Image

പെരുമ്പടവം ശ്രീധരന്‍ ലാനാ കണ്‍വെന്‍ഷനിലെ മുഖ്യാതിഥി

ജോയിച്ചന്‍ പുതുക്കുളം Published on 30 April, 2013
പെരുമ്പടവം ശ്രീധരന്‍ ലാനാ കണ്‍വെന്‍ഷനിലെ മുഖ്യാതിഥി
ഷിക്കാഗോ: 2013 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ ഷിക്കാഗോയില്‍ വെച്ച്‌ നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) യുടെ ഒമ്പതാമത്‌ നാഷണല്‍ കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായി പ്രശസ്‌ത എഴുത്തുകാരനും കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷനുമായ പെരുമ്പടവം ശ്രീധരന്‍ പങ്കെടുക്കും.

ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിനടുത്തുള്ള ഷെറാട്ടണ്‍ ഹോട്ടലില്‍ (എസ്‌.കെ. പൊറ്റക്കാട്‌ നഗര്‍) വെച്ചാണ്‌ ലാനയുടെ ത്രിദിന ദേശീയ സമ്മേളനം നടക്കുന്നത്‌. അമേരിക്കയിലും കാനഡയിലുമുള്ള മലയാളി സാഹിത്യ പ്രവര്‍ത്തകരുടെ ഈ കൂട്ടായ്‌മയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന്‌ പെരുമ്പടവം അറിയിച്ചു.

മലയാള സാഹിത്യത്തിന്‌ പൊതുവെയും, നോവല്‍ സാഹിത്യശാഖയ്‌ക്ക്‌ വിശേഷിച്ചും കനപ്പെട്ട സംഭാവനകള്‍ നല്‌കിയ എഴുത്തുകാരനാണ്‌ പെരുമ്പടവം ശ്രീധരന്‍. ഹൃദ്യവും ലളിതവുമായ ശൈലിയില്‍ എഴുതപ്പെട്ട അദ്ദേഹത്തിന്റെ എല്ലാ നോവലുകളും ചെറുകഥകളും ജീവിതഗന്ധിയായി വായനക്കാര്‍ക്ക്‌ അനുഭവപ്പെടുന്നു. അഷ്‌ടപദി, അന്തിവെയിലിലെ പൊന്ന്‌, ഒറ്റച്ചിലമ്പ്‌, ഇലത്തുമ്പുകളിലെ മഴ എന്നിങ്ങനെ മലയാളത്തിന്റെ മണമുള്ള അനവധി കൃതികള്‍ രചിച്ച അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന `ഒരു സങ്കീര്‍ത്തനം പോലെ' എന്ന വയലാര്‍ അവാര്‍ഡ്‌ നേടിയ നോവല്‍ മലയാള പ്രസിദ്ധീകരണ രംഗത്തെ ഒരു അത്ഭുതമായിരുന്നു. വിശ്രുത റഷ്യന്‍ സാഹിത്യകാരനായ ദസ്‌തോവിസ്‌കിയുടെ ജീവിതത്തിലെ വൈരുദ്ധ്യങ്ങളും വിഹ്വലതകളും അദ്ദേഹത്തിന്റെ സെക്രട്ടറിയും പിന്നീട്‌ ഭാര്യയുമായ അന്നയുടെ കാഴ്‌ചപ്പാടുകളിലൂടെ വരച്ചുകാട്ടുന്ന അതീവ സുന്ദരമായ ഈ നോവലിന്റെ അമ്പത്തിമൂന്ന്‌ എഡിഷനുകള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പുറത്തിറങ്ങിക്കഴിഞ്ഞു.

രചനയിലെ ലാളിത്യം അനുദിന ജീവിതത്തിലും നിലനിര്‍ത്തുന്ന പെരുമ്പടവം എറണാകുളം ജില്ലയില്‍ ഇലഞ്ഞിക്കടുത്ത്‌ പെരുമ്പടവം സ്വദേശിയാണ്‌. ലാന ഷിക്കാഗോ കണ്‍വെന്‍ഷനില്‍ വിവിധ വിഷയങ്ങളെ അധികരിച്ച്‌ നടത്തുന്ന ചര്‍ച്ചകളില്‍ മലയാളികളുടെ പ്രിയപ്പെട്ട ഈ എഴുത്തുകാരന്റെ സാന്നിധ്യവും പ്രഭാഷണവും അമേരിക്കയിലെ ഭാഷാ സ്‌നേഹികള്‍ക്ക്‌ ഏറെ അഭിമാനാര്‍ഹമായിരിക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. ഷാജന്‍ ആനിത്തോട്ടം അറിയിച്ചതാണിത്‌.
പെരുമ്പടവം ശ്രീധരന്‍ ലാനാ കണ്‍വെന്‍ഷനിലെ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക