Image

കാത്തിരിപ്പ്‌ (കൃഷ്‌ണ)

Published on 31 March, 2013
കാത്തിരിപ്പ്‌ (കൃഷ്‌ണ)
(കണ്ണുനീര്‍പ്പൂവിന്‍റെ കവിളില്‍ തലോടി...എന്ന മട്ട്‌)

വൈശാഖസന്ധ്യതന്‍ മിഴികള്‍ നനഞ്ഞൂ
ചക്രവാകപ്പക്ഷി തേങ്ങിക്കരഞ്ഞൂ
ജപമാലയേന്തി കാതോര്‍ത്തിരുന്നൂ
വീണ്ടും നിശ്ശബ്ദയായ്‌ ക്ഷോണി...ഇരുട്ടില്‍
തുടിക്കുന്ന ദീപമായ്‌ തേങ്ങി (വൈശാഖ...)

ഒരു മണിപ്രാവിന്‍റെ ദുഃഖം
ചിറകറ്റയിണയെ തിരഞ്ഞൂ
ഒരു ചൂടുകാറ്റാഞ്ഞടിച്ചു...ഹൈമ
കിരണവും മന്ദം മറഞ്ഞൂ
വരവേല്‍ക്കുവാന്‍ ഇനിയാരിനി
തനിയേ നിലയ്‌ക്കുന്നു നാദം
തെളിയേണമേ ഇനിയോര്‍മ്മയില്‍
ഒരു മാരിവില്ലിന്‍റെ വര്‍ണ്ണം.....ഉറയുന്ന
കണ്ണീര്‍ക്കണത്തിന്‍റെ മുത്തം (വൈശാഖ...)

രാമായണപ്പക്ഷി വീണ്ടും...ക്രൂര
ബാണമേറ്റേങ്ങിപ്പിടഞ്ഞൂ
രാധേയകുണ്ഡലം തേടി....കര്‍മ്മ
സാക്ഷിയും വാനത്തലഞ്ഞൂ
വരുമോ ഇനി, ഹരിതാഭ,മാ
ചിതയില്‍ പതിച്ചോരു സ്വപ്‌നം
പരിതാപമായ്‌ എവിടോ മറ
ഞ്ഞൊരു കാട്ടുപൂവിന്‍ സുഗന്ധം....കൊച്ചു
കളിവീണതന്‍ ദേവഗാനം (വൈശാഖ...)

***************

കൃഷ്‌ണ
കാത്തിരിപ്പ്‌ (കൃഷ്‌ണ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക