Image

വിലാപങ്ങള്‍ക്കപ്പുറം-3(കഥ)-പി,.റ്റി. പൗലോസ്

പി,.റ്റി. പൗലോസ് Published on 10 May, 2013
വിലാപങ്ങള്‍ക്കപ്പുറം-3(കഥ)-പി,.റ്റി. പൗലോസ്
രണ്ടു വര്‍ഷം മുമ്പ് ഒരു ദിവസം ഞാന്‍ ഡല്‍ഹിയിലെ കരോള്‍ബാഗില്‍ താമസിക്കുന്ന ഇന്ദു.എസ്സ്. മേനോന്റെ വീട്ടിലെത്തി. കേന്ദ്ര സാംസ്‌കാരിക വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയാണ് അവര്‍. ഡല്‍ഹി കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടായിരുന്നു എന്റെ സന്ദര്‍ശനം. ഇന്ദുവിന്റെ കോളേജ് പഠനകാലത്ത് ബാട്ടിയ എജ്യൂക്കേഷന്‍ സൊസൈറ്റി കോളേജില്‍ ഒരു വര്‍ഷക്കാലം ഞാന്‍ ഇന്ദുവിന്റെ അദ്ധ്യാപകനായിരുന്നു. ആ ഗുരുശിഷ്യ സൗഹൃദം ഇന്നും ഒരു കോട്ടവും കൂടാതെ നിലനില്ക്കുന്നു. അന്ന് ഇന്ദു സൈമണ്‍ ആയിരുന്നു. പിന്നീട് വിജിലന്‍സ് ഐ.ജി. സുരേന്ദ്രമേനോന്‍ ഐ.പി.എസ്സിന്റെ ഭാര്യ ആയപ്പോള്‍ ഇന്ദു.എസ്സ്.മേനോന്‍ ആയി. ഇന്ദുവിന്റെ വീട്ടില്‍ വച്ചാണ് ഇന്ദുവിന്റ അച്ഛന്‍ ലെഫ്റ്റനന്റ് സൈമണ്‍ കുരുവിളയെ പരിചയപ്പെടുന്നത്. എണ്‍പത്തഞ്ചിനോട് അടുത്ത പ്രായം. അദ്ദേഹം മകളുടെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഒരിക്കല്‍ ബന്ധപ്പെട്ടാല്‍ മറക്കാത്ത വ്യക്തിത്വമാണ് സൈമണ്‍ കുരുവിളയുടേത്. ഒരിക്കല്‍ അദ്ദേഹവുമായുള്ള സംഭാഷണത്തില്‍ പഴയ പട്ടാളജീവിതത്തിന്റെ മറക്കാന്‍ പറ്റാത്ത ചില സന്ദര്‍ഭങ്ങളിലേക്ക് അദ്ദേഹം ഒരു മടക്കയാത്ര നടത്തി.

വിഭജനത്തിന് ശേഷം ബംഗാളില്‍ വര്‍ഗ്ഗീയ ലഹള പൊട്ടി പുറപ്പെട്ടത് പെട്ടെന്നായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ വര്‍ഗ്ഗീസ കലാപം ആളി പടര്‍ന്ന് ഭീകരാവസ്ഥയിലെത്തി. കല്‍ക്കട്ട നഗരം അക്ഷരാര്‍ത്ഥത്തില്‍ രക്തക്കളമായി മാറി. ഹിന്ദുക്കളും മുസ്ലീംങ്ങളും മാരകായുധങ്ങളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. മെട്ടിയ ബ്രൂസിലെ ഗല്ലികളിലും റസ്സേല്‍ സ്ട്രീറ്റിലും പാര്‍ക്ക് സര്‍ക്കസ് മൈതാനത്തും ഗ്രാമപ്രദേശങ്ങളിലും മനുഷ്യബന്ധങ്ങള്‍ കുന്നുകൂടി. തലകളും വെട്ടിമാറ്റിയ കൈകാലുകളും ഓടകളില്‍ അടിഞ്ഞുകൂടി. കബന്ധങ്ങള്‍ ഒഴുകുന്ന ഹൂഗ്ലി നദിയിലെ വെള്ളത്തിന് ചുവപ്പുനിറം. ഇരുണ്ട ആകാശത്ത് ക്ഷമയില്ലാതെ വട്ടം കറങ്ങുന്ന കഴുകന്മാര്‍. രക്തം തളം കെട്ടിയ നടപ്പാതകളില്‍ ഭ്രാന്തുപിടിച്ച തെരുവു നായ്ക്കള്‍. ശവം തീനി കാക്കകള്‍ മതഭ്രാന്തന്മാര്‍ അറുത്തെറിഞ്ഞ മനുഷ്യശിരസ്സുകളില്‍ നിന്നും കണ്ണുകള്‍ കൊത്തിപറക്കുന്നു. കഴുകനും കാക്കക്കും ഹിന്ദുവും മുസ്ലീംമും ഒന്നുപോലെ.

വര്‍ഗ്ഗീയ ലഹള നിയന്ത്രണാതീതമായപ്പോള്‍ പട്ടാളം ക്രമസമാധാനം ഏറ്റെടുത്തു. തെരുവുകളില്‍ പട്ടാളട്രക്കുകള്‍ ചീറിപ്പാഞ്ഞു. തെരുവുകളില്‍ ഹിന്ദുക്കളും മുസ്സീംങ്ങളും ഏറ്റുമുട്ടിയപ്പോള്‍, അവരുടെ സ്ത്രീകള്‍ ഹിന്ദുമുസ്സീം ഭേദമില്ലാതെ പട്ടാളക്കാരാല്‍ മാനഭംഗപ്പെട്ടു. വീടുകളില്‍ നിന്നും മാനഭംഗപ്പെട്ട സ്ത്രീകളുടെ രോദനങ്ങള്‍. തെരുവില്‍ പൊരുതിവീണ മനുഷ്യജന്മങ്ങള്‍.

അന്നൊരുദിവസം മദ്ധ്യകല്‍ക്കട്ടയിലെ മൗലാലിയില്‍ ആയിരുന്നു ഹവീല്‍ദാര്‍ സൈമണ്‍ കുരുവിളക്ക് ഡ്യൂട്ടി. സഹായത്തിന് ശിപായി റാങ്കുളെ മലയാളി ആയ ഒരു സി.വി. ചാക്കപ്പനും. വഴിയോരങ്ങളിലുള്ള ചീഞ്ഞുനാറുന്ന ശവങ്ങളും ചിതറി കിടക്കുന്ന മനുഷ്യാവയവങ്ങളും എടുത്തുമാറ്റഇ തെരുവുകള്‍ വൃത്തിയാക്കുന്ന ജോലിയാണ് അവര്‍ക്ക്. തെരുവുകളില്‍ നിന്നും ശവങ്ങള്‍ ട്രക്കുകളില്‍ ലോഡ് ചെയ്ത് അതിര്‍ത്തി പ്രദേശങ്ങളായ ബഷീര്‍ ഹാട്ടിലും ബാരാസാത്തിലുമുള്ള കാടുകളില്‍ ഉപേക്ഷിക്കും. മുസ്ലീം സഹോദരങ്ങളുടെ ജഢങ്ങള്‍ കറാച്ചിക്കുള്ള തീവണ്ടി ബോഗികളില്‍ അട്ടിയിട്ട് നിറക്കും. അന്നൊരു ദിവസം റെയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരിച്ചുവരുവാന്‍ ഒരുങ്ങുമ്പോള്‍ ചാക്കപ്പന്‍ അമിതമായി മദ്യപിച്ചിരുന്നു. ട്രക്ക് ഓടിക്കുവാന്‍ പറ്റാത്ത അവസ്ഥ. ചാക്കപ്പനെ റെയില്‍വേ സ്റ്റേഷനില്‍ വിശ്രമിക്കുവാന്‍ വിട്ടിട്ട് സൈമണ്‍ കുരുവിള ട്രക്കുമായി ബാരക്കിലേക്ക് പോന്നു. ചാക്കപ്പന്‍ പിറ്റെദിവസം ബാരക്കില്‍ തിരിച്ചെത്തിയില്ല. കമാന്റിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചാക്കപ്പന്റെ തിരോധാനം പട്ടാള റിക്കാര്‍ഡില്‍ ഇന്നും അജ്ഞാതം.

ഇതുവരെ സശ്രദ്ധം കേട്ടുകൊണ്ടിരുന്ന മാത്തുക്കുട്ടിക്ക് ഒരു സംശയം:

"ആ ചാക്കപ്പനാണോ ശോഭയുടെ ബന്ധു ചാക്കപ്പന്‍?"

ഞാന്‍ : "ആയിരിക്കാം. എന്നാല്‍ ശോഭയുടെ ബന്ധു ഇന്നലെ മരിച്ച ചാക്കപ്പനിലേക്ക് ഞാന്‍ വരുന്നു."

മാത്തുക്കുട്ടി ഇപ്പോള്‍ കൂടുതല്‍ ആകാംക്ഷാഭരിതനായി. വേണുവിന്റെ കാര്‍ ഇടശേരിക്കരയിലേക്ക് ഓടിക്കൊണ്ടേയിരുന്നു.

ഇടവപ്പാതിയിലെ തോരാത്തമഴ. കിഴക്കന്കാറ്റ് ശക്തിയായി വീശുന്നു. രാവ് ഏറെ ആയി. ചാക്കപ്പന്‍ ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ല. ചാക്കപ്പന്റെ ഭാര്യ ഏലമ്മ മടിയില്‍ ഒരു വയസ്സുള്ള മകനുമായി മഴവെള്ളം ഇറ്റുവീഴുന്ന ചാണകം മെഴുകിയ തറയില്‍ ചാക്കപ്പന്റെ വരവും കാത്തിരിക്കുന്നു. ഒരു മുറിയും വരാന്തയും ചായിപ്പുമുള്ള ഓലപ്പുരയാണ് ചാക്കപ്പന്റേത്. മുറിയുടെ വാതില്‍ പുകയില ചാക്കുകൊണ്ട് മൂടിയിരിക്കുന്നു. പിഞ്ചിയചാക്കിന്റെ വിടവിലൂടെ മുറ്റം അവ്യക്തമായിക്കാണാം. മുറ്റത്ത് ഒരനക്കം കേട്ടതുപോലെ തോന്നി. ഏലമ്മ മണ്ണെണ്ണ വിളക്ക് കത്തിക്കുവാന്‍ ശ്രമിച്ചു. കത്തുന്നില്ല. വിളക്ക് നനഞ്ഞിരിക്കുന്നു. ഏലമ്മ ചാക്കുമാറ്റി പുറത്തേക്കു നോക്കി. കൂരിരുട്ട്. ഒന്നും വ്യക്തമല്ല. പെട്ടെന്ന് മുകളില്‍ നിന്നും അവളുടെ തലയിലേക്ക് എന്തോ വീണു. അവള്‍ ഞെട്ടിത്തിരിഞ്ഞ് കുഞ്ഞിനെ എടുത്തു. ഉത്തരത്തില്‍ പതുങ്ങി ഇരുന്ന പൂച്ചയാണ് വീണത്. പക്ഷേ, കുഞ്ഞ് എഴുന്നേറ്റ് കരയുവാന്‍ തുടങ്ങി. അവന്‍ വിശന്നിട്ടാണ് കരയുന്നത്. ഒന്നും കൊടുക്കുവാനില്ല. ചാക്കപ്പന്‍ വീട്ടില്‍ വന്നിട്ട് നാലു ദിവസമായി. അയല്‍പക്കത്തുനിന്നും ചിലപ്പോഴുള്ള സഹായങ്ങള്‍ മാത്രം. തെക്കെത്തലക്കലെ ശിവരാമന്റെ വീടാണ് ഏലമ്മക്ക് ഒരാശ്രയം. അവരുടെ അടുക്കളയില്‍ വേവുന്നതിന്റെ ഒരു പങ്ക് ഏലമ്മയുടെ കുഞ്ഞിനായിട്ടെങ്കിലും അവര്‍ എത്തിക്കും. അന്ന് രാവിലെ ആണ് ശിവരാമന്റെ മുറ്റത്തുനിന്ന കുടപ്പന വെട്ടത്. കുടപ്പനയുടെ കുറെ ക്കഷ്ണങങള്‍ ഏലമ്മ വീട്ടില്‍ കൊണ്ടുവന്നു. അതിന്റെ നൂറെടുത്ത് കുറുക്കി കഴിച്ചാണ് ഏലമ്മയും കുഞ്ഞും വിശപ്പടക്കിയത്. കുറുക്കുണ്ടാക്കിയ കലത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അ്ത് കുഞ്ഞിന് കൊടുത്ത് കരച്ചില്‍
മാറ്റാം എന്നു കരുതി ഏലമ്മ തപ്പിത്തടഞ്ഞ് ചായിപ്പിന്റെ വശത്തേക്ക് നീങ്ങി. പക്ഷെ, കലം തലകീഴായി മറിഞ്ഞു കിടക്കുന്നു. പൂച്ചയുടെ പണിയാണത്. ഏലമ്മ കുഞ്ഞിനെ ചേര്‍ത്തു പിടിച്ച് തേങ്ങികരഞ്ഞു.

"ഇന്നെങ്കിലും അപ്പച്ചന്‍ വരും മോനെ"

ഏലമ്മ കുഞ്ഞിനെയും കൊണ്ട് ചായിപ്പിന്റെ കട്ടിളപടിയില്‍ ചാരിയിരുന്നു.
(തുടരും..)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക