Image

സ്വപ്നാടനം (നോവല്‍ ഭാഗം-9)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 11 April, 2013
സ്വപ്നാടനം (നോവല്‍ ഭാഗം-9)- നീന പനയ്ക്കല്‍
 ഒന്‍പത്
സെന്റ് മേരീസ് ഹോസ്പിറ്റലില്‍ ലാബ് സൂപ്പര്‍വൈസറായി അന്ന ഫിലിപ്പ് ജോലി നോക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. അതിനു മുമ്പ് ബാള്‍ട്ടിമൂറിലെ ജോണ്‍ ഹോപ്കിന്‍സില്‍ ചീഫ് ടെക്‌നീഷ്യനായിരുന്നു.

സൂപ്പര്‍വൈസറായി ജോലിയില്‍ പ്രവേശിച്ച ദിവസം ഇന്നും അന്ന ഓര്‍ക്കുന്നുണ്ട്. നാഥനില്ലാ ക്കളരിപോലൊരു ലാബറട്ടറി. വെളുത്തവരും കറുത്തവരുമായി ഏഴു ടെക്‌നീഷ്യന്മാര്‍, എല്ലാവരും കൂടി കുറെ ജോലി ചെയ്യും. ബാക്കി അവിടെ കെട്ടിക്കിടക്കും.

രാവിലെ എട്ടുമണിക്കു ഹാജരാകേണ്ട പലരും ഒമ്പതര കഴിഞ്ഞാണു ലാബിലെത്തുക. അറ്റന്റന്‍സ് മാര്‍ക്കിങ്ങോ ടൈംകാര്‍ഡ് പഞ്ച് ചെയ്യുന്ന പതിവോ ഇല്ല. ഇഷ്ടമുള്ളപ്പോള്‍ വരും. ഇഷ്ടമുള്ളപ്പോള്‍ പോകും. ഒരു സമയം രണ്ടുപേരില്‍ കൂടുതല്‍ ലാബില്‍ കാണില്ല. കോഫിഷോപ്പിലോ  ഗിഫ്റ്റ് സ്റ്റോറിലോ ജസ്റ്റ് ഫോര്‍ എ വാക്കിലോ ആയിരിക്കും ബാക്കിയുള്ളവര്‍.

ചെയ്യാതെ അവശേഷിക്കുന്ന ജോലികളും ടെക്‌നീഷ്യന്മാരുടെ ചെയ്തികളും അന്ന ശ്രദ്ധിച്ചു. ആശുപത്രിയിലെ നിയമാവലികളും ഭരണരീതികളും മനസ്സിരുത്തി വായിച്ചു. ലാബ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി.

'ആള്‍ വി വാണ്ട് യു ടു ഡു ഈസ് ടു ഓര്‍ഗനൈസ് ദിസ് ലാബ് അന്നാ. ഐ ഡോണ്‍ മൈന്‍ഡ് വാട്ട് മെഷര്‍ യു ടേക്ക്.'( ഈ ലാബ് എങ്ങനെയെങ്കിലും നേരെയാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിന് അന്ന എന്തു നടപടിയെടുക്കുന്നതിലും വിരോധമില്ല.) ഡയറക്ടര്‍ പറഞ്ഞു.

പിറ്റേദിവസം രാവിലെ പത്തുമണിക്ക് എല്ലാ ടെക്‌നീഷ്യന്മാരും സൂപ്പര്‍വൈസറുടെ മുറിയിലേക്കു ചെല്ലാന്‍ അന്ന ആവശ്യപ്പെട്ടു.

കോഫിയും ബേഗലും ക്രീംചീസും അടങ്ങിയ ഒരു ചെറിയ കാപ്പികുടിയായിരുന്നു ആദ്യം. ടെക്‌സീഷ്യന്മാര്‍ക്ക് വലിയ സന്തോഷമായി.

“നമുക്ക് ലാബ് ഒന്ന് ഓര്‍ഗനൈസ് ചെയ്യണം. ധാരാളം ജോലി പെന്‍ഡിംഗില്‍ കിടക്കുന്നു. അതൊക്കെ തീര്‍ത്തേ മതിയാവൂ. ഐ നീഡ് യുവര്‍ ഹെല്‍പ്. അന്ന പറഞ്ഞു.

“വാട്ട് ക്യാന്‍ വി ഡു അന്നാ? ഹോസ്പിറ്റല്‍ പുതിയ മാനേജ്‌മെന്റില്‍ ആയതോടെ ഓവര്‍ടൈം നിര്‍ത്തി. ഇതെല്ലാംകൂടി ഞങ്ങള്‍ എങ്ങനെ ചെയ്തുതീര്‍ക്കും?” ഒരാള്‍ ചോദിച്ചു.

“ഞാനും നിങ്ങളെ സഹായിക്കാം. ഇന്നു മുതല്‍ ഹോസ്പിറ്റല്‍ പോളിസി ഞാന്‍ പ്രാബല്യത്തില്‍ വരുത്താന്‍ പോകുന്നു.”

“എന്തു പോളിസി?” എല്ലാവരും കൂടി ചോദിച്ചു.

“എല്ലാവരും കൃത്യം എട്ടിന് ജോലിക്കു ഹാജരാകണം. ഞാന്‍ ഒരു അറ്റന്റന്‍സ് രജിസ്റ്റര്‍ തയ്യാറാക്കിയിട്ടുണ്ട്. എല്ലാവരും വരുന്ന സമയവും പോകുന്ന സമയവും എഴുതി ഇനിഷ്യല്‍ ചെയ്യണം. രാവിലെ പത്തു മിനിറ്റും ഉച്ചയ്ക്കു മുപ്പതു മിനിറ്റും ഉച്ചകഴിഞ്ഞു പതിനഞ്ചു മിനിറ്റും ബ്രേക്ക് ഇത്രയേ എടുക്കാവൂ.” അന്ന പറഞ്ഞു.

“അറ്റന്റന്‍സ് രജിസറ്റര്‍ വാട്ട് ആര്‍ യൂ ടാക്കിങ് എബൗട്ട്? ഞങ്ങള്‍ ഈ ലാബില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങീട്ട് വര്‍ഷങ്ങളായി.  ഞങ്ങളോട് ഇന്നേവരെ ആരും അറ്റന്റന്‍സ് മാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ല.” പോള്‍ എന്ന കറുത്ത വര്‍ഗക്കാരന്‍ എഴുന്നേറ്റു നിന്ന് ക്ഷോഭത്തോടെ പറഞ്ഞു.

“നിങ്ങള്‍ക്കു മുമ്പ് ഇവിടെയുണ്ടായിരുന്ന സൂപ്പര്‍വൈസര്‍മാര്‍ ഞങ്ങളെ വിശ്വസിച്ചു. പിന്നെ നിങ്ങള്‍ക്കെന്താ ഞങ്ങളെ വിശ്വസിച്ചാല്‍?” ഒരുത്തി ചോദിച്ചു.

ലാബില്‍ ഒരുപാട് ജോലി കുടിശികയുണ്ട്. അതു തീര്‍ക്കണം. അതിനു നിങ്ങള്‍ ലാബില്‍ ഉണ്ടായേ മതിയാവൂ. അന്ന പറഞ്ഞു.

“ആദ്യം നിങ്ങള്‍ പറഞ്ഞു ഹോസ്പിറ്റല്‍ പോളിസി നടപ്പിലാക്കാന്‍ പോവാണെന്ന്. വാട്ട് പോളിസി? ഞങ്ങള്‍ക്കതുകാണണം. അങ്ങനെ ഒരു പോളിസിയും നിലവിലില്ല.” മറ്റൊരാള്‍ ആവശ്യപ്പെട്ടു.

അന്ന ബുക്ക്‌ഷെല്‍ഫില്‍ നിന്ന് റൂള്‍സ് ആന്റ് റെഗുലേഷന്‍സും പോളിസി ആന്റ് പ്രൊസീഡ്യറും എടുത്ത് അയാളുടെ കൈയില്‍ കൊടുത്തു. ചുവന്ന മഷികൊണ്ട് അടിവരയിട്ടിരുന്ന ഭാഗങ്ങള്‍ ഉറക്കെ വായിക്കാന്‍ പറഞ്ഞു.

അയാള്‍ മുക്കിയും മൂളിയും അതു വായിച്ചു. അതുകേട്ടപ്പോള്‍ എല്ലാവരുടെയും മുഖത്തു ഗൗരവം നിറഞ്ഞു.
“ഓരോരുത്തര്‍ക്കും ഞാന്‍ ജോലി അസൈന്‍ ചെയ്യും. നാലു മണിക്കു വീട്ടില്‍ പോകുന്നതിനു മുമ്പ് അതു ചെയ്തു തീര്‍ത്തിരിക്കണം. ദിവസവും ഉള്ള ജോലി തീര്‍ക്കുന്നതോടൊപ്പം പെന്‍ഡിങ്ങിലുള്ള ജോലികളും കുറച്ചുകുറച്ചായി ചെയ്തു തീര്‍ക്കണം.”

“അന്നാ, ഇറ്റ് ഈസ് എ ലോട്ട് ഓഫ് വര്‍ക്ക്… വി കനാട്ട് ഡു ദം.(അന്നേ അത് ഒരുപാട് ജോലിയാണ്… ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റില്ല) അവര്‍ കലമ്പല്‍ കൂട്ടി.

“ഞാനും നിങ്ങളോടൊപ്പം ജോലി ചെയ്യും. നിങ്ങളെ സഹായിക്കും. പ്രോമിസ്.”

“ഇറ്റീസ് സോ അണ്‍ഫെയര്‍.” മീറ്റിങ് കഴിഞ്ഞു തിരിച്ചിറങ്ങിയ ടെക്‌നീഷ്യന്മാര്‍ പിറുപിറുത്തു.

പിറ്റേന്നു രാവിലെ എട്ടുമണിക്കു മൂന്നുപേര്‍ ജോലിക്കു ഹാജരായി. രജിസ്റ്ററില്‍ ടൈം എഴുതി ഇനിഷ്യല്‍ ചെയ്തു. അവര്‍ മൂന്നുപേര്‍ക്കും അന്ന് ജോലി അസൈന്‍ ചെയ്തു. മറ്റുള്ളവര്‍ എന്നും വരുന്ന സമയത്തു വന്നു. രജിസ്റ്ററില്‍ മനസ്സില്ലാമനസ്സോടെ ഒപ്പിട്ടു. സമയം എഴുതാന്‍ അന്ന അവരോട് ആവശ്യപ്പെട്ടു. അവര്‍ക്കും ജോലി കൊടുത്തു.

“ബ്രേക്ക് എത്ര മിനിറ്റാണെന്ന് അറിയാമല്ലോ?” പുറത്തിറങ്ങിയവരെ അന്ന ഓര്‍മ്മിപ്പിച്ചു.

അവളെ ടെക്‌നീഷ്യന്മാര്‍ക്കു വെറുപ്പായി. വന്നിരിക്കുന്നു ഒരുത്തി.. ഒരു ഫോറിനര്‍. ഒരു പുവര്‍ കണ്‍ട്രിയില്‍ നിന്ന് ഞങ്ങളെ സൂപ്പര്‍വൈസ് ചെയ്യാന്‍!

അന്ന ലാബില്‍ വന്നു ജോലി ചെയ്യുമ്പോള്‍ എല്ലാവരും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായി. അവരുടെ കുത്തുവാക്കുകളും കുറ്റാരോപണങ്ങളും അവള്‍ കേട്ടില്ലെന്നു നടിച്ചു. ആരോടും ദേഷ്യപ്പെട്ടില്ല. തെറ്റുകള്‍ തിരുത്തിക്കൊടുത്തതേയുള്ളൂ.

സമയത്തിന് ജോലിക്കു വരാത്തവരുടെ പേചെക്കില്‍ ഡോളര്‍ കുറവു വന്നതുകണ്ടപ്പോള്‍ ലാബിനകത്തു ബഹളമായി.

“ഹൂ ഡസ് ഷി തിങ്ക് ഷി ഈസ്? ദാറ്റ് സ്റ്റുപ്പിഡ് ഫോറിനര്‍.”(ആരാണെന്നാ അവളുടെ വിചാരം… മന്ദബുദ്ധിയായ പരദേശി.) അവര്‍ ആക്രോശിച്ചു.

മിക്കവര്‍ക്കും സഹിക്കാന്‍ കഴിയാത്തത് അതായിരുന്നു. ഒരു പുവര്‍ കണ്‍ട്രിയില്‍ നിന്ന് വന്നവള്‍ ഈ സമ്പന്നതയില്‍ ജനിച്ചുവളര്‍ന്ന ഞങ്ങളെ ഭരിക്കുന്നോ?

പുതിയ പരിഷ്‌കാരവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ രണ്ടുപേര്‍ ജോലിയുപേക്ഷിച്ചു പിരിഞ്ഞുപോയി. അത് ഗുണമാണ് ചെയ്തത്. സത്യത്തില്‍ ലാബില്‍ നാലുപേരുടെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.

ബാക്കി കിടന്ന ജോലികള്‍ മുഴുവന്‍ തീര്‍ന്നു. ലാബിലെ പ്രവര്‍ത്തനങ്ങള്‍ ക്രമമായും ചിട്ടയായും നടക്കാന്‍ തുടങ്ങി. ഉപകരണങ്ങള്‍ വൃത്തിയായി. അന്നയുള്‍പ്പെടെ ആറുപേര്‍ക്കു സുഖമായി നിന്നു ജോലി ചെയ്യാന്‍ ലാബില്‍ ഇടമുണ്ടായി.

അന്ന അവരുടെ മേലുള്ള നിയന്ത്രണം കുറച്ചു. ലഞ്ച്‌ബ്രേക്ക് ഒരു മണിക്കൂറാക്കി. ബ്രേക്ക്‌ടൈമില്‍ പത്തു മിനിറ്റ് കൂടുതല്‍ എടുത്താല്‍ കണ്ടില്ലെന്നു നടിച്ചു. ഡോക്ടര്‍മാര്‍ക്കു റിപ്പോര്‍ട്ടുകള്‍ തക്കസമയത്തു കിട്ടിത്തുടങ്ങി. അന്നയുടെ മേലുദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി. 'ഷി ഈസ് ഗുഡ്, ഷി ഈസ് കേപ്പബില്‍.” (അവള്‍ മിടുക്കിയാണ്, കഴിവുള്ളവളും.) അവര്‍ പറഞ്ഞു.

ഹോസ്പിറ്റലിനടുത്തുള്ള മറ്റു ഡോക്ടര്‍മാരില്‍ നിന്നും ചെറിയ ക്ലിനിക്കുകളില്‍ നിന്നും അന്നയുടെ ലാബിലേക്കു പരിശോധനയ്ക്കുവേണ്ടി സ്‌പെസിമനുകള്‍ ധാരാളമായി കിട്ടിത്തുടങ്ങി. ജോലി വര്‍ദ്ധിച്ചു. ആശുപത്രിക്കു വരുമാനവും. അന്നയുടെ ശ്രമംകൊണ്ടു ടെക്‌നീഷ്യന്മാര്‍ക്ക് ശമ്പളക്കൂടുതല്‍ ഉണ്ടായി. ഡോളര്‍ കൂടുതല്‍ കിട്ടിയതോടെ ജോലി ചെയ്യാന്‍ എല്ലാവര്‍ക്കും ഉത്സാഹവുമായി.
അന്നയുടെ ആ ലാബിലേക്കാണ് സൂസി ജോലി കിട്ടി വന്നത്.

സ്‌കോളര്‍ഷിപ്പ് കിട്ടി നാട്ടില്‍ നിന്ന് അമേരിക്കയില്‍ പഠിക്കാന്‍ വന്നതാണ് അന്ന. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായിരുന്ന കുടുംബത്തിലെ മൂത്ത പുത്രി. പഠിച്ചു ജോലിയായി താഴെയുള്ളവരെ കരകയറ്റിയശേഷമാണ് അവള്‍ വിവാഹം ചെയ്തത്.

ഫിലിപ്പ് മാത്യൂവാണ് അന്നയുടെ ഭര്‍ത്താവ്. സ്‌നേഹ സമ്പന്നനാണ്. പരോപകാരിയും മാന്യനുമാണ്. പതിനൊന്നു വയസുള്ള സീന എന്നൊരു മകളുണ്ട് അവള്‍ക്ക്.

രണ്ടുവര്‍ഷം മുമ്പ് അവര്‍ മെരിലാണ്ടിലേക്കു വന്നപ്പോള്‍ ജോസും മേരിക്കുട്ടിയും അവരെ ഒരുപാടു സഹായിച്ചിട്ടുണ്ട്. മേരിക്കുട്ടിയുടെ ഏററവുമടുത്ത കൂട്ടുകാരിയാണ് അന്ന. സൂസിക്ക് ഒരു ജോലി വേണമെന്നറിഞ്ഞപ്പോള്‍ അന്ന സഹായത്തിനെത്തുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ജോസാണ് സൂസിയെ അന്നയുടെ ലാബില്‍ കൊണ്ടുചെന്നു വിട്ടത്. അന്ന അവളെ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു.

ജോലിക്കുള്ള അപേക്ഷ പൂരിപ്പിക്കാന്‍ അന്ന അവളെ സഹായിച്ചു. എന്നിട്ടു ലാബ് മുഴുവന്‍ കൊണ്ടുനടന്നു കാണിച്ചു. ജോലിക്കാരെ പരിചയപ്പെടുത്തി. മെഡിക്കല്‍ ടെസ്റ്റ് നടത്തി. ലാബ് അസിസ്റ്റന്റായി അന്നു തന്നെ സൂസി ജോലിയില്‍ പ്രവേശിച്ചു.

അന്ന സൂപ്പര്‍വൈസര്‍ മാത്രമായിരുന്നില്ല. നല്ലൊരു അദ്ധ്യാപിക കൂടിയായിരുന്നു. ക്ഷമയോടെ എല്ലാ ജോലികളും അവള്‍ സൂസിയെ പഠിപ്പിച്ചു.

ഒരു നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് ലാബ് അസിസ്റ്റന്റിന്. എല്ലാറ്റിനും സൂസി ലിസ്റ്റുണ്ടാക്കി. അതുകൊണ്ട് ഒന്നും വിട്ടുപോയില്ല.

ലാബിനകത്ത് ഇംഗ്ലീഷില്‍ മാത്രമേ സംസാരിക്കാവൂ. മറ്റുള്ളവര്‍ക്ക് ഒരിക്കലും തെറ്റിദ്ധാരണയ്ക്ക് ഇടംകൊടുക്കാന്‍ പാടില്ല.

“ടാക് ഫ്രീലി. സൂസി, യു വില്‍ ഗെറ്റ് ഫ്‌ളുവന്‍സി. “(ധൈര്യമായിട്ട് സംസാരിക്ക് സൂസി. നിന്റെ ഇംഗ്ലീഷ് മെച്ചപ്പെടും.) ആദ്യമായി അവളോട് അടുപ്പം കാണിച്ച പെറ്റി എന്ന സ്ത്രീ പറഞ്ഞു.

പ്രത്യേകിച്ച് അനിഷ്ട സംഭവങ്ങളൊന്നും കൂടാതെ ദിവസങ്ങള്‍ കടന്നുപോയി. രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലുമണിവരെയാണ് ജോലി സമയം. വരുന്നതും പോകുന്നതും ജോസിനോടൊപ്പം.
ആദ്യത്തെ ശമ്പളം കിട്ടിയപ്പോള്‍ സൂസി ചെക്ക് കൊണ്ടുചെന്നു ജോസിനു കൊടുത്തു.

“താങ്ക് യൂ… നീ കാശൊന്നും തരണ്ട.”

അയാള്‍ ചെക്ക് മടക്കിക്കൊടുത്തു.

“ബീനമോള്‍ക്ക് ഞാനെന്താണ് വാങ്ങിക്കൊടുക്കേണ്ടത്?”

“ഒന്നും വാങ്ങിക്കണ്ട. പിന്നെ നിര്‍ബന്ധമാണെങ്കില്‍ പോക്കറ്റുമണിയായി കുറച്ചു ഡോളര്‍കൊടുത്തോ… അവള്‍ക്കിഷ്ടമുള്ളത് വാങ്ങിക്കോട്ടെ.” ജോസ് പറഞ്ഞു.

വേണ്ട. അവള്‍ക്കാവശ്യമുള്ളത് ഞങ്ങള്‍ കൊടുക്കുന്നുണ്ട്. സൂസിക്ക് ഒരു മോളില്ലേ. കിട്ടുന്ന ഡോളര്‍ അവള്‍ക്കുവേണ്ടി സൂക്ഷിച്ചുവയ്ക്ക്. ഞങ്ങളുടെ മോള്‍ക്ക് ഇവിടെ ഒന്നിനും മുട്ടില്ല. അപ്പോള്‍ അവിടേക്കു വന്ന മേരിക്കുട്ടി പറഞ്ഞു.

ബീനയുടെമേല്‍ നിനക്ക് ഒരവകാശവുമില്ലെന്ന് അമ്മാമ്മ ഓര്‍മ്മിപ്പിക്കുകയാണെന്നു സൂസിക്കു മനസ്സിലായി. അവള്‍ ഒന്നും പറഞ്ഞില്ല.

ഒരു ദിവസം കുറച്ച് ഉഴന്നു വെള്ളത്തിലിട്ടിരുന്നത് കഴുകിക്കൊണ്ടു നില്‍ക്കുകയായിരുന്നു സൂസി. പെട്ടെന്നു മുകളില്‍ ബീനയുടെ അലര്‍ച്ച കേട്ടു.

സൂസി മുകളിലേക്കു പാഞ്ഞുചെന്നു. ബീനയുടെ മുറിയുടെ വാതിലിനു പുറത്ത് ബിന്ദു വിളറി വെളുത്തുനില്‍ക്കുന്നു.

“എന്താ ബീനമോളേ… എന്താ കാര്യം?”

സൂസിയുടെ ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ ജോസും മേരിക്കുട്ടിയും ഓടിയെത്തുന്നതുവരെ ബീന അലറിക്കരഞ്ഞുകൊണ്ടിരുന്നു.

“ഓ മമ്മി, ദിസ് സ്റ്റുപ്പിഡ് ഡമ്മി ബ്രോക് മൈ ഗിററാര്‍,”( മമ്മീ ഈ നശിച്ചവള്‍ എന്റെ ഗിറ്റാര്‍ പൊട്ടിച്ചു.) നിലവിളിച്ചുകൊണ്ട് അവള്‍ മേരിക്കുട്ടിയെ കെട്ടിപ്പിടിച്ചു.

എല്ലാവരുടെയും കണ്ണുകള്‍ ബിന്ദുവിലേക്ക് ചെന്നു.

“ഞാനൊന്നും ചെയ്തില്ലമ്മേ. ഗിറ്റാറില്‍ ഒന്നു തൊട്ടതേയുള്ളൂ. അപ്പഴേക്കും ബീന അതുപിടിച്ചുവലിച്ചു. അങ്ങനെയാ കമ്പി പൊട്ടിയത്.” ഇടറുന്ന തൊണ്ടയോടെ അവള്‍ പറഞ്ഞു.

“ഷി ഈസ് ലൈയിങ്. ഷി ഡിഡ് ഇറ്റ് പര്‍പ്പസ് ലി. ഐ വാണ്ട് ഹെര്‍ ഔട്ട് ഓഫ് ഔവര്‍ ഹൗസ്.”(അവള്‍ കള്ളമാണ് പറയുന്നത്. അവളിത് മനപ്പൂര്‍വമാണ് ചെയ്തത്. ഈ വീട്ടില്‍ നിന്നവളെ പുറത്താക്കണം.) ബീന അലറി.

ബിന്ദുവിന്റെ കൈ ബലമായി പിടിച്ചു സൂസിയവളെ താഴേക്കു കൊണ്ടുപോയി. അപ്പോഴുണ്ട് സിങ്കു നിറഞ്ഞുകവിഞ്ഞൊഴുകിയ വെള്ളം അടുക്കളയില്‍ നിന്ന് ലിവിങ്ങ് റൂമിലെത്തിയിരിക്കുന്നു. കാര്‍പ്പറ്റ് നനയുന്നു. വിലപിടിപ്പുള്ള കാര്‍പ്പറ്റാണ്.

ബിന്ദു ഓടിച്ചെന്ന് ടാപ്പടച്ചു. തിരിഞ്ഞുനടപ്പോള്‍ മിനുത്ത തറയില്‍ കാലുതെന്നി നിലത്തേക്കു വീണു. സൂസി ഓടിച്ചെന്ന് അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. എന്നിട്ടു വേഗം മോപ്പ് എടുത്തു വെള്ളം ഒപ്പിയെടുക്കാന്‍ തുടങ്ങി.

ബീനയെ സമാധാനപ്പെടുത്തിയശേഷം താഴേക്കിറങ്ങിവന്ന മേരിക്കുട്ടി നിലവിളിച്ചു.
“എന്റെ ഈശോയേ… എന്റെ ലിവിങ് റൂം നശിച്ചു.”

ജോസ് ഓടിവന്നു.

“എന്തുപറ്റി?”

“എന്തു പറ്റിയെന്നോ.. പെങ്ങളും മോളും കൂടെ എന്റെ കാര്‍പ്പെറ്റ് നശിപ്പിച്ചതു കണ്ടില്ലേ?”
എന്തു ചെയ്യണമെന്നറിയാതെ അബദ്ധമായി സൂസി നിന്നു
.
“സാരമില്ല. ഞാന്‍ ക്ലീനേഴ്‌സിനെ വിളിക്കാം.” ജോസ് പറഞ്ഞു.

ടെലിഫോണ്‍ ഡയറക്ടറിയെടുത്ത് യെല്ലോ പേജസ് മിറച്ചു നോക്കി ക്ലീനേഴ്‌സിന്റെ നമ്പര്‍ കണ്ടുപിടിച്ചു.

“ദയവുചെയ്ത് ആരും നനഞ്ഞ കാര്‍പ്പറ്റില്‍ ചവട്ടിയേക്കരുത്.” മേരിക്കുട്ടി ഉച്ചത്തില്‍ ആജ്ഞ കൊടുക്കുന്നു.

ജോസ് അടുക്കളയിലേക്കു ചെന്നു. സൂസിയും ബിന്ദുവും നിലം തുടച്ചു വൃത്തിയാക്കുകയാണ്. ബിന്ദുവിന്റെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ അണപൊട്ടി ഒഴുകുന്നു.

ജോസിന്റെ ഹൃദയം അറിയാതെ തേങ്ങി. അത് കണ്ടുനില്‍ക്കാനാവാതെ അയാള്‍ വാതില്‍ തുറന്നു പുറത്തേക്കു പോയി.

മുമ്പും കാര്‍പ്പറ്റില്‍ അഴുക്കു  പുരണ്ടിട്ടുണ്ട്. അന്ന് മേരിക്കുട്ടിതന്നെ ക്ലീനേഴ്‌സിനെ വിളിച്ചിട്ടുമുണ്ട്. പക്ഷേ ഇപ്പോള്‍…

പിറ്റേദിവസം സൂസിയുടെ മ്ലാനമായ മുഖം കണ്ട് അന്ന കാരണം തിരക്കി. പക്ഷേ, അവള്‍ ഒന്നും വിട്ടുപറഞ്ഞില്ല.

അന്ന മേരിക്കുട്ടിയെ വിളിച്ചു ചോദിച്ചു.

“ഓ പിള്ളേരു തമ്മില്‍ എന്നും വഴക്കാ. സൂസി ഇവിടുന്നു മാറിത്താമസിക്കേണ്ട കാലം കഴിഞ്ഞു. എങ്ങനെയാ പറയുക?”

അന്നയ്ക്കു ചിലതൊക്കെ പിടികിട്ടി.

“ഞങ്ങളുടെ ഡ്യൂപ്ലക്‌സിന്റെ മുകള്‍ഭാഗത്തു താമസിക്കുന്നവര്‍ താമസിയാതെ മാറും. സൂസിക്ക് ഇഷ്ടമാണെങ്കില്‍ അവള്‍ക്കു വാടകയ്ക്കു കൊടുക്കാന്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ.” അന്ന പറഞ്ഞു.

 ആ അഭിപ്രായം മേരിക്കുട്ടിക്കു ബോധിച്ചു. അക്കാര്യം അവള്‍ നല്ല സമയം നോക്കി ജോസിന്റെ മുന്നില്‍ അവതരിപ്പിച്ചു.

“ഫിലിപ്പ് സാറിനെയും അന്നയെയും നമുക്ക് നന്നായിട്ടറിയാമല്ലോ. ദെ ആര്‍ നൈസ് ഡീസന്റ് പീപ്പിള്‍.” അവള്‍ പറഞ്ഞു.

അവര്‍ മാറിത്താസിക്കുന്നതില്‍ ജോസിനു വിഷമമുണ്ടായിരുന്നു. എങ്കിലും അയാള്‍ ഒന്നും പറഞ്ഞില്ല. എന്തായാലും മാറിത്താമസിക്കാതെ പറ്റില്ല. എന്നാലത് നേരത്തേ ആയിക്കോട്ടെ.

സൂസിയോടു പറഞ്ഞപ്പോള്‍ അവള്‍ വിസമ്മതം പ്രകടിപ്പിച്ചില്ല. തന്നെയുമല്ല അന്നയുടെ വീടിന്റെ ഒരു ഭാഗത്തേക്കാണ് പോകുന്നതെന്നറിഞ്ഞപ്പോള്‍ ആശ്വാസവും തോന്നി.
മേരിക്കുട്ടിക്കു മനഃസമാധാനം കിട്ടി.

അമേരിക്കയില്‍ വന്നശേഷം ബിന്ദുവിന്റെ ആദ്യത്തെ പിറന്നാള്‍. അന്നുതന്നെയാണല്ലോ ബീനയുടെയും പിറന്നാള്‍. രണ്ടും ഒന്നിച്ച് ആഘോഷിക്കാമെന്നു മേരിക്കുട്ടി തീരുമാനിച്ചു. അവള്‍ രണ്ടു കേക്കിന് ഓര്‍ഡര്‍ കൊടുത്തു.

എന്തു വേണം പിറന്നാള്‍ സമ്മാനമായി രണ്ടുപേരുടെയും കൂട്ടുകാര്‍ ചോദിച്ചു.

“എല്ലാ പിറന്നാളിനും തരുന്നതുപോലെ ഡോളര്‍ മതി.” ബീന പറഞ്ഞു.

അമേരിക്കയിലെ പിറന്നാളാഘോഷത്തെക്കുറിച്ചു ബിന്ദുവിന് കാര്യമായ അറിവില്ലായിരുന്നു. അതുകൊണ്ട് അവള്‍ ഒന്നും പറഞ്ഞില്ല.

ശനിയാഴ്ച പതിനൊന്നുമണിക്ക് രണ്ടുകേക്ക് എത്തി. ഓരോ വയസിന്റെ വ്യത്യാസം കേക്കുകളില്‍ രേഖപ്പെടുത്തിയിരുന്നു.

“അയ്യോ ബേക്കറിക്കാര്‍ക്കു തെറ്റി.” അതുകണ്ടുസൂസി പറഞ്ഞു.

ബിന്ദുവും ബീനയും ഒരേ വര്‍ഷം ഒരേ ദിവസമാണ് ജനിച്ചതെന്ന് അറിയുമ്പോള്‍ ബാക്കിയുള്ളവര്‍ക്കെന്തു തോന്നും? അതുകൊണ്ട് വയസില്‍ ഞാനൊരുചെറിയ മാറ്റം വരുത്തിയതാ. ബേക്കറിക്കാര്‍ക്ക് തെറ്റിയതല്ല. മേരിക്കുട്ടി വിശദീകരിച്ചു. സൂസിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.

വീടിന്റെ ബെയ്‌സ്‌മെന്റ് പാര്‍ട്ടിക്കുവന്ന കുട്ടികള്‍ക്കുവേണ്ടി വിട്ടുകൊടുത്തു. പാര്‍ട്ടി കഴിഞ്ഞപ്പോള്‍ അഞ്ചു മണിയായി. കുട്ടികളെ മാതാപിതാക്കള്‍ വന്ന് വിളിച്ചുകൊണ്ടുപോയി.

സൂസി അപ്പോള്‍ ബെയ്‌സ്‌മെന്റിലേക്കു ചെന്നു. സമ്മാനപ്പൊതികള്‍ തുറന്നു നിരത്തിയിരിക്കുന്നു. എല്ലാം ബിന്ദുവിന് കിട്ടിതയാണ്. ജീവിതത്തിലാദ്യമായിട്ടാണ് അവള്‍ക്ക് ഇത്രയേറെ സമ്മാനങ്ങള്‍ കിട്ടുന്നത്. സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല അവള്‍ക്ക്.

“ബിന്ദു കം യുവര്‍ റൂം. വി ഹാവ് എ പ്രസന്റ് ഫോര്‍ യൂ.” (ബിന്ദു നിന്റെ മുറിയിലേക്ക് വാ. ഞങ്ങളുടെ വക ഒരു സമ്മാനമുണ്ട്)
ഇനിയും സമ്മാനമോ? ബിന്ദു അവളുടെ മുറിയിലേക്ക് ഓടിച്ചെന്നു.

ചുവന്ന ബോ ഒട്ടിച്ച മനോഹരമായ ഒരു ബൈ സൈക്കിള്‍  അവിടെ വച്ചിരുന്നു. സന്തോഷംകൊണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞു.

താങ്ക്യൂ അങ്കിള്‍. താങ്ക് യൂ ആന്റീ അവള്‍ പറഞ്ഞു.
ഡാഡീ എനിക്ക് ഇരുന്നൂറ്റി എണ്‍പത് ഡോളര്‍ കിട്ടി. ബീന വന്നു പറഞ്ഞു.
നേരത്തേ പറഞ്ഞതുകാരണം സമ്മാനപ്പാക്കറ്റുകള്‍ക്കു പകരം ഡോളറാണ് അവളുടെ കൂട്ടുകാര്‍ കൊടുത്തത്.

“ഡാഡീ നാളെയെനിക്ക് മാളിലേക്ക് പോണം. ചില സാധനങ്ങള്‍ വാങ്ങിക്കാനാണ്.” ബീന പറഞ്ഞു.
“തനിച്ചോ?” സൂസി ചോദിച്ചു.

“എന്നെ അവിടെക്കൊണ്ടു വിട്ടാല്‍ മതി. ഷോപ്പിങ് ഞാന്‍ തനിച്ചു നടത്തിക്കോളാം.” അവള്‍ പറഞ്ഞു.

“മോള്‍ക്കാവശ്യമുള്ളത് ഡാഡി വാങ്ങിത്തരില്ലേ.  ഇത്രയും ഡോളറും കൊണ്ട് നിന്നെപ്പോളൊരു പത്തുവയസുകാരി ഷോപ്പിങ്ങിന് തനിച്ചു പോകുന്നത് ശരിയല്ല മോളേ.” സൂസി പറഞ്ഞു. അത് ബീനയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. “എന്റെ കാര്യങ്ങളില്‍ സൂസിയാന്റീ ഇടപെടരുത്. ഞാന്‍  നിങ്ങളുടെ അഭിപ്രായം ചോദിച്ചില്ല. എന്റെ കാര്യം നോക്കാന്‍ നിങ്ങളെന്റെ അമ്മയുമല്ല.”

ഇരച്ചുകയറി വന്ന കോപം അടക്കി സൂസി ജോസിനെ നോക്കി.

“ചാരുവിള ബര്‍ണാര്‍ഡ്‌സാറിന്റെ മോന്‍ നന്നായിട്ട് മോളെ വളര്‍ത്തിയിരിക്കുന്നു.” അവള്‍ പരിഹാസത്തോടെ പറഞ്ഞു.

“വളര്‍ത്തിയതില്‍ എന്തു കുഴപ്പമാ സംഭവിച്ചത്?” മേരിക്കുട്ടി ഏറ്റുപിടിച്ചു.

“കുഞ്ഞിന്റെ സ്വഭാവം വഷളാകുമ്പോള്‍ പെറ്റ വയറിനേ ദണ്ണമുണ്ടാകൂ.”

മേരിക്കുട്ടിയുടെ മുഖം വിളറി.

ബീന ജോസിനെയും മേരിക്കുട്ടിയെയും പകച്ചു നോക്കി.
Previous Page Link:http://emalayalee.com/varthaFull.php?newsId=47262

സ്വപ്നാടനം (നോവല്‍ ഭാഗം-9)- നീന പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക