Image

കല്‍ക്കരിപ്പാടത്ത്‌ കരിപുരണ്ട കോണ്‍ഗ്രസ്‌ (ഷോളി കുമ്പിളുവേലി)

Published on 02 May, 2013
കല്‍ക്കരിപ്പാടത്ത്‌ കരിപുരണ്ട കോണ്‍ഗ്രസ്‌ (ഷോളി കുമ്പിളുവേലി)
പാവകളി നോര്‍ത്ത്‌ ഇന്ത്യയില്‍ പ്രചുരപ്രചാരം നേടിയ ഒരു കലാരൂപമാണ്‌. ഹിന്ദിയില്‍ `കട്‌പുത്തലി ഖേല്‍' എന്നുപറയും. പാവയെ കളിപ്പിക്കുന്ന ആളിനെ കാഴ്‌ചക്കാര്‍ക്കു കാണാന്‍ സാധിക്കില്ല. അവരുടെ വിരലുകളും പാവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. കര്‍ട്ടന്‌ പിന്നില്‍ നിന്ന്‌ അവര്‍ വിരലുകള്‍ ചലിപ്പിക്കുന്നതിനനുസരിച്ച്‌ പാവ ഓടുകയും ചാടുകയും ഒക്കെ ചെയ്യും. മന്‍മോഹന്‍ സിംഗിനെ മുന്നില്‍ നിര്‍ത്തി സോണിയാ ഗാന്ധി നടത്തുന്നതും ഒരു `കട്‌ -പുത്തേലി ഖേല്‍' തന്നെയാണ്‌.

മന്‍മോഹന്‍ സിംഗ്‌ സത്യസന്ധനായ ഒരു പ്രധാനമന്ത്രിയാണെന്ന്‌ ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നു. അതേസമയം, അദ്ദേഹം സ്വതന്ത്രനല്ലെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി ചരടുവലിക്കുന്നതനുസരിച്ച്‌ കളിക്കുന്ന വെറുമൊരു പാവ മാത്രമാണെന്നും പലരും വിശ്വസിക്കുന്നു.

ഈ യു.പി.എ സര്‍ക്കാരിന്റെ കാലത്തു നടന്നതും, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതുമായ തീവെട്ടി കൊള്ളകളുടെ വിഹിതം മന്‍മോഹന്‍ സിംഗിന്റെ അക്കൗണ്ടിലേക്ക്‌ പോയതായി ആരും കരുതുന്നില്ല. പക്ഷെ, സത്യസന്ധനായ പ്രധാമന്ത്രിയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ്‌ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികളെ പ്രതിരോധിക്കാന്‍ എന്നും മന്‍മോഹന്‍ സിംഗിന്റെ പ്രതിച്ഛായ മാത്രം മതിയാകുമോ? പ്രതിരോധ വകുപ്പില്‍ ടാങ്കറുകളും ഹെലികോപ്‌റ്ററുകളും വാങ്ങിയ ഇനത്തില്‍ തട്ടിയെടുത്ത കോടികള്‍, എ.കെ. ആന്റണി എന്ന പ്രതിരോധമന്ത്രിയുടെ വ്യക്തപ്രഭാവത്തില്‍ എത്രനാള്‍ മൂടിവെയ്‌ക്കുവാന്‍ സാധിക്കും.

ഏറ്റവും ഒടുവില്‍, കല്‍ക്കരി പാടങ്ങള്‍ കോണ്‍ഗ്രസിന്റെ ലിസ്റ്റ്‌ അനുസരിച്ച്‌, പാര്‍ട്ടിക്കാര്‍ക്കും, കാശുതരുന്ന മുതലാളിമാര്‍ക്കും മാത്രമായി വീതംവെച്ച്‌ കൊടുത്ത്‌ 2000 കോടിയിലധികം രൂപയുടെ അഴിമതി നടത്തിയ കേസില്‍ സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ പാവം പ്രധാനമന്ത്രിയെപ്പോലും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്‌. ഇതിലും രൂക്ഷമായി എങ്ങനെ ഒരു കോടതിക്ക്‌ സര്‍ക്കാരിനെ വിമര്‍ശിക്കാനാകും? രാഷ്‌ട്രീയക്കാരെ കാണിക്കാതെ വേണം കല്‍ക്കരി അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ എന്ന സുപ്രീംകോടതിയുടെ ഉത്തരവ്‌, തെല്ലും വകവെയ്‌ക്കാതെ, സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ നിയമമന്ത്രി നേരിട്ടു വിളിച്ചുവരുത്തി ഇഷ്‌ടാനുസരണം തിരുത്തലുകള്‍ വരുത്തിയാണ്‌ കോടതിയില്‍ സമര്‍പ്പിച്ചത്‌. ഇത്‌ സി.ബി.ഐ ഡയറക്‌ടര്‍ക്കു തന്നെ കോടതിയില്‍ വാദിക്കേണ്ടിവന്നു. ഇവിടെ സര്‍ക്കാരിന്റെ മാത്രമല്ല, ഏതന്വേഷണത്തിലും അവസാന വാക്കായി പാവം ജനം കരുതിപ്പോരുന്ന സി.ബി.ഐ എന്ന അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത കൂടിയാണ്‌ നഷ്‌ടപ്പെട്ടത്‌. തിരുത്തലുകള്‍ വരുത്തിയ റിപ്പോര്‍ട്ടിനൊപ്പം, യഥാര്‍ത്ഥ റിപ്പോര്‍ട്ടുകൂടി ഹാജരാക്കണമെന്ന ഉഗ്രശാസന, സര്‍ക്കാരിന്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ മുഖത്തേറ്റ അടിയായി. സി.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ ഇരുപത്‌ ശതമാനത്തിലധികം തിരുത്തലുകള്‍ വരുത്തിയാണ്‌ നിയമമന്ത്രാലയവും കോടതിയില്‍ സമര്‍പ്പിച്ചതുപോലും!! ഒരുകാലത്തും കോണ്‍ഗ്രസ്‌ ആശയപരമായി ഇത്രയും അധപതിച്ചു കണ്ടിട്ടില്ല.!

സോണിയാഗാന്ധിക്ക്‌ കോണ്‍ഗ്രസ്‌ എന്നത്‌ വെറുമൊരു പാര്‍ട്ടി മാത്രമായിരിക്കാം. എന്നാല്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം സാധാരണ ജനങ്ങള്‍ക്ക്‌, കോണ്‍ഗ്രസ്‌ എന്നത്‌ ഒരു പാര്‍ട്ടി മാത്രമല്ല; അതവരുടെ വികാരമാണ്‌, അഭിമാനമാണ്‌. കാരണം, മഹാത്മാഗാന്ധിയെപ്പോലുള്ളവരാണ്‌ ഒരുകാലത്ത്‌ അതിന്‌ നേതൃത്വം നല്‍കിയത്‌. ആ ഗാന്ധിജിയെ അപമാനിക്കാന്‍ മാത്രമായി, ഖദറിന്റെ വസ്‌ത്രവും ധരിച്ച്‌, ഇറക്കുമതി ചെയ്‌ത വിദേശ കാറുകളിലും, മുന്തിയ ഹോട്ടലുകളിലും, കുത്തക മുതലാളിമാരുടെ തോളില്‍ കൈയ്യിട്ടും, അവരുടെ താളത്തിനൊത്ത്‌ തുള്ളുന്ന ദാസന്മാരായും, സോണിയാഗാന്ധി, മകന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ അഭിനവ ഗാന്ധിമാരുടെ നേതൃകാലത്ത്‌ കോണ്‍ഗ്രസ്‌ അധപ്പതിച്ചിരിക്കുന്നു.

ഗാന്ധിജി വിഭാവനം ചെയ്‌ത ഹരിജന്‍ ക്ഷേമവും, ഗ്രാമങ്ങളുടെ പുരോഗതിയും, പാവപ്പെട്ടവന്റെ ഉന്നതിയിലുമൊന്നും കോണ്‍ഗ്രസിന്‌ തെല്ലും താത്‌പര്യമില്ലാതായിരിക്കുന്നു. അംബാനിമാരുടെ മാത്രം ഉന്നതിയും, ക്ഷേമവും മുന്‍നിര്‍ത്തി അരിയുടേയും, പഞ്ചസാരയുടേയും, ഗ്യാസിന്റേയും, മണ്ണെണ്ണയുടേയും ഒക്കെ വിലകള്‍ ദിവസം തോറും കൂട്ടി സാധാരണക്കാരായ ഇന്ത്യക്കാരെ പോലും ഇവരുടെ ഭരണത്തിന്‍ കീഴില്‍ ദാരിദ്ര്യത്തിലേക്ക്‌ തള്ളിവിടുന്നു.

തെരുവില്‍ പീഡിപ്പിക്കപ്പെടുന്ന സാധാരണക്കാരന്റെ മക്കള്‍ക്ക്‌ സംരക്ഷണം നല്‍കാനാകാത്ത സര്‍ക്കാര്‍, മുകേഷ്‌ അംബാനിയുടെ മാത്രം സുരക്ഷയ്‌ക്കായി മുപ്പത്തിമൂന്ന്‌ സുരക്ഷാ ഉദ്യോഗസ്ഥരെ ഊണിലും ഉറക്കത്തിലും കാവല്‍ നിര്‍ത്തിയിരിക്കുന്നു. അതും സാധാരണക്കാരായ നമ്മുടെ ചെലവില്‍ തന്നെ. ഉദ്ദിഷ്‌ടകാര്യത്തിന്‌ ഉപകാര സ്‌മരണ. പാവപ്പെട്ടവന്‍ ജീവിച്ചാലെന്താ, മരിച്ചാലെന്താ? അംബാനിയുണ്ടെങ്കിലേ കോണ്‍ഗ്രസും ഉള്ളൂ.

സ്‌പെക്‌ട്രം വിറ്റും, ഹെലികോപ്‌റ്റര്‍ വാങ്ങിയും, കല്‍ക്കരിപ്പാടം തീറെഴുതിയും, കോണ്‍ഗ്രസ്‌ കോടികള്‍ സമ്പാദിക്കുന്നത്‌ അടുത്തുവരുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനെ നേരിടാനാണ്‌. കന്യാകുമാരി മുതല്‍ കാഷ്‌മീര്‍ വരെയുള്ള പാര്‍ലമെന്റ്‌ മണ്‌ഡലങ്ങളില്‍ അഴിമതിയുടെ പണം വാരിവിതറി മത്സരിക്കുന്ന കോണ്‍ഗ്രസുകാരുടെ മുഖത്തെ കല്‍ക്കരിയുടെ കരിനിഴല്‍ മാറ്റാന്‍ ആന്റണിക്കു മാത്രമായി സാധിക്കുമോ?
കല്‍ക്കരിപ്പാടത്ത്‌ കരിപുരണ്ട കോണ്‍ഗ്രസ്‌ (ഷോളി കുമ്പിളുവേലി)
Join WhatsApp News
KRISHNA 2013-05-04 07:18:14
സ്വാതന്ത്ര്യം കിട്ടിയതിനുശേഷം കോണ്ഗ്രസ് പിരിച്ചുവിടണമെന്നു ഗാന്ധിജി പറഞ്ഞത് എത്ര ശരിയായിരുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക