Image

മനുഷ്യന്റെ യാത്രകളും അതിന്റെ ഇതിഹാസങ്ങളും (ജോണ്‍ മാത്യു)

Published on 25 April, 2013
മനുഷ്യന്റെ യാത്രകളും അതിന്റെ ഇതിഹാസങ്ങളും (ജോണ്‍ മാത്യു)
അനൗപചാരികമായ പല ചര്‍ച്ചകളിലും മനുഷ്യന്റെ നിരന്തര സഞ്ചാരത്തിന്റെ കഥ വിഷയമാകാറുണ്ട്‌. എന്റെ ലേഖനങ്ങളില്‍ പലപ്പോഴും ഉപയോഗിക്കുന്ന പദപ്രയോഗമാണ്‌ `വെള്ളവും തീറ്റയും തേടി മനുഷ്യരും മൃഗങ്ങളും സഞ്ചരിച്ചുകൊണ്ടേയിരുന്നു' എന്നത്‌. ഒരു കാലത്ത്‌ തുറന്ന ഭൂമിയില്‍ അവന്‌ യഥേഷ്‌ടം സഞ്ചരിക്കാമായിരുന്നു. എന്നാല്‍ ചില സ്ഥലങ്ങള്‍ ഒരു `ഡെഡ്‌ എന്‍ഡ്‌' ആയിത്തീരുകയും ചെയ്‌തു. നമ്മുടെ കേരളം ഇങ്ങനെയൊരു അവസാനഭൂമിയാണെന്ന കാര്യം മുന്‍പും എത്രയോ ലേഖനങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ഇവിടെനിന്നും വീണ്ടുമൊന്ന്‌ യാത്ര തുടരാന്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായി വന്നു. ആധുനിക രീതികളെ ആശ്രയിക്കേണ്ടതായും വന്നു.

മനുഷ്യന്‍ എന്നും പറയുന്നതാണ്‌, പാടുന്നതാണ്‌ നഷ്‌ടസ്വര്‍ഗത്തിന്റെ ഓര്‍മ്മകള്‍. അത്‌ തലമുറകളില്‍ക്കൂടി കൈമാറുന്നു. തങ്ങള്‍ ചെയ്‌ത തെറ്റിന്‌ പ്രകൃതിയിലെ ഏതോ അദൃശ്യ ശക്തി നല്‍കുന്ന ശിക്ഷയായി ഇതിനെ കണക്കാക്കുന്നു. പണ്ടൊരിക്കല്‍ നമുക്ക്‌ ഒരു നല്ലകാലമുണ്ടായിരുന്നു. പ്രകൃതിയോടും സഹജീവികളോടും ദൈവത്തോടും ചെയ്‌ത തെറ്റുകള്‍ തിരുത്തുകയാണെങ്കില്‍ ആ സുവര്‍ണ്ണകാലം മടങ്ങിയെത്തും. ഏദന്‍തോട്ടവും മാവേലിനാടും എല്ലാം ഇങ്ങനെ നഷ്‌ടപ്പെട്ടുകഴിഞ്ഞു, എന്നാല്‍, ഇപ്പോള്‍ അതിന്റെ മടങ്ങിവരവും പ്രതീക്ഷിച്ച്‌ മനുഷ്യര്‍ കാത്തിരിക്കുന്നു.

ഏതാണ്ട്‌ ആറായിരം വര്‍ഷം മുന്‍പ്‌ അക്ഷരങ്ങളുടെ പ്രാഥമികരൂപം ഉപയോഗിക്കാന്‍ തുടങ്ങുന്നതിനുമുന്‍പ്‌ മനുഷ്യന്‍ എന്തു ചെയ്‌തിരുന്നു? ഭാഷ പഠിക്കുന്നതിനുമുന്‍പ്‌, എന്തായാലും, ആശയവിനിമയമുണ്ടായിരുന്നു. പതിനായിരക്കണക്കിന്‌ വര്‍ഷം മുന്‍പ്‌ ആഫ്രിക്കയുടെ തീരത്തുനിന്നും തടിചെങ്ങാടങ്ങളില്‍ സാഹസികമായി, കൂട്ടമായി, യാത്രതിരിച്ചവരില്‍ കുറേപ്പേരെങ്കിലും ഇന്ത്യയുടെ പശ്ചിമതീരത്ത്‌ എത്തിപ്പെട്ടിരിക്കാം. അതായത്‌ ഇന്ത്യ എന്ന ദേശത്തേക്കുവന്ന ആദ്യ കുടിയേറ്റക്കാര്‍ക്ക്‌ ഭാഷ ഇല്ലായിരുന്നുവത്രേ, പകരം വാക്കുകളില്‍ക്കൂടിയല്ലാത്ത സംഗീതാത്മകമായ ശബ്‌ദവും താളവുമായിരുന്നു അവരുടെ വിനിമയമാധ്യമം. ഇതു കേള്‍ക്കുമ്പോള്‍ ടെക്‌സ്റ്റുബുക്ക്‌ ചരിത്രകാരന്മാര്‍ നെറ്റി ചുളിച്ചേക്കാം. കാരണം പുസ്‌തകത്തില്‍ ഇതെഴുതിയിട്ടില്ലല്ലോ. ഇങ്ങനെയൊരു അപരിഷ്‌കൃത കുടിയേറ്റം അംഗീകരിക്കാന്‍ പാരമ്പര്യവാദികള്‍ തയ്യാറുമല്ല.

ഈജിപ്‌തിലും മറ്റ്‌ മദ്ധ്യധരണിക്കടല്‍ത്തീരങ്ങളിലും കുടിയേറിയ മറ്റൊരുകൂട്ടര്‍ സ്ഥിരമായി ഒരു സ്ഥലത്തുതന്നെ ഏറെക്കാലം കൃഷിചെയ്യാമെന്ന്‌ കണ്ടെത്തി. കൃഷിയിലുള്ള ഈ പരീക്ഷണം ചരിത്രത്തിലെ വലിയൊരു വിപ്ലവമായിരുന്നു. കാലക്രമേണ കൃഷിഭൂമി നശിച്ചു, അവിടം മരുഭൂമിയായി, മനുഷ്യന്‍ പുറത്താക്കപ്പെട്ടു. ഒരിക്കല്‍ സമൃദ്ധമായിരുന്ന തങ്ങളുടെ പാടങ്ങളുടെ ഓര്‍മ്മ ഏദന്‍തോട്ടമായി ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ടല്ലോ.

കൃഷിയിലെ വിജയപരാജയങ്ങളാണ്‌ മറ്റേതോ ഒരു ശക്തിയുടെ നിയന്ത്രണത്തില്‍ വിശ്വസിക്കേണ്ടതായി വന്നത്‌. ഇടിയും മിന്നലും പാമ്പും കാണപ്പെടുന്ന പ്രതീകങ്ങളായി. ഈ ജീവിതരീതിയുടെ ചരിത്രം മുഴുവനും മനുഷ്യന്‍ ദൈവത്തെ കണ്ടെത്തിയ കഥയും കാവ്യരൂപത്തില്‍, ഏതാനും വാക്കുകളില്‍ ബൈബിളിന്റെ തുടക്കത്തില്‍ത്തന്നെ പറഞ്ഞിരിക്കുന്നു.

ക്രിസ്‌തുവിനുമുന്‍പുള്ള രണ്ടായിരം വര്‍ഷം കാവ്യങ്ങളുടെ കാലമായിരുന്നു ഈ കാലത്താണ്‌ ജനപദങ്ങള്‍ രൂപപ്പെട്ടത്‌. ഭാഷകള്‍ക്ക്‌ തനത്‌ രൂപമുണ്ടായത്‌. മഹാകാവ്യങ്ങള്‍ എഴുതപ്പെട്ടതും. ഈജിപ്‌തും ഗ്രീസും മുതല്‍ ഇന്ത്യവരെയുള്ള ഒരു വലിയ സാംസ്‌ക്കാരിക സാമ്രാജ്യം എന്നുവേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. വളരെ ചുരുക്കമായി, ഒരു കാലക്രമപ്രകാരവുമല്ലാതെ, പറഞ്ഞാല്‍ ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ദര്‍ശനങ്ങളും ഭാരതീയ വേദങ്ങളും ഗ്രീക്ക്‌ പുരാണങ്ങളും രാമായണ മഹാഭാരത ഗ്രന്ഥങ്ങളും ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്‌.

ഇതിനിടെ എത്രയോ സാംസ്‌ക്കാരിക കേന്ദ്രങ്ങളുണ്ടായി, വിവിധ ഭാഷകള്‍ രൂപംകൊണ്ടു, കാലത്തിനും ദേശത്തിനുമനുസരിച്ച്‌ എന്തുമാത്രം നാടോടിക്കഥകളുണ്ടായി. ഈ നാടോടിക്കഥകളും അതിന്റെ ഉപകഥകളും വിശ്വാസത്തിന്റെ ഭാഗമായി, വിശ്വാസങ്ങള്‍ സംഘടിതമതമായി, ആചാരങ്ങളായി. ജനം തൊഴിലിന്റെയും അറിവിന്റെയും ധനത്തിന്റെയും ഒക്കെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടു, പുരോഹിതന്മാരായും യോദ്ധാക്കളായും എന്നിങ്ങനെ.

സങ്കീര്‍ത്തനങ്ങളും വേദങ്ങളും ഭഗവത്‌ഗീതയും സുവിശേഷങ്ങളും തുടര്‍ന്ന്‌ ഇക്കഴിഞ്ഞ നൂറ്റാണ്ടിലെ ഗീതാഞ്‌ജലിവരെയുള്ള കൃതികളിലെ ചിന്തകളെപ്പറ്റി, പൊതുദര്‍ശനങ്ങളെപ്പറ്റി സ്വതന്ത്രമായി ചര്‍ച്ച ചെയ്യാന്‍ ഇന്ന്‌ പേടിക്കണം. ഇവിടെ മറുചോദ്യമുന്നയിച്ച്‌ വാദിക്കുന്നത്‌ ആരാ മൂത്തത്‌ എന്നായിരിക്കും.

വേണ്ട, ചോദിക്കുന്നില്ല. പക്ഷേ, ഒരു കാലത്ത്‌ നമ്മുടെ ഭൂമിക്ക്‌ രാജ്യങ്ങളുടെ മതില്‍ക്കെട്ടുകളില്ലായിരുന്നു. അതുകൊണ്ട്‌ അതിരുകളും ഇല്ലായിരുന്നു. ഒരു രാജ്യത്തിന്റെയോ പ്രത്യേക ജനവിഭാഗത്തിന്റെയോ മതത്തിന്റെയോ തനത്‌ സ്വത്ത്‌ ആയി ഒരു ദര്‍ശനവും കണക്കാക്കപ്പെട്ടിരുന്നില്ല. മനുഷ്യന്‌ യഥേഷ്‌ടം തന്റെ മനസ്സുകൊണ്ടും ശരീരംകൊണ്ടും സഞ്ചരിക്കാമായിരുന്നുവെന്ന്‌ സാരം. പിന്നീടുള്ള ചരിത്രം വേലിക്കെട്ടുകളുടെ കഥയാണ്‌. അത്‌ നമ്മള്‍ പഠിക്കുന്നു, ആചരിക്കുന്നു.
മനുഷ്യന്റെ യാത്രകളും അതിന്റെ ഇതിഹാസങ്ങളും (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക