ്‌ക്കൂളില്‍ രണ്ടുപേരും ഒരേ സ്റ്റാന്റേര്‍ഡില്‍. പക്ഷേ, രണ്ടു ക്ലാസുകളില്‍. മാത്തമാറ്റിക്‌സിനും സോഷ്യല്‍ സ്റ്റഡീസിനും മാത്രം ഒരേ ക്ലാസില്‍ വരും. മറ്റെല്ലാ വിഷയങ്ങള്‍ക്കും വേറെ വെറെ. അമേരിക്കയില്‍ സ്റ്റാന്റേര്‍ഡ് എന്നല്ല 'ഗ്രേഡ്' എന്നാണ് പറയുക.

ഒരു ദിവസം ജോലികഴിഞ്ഞ് മേരിക്കുട്ടി ഒരു വാര്‍ത്തയുമായിട്ടാണ് വന്നത്.

'സൂസിക്കൊരു ജോലി ശരിയാവുന്ന ലക്ഷണമുണ്ട്.'

'എവിടാ അമ്മാമ്മേ.?'

'എനിക്ക് അന്നാ ഫിലിപ്പ് എന്നൊരു കൂട്ടുകാരിയുണ്ട്. ഒരു ലാബില്‍ സൂപ്പര്‍വൈസറാണ് അവര്‍. അവര്‍ക്കൊരു അസിസ്റ്റന്റിനെ ആവശ്യമുണ്ടെന്നു പറഞ്ഞു.'

'പക്ഷെ അതിനു ഞാന്‍…'

'സൂസിക്ക്  ബിഎസ്സി ഡിഗ്രിയുണ്ടല്ലോ. ജോലിയൊക്കെ അന്ന പഠിപ്പിച്ചു തരും. ആദ്യം വലിയ ശമ്പളമൊന്നും കിട്ടിയെന്നു വരില്ല.'

'അതു സാരമില്ല അമ്മാമ്മേ.'

'ജോലി ചെയ്തുകൊണ്ടുതന്നെ കുറച്ച് കേളേജ് ലവല്‍ സയന്‍സ് കോഴ്‌സുകള്‍ എടുക്കേണ്ടി വരും. താല്പര്യമുണ്ടെങ്കില്‍ ഞാന്‍ അന്നയോടു പറയാം.'

'വെറുതെയിരുന്നു ഞാന്‍ മടുത്തു. എന്തെങ്കിലും ജോലി കിട്ടിയാല്‍ വലിയ ഉപകാരമായിരുന്നു!'
എന്നാല്‍ ഞാന്‍ അന്നയോടു പറയാം.

പിറ്റേന്ന് അന്ന സൂസിയെ ഫോണില്‍ വിളിച്ച് കുറെനേരം സംസാരിച്ചു.

'തിങ്കളാഴ്ച രാവിലെ സൂസി ലാബിലേക്കു വരൂ.' സന്തോഷത്തോടും അതേ സമയം ആശങ്കയോടും കൂടിയാണ് സൂസി ഫോണ്‍ താഴെ വെച്ചത്.

തിങ്കളാഴ്ച താന്‍ ജോലിയില്‍ പ്രവേശിക്കുന്നു.

അപരിചിതമായ സ്ഥലം അറിഞ്ഞുകൂടാത്ത ജോലി. വിജയിക്കാന്‍ തന്നെക്കൊണ്ട് സാധിക്കുമോ?
സൂസി മനസ്സില്‍ ഒരുപാടു കണക്കുക്കൂട്ടലുകള്‍ നടത്തി.
Previous page Link:http://emalayalee.com/varthaFull.php?newsId=46845

സ്വപ്നാടനം(നോവല്‍ ഭാഗം-8)- നീന പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക