Image

വീണപൂവ്‌ (കവിത: ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 06 May, 2013
വീണപൂവ്‌ (കവിത: ഷാജന്‍ ആനിത്തോട്ടം)
കഴിഞ്ഞമാസം അന്തരിച്ച ചിക്കാഗോയിലെ പ്രശസ്‌ത ഗായികയും സീറോ മലബാര്‍ കത്തീഡ്രല്‍ ഗായകസംഘാംഗവുമായ റോസ്‌മേരി തര്യത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ വിരിഞ്ഞ അക്ഷരാഞ്‌ജലി.

ഹാ പനിനീര്‍പുഷ്‌പമേ!
മായുന്നുവോ നീ മറഞ്ഞുപോകുന്നുവോ....
നീയൊരുക്കിയ നാദവിസ്‌മയം
നിന്‍ ചുണ്ടിലെ തൂമന്ദഹാസവും
മറവിതന്‍ മാറാപ്പിലേയ്‌ക്കൊതുങ്ങുമെന്നോ?

ദേവാലയങ്ങളില്‍ നീ തീര്‍ത്ത സ്വര്‍ഗ്ഗീയ സമ്മോദം
ആവേശമെങ്ങും പരത്തും സംഗീതസന്ധ്യയും
മന്വന്തരങ്ങള്‍ കഴിഞ്ഞാലും
മറക്കുവാനൊക്കുമോ
മനതാരിലെന്നുമേ നിറയും നിന്‍ സൗരഭ്യവും!

പട്ടുപുതച്ചു കിടക്കുന്ന നിന്‍ പൊന്‍മുഖം
പട്ടടയിലേയ്‌ക്കുടന്‍ ഗമിക്കുമെന്നെങ്ങനെ
കുട്ടികള്‍, കുമാരികള്‍, യൗവ്വനയുക്തക
ളുള്‍പ്പടെ 
നഷ്‌ടബോധ്യരാം നിന്‍ ശിഷ്യരോടുരചെയ്യും?

സ്വപ്‌നങ്ങള്‍ ദര്‍ശിച്ചും മോഹങ്ങള്‍ താലോലിച്ചും
സുന്ദരമോഹന ഭാവിയെ ലക്ഷ്യംവെച്ചും
സംഗീതസന്ധ്യകള്‍ക്കിടയിലും പഠിച്ചുമിടുക്കിയായ്‌
സ്വര്‍ഗ്ഗലോകത്തേയ്‌ക്കൊറ്റയ്‌ക്ക്‌ യാത്രയായല്ലോ നീ!

വിട, വീണപൂവേ, റോസാപുഷ്‌പമേ....
മടിയോടെയെങ്കിലും യാത്രയാക്കുന്നു മൗനമായി
മറയുകയില്ല, മാഞ്ഞുപോകില്ലൊരിക്കലും
മന്ദസ്‌മിതംതൂകി പാടുന്ന നിന്‍മുഖം!!
വീണപൂവ്‌ (കവിത: ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക