Image

ഇന്ത്യയുടെ ചലച്ചിത്രയാത്രക്ക്‌ നൂറു വര്‍ഷങ്ങള്‍

Published on 05 May, 2013
ഇന്ത്യയുടെ ചലച്ചിത്രയാത്രക്ക്‌ നൂറു വര്‍ഷങ്ങള്‍
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിനിമകള്‍ ഒരുക്കപ്പെടുന്നത്‌ ഇന്ത്യയിലാണ്‌. ഹോളിവുഡില്‍ ഒരുക്കപ്പെടുന്നതിലും അധികം സിനിമകള്‍ ഇന്ത്യയുടെ സര്‍ഗാത്മക ലോകത്തും തീയറ്റര്‍ വിപണിയിലേക്കുമായി ഒരു വര്‍ഷം നിര്‍മ്മിക്കപ്പെടുന്നു. അങ്ങനെ ഹിന്ദിയിലും, തമിഴും, തെലുങ്കും, മറാഠിയും, കന്നഡയും, മലയാളവുമെല്ലാമായി വിവിധ ഭാഷകളില്‍ വിവിധ ധാരകളില്‍ ശക്തമായി നില്‍ക്കുന്ന ഇന്ത്യന്‍ ചലച്ചിത്ര ലോകം.

ഇന്ത്യ സിനിമയുടെ നൂറു വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണിപ്പോള്‍. അതിലേക്കായി വിവിധ ഒരുക്കലുകള്‍ ബോളിവുഡിലും കോളിവുഡിലുമെല്ലാമായി നടക്കുന്നു. എക്കാലത്തെയും പ്രശസ്‌തമായ ഇന്ത്യന്‍ സിനിമ മദര്‍ ഇന്ത്യ റീമേക്ക്‌ ചെയ്‌തുകൊണ്ടാണ്‌ ബോളിവുഡ്‌ ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷം ആഘോഷിക്കുന്നത്‌. ഒപ്പം ബോംബെ ടാക്കീസ്‌ എന്ന ലഘു ചിത്രങ്ങളുടെ സമാഹാരവും ബോളിവുഡില്‍ നിന്നും ഈ ആഘോഷ വേളയിലേക്കായി എത്തിയിട്ടുണ്ട്‌. ഹൈദ്രബാദില്‍ റാമോജി ഫിലിംസിറ്റി കേന്ദ്രീകരിച്ച്‌ വന്‍ ആഘോഷ പരിപാടികള്‍ തന്നെ ഒരുക്കിയിരിക്കുന്നു. ഷോലെ പോലെയുള്ള നാഴികകല്ലുകളായി സിനിമകള്‍ വീണ്ടും പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ വമ്പന്‍ മള്‍ട്ടിപ്ലക്‌സ്‌ കമ്പിനികളും സിനിമയുടെ നൊസ്റ്റാള്‍ജിയ ഈ ആഘോഷ സമയത്ത്‌ സജീവമാക്കുന്നു.

ലൂമിയര്‍ സഹോദരന്‍മാര്‍ ഒരുക്കിയ സിനിമയെന്ന വിസ്‌മയം ഇന്നേക്ക്‌ നൂറു വര്‍ഷങ്ങക്ക്‌ മുമ്പ്‌ ഇന്ത്യയില്‍ സാധ്യമാക്കിയ ദാദാസാഹിബ്‌ ഫാല്‍ക്കെ ഒരിക്കലും കരുതി കാണില്ല ഇന്ത്യ ലോകത്തിലെ തന്നെ പ്രധാന ചലച്ചിത്ര വിപണിയായി മാറുമെന്ന്‌. പോയ നൂറു വര്‍ഷങ്ങള്‍ക്കൊണ്ട്‌ ഒരു സിനിമ പോലെ തന്നെ വിസ്‌മയിപ്പിക്കുന്നതാണ്‌ ഇന്ത്യന്‍ സിനിമലോകത്തിന്റെ വളര്‍ച്ച. കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ പോലെ മികച്ച ചലച്ചിത്ര മേളകളില്‍ സ്വന്തം മേല്‍വിലാസമെഴുതിയ സമാന്തര സിനിമയും, ഒരു സിനിമക്ക്‌ 150 കോടിയുടെ ബജറ്റും 350 കോടിയുടെ വരുമാനവുമായി സമ്പന്നതയുടെ കൊടുമുടില്‍ നില്‍ക്കുന്ന കൊമേഴ്‌സ്യല്‍ സിനിമയും ഇന്ന്‌ ഇന്ത്യന്‍ സിനിമയിലെ സജീവമായ രണ്ടു ധാരകള്‍ തന്നെ.

സാങ്കേതിക വിദ്യയില്‍ ഇന്ത്യന്‍ സിനിമ ഇന്ന്‌ ഹോളിവുഡിനോട്‌ കിടപിടിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ നായകന്‍മാര്‍ക്ക്‌ ലോകമെങ്ങും ആരാധകരുണ്ടായിരിക്കുന്നു. നമ്മുടെ സാങ്കേതിക വിദഗ്‌ധര്‍ ലോക സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. ഓസ്‌കര്‍ വേദിയില്‍ പോലും ഇന്ത്യന്‍ സിനിമയിലെ കലാകാരന്‍മാര്‍ തിളങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഇത്‌ അഭിമാനിക്കാവുന്ന വളര്‍ച്ച തന്നെ.

ലൂമിയര്‍ സഹോദരന്‍മാര്‍ 1985ല്‍ സിനിമ അവതരിപ്പിച്ചതിനു ആറു മാസങ്ങള്‍ക്ക്‌ ശേഷം തന്നെ ഇന്ത്യയില്‍ സിനിമയെത്തിയിരുന്നു. 1896ല്‍ ജൂലൈയിലാണ്‌ ബ്രിട്ടീഷ്‌ ഇന്ത്യയിലേക്ക്‌ സിനിമ കടന്നെത്തുന്നത്‌. ലൂമിയര്‍ ഫിലിംസ്‌ തന്നെയാണ്‌ അവരുടെ സിനിമയുടെ പ്രദര്‍ശനവുമായി ഇന്ത്യയിലെത്തിയത്‌. അതോടെ കാമറയില്‍ പകര്‍ത്തികാണിക്കുന്ന ചലന ചിത്രങ്ങളെന്ന അത്ഭുതത്തെ ഒരുക്കാന്‍ പല ശ്രമങ്ങളും നടന്നിരുന്നുവെങ്കിലും ഒരു മുഴുനീള ചലന ചിത്രമൊരുക്കുന്നതില്‍ വിജയം കണ്ടത്‌ ദാദാസാഹിബ്‌ ഫാല്‍കെയായിരുന്നു. രാജാ ഹരിശ്ചന്ദ്രയായിരുന്നു ഈ ചിത്രം. 1913 ഏപ്രില്‍ 21നായിരുന്നു രാജാ ഹരിശ്ചന്ദ്ര എന്ന നിശബ്‌ദ ചിത്രം റിലീസിനെത്തിയത്‌. അത്‌ ഇന്ത്യന്‍ സിനിമയുടെ തുടക്കമായി. ഈ നിശബ്‌ദ ചിത്രത്തില്‍ സ്‌ത്രീകഥാപാത്രങ്ങളായി അഭിനയിച്ചത്‌ പുരുഷന്‍മാര്‍ തന്നെയായിരുന്നു. (ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാസാഹിബ്‌ ഫാല്‍കെയോടുള്ള ആദരസൂചകമായി ദാദാസാഹിബിന്റെ ജീവിത കഥ ഹരിശ്ചന്ദ്ര ഫാക്‌ടറി എന്ന പേരില്‍ മറാഠിയില്‍ സിനിമയാക്കിയിരുന്നു. 2010 ജനുവരി 29നാണ്‌ ഈ ചിത്രം റിലീസ്‌ ചെയ്‌തത്‌.)

ഇന്ന്‌ ആയിരത്തിലധികം സിനിമകള്‍ ഒരു വര്‍ഷം റിലീസ്‌ ചെയ്യപ്പെട്ടുന്ന, ഏതാണ്ട്‌ എല്ലാ പ്രാദേശിക ഭാഷകളിലും സിനിമകള്‍ ഒരുക്കപ്പെടുന്ന ഒരു വലിയ വ്യവസായ മേഖലയായി ഇന്ത്യന്‍ ചലച്ചിത്ര ലോകം വളര്‍ന്നിരിക്കുന്നു. ഹോളിവുഡിനും, ചൈനീസ്‌ സിനിമക്കും തൊട്ടുപിന്നില്‍ സ്ഥാനം ഉറപ്പിക്കുന്നുണ്ട്‌ ലോക വിപണയില്‍ ഇന്ത്യന്‍ സിനിമ. കഴിഞ്ഞ നൂറു വര്‍ഷം കൊണ്ട്‌ ഇന്ത്യന്‍ സിനിമ നേടിയ വളര്‍ച്ച തന്നെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

ദാദാസാഹിബ്‌ ഫാല്‍കെ പരിചയപ്പെടുത്തിയ നിശബ്‌ദ സിനിമയും, നാല്‌ പൈസക്ക്‌ ആദ്യ സിനിമ ടിക്കറ്റ്‌ സ്വന്തമാക്കിയ പ്രേക്ഷകനും ഒരുപോലെ മാറിയിരിക്കുന്നു. നിശബ്‌ദ സിനിമ പിന്നീട്‌ ശബ്‌ദ സിനിമയായി മാറി, സ്റ്റുഡിയോയില്‍ നിന്നും ഔട്ട്‌ഡോര്‍ ലൊക്കേഷനുകളിലെത്തി, ബജറ്റില്‍ കോടികള്‍ കടന്നു, ചലച്ചിത്ര നിര്‍മ്മാണം ഫിലിമില്‍ നിന്നും ഡിജിറ്റലിലേക്ക്‌ മാറി, വിദേശ സാങ്കേതിക വിദ്യ കരസ്ഥമാക്കി ഹോളിവുഡിനെ അമ്പരപ്പിക്കുന്ന സയന്‍സ്‌ ഫിക്ഷനുകള്‍ വരെ ഒരുക്കി. എന്തിന്‌ ഇന്ന്‌ ലോകത്തിലെ ഏറ്റവും വലിയ ഫിലിംസ്റ്റുഡിയോയും ഇന്ത്യയില്‍ തന്നെ. ഹൈദ്രബാദില്‍ 2000 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന റാമോജി ഫിലിം സ്റ്റുഡിയോയാണിത്‌.

ഇതേ സമയം ഇന്ത്യന്‍ സിനിമയുടെ പ്രേക്ഷക ലോകവും വളര്‍ന്നു. തീയേറ്ററുകള്‍ രാജ്യമെങ്ങും കരുത്തു പ്രാപിച്ചു. പിന്നാലെ മള്‍ട്ടിപ്ലക്‌സുകള്‍ കടന്നു വന്നതോടെ സിനിമാകാഴ്‌ച ഒരു വിനോദ പാക്കേജായി മാറി. ഇപ്പോള്‍ ത്രീഡി തീയേറ്ററുകളും ഐമാക്‌സ്‌ തീയേറ്ററുകളും ഇന്ത്യയിലും സര്‍വ്വസാധാരണമാകുന്നു.

നിശബ്‌ദ സിനിമയില്‍ നിന്നും ശബ്‌ദ സിനിമയിലേക്ക്‌ ഇന്ത്യന്‍ സിനിമ എത്തിയത്‌ 1931ലായിരുന്നു. ഖാന്‍ ബഹദൂര്‍ അര്‍ധേഷിര്‍ ഇറാനിയുടെ ആലം ആരയായിരുന്ന ആദ്യത്തെ ശബ്‌ദ ചിത്രം. 1931 മാര്‍ച്ച്‌ 14നാണ്‌ ആലം ആര റിലീസ്‌ ചെയ്‌തത്‌. തെന്നിന്ത്യയില്‍ എച്ച്‌.എം റെഡ്ഡി സംവിധാനം ചെയ്‌ത തെലുങ്ക്‌ ചിത്രം ഭക്ത പ്രഹ്‌ളാദ (1931 സെപ്‌തംബര്‍ 15) ആദ്യ ശബ്‌ദ ചിത്രമായി. തൊട്ടു പിന്നാലെ കാളിദാസ (1931 ഒക്‌ടോബര്‍ 31) എന്ന ശബ്‌ദ ചിത്രം എച്ച്‌.എം റെഡ്ഡി തന്നെ തമിഴിലും ഒരുക്കി. ഇതോടെ ഇന്ത്യന്‍ സിനിമയുടെ കുതിപ്പ്‌ വളരെ വേഗത്തിലായി.
ശബ്‌ദ ചിത്രങ്ങളുടെ വരവോടെയാണ്‌ ഇന്ത്യന്‍ സിനിമയില്‍ സംഗീത വിപ്ലവം ആരംഭിക്കുന്നത്‌. ലോകത്ത്‌ മറ്റൊരു ഇന്‍ഡസ്‌ട്രിയിലും ഇല്ലാത്ത വിധം ഇന്ത്യന്‍ സിനിമയും സംഗീതവും പരസ്‌പരം കെട്ടു പിണഞ്ഞു കിടന്നു. പാട്ടും നൃത്തവും ഇന്ത്യന്‍ പോപ്പുലര്‍ സിനിമയുടെ മുഖമുദ്രയായി മാറി. ഇന്ദ്ര സഭാ, ദേവി ദേവയാനി എന്നീ ചിത്രങ്ങളോടെയാണ്‌ ഇന്ത്യന്‍ സിനിമയില്‍ സംഗീത നൃത്ത ഫോര്‍മുല ഉടലെടുക്കുന്നത്‌. പിന്നീട്‌ ഇന്നു വരെയും ഇന്ത്യന്‍ പോപ്പുലര്‍ സിനിമയിലെ അവിഭാജ്യ ഘടകമായി നൃത്തവും പാട്ടുകളും നിലനിന്നു പോന്നു.
1940 - 50 കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയില്‍ റിയ ലിസത്തിനുള്ള പ്രധാന്യം ലക്ഷ്യമാക്കി കമ്മ്യൂണിസ്റ്റ ആഭിമുഖ്യമുള്ള ഇന്ത്യന്‍ പീപ്പിള്‍ തീയേറ്റര്‍ അസോസിയേഷന്‍ രൂപം കൊണ്ടു. മദര്‍ ഇന്ത്യ, പ്യാസ തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കുകള്‍ നിര്‍മ്മിച്ചത്‌ ഇന്ത്യന്‍ പീപ്പിള്‍ തീയേറ്റര്‍ അസോസിയേഷനായിരുന്നു. 1960ല്‍ മിനിസ്‌ട്രി ഓഫ്‌ ഫിനാന്‍സിന്റെ കീഴില്‍ പ്രതിഭയുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ഫിലിം ഫിനാന്‍സ്‌ കോപ്പറേഷന്‍ രൂപംകൊണ്ടു. ഇത്‌ സിനിമയുടെ വളര്‍ച്ചക്ക്‌ ഏറെ സഹായിച്ച ഒന്നായിരുന്നു. പിന്നീട്‌ ഇന്ത്യന്‍ സിനിമയില്‍ നിര്‍മ്മാണ കമ്പിനികള്‍ ഏറെ സജീവമായി. ഇന്ന്‌ വാര്‍ണര്‍ ബ്രദേഴ്‌സ്‌ പോലെയുള്ള ലോകത്തിലെ വമ്പന്‍ നിര്‍മ്മാണ കമ്പിനകള്‍ ഇന്ത്യയില്‍ നിര്‍മ്മാണ കമ്പിനികള്‍ ഒരുക്കിയിരിക്കുന്നു. യാഷ്‌ രാജ്‌ ഫിലിംസ്‌ പോലെയുള്ള ഇന്ത്യന്‍ കമ്പിനികളും ലോകനിലവാരം പുലര്‍ത്തുന്ന നിര്‍മ്മാതാക്കള്‍ തന്നെ.
1950 -60 കാലഘട്ടത്തിലാണ്‌ ഇന്ത്യന്‍ സിനിമയില്‍ അക്കാദമിക്‌ വിപ്ലവം എത്തുന്നത്‌. കല രാഷ്‌ട്രീയവുമായി കൂടിയിണങ്ങി സമൂഹത്തിലേക്ക്‌ ഇറങ്ങുന്ന സിനിമകളായി മാറിയത്‌ ഈ കാലഘട്ടത്തിലായിരുന്നു. സത്യജിത്‌ റേ, ഗുരുദത്ത്‌, ഋത്വിക്‌ ഘട്ടക്‌, ബിമല്‍റോയ്‌, രാജ്‌കപൂര്‍, മെഹബൂബ്‌ ഖാന്‍, രാമു കാര്യാട്ട്‌ തുടങ്ങിയ പ്രതിഭകള്‍ എവിടെയും ശ്രദ്ധ നേടിയ കാലം. പഥേര്‍ പാഞ്ചാലി,മധുമതി, അവാര, പ്യാസ, മദര്‍ ഇന്ത്യ, മുഗല്‍ ഇ അസം, മായാ ബസാര്‍, ചെമ്മീന്‍ തുടങ്ങിയ എക്കാലത്തെയും മികച്ച സിനിമകള്‍ ഇന്ത്യന്‍ സിനിമയുടെ യശസുയര്‍ത്തി.
ഒപ്പം സൂപ്പര്‍താരങ്ങളുടെ വളര്‍ച്ച ഇന്ത്യന്‍ സിനിമയില്‍ സംഭവിച്ചതും ഇക്കാലത്തായിരുന്നു. രാജ്‌കപൂര്‍, രാജേഷ്‌ ഖന്ന, എം.ജി.ആര്‍, ശിവാജി ഗണേഷന്‍ തുടങ്ങി പ്രേം നസീര്‍ വരെയുള്ളവര്‍ ഇന്ത്യന്‍ സിനിമയിലെ ആദ്യകാല സൂപ്പര്‍നായകന്‍മാരായി തിളങ്ങി. അമിതാഭ്‌ ബച്ചന്‍, ശശികപൂര്‍, രജനികാന്ത്‌, കമലഹാസന്‍, മമ്മൂട്ടി മോഹന്‍ലാല്‍, ചിരംഞ്‌ജീവി തുടങ്ങിയ രണ്ടാം തലമുറ സൂപ്പര്‍താരങ്ങളുടേതായി പിന്നീടുള്ളകാലഘട്ടം. ഇവര്‍ക്കു ശേഷം വീണ്ടും പുതിയ തലമുറയില്‍ നിന്നും സൂപ്പര്‍താരങ്ങള്‍ ഇന്നും ഇന്ത്യന്‍ സിനിമ അടക്കി വാഴുന്നു. ഇന്ത്യന്‍ സിനിമയോട്‌ ഏറെ വൈകാരികമായി ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന ഒന്നായി സൂപ്പര്‍സ്റ്റാര്‍ഡം മാറി. തമിഴ്‌നാട്‌, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍ രാഷ്‌ട്രീയത്തെ നിയന്ത്രിക്കുന്ന സ്വാധീന ശക്തിയായി സിനിമ മാറി.

ആഗോള തലത്തിലും ഇന്ത്യന്‍ സിനിമ നിരവധി അംഗീകാരങ്ങള്‍ക്ക്‌ അര്‍ഹമായിട്ടുണ്ട്‌. ചേതന്‍ ആനന്ദിന്റെ നീച്ച നഗര്‍ (1946) ആദ്യ കാന്‍ഫിലിം ഫെസ്റ്റിവെലില്‍ ഗ്രാന്‍ഡ്‌ പ്രൈസ്‌ നേടി. സത്യജിത്‌ റേയുടെ അപരാജീതോ (1956) വെനീസ്‌ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. തുടര്‍ന്ന്‌ എക്കാലത്തും ലോക സിനിമയില്‍ സ്വന്തം വ്യക്തമുദ്ര പതിപ്പിക്കാന്‍ ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക്‌ കഴിഞ്ഞിരുന്നു. മൃണാള്‍ സെന്‍, ബുദ്ധദേവ്‌ ദാസ്‌ ഗുപ്‌ത, ഗൗതം ഘോഷ്‌ തുടങ്ങിയവര്‍ ബംഗാളിയിലും മണി കൗള്‍, കുമാര്‍ ശഹാനി, കേതന്‍ മേഹ്‌ത, ഗോവിന്ദ്‌ നിഹ്‌ലാനി തുടങ്ങിയവര്‍ ഹിന്ദിയിലും, അടൂര്‍ ഗോപാലകൃഷ്‌ണന്‍, ജോണ്‍ ഏബ്രഹാം, ഷാജി.എന്‍.കരുണ്‍, അരവിന്ദന്‍, എം.ടി വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ മലയാളത്തിലും അക്കാദമിക്‌ സിനിമയുടെ പാരമ്പര്യം തുടര്‍ന്നും നിലനിര്‍ത്തിവന്നു. എ.ആര്‍ റഹ്‌മാനും, റസൂല്‍ പൂക്കുട്ടിയും ഓസ്‌കര്‍ പുരസ്‌കാരം നേടിയതു വരെയെത്തി നില്‍ക്കുന്നു ആഗോള തലത്തില്‍ ഇന്ത്യന്‍ സിനിമ നേടിയ അംഗീകാരം.

ഇതിനിടെ ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്‌ട്രിയിലെ പോപ്പുലര്‍ സിനിമയുടെ വളര്‍ച്ച കണ്ണടച്ചു തുറക്കും വേഗത്തിലായിരുന്നു. ബോളിവുഡ്‌ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഹിന്ദി സിനിമ, തമിഴ്‌ സിനിമ, തെലുങ്ക്‌ സിനിമ എന്നീ ഇന്‍ഡസ്‌ട്രികളാണ്‌ ബജറ്റിന്റെ വലുപ്പം കൊണ്ടും കളക്ഷന്റെ മികവു കൊണ്ടും പോപ്പൂലര്‍ സിനിമയിലെ വമ്പന്‍ ഇടങ്ങളായി മാറിയത്‌. താരാധിപത്യം തന്നെയായിരുന്നു ഇതിനു പിന്നിലെ പ്രധാന ഘടകം. അമിതാഭ്‌ ബച്ചന്‍ ഹിന്ദിയിലും, രജനി - കമല്‍ തമിഴിലും, ചിരംഞ്‌ജീവി തെലുങ്കിലും സൂപ്പര്‍താര പദവികളിലെത്തിയപ്പോള്‍ ഇവരുടെ ചിത്രങ്ങള്‍ക്ക്‌ വമ്പന്‍മാര്‍ക്കറ്റുകള്‍ ലഭ്യമായി. ഇന്ത്യന്‍യുടെ അതിര്‍ത്തി ഭേദിച്ച്‌ വിദേശ രാജ്യങ്ങളിലേക്ക്‌ ഇന്ത്യന്‍ സിനിമയുടെ മാര്‍ക്കറ്റ്‌ കടന്നു കയറി. ഏതാണ്ട്‌ നാല്‌പതോളം വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ സിനിമ സജീവമായി പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്‌.

അമേരിക്കയും ഇംഗ്ലണ്ടും ബോളിവുഡ്‌ സിനിമയുടെ പ്രധാന മാര്‍ക്കറ്റാകുമ്പോള്‍, തമിഴ്‌ സിനിമക്ക്‌ മലേഷ്യയും ജപ്പാനും, സിഗപ്പൂരും പ്രധാന വിദേശ മാര്‍ക്കറ്റുകളാകുന്നു. ഇത്തരത്തില്‍ ലോക മാര്‍ക്കറ്റ്‌ കീഴടക്കാന്‍ ആരംഭിച്ചപ്പോഴാണ്‌ ഇന്ത്യന്‍ സിനിമ ബജറ്റിന്റെ കാര്യത്തില്‍ കോടികള്‍ കടക്കാന്‍ തുടങ്ങിയത്‌. രജനികാന്ത്‌ നായകനായി ഷങ്കര്‍ നിര്‍മ്മിച്ച യന്തിരന്‍ എന്ന ചിത്രം 180 കോടിയുടെ മുതല്‍ മുടക്കിലാണ്‌ ചിത്രീകരിച്ചത്‌. ഈ ചിത്രം തിരിച്ചു നേടിയത്‌ 320 കോടിയോളവും. അമ്പത്‌ കോടിക്കും നൂറു കോടിക്കും ഇടയില്‍ വരുന്ന ചിത്രങ്ങള്‍ ഇന്ന്‌ ഹിന്ദി, തമിഴ്‌, തെലുങ്ക്‌ ഭാഷകളില്‍ നിത്യസംഭവങ്ങളാണ്‌. അതുപോലെ തന്നെ ഇരുനൂറു കോടിയുടെ റവന്യു ലഭിക്കുന്ന ചിത്രങ്ങളും ഒരു പതിവ്‌ കാര്യമായി മാറിയിരിക്കുന്നു. ബോളിവുഡില്‍ 2012ല്‍ 12 ചിത്രങ്ങള്‍ നൂറുകോടിക്ക്‌ മുകളില്‍ വരുമാനം നേടിയിരുന്നു. ക്രിഷ്‌, യന്തിരന്‍, ഏഗ, രാ1 തുടങ്ങിയ സയന്‍സ്‌ ഫിക്ഷന്‍ ചിത്രങ്ങള്‍ ഹോളിവുഡ്‌ സാങ്കേതിക വിദ്യയെ വെല്ലുന്ന രീതിയില്‍ നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തിന്‌ കഴിഞ്ഞതും ഇന്ത്യന്‍ സിനിമയുടെ ശക്തമായ വിദേശ മാര്‍ക്കറ്റ്‌ കൊണ്ടു തന്നെ.
മലയാള സിനിമയുടെ പിതാവ്‌ എന്ന്‌ അറിയപ്പെടുന്ന ജെ.സി ഡാനിയലില്‍ തുടങ്ങുന്ന ചരിത്രം ഇന്ത്യന്‍ സിനിമയിലെ ചെറിയ ഇന്‍ഡസ്‌ട്രിയായ മലയാളത്തിനും പറയാനുണ്ട്‌. ഹിന്ദി, തമിഴ്‌ തുടങ്ങിയ പോപ്പൂലര്‍ ഇന്‍സ്‌ട്രികളെ താരതമ്യം ചെയ്‌തു നോക്കുമ്പോള്‍ മലയാളത്തിന്റെ കൊമേഴ്‌സ്യല്‍ മാര്‍ക്കറ്റ്‌ വളരെ ചെറുതാണ്‌. എന്നാല്‍ സമാന്തര സിനിമയില്‍ ലോകനിലവാരമുള്ള ചിത്രങ്ങളൊരുക്കിക്കൊണ്ട്‌ ശ്രദ്ധേയമാകാന്‍ മലയാളത്തിനും കഴിഞ്ഞിട്ടുണ്ട്‌. അതുപോലെ തന്നെ ഇന്ത്യന്‍ സിനിമയിലെ സുപ്രധാനമായ മൂന്നു നാഴികകല്ലുകളും മലയാളത്തിന്റെ സംഭാവനയായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ 70 എം.എം സിനിമ മലയാളത്തിന്റെ സംഭാവനയായിരുന്നു. 1982ല്‍ മലയാളത്തില്‍ ജിജോ പുന്നൂസ്‌ സംവിധാനം ചെയ്‌ത പടയോട്ടമായിരുന്നു ഇന്ത്യയിലെ ആദ്യ 70 എം.എം സിനിമ. തൊട്ടുപിന്നാലെ 1984ല്‍ ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ജിജോ പുന്നൂസ്‌ ഒരുക്കി. കേരളത്തിലെ നിര്‍മ്മാണ കമ്പനിയായിരുന്ന നവോദയ സ്റ്റുഡോയയാണ്‌ ഈ രണ്ടു ചിത്രങ്ങളും നിര്‍മ്മിച്ചത്‌. ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്‌ത ചിത്രവും മലയാളത്തില്‍ തന്നെ. 2006ല്‍ വി.കെ പ്രകാശ്‌ സംവിധാനം ചെയ്‌ത മൂന്നാമതൊരാള്‍ എന്ന ചിത്രമാണിത്‌.

അതുപോലെ തന്നെ നൂറിലധികം വിദേശ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച അടൂര്‍ ഗോപാലകൃഷ്‌ണന്റെ മതിലുകള്‍ (1989) ഷാജി.എന്‍ കരുണിന്റെ പിറവി (1987) എന്നിവയും മലയാളത്തില്‍ നിന്നുള്ള ഏറെ ശ്രദ്ധേയമായ സമാന്തര ചിത്രങ്ങളാണ്‌. ഓസ്‌കര്‍ നോമിനേഷനുള്ള ഇന്ത്യന്‍ സിനിമയിലെ ഒഫിഷ്യല്‍ എന്‍ട്രികളായി രണ്ടു മലയാള സിനിമകളും ഉണ്ടായിട്ടുണ്ട്‌. രാജീവ്‌ അഞ്ചല്‍ സംവിധാനം ചെയ്‌ത ഗുരു (1997), സലിം അഹമ്മദ്‌ സംവിധാനം ചെയ്‌ത ആദാമിന്റെ മകന്‍ അബു (2011) എന്നിവയാണ്‌ ഈ ചിത്രങ്ങള്‍.
ഇന്ത്യയുടെ ചലച്ചിത്രയാത്രക്ക്‌ നൂറു വര്‍ഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക