Image

നഴ്‌സിങ്ങിലെ മലയാളിത്തം: അന്നു മുതല്‍ ഇന്നു വരെ: മീനു എലിസബത്ത്

മീനു എലിസബത്ത് (Nurses day-May 120 Published on 12 May, 2013
നഴ്‌സിങ്ങിലെ മലയാളിത്തം: അന്നു മുതല്‍ ഇന്നു വരെ: മീനു എലിസബത്ത്
കൈപ്പിടിയിലൊതുങ്ങാത്ത ഭാഷ. വര്‍ണ വിവേചനം. പ്രതികൂല കാലാവസ്ഥ. അപരിചിത അന്തരീക്ഷം. വെല്ലുവിളികള്‍ തരണം ചെയ്തു പുതിയ രാജ്യങ്ങളിലെ ആശുപത്രികളില്‍ രാപ്പകലുകള്‍ ജോലി ചെയ്യാന്‍ പഴയകാല മലയാളി നഴ്‌സുമാര്‍ നിര്‍ബന്ധിതരായത് നല്ലൊരു ജീവിതത്തിനു വേണ്ടി മാത്രമായിരുന്നില്ല. മടക്കത്തെപ്പറ്റി ആലോചിക്കാന്‍ കൂടി കഴിയാത്ത അവസ്ഥ കൊണ്ടു കൂടിയാണ്.
കുടുംബത്തെ ഒട്ടാകെ കര കയറ്റിയ ശേഷം മാത്രമാണ് അന്നത്തെ ഭൂരിപക്ഷം വരുന്ന നഴ്‌സുമാരും വിവാഹത്തെക്കുറിച്ചു ആലോചിക്കുന്നത് പോലും. സ്വന്തമായി കുടുംബവും കുഞ്ഞുങ്ങളുമായതിനു ശേഷവും അവര്‍ സ്വാര്‍ത്ഥരാവാതെ ഭര്‍ത്താവിന്റെയും തന്റെയും കുടുംബങ്ങളെ സഹായിക്കുന്നത് തുടര്‍ന്നു. മൂന്നു വീടുകളുടെ ചെലവ് നടത്താനായി രണ്ടും മൂന്നും ജോലികളും ശമ്പളം കൂടുതല്‍ കിട്ടുന്ന രാത്രി ജോലികളും ഓവര്‍ ടൈംമും ചെയ്യാതെ നിവര്‍ത്തിയുണ്ടായിരുന്നില്ല. പലര്‍ക്കും കുടുംബ ജീവിതം ആസ്വദിക്കുവാനോ ഭര്‍ത്താവിന്റെയോ കുട്ടികളുടെയോ കൂടെ ഇഷ്ടാനുസരണം സമയം പങ്കിടുവാനോ കഴിഞ്ഞില്ല. ഈ ഓട്ടത്തിനിടയില്‍ അന്നത്തെ നഴ്‌സുമാരില്‍ ഭൂരിപക്ഷത്തിനും ജനിച്ച നാടിന്റെ ഭാഷയോ സംസ്‌കാരമോ ഒന്നും ഇവിടെ ജനിച്ചു വളര്‍ന്ന മക്കള്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ല എന്നുള്ളത് യാഥാര്‍ഥ്യം.

ഇതേ വ്യക്തികളുടെ ഇന്നത്തെ അവസ്ഥയോ? 60 കളുടെ അവസാനം മുതല്‍ 70 കളുടെ ആദ്യം മുതല്‍ കേരളത്തില്‍ നിന്നു കുടിയേറിയ നഴ്‌സുമാര്‍ മിക്കവരും പെന്‍ഷന്‍ പറ്റി വീട്ടിലിരിക്കുന്നു. നല്ല ശതമാനം പലവിധ രോഗത്തിനും അടിമകളാണ്. ചിലര്‍ റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞിട്ടും ജോലി ചെയ്യുന്നു. ചിലരുടെയെങ്കിലും ഭര്‍ത്താക്കന്മാര്‍ നല്ല പ്രായത്തില്‍ ജോലിക്ക് പോകാതെ വീട്ടില്‍ കുട്ടികളെയും നോക്കിയിരുന്നവരോ കുറച്ചു മാത്രം ജോലി ചെയ്തവരോ ആണ്. ചിലരുടെ വിവാഹപ്രായം കഴിഞ്ഞ മക്കള്‍ ഇന്നും കൂടെയുണ്ട്. ഇവരുടെയെല്ലാം സാമ്പത്തിക ഭദ്രതയ്ക്കും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എന്ന സുരക്ഷിതത്വത്തിന് വേണ്ടിയുമാണ് ഇന്നും ചില നഴ്‌സുമാര്‍ റിട്ടയര്‍മെന്റിനു ശേഷവും നിവര്‍ത്തിയില്ലാതെ ആതുരസേവനം തുടരാന്‍ നിര്‍ബന്ധിതരാവുന്നത് ചുരുക്കമായെങ്കിലും കാണുന്നു. ആരോഗ്യമുള്ളവര്‍ മടുപ്പ് മാറ്റാനായും ജോലിയെടുക്കുന്നു.

ആദ്യ കുടിയേറ്റക്കാരായ മലയാളികളുടെ അമിതമായ സ്‌ട്രെസ് നിറഞ്ഞ ജീവിതരീതിയും ഭക്ഷണ രീതിയില്‍ വന്ന വ്യതിയാനങ്ങളും വ്യായാമത്തിന്റെ അഭാവവും നല്ലൊരു ശതമാനം പുരുഷന്മാരുടെ അമിത മദ്യപാനവും മറ്റു പരമ്പരാഗത രോഗങ്ങളും മൂലം ആ തലമുറ നല്ല പ്രായമാകുന്നതിനു മുന്‍പേ അകാലചരമം അടയുന്നതായാണ് കാണുന്നത്. അതിനാല്‍ നല്ലൊരു ശതമാനം നഴ്‌സുമാരും വാര്‍ധക്യത്തിനു മുന്‍പേ വൈധവ്യം ഏറ്റുവാങ്ങാന്‍ നിര്‍ബന്ധിതരാവുന്നു. നല്ല പ്രായത്തില്‍ വേണ്ട വിശ്രമം കിട്ടാതെ ഓടി നടന്ന ഇവരില്‍ പലരുടേയും സ്ഥിതി കടുത്ത അനാരോഗ്യത്തിലാണ്. സോഷ്യല്‍ സെക്യൂരിറ്റി ചെക്കും മറ്റു പെന്‍ഷനുകളും ഉള്ളതിനാല്‍ സാമ്പത്തികമായ പ്രയാസം ഇല്ലെങ്കിലും മക്കള്‍ കൂടെയില്ലാത്തതിന്റെ പ്രയാസം അനുഭവിക്കുന്നവരാണ് അധികവും.

അമേരിക്കയില്‍ വളര്‍ത്തിയ മക്കള്‍ തനി അമേരിക്കക്കാരായതിനാല്‍ ഇവിടുത്തെ രീതി പോലെ അവര്‍ നോക്കുമെന്ന വ്യാമോഹം അമേരിക്കന്‍ മലയാളികള്‍ക്കില്ല. മദേര്‍സ് ഡേയ്‌ക്കോ ക്രിസ്മസിനോ വന്നെന്നിരിക്കും വന്നില്ലെന്നിരിക്കും. അന്നത്തെ ബഹുഭൂരിപക്ഷം നഴ്‌സുമാര്‍ക്ക് പല കാരണങ്ങള്‍ കൊണ്ടും മക്കളെ കണ്ണ് നിറയെ ഒന്ന് കാണുവാന്‍ പോലും സമയം കിട്ടിയിട്ടില്ലല്ലോ. സമയം കിട്ടി വന്നപ്പോള്‍ വളരെ വൈകിപ്പോയി എന്നു മാത്രം.

ചിലര്‍ക്കെല്ലാം നാട്ടില്‍ നിന്നു കൊണ്ടു വന്നിരിക്കുന്ന ബന്ധുക്കള്‍ വാര്‍ധക്യകാലത്ത് സഹായത്തിനുണ്ട് അല്ലാത്തവര്‍ അമേരിക്കക്കാര്‍ നടത്തുന്ന നഴ്‌സിംഗ് ഹോമുകളില്‍വയസു കാലത്ത് വായിക്കു രുചിയുള്ള ഭക്ഷണം പോലും കിട്ടാതെ ഹാംബര്‍ഗറും ഹോട്ട് ഡോഗും കഴിച്ചു അവസാന കാലം കഴിക്കേണ്ടി വരുന്ന ഗതികേടിലാണ്. ഇവിടെയുള്ള ഒരു മലയാളി സംഘടനകള്‍ക്കും ഇതേക്കുറിച്ചൊന്ന് ചിന്തിക്കുവാനോ തീരുമാനങ്ങളെടുക്കുവാനോ ഭാവമില്ല. ആഘോഷങ്ങളും മറ്റു പരിപാടികളും നടത്തുന്നതിലാണ് താല്‍പര്യം.

പ്രായമായിക്കൊണ്ടിരിക്കുന്ന നഴ്‌സുമാരുള്‍പ്പെടെയുള്ള അമേരിക്കയുടെ മുന്‍തലമുറയ്ക്ക് വേണ്ടി നമ്മുടെ രീതിയിലുള്ള ഭക്ഷണക്രമീകരണവും മറ്റു സൗകര്യങ്ങളുമുള്ള ഓള്‍ഡ് എജു ഹോമുകള്‍ കെട്ടിപ്പൊക്കുവാന്‍ പുതിയ തലമുറയിലെ മലയാളികള്‍ തീര്‍ച്ചയായും മുന്‍കൈയെടുത്ത് മുന്നോട്ടു വരേണ്ട കാലം കഴിഞ്ഞുവെന്നാണ് ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള അടുത്തയിടെ പറഞ്ഞത്.

കഴിഞ്ഞ പത്തു 12 വര്‍ഷങ്ങള്‍ക്കിടയില്‍ സി ജി എഴുതി എച്ച് 1 വിസയിില്‍ ഗള്‍ഫില്‍ നിന്നും കേരളത്തില്‍ നിന്നും ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും കുടിയേറ്റം നടത്തിയ നഴ്‌സും കുടുംബവും അമേരിക്കയിലും യൂറോപ്പ് ആകമാനവും ഉണ്ട്. എന്താണ് ഇവരുടെ നില?

ഉടുതുണിക്ക് മറുതുണിയില്ലാതെ പ്രാരബ്ധത്തിന്റെയും കഷ്ടപ്പാടിന്റെയും ഭാണ്ഡക്കെട്ടുകളുമായി ഉറ്റവരെയും ഉടയവരെയും ഇട്ടിട്ടു പോരേണ്ടി വന്ന പഴയകാല മലയാളി നഴ്‌സിന്റെ കദനകഥയല്ല പുതിയകാല നഴ്‌സിന്റെയും കുടുംബത്തിന്റെയും കഥ. ഇവരില്‍ പലരും ഗള്‍ഫിലും നാട്ടിലും മറ്റു രാജ്യങ്ങളിലും വലിയ പ്രശ്‌നങ്ങളില്ലാതെ ജോലി ചെയ്തു പോന്നവരാണ്. ഗള്‍ഫില്‍ നിന്നു വന്ന ഭൂരിപക്ഷത്തിനും നല്ല ബാങ്ക് ബാലന്‍സും സമ്പാദ്യവും ഉണ്ടായിരുന്നതിനാല്‍ വന്ന ഉടനെ അവര്‍ക്ക് ഇഷ്ടാനുസരണം പാര്‍പ്പിടങ്ങളും വാഹനങ്ങളും അവസരങ്ങളുണ്ടായി. പണ്ടുള്ളവരെ പോലെ ആര്‍ക്കും നാട്ടിലേക്കു വലിയ സഹായങ്ങളൊന്നും ചെയ്യേണ്ട ആവശ്യവുമില്ല.

ഇങ്ങനെയെല്ലാമാണെങ്കിലും ഇവരില്‍ ഭൂരിഭാഗത്തിന്റെയും ഭര്‍ത്താക്കന്മാര്‍ക്ക് തത്തുല്യ വേതനം ലഭിക്കുന്ന ഉദ്യോഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഇന്നും ഈ നഴ്‌സുമാരില്‍ നല്ല ശതമാനവും കൂടുതല്‍ വേതനം കിട്ടുന്ന രാത്രി ജോലികളും ഓവര്‍ ടൈംമും ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. കൂടാതെ മതപരവും സാമൂഹികവുമായ ഭാരങ്ങള്‍ പുതിയ തലമുറയിലെ ആതുരസേവനക്കാരിയുടെ ചുമലിലേക്ക് വന്നു വീഴുന്നു. ഫലമോ കഴിഞ്ഞ തലമുറയിലെ നഴ്‌സുമാരുടെ ഗതി തന്നെ മറ്റൊരു രീതിയില്‍ ഇവരെയും കാത്തിരിക്കുന്നു. പുതിയവര്‍ ഉള്ള സമയം ഒട്ടൊക്കെ ജീവിതം ആസ്വദിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവര്‍ക്കും മക്കളോടൊപ്പം ചെലവിടുവാന്‍ ലഭിക്കുന്ന സമയം കുറവ്. വന്നപ്പോള്‍ മലയാളഭാഷ നന്നായി പറഞ്ഞിരുന്ന ഇവരുടെ കുട്ടികളും ഭാഷയും സംസ്‌കാരവും മറന്നെങ്കില്‍ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.

അമേരിക്കയിലെ വലിയ പട്ടണങ്ങളിലെല്ലാം കോടികള്‍ വിലയുള്ള മിക്ക ക്രിസ്തീയ ആരാധാനാലയങ്ങളും തലയെടുപ്പോടെ നില്‍ക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് പഴയ തലമുറയിലെയും പുതിയ തലമുറയിലെയും നഴ്‌സിന്റെ വിയര്‍പ്പിന്റെ ഫലമാണ്. ഓരോ മലയാളിപള്ളികളില്‍ നിന്നും കേരളത്തിലെ ക്രിസ്തീയ സഭകള്‍ക്ക് കിട്ടുന്ന വരുമാനം വളരെ വലുതുമാണ്. നാട്ടില്‍ നിന്നും മാസം തോറും അമേരിക്കയിലേക്ക് വരുന്ന മത നേതാക്കളെയും കലാ സാഹിത്യകാരന്മാരെയും രാഷ്ട്രിയക്കാരെയും ടിക്കറ്റ് കൊടുത്തു കൊണ്ടു വന്നു ഊട്ടി തൃപ്തിപ്പെടുത്തി പോകാന്‍ നേരം പോക്കറ്റ് നിറയെ ഡോളര്‍ നിറയ്ക്കാനും അന്നും ഇന്നും പാവം നഴ്‌സിന്റെ പേഴ്‌സ് തുറന്നെങ്കിലേ നടക്കൂ. മത സംഘടനങ്ങളെ പോലെ അമേരിക്ക മുഴുവന്‍ കൂണു പോലെ മുളച്ചു വരുന്ന സാമൂഹിക സംഘടനകളും വ്യത്യസ്തമല്ല. വരുമാനം കുറഞ്ഞ ഭര്‍ത്താക്കന്മാര്‍ അംഗങ്ങള്‍ ആയിട്ടുള്ള ഈ സംഘടനകള്‍ക്കെല്ലാം കൈയ്യയച്ചു സംഭാവന ചെയ്യാന്‍ അന്നും ഇന്നും ഓരോ മലയാളി നഴ്‌സും നിര്‍ബന്ധിതരാവുകയാണ്. ഫലമോ രാപ്പകല്‍ ഓടി നടന്നുള്ള ജോലി ചെയ്യല്‍ തന്നെ.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യു യോര്‍ക്കിന്റെ പ്രസിഡന്റ് ഉഷ ജോര്‍ജിന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ തലമുറയിലെ നഴ്‌സിനെ പോലെ ഓടിനടന്നു ജോലി ചെയ്യേണ്ട ആവശ്യം പുതുതായി വരുന്നവര്‍ക്കില്ല. പക്ഷെ ഇതിനെക്കുറിച്ച് ഇവര്‍ തന്നെ ബോധവതികളായേ പറ്റൂ, അവര്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള സമയം മാത്രം ജോലി ചെയ്തു ബാക്കി സമയം കുടുംബത്തോടൊപ്പവും മറ്റു സാമൂഹിക കൂട്ടായ്മകള്‍ക്കും മാറ്റി വയ്ക്കാന്‍ സംഘടനാ മീറ്റിങുകളില്‍ പറയാറുണ്ടെന്നും ഉഷ പറഞ്ഞു.

ഇത് പല കാലഘട്ടങ്ങളായി നഴ്‌സുമാര്‍ കടന്നു പോന്ന പാതകളുടെ കഥ. ഒരിക്കലും മറക്കാന്‍ പാടില്ലാത്ത സത്യങ്ങള്‍. അന്നും ഇന്നും മലയാളി നഴ്‌സിനു കഷ്ടപ്പാട് തന്നെ. സ്വന്തം നാടിനും വീടിനും പ്രകാശം പരത്തി ഒരു ജനതയെ നന്മയിലേക്കും സാമ്പത്തിക ക്ഷേമത്തിലേക്കും നയിച്ചു ഇന്ന് വാര്‍ധക്യത്തില്‍ എത്തി നില്‍ക്കുന്ന ഈ നഴ്‌സുമാരുടെ പ്രശ്‌നങ്ങളെക്കുറിച്ചു ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? ഇന്നുവരെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഭാരത രത്‌നമോ അതു പോലെയുള്ള ഏതെങ്കിലും ഉന്നത പദവിയോ ദേശീയ പുരസ്‌കാരമോ നല്‍കി ഏതെങ്കിലും നഴ്‌സിനെ അംഗീകരിച്ചതായി കേട്ടിട്ടില്ല! കേരളം പോലും അവരോടു നന്ദിക്കേടാണ് കാണിക്കുന്നത്.

വിളക്കേന്തിയ പെണ്‍കുട്ടിയുടെ പാത പിന്തുടര്‍ന്ന് പല വയറുകള്‍ നിറക്കുവാന്‍ മനസോടും മനസ് കൂടാതെയും ആതുര സേവനത്തിനു ഇറങ്ങിപ്പുറപ്പെട്ട നമ്മുടെ നഴ്‌സുമാര്‍ ഇരുവശവും കത്തിതീരുന്ന മെഴുകുതിരികളാണ്. സ്വയം ഉരുകി ലോകം മുഴുവന്‍ വെളിച്ചം പകരുന്ന വിശുദ്ധമായ മെഴുകുതിരികള്‍...

(കടപ്പാട്: മനോരമ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക