Image

സ്വപ്നാടനം(നോവല്‍ ഭാഗം-10)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 16 April, 2013
സ്വപ്നാടനം(നോവല്‍ ഭാഗം-10)- നീന പനയ്ക്കല്‍
പത്ത്
പിറന്നാളാഘോഷത്തിന്റെ സന്തോഷം മുഴുവന്‍ ഒരു നിമിഷംകൊണ്ട് ചോര്‍ന്നുപോയി.

പറയേണ്ട കാര്യങ്ങള്‍ പറഞ്ഞേ തീരൂ, സൂസിക്ക്.

'ഈ വീട്ടില്‍ താമസിക്കാന്‍ കൊള്ളില്ല ജോസച്ചാച്ചാ. ബീനയുടെ സ്വഭാവം കണ്ടുവളരാന്‍ ഞാന്‍ ബിന്ദുവിനെ അനുവദിക്കില്ല.'

സൂസി മുറിയില്‍നിന്നും ഇറങ്ങിപ്പോയി.

ഡാഡിയോടും മമ്മിയോടും സൂസിയാന്റി ക്ഷോഭിച്ചു സംസാരിക്കുന്നതു കേട്ട് സ്തംഭിച്ചു നില്‍ക്കുകയായിരുന്നു ബീന.

സൂസിയാന്റി എന്താണു മമ്മി പറഞ്ഞത്? അവള്‍ ചോദിച്ചു. എനിക്കൊന്നും മനസ്സിലായില്ല.
മനസ്സിലായില്ലല്ലോ…ഭാഗ്യം. മേരിക്കുട്ടി ദീര്‍ഘമായി നിശ്വസിച്ചു.

'അവര്‍ ഈ വീട്ടില്‍നിന്നും മാറിത്താസിക്കാന്‍ പോകയാണെന്നാ പറഞ്ഞത്.'

ബീനയുടെ മുഖം പ്രസന്നമായി. 'വളരെ വളരെ നല്ലകാര്യം. അസ് എ മാറ്റര്‍ ഓഫ് ഫാക്ട് ദിസീസ് ദ ബെസ്റ്റ് ബര്‍ത്ത്‌ഡേ പ്രസന്റ് ഐ എവര്‍ ഗോട്ട്.'( സത്യത്തില്‍ എനിക്കു കിട്ടിയ ഏറ്റവും നല്ല ബെര്‍ത്ത്‌ഡേ പ്രസന്റാണത്.)

എനിക്ക് ഇന്നുതന്നെ അവിടെ നിന്നും മാറിയാല്‍ കൊള്ളാമെന്നുണ്ട് അന്നാ. വാടകക്കാര്‍ ഒഴിയാന്‍ താമസമുണ്ടെങ്കില്‍, ഒരു അപ്പാര്‍ട്ട്‌മെന്റ് കണ്ടുപിടിക്കാന്‍ എന്നെ സഹായിക്കൂ ദയവായി.
ലാബില്‍ ചെന്നയുടനെ സൂസി അന്നയെ കണ്ടുസംസാരിച്ചു.

'സൂസി, ഞാന്‍ ധൃതിവെക്കാതിരുന്നത് മനഃപൂര്‍വ്വമാണ്. വാടകക്കാര്‍ കഴിഞ്ഞ ഞായറാഴ്ച മാറിപ്പോയി. വേണമെങ്കില്‍ ഇന്നുതന്നെ സൂസിക്കും മോള്‍ക്കും വരാം. വീടു മുഴുവന്‍ വൃത്തിയാക്കിയിട്ടിരിക്കയാണ്. ഫര്‍ണീച്ചര്‍ സൂസി വാങ്ങണം.'

അന്നുതന്നെ അവള്‍ അന്നയോടൊപ്പം വീടു കാണാന്‍ ചെന്നു. രണ്ടു കിടപ്പുമുറികള്‍, ഒരു ചെറിയ ലിവിംഗ് റൂ, ഡൈനിംഗ് റൂം, കിച്ചന്‍, ബാത്ത്. ഇത്രയുമുണ്ട്  മുകളിലത്തെ നിലയില്‍. രണ്ടുപേര്‍ക്ക് അതു ധാരാളം മതി.

'ഞങ്ങള്‍ മോമട്ട്‌ഗേജ് അടയ്ക്കുന്ന തുക സൂസി വാടകായി തന്നാല്‍ മതി.'

ജോസും മേരിക്കുട്ടിയും കൂടിയാണ് സൂസിയുടെ വീട്ടിലേക്കു വേണ്ടുന്ന ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങിയത്. എല്ലാം ഒന്നാന്തരം ക്വാളിറ്റിയിലുള്ളത്.

ആ ശനിയാഴ്ച അവര്‍ വീടുമാറി. പകല്‍ മുഴുവനും ജോസും മേരിക്കുട്ടിയും സൂസിയോടൊപ്പമുണ്ടായിരുന്നു. ഫര്‍ണിച്ചറുകളും വീട്ടുസാമാനങ്ങളുമെല്ലാം അതത് സ്ഥാനത്തുവെച്ചു കഴിഞ്ഞിട്ടേ അവര്‍ പോകാന്‍ തുനിഞ്ഞുള്ളൂ.

സൂസി മേരിക്കുട്ടിയെ ആശ്ലേഷിച്ചു. ചെവിയില്‍ പറഞ്ഞു 'അമ്മാമ്മേ ബീനയെ ഞാന്‍ എന്നിലേക്ക് ആകര്‍ഷിക്കുമെന്ന ഭയം വേണ്ട. അവളെ ഞാന്‍ നിങ്ങള്‍ക്കുതന്നതാണ്. പക്ഷെ അവളുടെ സ്വാഭാവരൂപീകരണത്തില്‍ നിങ്ങള്‍ ണ്ടുപേരും ശ്രദ്ധവെച്ചേ മതിയാവൂ. പ്ലീസ്.'

മേരിക്കുട്ടി ഒന്നും മിണ്ടിയില്ല.

'ഇച്ചായനോടും എനിക്കൊരു കാര്യം പറയണം. ബീനയെ കുറച്ചുകൂടി നിയന്ത്രിക്കണം. അവളെ തന്നിഷ്ടത്തിനു വിടരുത്. ഇത് നമ്മുടെ നാടല്ല.'

കുഞ്ഞുങ്ങളെ അവരാഗ്രഹിക്കുന്ന രീതിയില്‍ സ്വതന്ത്രരായി വളരാന്‍ അനുവദിക്കണമെന്നാണ് അറിവുള്ളവര്‍ പറയുന്നത്. ശാന്തനായി ജോസ് പറഞ്ഞു. തടസ്സങ്ങളെ എതിരിട്ടു മുന്നേറുവാനുള്ള ആത്മവിശ്വാസം അടിച്ചമര്‍ത്തിയിട്ടിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കുണ്ടാവില്ല. ബീന ഒരു ശരാശരി കുട്ടിയായിരുന്നാല്‍ പോരാ. അവള്‍ ഉയരണം. ഇപ്പോളവള്‍ ക്ലാസില്‍ ഫസ്റ്റാണ്. മന്റലി ഗിഫ്ടഡ് ആണ്. 'സ്‌പെല്ലിംഗ് ബീ'യില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അവാര്‍ഡ് വാങ്ങണം എന്ന വാശിയിലാണവള്‍.

അതൊക്കെ നല്ലതുതന്നെ. ഈ നാട്ടിലെ സോഷ്യല്‍ സെറ്റപ്പില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഒരുപാട് സ്വാതന്ത്യം കൊടുക്കുന്നത് നല്ലതല്ലെന്ന് എന്നാണിവര്‍ മനസ്സിലാക്കുന്നത്? പൊള്ളിക്കഴിഞ്ഞിട്ടോ? എന്നും പത്രങ്ങളില്‍ പലതും വായിക്കുന്നില്ലേ? ന്യൂസ് കാണുന്നില്ലേ? സൂസി വേവലാതിപ്പെട്ടു.

'സൂസി പേടിക്കണ്ട. ബീന ബുദ്ധിശാലിയും സമര്‍ത്ഥയും കരുത്തുള്ളവളുമാണ്.'
ആത്മവിശ്വാസത്തോടെ മേരിക്കുട്ടി പറഞ്ഞു.

പുതിയ വീട്ടിലെ താമസം ബിന്ദുവിന് വളരെ ഇഷ്ടമായി. അന്ന ആന്റയും ഫിലിപ്പ് അങ്കിളും സീനായും വളരെ സ്‌നേഹമായിട്ടാണ് അവളോടു പെരുമാറുന്നത്.

ബീനയുടെ അവഗണനയും അരോചകമായ പെരുമാറ്റവും കൊണ്ട് മനസ്സുമടുത്ത ബിന്ദുവിന് സീനയെ കൂട്ടുകാരിയായി കിട്ടിയത് അനുഗ്രഹമായി.

ബിന്ദു സ്‌ക്കൂള്‍ കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ താഴത്തെ നിലയില്‍ സീനയുണ്ടാവും. സൂസി വരുന്നതുവരെ അവളവിടെയിരിക്കും.

പ്രാര്‍ത്ഥനയും അത്താഴവും കഴിഞ്ഞ് സീന ബുക്ക് ബാഗുമായി മുകളിലെത്തും. രണ്ടുപേരും ഹോംവര്‍ക്കു ചെയ്യുന്നത് ബിന്ദുവിന്റെ മുറിയിലിരുന്നാണ്. ഉറങ്ങാന്‍ നേരം സീന താഴേക്കു പോവും. അതായി എന്നത്തേയും പതിവ്.

ഒക്‌ടോബര്‍ മാസമായി. മരങ്ങളുടെയെല്ലാം ഇലകള്‍ നിറം മാറുന്നത് അത്ഭുതത്തോടെയാണ് സൂസിയും ബിന്ദുവും കണ്ടത്. പച്ചനിറം വേറെ ഏതൊക്കെ നിറങ്ങള്‍ക്കു വഴിമാറിക്കൊടുക്കുന്നു!!
ഓക്കുമരത്തിന്റെ ഇലകള്‍ കണ്ടാല്‍ നാട്ടില്‍ കൊന്നപൂത്തിറങ്ങിയതുപോലെ. റോഡരികിലെ വൃക്ഷങ്ങളുടെ പച്ചിലച്ചാര്‍ത്ത് ബ്രൗണും ചെമപ്പും മഞ്ഞയുമായി. എന്തു ഭംഗി! പ്രകൃതി അത്ഭുതങ്ങള്‍ കാണിക്കുന്നു.

നവംബര്‍ മാസമായപ്പോഴേക്കും നല്ല തണുപ്പായി. മരങ്ങള്‍ ഇലപൊഴിക്കാന്‍ തുടങ്ങി.

'ലാബില്‍ സാരിയുടുത്തു വരുന്നതില്‍ എനിക്കു വിരോധമില്ല.' അന്ന സൂസിയോടു പറഞ്ഞു. 'വെള്ളപ്പാന്റും വെള്ളഷര്‍ട്ടും ഷൂസും സൗകര്യമല്ലേ പ്രത്യേകിച്ചും ഈ തണപ്പുകാലത്ത്? മാത്രമല്ല, യൂണിഫോറം അലവന്‍സുണ്ട്. എന്തുകൊണ്ട് അത് ഉപയോഗിച്ചുകൂടാ?'

പെഗ്ഗിയും സൂസിയും കൂടി ലഞ്ചുടൈമില്‍ സ്റ്റോറില്‍ പോയി പാന്റും ഷര്‍ട്ടും ഷൂസും ലാബ്‌കോട്ടും വാങ്ങി. രസീത് അന്നയെ ഏല്പിച്ചു.

അന്നുരാത്രി പാന്റും ഷര്‍ട്ടും ധരിച്ച് സൂസി ബിന്ദുവിന്റേയും സീനയുടേയും മുന്നില്‍ വന്നുനിന്നു.

എത്ര ശ്രമിച്ചിട്ടും ബിന്ദുവിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. 'ആന്റിയെ കണ്ടിട്ട് വളരെ ചെറുപ്പമായതുപോലെ.' ചിരിച്ചുകൊണ്ട് സീന സൂസിയോടു പറഞ്ഞു.

ചിരി എളുപ്പം നിര്‍ത്തിയിട്ട് ബിന്ദു അമ്മയെ അഭിനന്ദിച്ചു. നന്നായിരിക്കുന്നമ്മേ. അമ്മ പാന്റിടുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ല. അവളുടെ വലിയ കണ്ണുകള്‍ തിളങ്ങി. മനുവിന്റെ കണ്ണുകള്‍.

ശനിയാഴ്ച ഉച്ചക്ക് ഊണു കഴിക്കാന്‍ ജോസും മേരിക്കുട്ടിയും ബീനയും വരുമെന്ന് നേരത്തേ പറഞ്ഞിരുന്നു. സൂസി രാവിലെ എഴുന്നേറ്റു കറികളൊക്കെ ഉണ്ടാക്കി. ചോറിന് അരി അടുപ്പത്തിട്ടു.

വീടു വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോള്‍ ജോസിന്റെ ഫോണ്‍ വന്നു. 'സൂസി, മേരിക്കുട്ടിക്ക് നല്ല സുഖമില്ല. നീ പരിഭവിക്കില്ലല്ലോ. പിന്നെ മാനം ഇരുണ്ടു കിടക്കുന്നതു കണ്ടില്ലേ. ഇന്നു മഞ്ഞു പെയ്യുമെന്ന് ന്യൂസില്‍ കേട്ടു.'

'അമ്മാമ്മ റെസ്റ്റെടുക്കട്ടെ ജോസച്ചാച്ചാ. നമുക്ക് അടുത്ത ശനിയാഴ്ച കൂടാം.'

ഊണു കഴിക്കാന്‍ സീനയും വന്നു. ഭക്ഷണം കഴിഞ്ഞ് സൂസി ഒന്നു മയങ്ങി.
അമ്മേ അമ്മേ ഓടിവാ…

ബിന്ദുവിന്റെ വിളിച്ചു കൂവല്‍ കേട്ട് സൂസി ചാടിപ്പിടഞ്ഞെടുന്നേറ്റ് ലിവിങ് റൂമിലേക്ക് ഓടിച്ചെന്നു. ജനാലയുടെ അടുത്താണ് ബിന്ദുനിന്നിരുന്നത്. അവളും ചെന്ന് പുറത്തേക്ക് നോക്കി.

ആകാശത്തുനിന്നും ലക്ഷക്കണക്കിനു വെളുത്ത പഞ്ഞിത്തുണ്ടുകള്‍ ഭൂമിയിലേക്കു വന്നു വീഴുന്നു. ആദ്യത്തെ മഞ്ഞ് വീഴ്ച! എന്തു ഭംഗിയാണു കാണാന്‍. നിലത്തു വീഴുന്ന പഞ്ഞിത്തുണ്ടുകള്‍ ഉരുകി അപ്രത്യക്ഷമാകുന്നു. ചിലത് ചെടിത്തലപ്പുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്നു.

ബിനു ജനാലയും സ്‌ക്രീനും ഉയര്‍ത്തി. പഞ്ഞിത്തുണ്ടുകള്‍ ലിവിംഗ് റൂമിലേക്ക് പറന്നുകയറി. സന്തോഷം കൊണ്ടു തുള്ളിച്ചാടി അവള്‍ ആ പഞ്ഞിത്തുണ്ടുകളെ പിടിച്ചു.

ബിന്ദൂ… സീന വാതിലില്‍ മുട്ടുന്ന ശബ്ദം..

കതകു തുറന്നു നോക്കിയപ്പോള്‍ പാന്റും ഷര്‍ട്ടും കോട്ടും ഷൂവും തൊപ്പിയും ഒക്കെ ധരിച്ചിട്ടുണ്ട് സീന.

'വാ നമുക്ക് സ്‌നോയില്‍ കളിക്കാം.'

അതേ വേഷം ധരിച്ച് ബിന്ദുവും സീനയോടൊപ്പം വീട്ടുമുറ്റത്തിറങ്ങി. ആര്‍ത്തുചിരിച്ചു ആകാശത്തുനിന്നു വീഴുന്ന മഞ്ഞുതുണ്ടുകളെ എത്തിപ്പിടിച്ചു.

കണ്ടപ്പോള്‍ സൂസിക്കും രസം തോന്നി. ഒരു പഴയ ഷൂസും ക്യാപ്പും കോട്ടും എടുത്ത് ധരിച്ച്, ജനാലയും വാതിലുമടച്ച് അവളും പുറത്തേക്കിറങ്ങിച്ചെന്നു. ആകാശത്തേക്കുനോക്കി മുഖത്തേക്കു വന്നു വീഴുന്ന പൂമഞ്ഞിനെ അവള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു.

നവംബര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച. താങ്ക്‌സ് ഗിവംഗ് ഡെ. അന്നു ഡിന്നര്‍ കഴിക്കാന്‍ ജോസ് സൂസിയേയും ബിന്ദുവിനെയും ക്ഷണിച്ചു. ഒപ്പം ഫിലിപ്പ് സാറിനേയും കുടുംബത്തെയും.

രണ്ടു ദിവസം മുന്‍പുതന്നെ അന്ന പംപ്കിന്‍ പൈയും ആപ്പിള്‍ പൈയും ബേക്കു ചെയ്തു. സൂസി ഒരു ഫ്രൂട്ട്‌കേക്ക് ഉണ്ടാക്കി. ഡിന്നറിനു പോകുമ്പോള്‍ ആരും വെറും കൈയുമായി പോകാറില്ല. ഫിലിപ്പ് സാറിന്റെ കാറില്‍ അവര്‍ ജോസിന്റെ വീട്ടിലേക്കു പോയി.

പൈയും കേക്കും ഡൈനിംഗ് ടേബിളില്‍ വെച്ചിട്ട് സൂസിയും അന്നയു അടുക്കളയിലേക്കു ചെന്നു.
'സഹായം വല്ലതും വേണോ മേരിക്കുട്ടീ…?'അന്ന ചോദിച്ചു.

'നോ. താങ്ക്യൂ. എല്ലാം റെഡിയാണ്. ഇനി ടര്‍ക്കി കാര്‍വ് ചെയ്യേണ്ട താമസമേയൂള്ളൂ.'

നാലഞ്ചു മണിക്കൂര്‍ നേരം ഒവനില്‍ ഇരുന്നു സാവധാനത്തില്‍ റോസ്റ്റു ചെയ്ത വലിയ ടര്‍ക്കി പരന്ന ട്രേയില്‍ വെച്ചിട്ട് ജോസ് അതിനകത്തെ സ്റ്റഫിംഗ് ഒരു പാത്രത്തിലേക്കു മാറ്റി. നീണ്ട കത്തികൊണ്ട് ടര്‍ക്കിയെ കനം കുറഞ്ഞ സ്ലൈസുകളാക്കി. വെളുത്ത മീറ്റും ചുവന്ന മീറ്റും വെവ്വേറെ പാത്രങ്ങളിലാക്കി.

ടര്‍ക്കിയോടൊപ്പം കഴിക്കാന്‍ സൂസിയും ബിന്ദുവും അന്നുവരെ കണ്ടിട്ടില്ലാത്ത വിഭവങ്ങളുണ്ടായിരുന്നു. സ്റ്റഫിംഗ്, ഗ്രേവി, ക്രാന്‍ബെറി സോസ്, കാന്‍ഡീസ് യാം, പാസ്ത സാലഡ് തുടങ്ങി പലതരം ഡിഷുകള്‍.

ബീന അന്ന് പതിവിനു വിപരീതമായി ബിന്ദുവിനോട് സിവിള്‍ ആയി പെരുമാറി. ബിന്ദുവിന് സന്തോഷമായി. ഡിന്നറിന് ബിന്ദുവിന്റേയും സീനയുടേയും ഇടയിലാണ് അവള്‍ ഇരുന്നത്.
ക്രിസ്മസ്സിന് ഇനി കഷ്ടിച്ച് ഒരു മാസം മാത്രം. റോഡുകളും സ്റ്റോറുകളും ഓഫീസുകളും പല നിറത്തിലുള്ള ദീപമാലകള്‍കൊണ്ട് അലങ്കരിക്കപ്പെട്ടു. വീടകളുടെ ജനാലകളില്‍ കത്തുന്ന മെഴുകുതിരികളും മിസ്സിസ് ആന്റ് മിസ്റ്റര്‍ സാന്റാക്ലോസിന്റെ ചലിക്കുന്ന പ്രതികളും പ്രത്യക്ഷപ്പെട്ടു. വീടുകളുടെ മുറ്റത്ത് ചാടുന്ന റെയിന്‍ഡിയറുകള്‍ ഓപ്പണ്‍സ്ലേഡ്രൈവ് ചെയ്യുന്ന സാന്റാകള്‍. അലങ്കരിച്ച ചെറിയ എവര്‍ഗ്രീനുകള്‍.

പെഗ്രിയോടൊപ്പം സൂസി ക്രിസ്മസ് ഷോപ്പിംഗിനു പോയി. ബിന്ദുവിനും സീനയ്ക്കും സമ്മാനങ്ങള്‍ വാങ്ങി. ബീനയ്ക്കുവേണ്ടി വല്ലതും വാങ്ങണോ? മേരിക്കുട്ടിമ്മാമ്മക്ക് ഇഷ്ടപ്പെടാതെ വരുമോ? ഏതായാലും വാങ്ങാതെ പറ്റില്ല. ക്രിസ്മസ്സല്ലേ.

ലാബില്‍ ഒപ്പം ജോലി ചെയ്യുന്നവര്‍ക്കെല്ലാം അവള്‍ സമ്മാനങ്ങള്‍ വാങ്ങി.

അന്നയ്ക്കും മേരിക്കുട്ടിമ്മാമ്മക്കും സമ്മാനമായി സിയേഴ്‌സില്‍ നിന്ന് നൂറു ഡോളറിന്റെ രണ്ടു ഗിഫ്ട് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി. അവര്‍ക്കിഷ്ടമുള്ളതുവാങ്ങിക്കോട്ടെ.

ഇത്തവണ ക്രിസ്മസ് ഞങ്ങളുടെ വീട്ടിലാക്കാം. ഫിലിപ്പ് സാര്‍ ജോസിനോടും സൂസിയോടും പറഞ്ഞു.
ജോസിന് വളരെ സന്തോഷം. ക്രിസ്മസ് ഈവ് മുതല്‍ തുടര്‍ച്ചയായി കൂട്ടുകാര്‍ പാര്‍ട്ടിക്കു ക്ഷണിച്ചിട്ടുണ്ട്. അതിനിടയില്‍ വീടലങ്കരിക്കാനും പാര്‍ട്ടി നടത്താനും സമയം  കിട്ടിയെന്നു വരില്ല.

ഫിലിപ്പ്‌സാര്‍ ഒരു ക്രിസ്മസ് ട്രീ വാങ്ങി ലിവിംഗ് റൂമില്‍ വെച്ചു. കുട്ടികളേയും കൊണ്ട് അദ്ദേഹം സ്റ്റോറില്‍ പോയി. ട്രീ അലങ്കരിക്കാന്‍ ഓര്‍ണമെന്റ്‌സും ഗാര്‍ലണ്ട്‌സും മിന്നിക്കത്തുന്ന കളര്‍ ബള്‍ബു മാലകളും പലനിറത്തിലുള്ള ഗ്ലാസ് ബാളുകളും വാങ്ങി. ട്രീ അലങ്കരിച്ച ശേഷമേ കുട്ടികള്‍ ഉറങ്ങിയൂള്ളൂ.

ക്രിസ്മസ് ട്രീയുടെ ചുവട്ടില്‍, മനോഹരമായ ക്രിസ്മസ് റാപ്പിംഗ് പേപ്പര്‍ കൊണ്ടു പൊതിഞ്ഞ സമ്മാനങ്ങള്‍ അന്ന ഭംഗിയായി നിരത്തിവെച്ചു. സൂസിയും സമ്മാനപ്പൊതികള്‍ അവിടെ കൊണ്ടുപോയി വെച്ചു.

ക്രിസ്മസ് ഈവ്.

പാര്‍ട്ടി കഴിഞ്ഞ് ജോസും മേരിക്കുട്ടിയും വീട്ടിലെത്തിയപ്പോള്‍ മണി പതിനൊന്നര. അയാള്‍ ഫോണെടുത്ത് സൂസിയെ വിളിച്ചു. ഒട്ടും ഉറക്കച്ചടവില്ലാത്ത അവളുടെ ശബ്ദം കേട്ട് ജോസ് ചോദിച്ചു. നീ ഉറങ്ങിയില്ലേ?'

'ഇല്ല. ബിന്ദുവും ഉറങ്ങിയില്ല.'

'നാളെ പള്ളി കഴിഞ്ഞ് അങ്ങോട്ടു വന്നാല്‍ മതിയല്ലോ. എന്തു കൊണ്ടുവരണം?'

'ഒന്നും വേണ്ട. ഇന്നലെയും ഇന്നും കൊണ്ട് ഞങ്ങള്‍ എല്ലാം കുക്കുചെയ്തു കഴിഞ്ഞു.'

'എന്നാല്‍ ഒരു കുപ്പി വൈന്‍ ഞാന്‍ കൊണ്ടുവരാം.'

'വൈനോ? എനിക്കു തോന്നുന്നില്ല ഫിലിപ്പ് സാറിനത് ഇഷ്ടപ്പെടുമെന്ന്.'
'മാസ് വൈനാ സൂസീ. ഒട്ടും ലഹരിയില്ലാത്തത്.'

'വേണ്ടച്ചാച്ചാ. നമുക്കതുവേണ്ട.'

വേണ്ടെങ്കില്‍ വേണ്ട. എന്നാല്‍ നാളെ കാണാം. ഗുഡ് നൈറ്റ്.
ഗുഡ്‌നൈറ്റ്.

പത്തുമണിക്ക് പള്ളിയില്‍ സര്‍വീസ് ആരംഭിച്ചു. പാട്ടു കുര്‍ബാനയായിരുന്നു. ധാരാളം കുട്ടികള്‍ പുത്തന്‍ കുര്‍ബാന സ്വീകരിച്ചു. സൂസിയുടെ കണ്ണുകള്‍ എല്ലായിടത്തും ബീനയെ തെരഞ്ഞു. ഒടുവില്‍ കണ്ടു; കൂട്ടുകാരുമായി പിറകിലിരിക്കുന്നു. സര്‍വ്വീസ് നടക്കുന്ന സമയത്തും കുട്ടികളുമായി ചിരിയും കളിയും വര്‍ത്തമാനവുമാണ്.

ജോസച്ചാച്ചന്‍ ഇതൊന്നും കാണാനും ശ്രദ്ധിക്കാനും മെനക്കെടാത്തതെന്താണ്? സൂസിക്ക് നീരസം തോന്നി. മകള്‍ ഉയര്‍ന്നുവരാന്‍ സ്വതന്ത്രമായി വിട്ടിരിക്കയല്ലേ. ഉയര്‍ന്നുയര്‍ന്നു വല്ല കാടിക്കുഴിയിലും ചെന്നു വീഴാതിരുന്നാല്‍ മതിയായിരുന്നു.

ഓര്‍ത്തപ്പോള്‍ അവളുടെ ഉള്ളം നടുങ്ങി. ദൈവമേ എന്റെ ബീനമോള്‍ ഒരു കാടിക്കുഴിയിലും പോയി വീഴരുതേ.

പള്ളി കഴിഞ്ഞയുടനെ സൂസിയും അന്നയും തിരക്കിട്ട് വീട്ടിലേക്ക് പോയി.

ആളുകള്‍ക്കെല്ലാം ക്രിസ്മസ് ആശംസകള്‍ കൈമാറി. എല്ലാവരും വീട്ടിലെത്തിയപ്പോള്‍ ചോറും കറികളും മേശപ്പുറത്തു റഡിയായിരുന്നു.

പ്രാര്‍ത്ഥിച്ച് ഊണു കഴിച്ചശേഷം സമ്മാനം കൈമാറ്റം. ഫിലിപ്പ് സാറിന്റെ നിര്‍ദ്ദേശം എല്ലാവര്‍ക്കും സമ്മതമായി.

ഭക്ഷണം കഴിഞ്ഞ് ബാക്കി വന്നത് അടച്ചുവെച്ചശേഷം സൂസിയും അന്നയും ലിവിംഗ് റൂമിലേക്കു വന്നു. കുട്ടികള്‍ ട്രീയുടെ അരികില്‍ ഇരിപ്പുറപ്പിച്ചിരുന്നു.

ബീനക്കു കൊടുക്കാന്‍ ഞാന്‍ ഒന്നും വാങ്ങിയില്ലല്ലോ. ബിന്ദുവിനു കുറ്റബോധം തോന്നി.
എല്ലാവരും സമ്മാനം കൈമാറി.

'ബിന്ദു, ഐ ഹാവ് എ പ്രസന്റ് ഫോര്‍ യൂ.' ബീന  സമ്മാനപ്പൊതി ബിന്ദുവിന്റെ കൈയില്‍ കൊടുത്തു. അവളുടെ മുഖം വിളറി.

'ബീനക്കു തരാന്‍ എന്റെ കൈയില്‍ ഒന്നുമില്ലല്ലോ.' അവള്‍ വിക്കിവിക്കിപ്പറഞ്ഞു.
സമ്മാനം കൈമാറി എല്ലാവരും പിരിഞ്ഞു.

ക്രിസ്മസിനോടു ചേര്‍ന്ന് രണ്ടുദിവസം  സൂസി അവധിയെടുത്തു. ബിന്ദുവിന് സ്‌ക്കൂള്‍ അടച്ചിരിക്കയാണ്.

പുറത്തു വലിയ തണുപ്പായിരുന്നു. ചൂളമടിച്ചു കൊണ്ട് കാറ്റ് നിലത്തു വീണു കിടന്ന പഴുത്തു കരിഞ്ഞ ഇലകളെ ചുഴറ്റിയടിച്ചുകൊണ്ടുപോയി. ഇലകള്‍ പൊഴിഞ്ഞ് അസ്ഥിപഞ്ജരങ്ങളായ വൃക്ഷങ്ങള്‍ അതുനോക്കി ദുഃഖിച്ചുനിന്നു.

ദിവസങ്ങള്‍ ആഴ്ചകളായി. മാസങ്ങളായി.

അന്നയുടെ ഉപദേശമനുസരിച്ച് സൂസി ഈവനിംഗ് ക്ലാസില്‍ ചേര്‍ന്നു. കുറെ സയന്‍സ് കോഴ്‌സുകള്‍ അവള്‍ എടുത്തു.

ചെറിയ വീട്ടുജോലികള്‍ ചെയ്തു ബിന്ദു അമ്മയെ സഹായിക്കും. ലാബിലെ ജോലിയും പഠിത്തവും കഴിഞ്ഞ് അമ്മ ക്ഷീണിച്ചാണ് വരുന്നതെന്ന് അവള്‍ക്കറിയാം. ഗ്രോസറി വാങ്ങാന്‍ എല്ലാ ശനിയാഴ്ചയും ഫിലിപ്പ് സാറിനോടൊപ്പമവള്‍ പോകും. സീനയും കാണും കൂടെ. അമ്മ കൊടുത്തയയ്ക്കുന്ന ലിസ്റ്റനുസരിച്ച് സാധനങ്ങള്‍ വാങ്ങാനും വിലകൊടുക്കാനും അവള്‍ പഠിച്ചു.

മേയ് ജൂണ്‍ മാസങ്ങള്‍ വന്നു. എവിടെ നോക്കിയാലും പൂക്കള്‍. അന്തരീക്ഷത്തില്‍ അവയുടെ സുഗന്ധം നിറഞ്ഞു.

വീടിനു പിന്നിലുള്ള യാര്‍ഡില്‍ സൂസി ഒരു ചെറിയ പച്ചക്കറിത്തോട്ടമുണ്ടാക്കി. ജൂലൈ ആയപ്പോഴേക്കും ടൊമാറ്റോയും ബീന്‍സും ചീരയും മുളകുമൊക്കെ ആര്‍ത്തു വളര്‍ന്നു.

ചുട്ടുപൊള്ളുന്ന സമ്മറും ഇലപൊഴിയും കാലവും വന്നു. പൂക്കളും സുഗന്ധവുമായി വസന്തം വരുന്നതിനു മുന്‍പ് സ്‌നോയും ഐസുമായി വിന്റര്‍ വന്നു… മൂന്നുതവണ കൂടി.
സൂസി പഠിച്ചു കഴിഞ്ഞു. ബോര്‍ഡ് എക്‌സാമിനേഷന്‍ എടുത്തു… സര്‍ട്ടിഫൈഡ് ആയി. ടെക്‌നീഷ്യനായി പ്രമോഷനും കിട്ടി.

ആ വര്‍ഷത്തെ സ്‌പെല്ലിംഗ് ബീയില്‍ ബിനക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ അവാര്‍ഡു കിട്ടി. അവള്‍ അതിനുവേണ്ടി കഠിനമായി ശ്രമിച്ചിരുന്നു.

അഭിമാനത്തോടെയാണ് ജോസും മേരിക്കുട്ടിയും ബീനയേയും കൊണ്ട് അവാര്‍ഡുവാങ്ങാന്‍ വാഷിംഗ്ടണില്‍ പോയത്. മുന്നിലിരുന്ന വലിയ കണ്ണാടി ജാറില്‍ നിന്നും ഒരു പിടി ജെല്ലിബീന്‍സ് വാരിയെടുത്ത് പ്രസിഡന്റ് ബീനക്കു നല്‍കുന്നതു തുടങ്ങി നൂറുകണക്കിന് ഫോട്ടോകള്‍ കൊണ്ട് ബീനയുടെ ആല്‍ബം നിറഞ്ഞു.

ആല്‍ബം സ്‌ക്കൂളില്‍ എല്ലാവരേയും കാണിച്ചു കഴിഞ്ഞ് ബീന അത് ബിന്ദുവിന് കൊടുത്തു.
ഇതു കൊണ്ടു പോയി നിന്റെ അമ്മയെ കാണിക്ക്. ഫോട്ടോകളൊന്നുപം കളയരുത്. ഓ.കെ.?
സൂസിയുടെ കണ്ണുകള്‍ ആനന്ദം കൊണ്ടുനിറഞ്ഞു. ദൈവമേ എന്റെ മോള്‍ക്ക് നന്മ മാത്രം വരണേ. അവള്‍ പ്രാര്‍ത്ഥിച്ചു.

ജോസങ്കിളിന്റെ കൈയില്‍ നിന്നും ഫോടോടോകളുടെ നെഗറ്റീവ് വാങ്ങണം അമ്മേ. നമുക്കും കോപ്പി വേണം. വല്യമ്മച്ചിക്കും വല്യപ്പച്ചനും അയച്ചു കൊടുക്കണം. ബിന്ദു അമ്മയോടു പറഞ്ഞു.

…….

ഒരു ടീ.വി. സ്‌ററാറിന്റെ മകള്‍ ബീനയുടെ ക്ലാസ്സില്‍ പുതുതായി വന്നു. ഷാനര്‍ ബേക്കര്‍ എന്നായിരുന്നു അവളുടെ പേര്.


സ്വപ്നാടനം(നോവല്‍ ഭാഗം-10)- നീന പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക