Image

സ്വപ്നാടനം(നോവല്‍ ഭാഗം-15)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 22 May, 2013
സ്വപ്നാടനം(നോവല്‍ ഭാഗം-15)- നീന പനയ്ക്കല്‍
പതിനഞ്ച്
രണ്ടാം വര്‍ഷമായി ബീന കോളേജില്‍.

കെമിസ്ട്രി ക്ലാസില്‍ വെച്ചാണ് അവള്‍ മെഗ്ഗിയെ പരിചയപ്പെട്ടത്. മെഗ്ഗി ഒരു ബാറില്‍ വെയ്‌സ്ട്രസ്സായി ജോലി നോക്കുന്നു.

ബാറിലെ പരിചാരികക്ക് നല്ല ശമ്പളമുണ്ട്. ടിപ്പും കിട്ടും. റിച്ച് ബോയ്‌സിനെ പരിചയപ്പെടാന്‍ നല്ല അവസരങ്ങളും കിട്ടും. മെഗ്ഗി ബീനയെ പ്രലോഭിപ്പിച്ചു.

റിച്ച് ബോയ്‌സിനെ പരിചയപ്പെടാന്‍ ബീനക്ക് ഒട്ടും മോഹമില്ല. വേണ്ടത് നല്ല ശമ്പളവും ടിപ്പുമാണ്. കുറെ ഡോളറുണ്ടാക്കണം. ഷാനന്റെ അപ്പാര്‍ട്ട്‌മെന്റില്‍ പോകണം. അവളോടൊപ്പം കാലിഫോര്‍ണിയ മുഴുവന്‍ കറങ്ങണം.

മെഗ്ഗിയുടെ ശുപാര്‍ശയില്‍ ബീനക്ക് അവളുടെ ബാറില്‍ ജോലികിട്ടി.

എങ്ങുമെങ്ങും എത്താത്ത യൂണിഫോറമിട്ട് ബാര്‍ടെന്ററുടെ അടുത്തുനിന്ന ബീനയെക്കണ്ട് കുടിക്കാന്‍ വന്നവര്‍ ചൂളമടിച്ചു. ആദ്യമൊക്കെ അവള്‍ക്കും ഒരു രസം തോന്നി.

രണ്ടു മാസം കഴിഞ്ഞ് നെയിംബാഡ്ജ് വലിച്ചെറിഞ്ഞ് ഐ ക്വിറ്റ് എന്നും പറഞ്ഞ് ഇറങ്ങിപ്പോകുമ്പോള്‍ അവള്‍ പ്രതിജ്ഞ ചെയ്തു; ഇത്തരം പണി ഈ ജീവിതത്തില്‍ ഇനിയില്ല.

കുടിക്കാന്‍ വരുന്ന ലോക്ലാസ്സുകളുടെ അശ്ലീലം കലര്‍ന്ന കമന്റടികള്‍ കേട്ട് അവളുടെ ചെവി പൊള്ളി. പലപ്പോഴും പലരും പറയുന്ന നാടന്‍ ശൈലികള്‍ അവള്‍ക്കു മനസ്സിലായില്ല. മെഗ്ഗിയോടു ചോദിക്കുമ്പോഴാണ് അര്‍ത്ഥം മനസ്സിലാകുന്നത്. അപമാനം കൊണ്ട് തൊലി പൊളിഞ്ഞു പോകും.

മിസ് ബീനക്ക് വലിയ ഡിമാന്റാണ് ബാറില്‍. അവളുടെ അതിമനോഹരമായ വിടര്‍ന്ന കണ്ണുകളും തഴച്ചു തിളങ്ങുന്ന ബോബ് ചെയ്ത കറുത്ത മുടിയും വെളുത്തവര്‍ കൊതിക്കുന്ന-ആയിരക്കണക്കിന് ഡോളര്‍ ചെലവഴിച്ചിട്ടും അവര്‍ക്കു കിട്ടാത്ത 'സ്‌കിന്‍ കളറും' കുടിയന്മാരില്‍ ഉന്മാദമിളക്കി.

തേര്‍ഡ് വേള്‍ഡ് കണ്‍ട്രിയില്‍ നിന്നും വന്ന ബ്യൂട്ടി. ഷി ഷുഡ് ബി ഈസി. അവര്‍ കരുതി.

മിസ് ബീന ഓര്‍ഡറെടുക്കണം എല്ലാവര്‍ക്കും. വലിയ ടിപ്പ് കൊടുക്കും. കൈയില്‍ കൊടുക്കില്ല. മേശപ്പുറത്തും വെക്കില്ല. യൂണിഫോമിലേക്ക് തിരുകിക്കയറ്റണം അവര്‍ക്ക്.

ഇന്നു രാത്രി നീ എന്റെ കൂടെ വരുന്നോ? വി വില്‍ ഹാവ് എ നൈസ് ടൈം. നിന്നെ ഞാന്‍ ഒത്തിരി രസിപ്പിക്കാം. ചില കുടിയന്മാര്‍ ചോദിക്കും.

ബീന അരിശം കടിച്ചമര്‍ത്തും. മുഷ്ടിചുരുട്ടി അവന്മാരുടെ മുഖത്ത് ഇടിക്കാനാണ് തോന്നുക. പക്ഷേ സഹിക്കാതെ കഴിയില്ലല്ലോ. 'കസ്റ്റമര്‍ ഈസ് ആള്‍വേയ്‌സ് റൈറ്റ്.' അതാണ് ബാറിലെ നിയമം.

ഹേ ബ്യൂട്ടിഫുള്‍, ഇഫ് യു വില്‍ ബി നൈസ് ടു മീ, ഐ വില്‍ ഗീവ് യു എനിതിംഗ് യു വാണ്ട്. കം ലിവ് വിത്ത് മീ. ക്വിറ്റ് ദിസ് ജോബ്. ഐ വില്‍ സെന്‍ഡ് യു ത്രൂ കോളേജ്(സുന്ദരിക്കുട്ടീ, നിനക്കെന്നെ സ്‌നേഹിക്കാന്‍ സാധിക്കുമെങ്കില്‍ എന്റെ കൂടെ വന്ന് താമസിക്ക്. ഈ ജോലി കളഞ്ഞേക്ക്. നിന്നെ ഞാന്‍ കോളേജിലയച്ചു പഠിപ്പിക്കാം.) ബാറില്‍ വന്ന ചില സ്ത്രീകള്‍ അവളെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ വലിയ പണക്കാരിയാണ്. നീയൊരിക്കലും ഈ പുരുഷമൃഗങ്ങളെ വിശ്വസിക്കരുത്. നിനക്ക് എന്തു വേണമെങ്കിലും ഞാന്‍ തരാം.

ആ സ്ത്രീകള്‍ ഏതു തരക്കാരാണെന്ന് ബീനക്ക് മനസ്സിലായി. അവരോട് ഒന്നിളിച്ചു കാട്ടിയിട്ട് സ്ഥലം വിടുകയായിരുന്നു ബീനയുടെ പതിവ്.

ഒരു വീക്കെന്റില്‍ കസ്റ്റമേഴ്‌സിന്റെ ശല്യം സഹിക്കവയ്യാതെ ബീന മാനേജരോട് പരാതി പറഞ്ഞു.

'ഞങ്ങള്‍ നിനക്ക് നല്ല ശമ്പളം തരുന്നുണ്ട്.' അയാള്‍ രസിക്കാത്ത മട്ടില്‍ സംസാരിച്ചു. 'ബി നൈസ് ടു ദി കസ്റ്റമേഴ്‌സ്, നീ സുന്ദരിയും ആരോഗ്യവതിയുമാണ്. കസ്റ്റമേഴ്‌സിന് നിന്നെ സന്തോഷിപ്പിക്കണമെന്നേയുള്ളൂ. സൊ, ഐ സജസ്റ്റ് യു ബി നൈസ് ടു ദം.'

മാനേജരുടെ കണ്ണുകളിലേക്കവള്‍ തറപ്പിച്ചു നോക്കി.

ബാസ്റ്റാര്‍ഡ്. അവള്‍ മനസ്സില്‍ പറഞ്ഞു.

പിന്‍വശത്തെ മുറില്‍ പോയി അവള്‍ യൂണിഫോം മാററി ജീന്‍സും ഷര്‍ട്ടുമിട്ടു തിരികെ വന്നു. നെയിം ബാഡ്ജ് ഊരി മാനേജരുടെ മേശപ്പുറത്തേക്കിട്ടു.

ഐ ക്വിറ്റ്. സെന്റ് മൈ ചെക്ക് ബൈ മെയില്‍( ഞാന്‍ പിരിയുന്നു. എന്റെ ശമ്പളം തപാലിലയച്ചേക്ക്).

അവള്‍ തിരിഞ്ഞു നടന്നു.

'ഹേയ്, യു കനാട്ട് ഡു ദിസ്. ഒളരെ തിരക്കുള്ള സമയമാണിപ്പോള്‍ . നീ പോകരുത്.' അവള്‍ ഉറക്കെ വിളിച്ചു.

ഐ ജസ്റ്റ് ഡിഡ്. ആന്റ് യൂ കാന്‍ ഗോ ടു ഹെല്‍. (എനിക്കിത് ചെയ്യാന്‍ പറ്റു. നീ വല്ല നരകത്തിലും പോ)

ബീന അവിടെ നിന്നില്ല. വൃത്തികെട്ടവന്മാര്‍, വൃത്തികെട്ട കൈകൊണ്ട് എന്നെ തൊടുന്നത് എനിക്ക് സഹിക്കില്ല. പല്ലിറുമ്മി പിറുപിറുത്തുകൊണ്ട് അവള്‍ നടന്നു.

മെഗ്ഗിക്ക് ദേഷ്യമായി. ബീനയുണ്ടായിരുന്നപ്പോള്‍ ബാറില്‍ കൂടുതല്‍ വില്പനയുണ്ടായിരുന്നു. ചെറിയൊരു കമ്മീഷനും കിട്ടിയിരുന്നു. ഏതോ ഒരു കസ്റ്റമര്‍ സ്‌നേഹത്തോടെ പിന്‍വശത്ത് കൈകൊണ്ട് ഒന്നു തട്ടിയതിന് ഒരു മുന്നറിയിപ്പുമില്ലാതെ പിരിഞ്ഞു പോവുകയോ? ഒട്ടും ന്യായമല്ലത്.

'ഞാന്‍ ആ കുടിയന്മാരുടെ വൃത്തികേടും സഹിച്ച് അവിടെ ജോലി ചെയ്യുന്നില്ലേ?' ക്ലാസില്‍ വെച്ച് മെഗ്ഗി ചോദിച്ചപ്പോള്‍ ബീന പറഞ്ഞു.

'ബാറില്‍ കുടിയന്മാരല്ലാതെ വേറാരാ വരിക? ശമ്പളം കൂടുതല്‍ കിട്ടിയാല്‍ നീ വരുമോ? മാനേജര്‍ എന്നെ പ്രസ് ചെയ്യുന്നു.'

'ഞാന്‍ വരില്ല.'

'എന്തു കൊണ്ട്? നീയൊരു മാലാഖയൊന്നും ചമയണ്ട. ആണുങ്ങളോട് കൊഞ്ചിക്കുഴയുന്നത് ഞാന്‍ കണ്ടിട്ടുള്ളതല്ലേ.'

ബീനയ്ക്ക് ദേഷ്യം വന്നു.

'വൈ ഡോണ്‍ട് യു ഗോ ജംപ് ഇന്‍ എ ലേക്ക്.' അവള്‍ ചീറി.

ആ ക്ലാസില്‍ അവള്‍ക്ക് ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു.
കേളേജ് കാമ്പസ്സില്‍ മരച്ചുവട്ടില്‍ കുട്ടികള്‍ കൂട്ടം കൂടിയിരുന്നു പുകവലിക്കുന്നു.

കമാണ്‍, ഹാവ് എ സ്‌മോക്ക്(വാ. ഒന്നു വലിക്കാം.) അവള്‍ അവരെ കടന്നു പോയപ്പോള്‍ ഒരു പെണ്‍കുട്ടി ക്ഷണിച്ചു.

'നന്ദി. വേണ്ട. ഞാന്‍ വലിക്കില്ല.'

'കണ്ടിട്ട് നിനക്കേന്തോ വിഷമമുണ്ടല്ലോ. കമാണ്‍ ബേബീ. ഒരൊറ്റത്തവണ വലിച്ചാല്‍ മതി. പിന്നെ നിനക്ക് ഒരു വിഷമവും തോന്നുകയില്ല.'

ആ പെണ്ണിന്റെ അല്പം കുഴഞ്ഞ സംസാരത്തില്‍ നിന്നും വെറും സിഗരറ്റല്ല അവള്‍ പുകയ്ക്കുന്നതെന്നവള്‍ക്ക് തീര്‍ച്ചയായി.

ഡ്രഗ്‌സ് എന്തൊക്കെ ദൂഷ്യം ചെയ്യും എന്ന് അവള്‍ക്കറിയാം. വായിച്ചിട്ടുണ്ട്. സ്‌ക്കൂളില്‍ പഠിച്ചിട്ടുണ്ട്. ഡ്രഗ്ഗ് അഡിക്ഷനില്‍ നിന്നും കഠിന പ്രയത്‌നം ചെയ്തു വിമോചിതരായ ചില പ്രശസ്തര്‍ സ്‌ക്കൂളില്‍ വന്ന് അവരുടെ അനുഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്.

എന്തായാലും ഇന്നത്തെ ദിവസം ഒരു സ്‌മോക്കിന് പറ്റിയ ദിവസം തന്നെ. ജോലി കളഞ്ഞു. മെഗ്ഗിയുമായി പിണങ്ങി. മനസ്സിന് ഒരു സുഖവുമില്ല.

അവള്‍ ആ കുട്ടികളോടൊപ്പം മരച്ചുവട്ടില്‍ ഇരുന്നു. ഒരു മിനിസിപ്ലോക്ക് ബാഗും പേപ്പറും അവര്‍ അവള്‍ക്ക് നല്കി.

ഇതാ നീ തന്നെ ഒരു സിഗരറ്റുണ്ടാക്ക്.

വെള്ളപേപ്പര്‍. പുകയിലയുടെ മണം. ഉള്ളില്‍ വെച്ചു തെറുക്കാന്‍ തവിട്ടും പച്ചയും നിറം കലര്‍ന്ന തരികള്‍.

ഒരു സിഗരറ്റുണ്ടാക്കാന്‍ ബീന ശ്രമിക്കുന്നതിനിടക്ക് തൊട്ടടുത്തിരുന്ന പെണ്‍കുട്ടി അവള്‍ വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് ബീനയുടെ ചുണ്ടുകള്‍ക്കിടയില്‍ തിരുകിക്കൊടുത്തു.

വായ നിറച്ച് വലിക്ക്. ഇറ്റ് വില്‍ മേക്ക് യു ഫീല്‍ ഗുഡ്. നിനക്കു നല്ല സുഖം അനുഭവപ്പെടും. അവര്‍ കുണുങ്ങിച്ചിരിച്ചു.

കൂടിയരിക്കുന്ന ഓരോരുത്തരേയും ബീന മാറിമാറി നോകകി. എല്ലാവരും ഏതോ നിര്‍വൃതിയിലാണ്ടതുപോലെ.

മുക്കാലും എരിഞ്ഞു തീര്‍ന്ന ആ സിഗരിറ്റിലേക്ക് ശ്രദ്ധവെച്ച് അവള്‍ ഒരു വലിയ കവിള്‍ പുക വലിച്ചെടുത്തു. സ്വാളോ ഇറ്റ് ഹണീ.. കുണുങ്ങിച്ചിരിയോടെ ഒരുവള്‍ പറഞ്ഞു.

പുക തൊണ്ടയും ശ്വാസനാളങ്ങളും എരിച്ചുകൊണ്ട് താഴേക്കിറങ്ങി. ചുമച്ചു പോയി. ശ്വാസംമുട്ടി. കണ്ണിലൂടെയും മൂക്കിലൂടെയും നീരൊഴുകി. എങ്കിലും ഒന്നുരണ്ടു പുക കൂടി അവളെടുത്തു.

നിമിഷങ്ങള്‍ പതിയെ നീങ്ങി. വര്‍ണ്ണിക്കാനാവാത്ത സുഖം. പ്രകൃതി ശാന്തം, മനസു ശാന്തം,
ലോകമാകെ ശാന്തം. ഭാരമില്ലാത്ത ശരീരം നേര്‍ത്തു തൂവലായി പാറിപ്പറക്കുന്നതുപോലെ. കണ്ണുകള്‍ സാവധാനം അടയുന്നു.

എപ്പോഴോ കണ്ണുതുറന്നപ്പോള്‍ മരച്ചുവട്ടില്‍ അവള്‍ മാത്രം. എവിടെ എല്ലാവരും? അവള്‍ മെല്ലെ എഴുന്നേറ്റു. ഗമയമെന്തായി? അവള്‍ കൈത്തണ്ടയിലേക്കു നോക്കി. കൈയില്‍ കെട്ടിയിരുന്ന സ്വര്‍ണ്ണച്ചെയിനുള്ള വിലയേറിയ വാച്ച് കാണാനില്ല.

ഒരു കുറിപ്പ് നിലത്തു കിടക്കുന്നുണ്ടായിരുന്നു. “സ്വീറ്റ്ഹാര്‍ട്ട്, ഞങ്ങള്‍ നിന്റെ വാച്ച് എടുക്കുന്നു. നിന്റെ ബാഗില്‍ കുറച്ചു സിഗരറ്റ് ഇട്ടിട്ടുണ്ട്. ഡോളറൊന്നും കണ്ടില്ല.”

അവള്‍ ബാഗ് തുറന്നു നോക്കി. നാലു വെള്ള സിഗാര്‍ പേപ്പറുകളും രണ്ടു കുഞ്ഞു സിപ് ലോക്ക് ബാഗില്‍ മരുന്നുപൊടിയും.

തലപൊട്ടിപ്പോകുമെന്നു തോന്നി ബീനക്ക്. വയറ് കത്തുന്നു. ഡോമിലേക്ക് സാവധാനത്തില്‍ അവള്‍ നടന്നു. മുറി തുറന്ന് അകത്തു കയറി കട്ടിലിലേക്കു വീഴുന്നതിനു മുമ്പ് വല്ലാതെ ഓക്കാനിച്ചു. ബാത്ത്‌റൂമിലേക്കു ഓടി. പച്ചനിറത്തിലുള്ള ദ്രാവകം പുറത്തുവന്നു.

മുഖം കഴുകി വന്നു കിടക്കയിലേക്കു വന്നുവീണു. അവള്‍ക്ക് കരയാന്‍ തോന്നി. എനിക്കാരുമില്ല. ഡാഡിയില്ല. മമ്മിയില്ല, ഡോളറില്ല. വിശ്വസിക്കാന്‍ പറ്റിയ ഒരു ഫ്രണ്ടില്ല.

കരച്ചില്‍ ഉച്ചത്തിലായി.

വാതിലില്‍ മുട്ടുകേട്ടു.

ബീന തല ഉയര്‍ത്തി നോക്കി. വാതില്‍ അല്പം തുറന്നു പിടിച്ച് തൊട്ടടുത്ത മുറിയിലെ പെണ്‍കുട്ടി നില്‍ക്കുന്നു.

“വാട്ട് ഹാപ്പന്‍ഡ്? എന്തുണ്ടായി? ആര്‍ യു ആള്‍റൈറ്റ്?”മറുപടി പറയാതെ ബീന കരച്ചില്‍ തുടര്‍ന്നു.

പെണ്‍കുട്ടി മെല്ലെ മുറിയിലേക്ക് കയറിച്ചെന്നു.

'എന്റെ പേര് സൂസന്‍ ഹ്യൂസ്. നിന്റെ വാതില്‍ ലോക്ക് ചെയ്തിട്ടില്ലായിരുന്നു. അതുകൊണ്ടാണഅ കരച്ചില്‍ കേട്ടപ്പോള്‍ തുറന്നു നോക്കിയത്. എന്തിനാണ് കരയുന്നത്? എന്തെങ്കിലും സഹായം ചെയ്യാന്‍ എനിക്കു സാധിക്കുമെങ്കില്‍…'

ബീന കരച്ചില്‍ നിര്‍ത്തി.

'താങ്ക്യൂ വെരിമച്ച്. ഐ നോ യുവര്‍ നെയും. ഐ ആം ബീന.. ആന്റെ ഐ ആം ആള്‍റൈറ്റ് നൗ.
സൂസന്‍ ഹ്യൂസ് ബീനയുടെ മുറിയില്‍ ഒന്നു കണ്ണോടിച്ചു. വളരെ വിലപിടിപ്പുള്ള സാധനങ്ങല്‍ മാത്രം. ഏതോ കാശുള്ള വീട്ടിലെ പെണ്ണാണിവള്‍.

സിങ്കിള്‍ റൂമില്‍ താമസിക്കുന്ന ഇന്‍ഡ്യക്കാരിപ്പെണ്ണിനോട് സൂസന് വലിയ താല്പര്യമൊന്നും തോന്നിയിരുന്നില്ല. തൊട്ടടുത്ത മുറിയിലായിരുന്നെങ്കിലും കണ്ടാല്‍ ഒരു ഹായ് പറയാന്‍ പോലും മെനക്കെട്ടിരുന്നില്ലതാനും, പക്ഷേ,

കോളേജില്‍ അഡ് വാന്‍സ്ഡ് മാത്ത്‌ലും സയന്‍സുകളിലും ബീന കാട്ടുന്ന മികവ്. സാമര്‍ത്ഥ്യം സൂസന്റെ ശ്രദ്ധയാകര്‍ഷിച്ചു. ബ്രില്യന്റ് ഗേള്‍. കൂട്ടുകൂടാന്‍ കഴിഞ്ഞെങ്കില്‍ മാത് സിനും കെമിസ്ട്രിക്കും ട്യൂട്ടര്‍ ചെയ്യിക്കാമായിരുന്നു.

പക്ഷേ വെറുമൊരു സോഫോമോര്‍(രണ്ടാം വര്‍ഷക്കാരി) ആയ ആ കുട്ടിയോട് സീനിയര്‍(മൂന്നാം വര്‍ഷക്കാരി) ആയ താന്‍ എങ്ങനെ സഹായം ചോദിക്കും?

പരിചയപ്പെടാന്‍ കഴിഞ്ഞത് നന്നായി. പക്ഷേ ഈ വിധത്തിലല്ലായിരുന്നു പരിചയപ്പെടേണ്ടിയിരുന്നത്.

അന്നു മുതല്‍ അവര്‍ കൂട്ടുകാരായി. ഓരോ ദിവസവും കഴിയുന്തോറും ആ സൗഹൃദത്തിനു ശക്തി കൂടിക്കൂടി വന്നു.

സൂസനും ബീനയും മൂവികള്‍ക്കുപോയി. ബെയ്‌സ്ബാള്‍ മാച്ചുകള്‍ കണ്ടു. ഫാസ്റ്റ് ഫുഡ് സ്റ്റോറുകളില്‍ കയറിയിറങ്ങി. ബീനയെക്കൊണ്ട് ഒരു ഡോളര്‍ പോലും ചെലവാക്കിച്ചില്ല സൂസന്‍.

ബീന ദിവസവും ഒരു മണിക്കൂര്‍ സൂസനെ ട്യൂട്ടര്‍ ചെയ്തു. ഡോളര്‍ വെള്ളം പോലെ ചെലവാക്കുന്ന സൂസനോട് ബീനക്ക് ഉള്ളില്‍ അസൂയ തോന്നാതിരുന്നില്ല. ഒരു വലിയ സ്റ്റീല്‍ കമ്പനിയുടമയുടെ മകളായ സൂസന് ഡോളര്‍ ഒരു പ്രശ്‌നമേ അല്ലായിരുന്നു.

ചിലപ്പോള്‍ ബീന ദിവാസ്വപ്നം കാണും. ഒരു മില്യനെയറുടെ മകളായി ജനിച്ച താന്‍ ഹോസ്പിറ്റലില്‍ വെച്ച് ഏതോ നേഴ്‌സിന്റെ കൈയബദ്ധം കാരണം ചാരുവിള ജോസഫ് ഫാമിലിയില്‍ വന്നുപെട്ടതാണ്.

ഇപ്പോഴുള്ള ഡാഡിയും മമ്മിയും എന്റെ യഥാര്‍ത്ഥ പാരന്റ്‌സ് അല്ല. എന്റെ റിയല്‍ ഡാഡിയും മമ്മിയും മറ്റാരോ ആയിരിക്കും. മറ്റെവിടെയെങ്കിലും ആയിരിക്കും.

കുട്ടിക്കാലം മുതലേ എന്തോ ഒന്നിന്റെ കുറവ് അനുഭവപ്പെട്ടിരുന്നു. എന്തോ നഷ്ടപ്പെട്ടതുപോലെ. എത്ര ശ്രമിച്ചിട്ടും എന്താണത് എന്ന് പിടികിട്ടിയിട്ടില്ല. ഒരു പക്ഷേ, യഥാര്‍ത്ഥ മമ്മിയുടേയും ഡാഡിയുടേയും സ്‌നേഹമായിരിക്കും.

ഒരിക്കല്‍ ഞാന്റെ യഥാര്‍ത്ഥ ഡാഡിയേയും മമ്മിയേയു കണ്ടു പിടിക്കും. കൊട്ടാരം പോലുളള വീട്ടില്‍ താമസിക്കും. എന്റെ കൈകളിലൂടെ അന്ന് ഡോളര്‍ ഒഴുകും.

ബീന ഊറിച്ചിരിക്കും. എത്ര ഉജ്ജ്വമായ ഭാവന!!

രണ്ടാം വര്‍ഷത്തിലേക്കു കടന്നതിനുശേഷം വിന്റര്‍ വെക്കേഷനും സ്പ്രിംഗ് ബ്രേക്കിനും ബീന വീട്ടില്‍ പോയില്ല. പഠിക്കാനുണ്ടായിരുന്നു.

സമ്മറില്‍ കോളേജടച്ചപ്പോള്‍ ജോസ് പ്ലെയിന്‍ടിക്കറ്റ് അയച്ചുകൊടുത്തു വീട്ടില്‍ ചെല്ലാന്‍.
വേറെ നിവൃത്തിയില്ലാത്തതുകൊണ്ടുമാത്രം ബീന പോയി.

വീടും പരിസരവും അപരിചിതമായിതോന്നി അവള്‍ക്ക്. മമ്മിയും ഡാഡിയും വെറും അപരിചിതര്‍ മാത്രം. വീടിനു പുറത്തേക്കു പോകാന്‍ ഒരു താല്പര്യമവുമില്ല. ഗിറ്റാര്‍ എടുത്ത് ദിവസവും പ്രാക്ടീസ് ചെയ്തു. ഭക്ഷണം കഴിക്കാന്‍ മാത്രം താഴേക്കിറങ്ങിവന്നു.

ജോസ് ഇടയ്ക്കിടെ അവളുടെ അടച്ചിട്ട മുറിയുടെ മുന്നില്‍ ചെന്നു സംശയിച്ചു നില്‍ക്കും. സകലസമയവും മുറിയിലിരുന്ന് അവള്‍ എന്തു ചെയ്യുകയാണ്?

കാണുമ്പോഴൊക്കെ അവളെ പ്രീതിപ്പെടുത്താന്‍ അയാള്‍ ശ്രമിക്കും.

'ബീനാ, ഒരു സിനിമ കാണണമെന്നുണ്ടോ നിനക്ക്?'

'നോ. താങ്കസ്,' ബീനയുടെ മറുപടി.

'ഷോപ്പിംഗിന് മാളില്‍ പോകുന്നില്ലേ?'

'ഇല്ല'.

'നമുക്കു പുറത്തുപോയി ഭക്ഷണം കഴിക്കാം?'

'വേണ്ട. നന്ദി.'

ഉച്ചയ്ക്ക് ലഞ്ചു കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ജോസ് അവളോടു നേരിട്ടു ചോദിച്ചു: 'വാട്ടീസ് ദ മാറ്റര്‍ ബീനാ. നീയെന്താ എന്നുമിങ്ങനെ ആരോടും ഒന്നും മിണ്ടാതെ മുറിയടച്ച് അകത്തിരിക്കുന്നത്? നിന്നില്‍ വലിയ മാറ്റങ്ങള്‍ കാണുന്നുണ്ടല്ലോ.'

'നത്തിംഗ് ഈസ് ദ മാറ്റര്‍ ഡാഡ്. അടുത്ത വര്‍ഷത്തേക്കുള്ള കെമിസ്ട്രിയുടേയും മാത് സിന്റേയും കുറെ പുസ്തകങ്ങള്‍ പ്രൊഫസറോട് കടം വാങ്ങിക്കൊണ്ടുവന്നിട്ടുണ്ട്. അതിരുന്നു പഠിക്കുകയാ.'

ജോസ് പിന്നെ അവളോട് ഒന്നും ചോദിച്ചില്ല.

രണ്ടുദിവസം കഴിഞ്ഞ് ബീന ജോസിന്റെ മുന്നില്‍ ഒരാവശ്യവുമായി ചെന്നു.

'ഡാഡീ എനിക്കൊരു ലോംഗ് ഡിസിറ്റന്‍സ് കോള്‍ ചെയ്യണമായിരുന്നു. ഇഫ് യൂ ഡോണ്‍ട് മൈന്‍ഡ്.'

'തീര്‍ച്ചയായും. എനിക്കൊരു വിരോധവുമില്ല.'

മുറിയില്‍ കയറി വാതിലടച്ച് അവള്‍ കുറെയേറെ നേരം ഫോണില്‍ സംസാരിച്ചു. അതുകഴിഞ്ഞ് പ്രസന്നമായ മുഖത്തോടെ താഴേക്കിറങ്ങി വന്നു.

'ഡാഡീ ഞാന്‍ സൂസനെ വിളിച്ചു സംസാരിക്കുകയായിരുന്നു. അവളുടെ ഇരുപത്തിയൊന്നാം പിറന്നാള്‍ കോളേജു തുറക്കുന്ന ആഴചയിലാണ്. ബെര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് എന്നേയും ക്ഷണിച്ചിരിക്കുന്നു. എനിക്ക് ഓരാഴ്ചക്കു മുന്‍പ് ഡോമിലെത്തണം.'

'എവിടെയാ സൂസന്റെ വീട്?'

'കോളേജില്‍നിന്നും അന്‍പതു മൈലകലെ. യു കാന്‍ കാള്‍ ഹെര്‍ പാരന്റ്‌സ്, ഞാന്‍ ഫോണ്‍ നമ്പര്‍ തരാം. നല്ലൊരു പ്രസന്റു വാങ്ങാന്‍ എനിക്കു ഡോളര്‍ തരണം.'

പേഴ്‌സ് തുറന്ന് നൂറിന്റെ അഞ്ചു നോട്ടുകള്‍ എടുത്ത് ജോസ് ബീനക്കു കൊടുത്തു.

'താങ്കയൂ.' ഡോളര്‍ വാങ്ങി തലയും കുനിച്ച് അവള്‍ മുകളിലേക്ക് കയറിപ്പോകുന്നത് ജോസും മേരിക്കുട്ടിയും നിശ്ശബ്ദരായി നോക്കിനിന്നു.

ബീന കാറുമെടുത്ത് പുറത്തു പോയി. ഷോപ്പിംഗിനായിരിക്കും അവര്‍ ഊഹിച്ചു. ബീന ഷോപ്പിംഗ് കഴിഞ്ഞുവന്നപ്പോള്‍ രാത്രിയായി. എന്താണ് താമസിച്ചതെന്ന് ആരും അവളോടു ചോദിച്ചില്ല.

ഇവിടെ ഏതെങ്കിലും കോളേജിലേക്ക് ട്രാന്‍ഫര്‍ വാങ്ങാന്‍ അവളോടും പറഞ്ഞാലോ? അല്പം തന്നിഷ്ടത്തിനു നടന്നാലും വീക്കെന്റില്‍ വീട്ടില്‍ വരുമല്ലോ. എന്തു പറഞ്ഞാണഅ സംസാരം ആരംഭിക്കേണ്ടത്? മേരിക്കുട്ടിക്ക് ഒരു രൂപവുമില്ല.

'ബീനാ, നീ സൂസിയാന്റിയുടെ വീട്ടിലേയ്‌ക്കൊന്നും പോകുന്നില്ലേ? ബിന്ദുവിനേയും സൂസിയേയും കണ്ടിട്ട് വളരെ നാളുകളായല്ലോ. നീ കോളേജില്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ എന്നാണ് തിരിച്ചിങ്ങോട്ടു വരിക?'

സൂസിയുടെ വീട്ടിലേക്ക് ബീനയെ സ്മനസ്സാലെ പറഞ്ഞയ്ക്കാന്‍ തക്കവണ്ണം അത്രക്ക് 'ഡെസ്പറെറ്റ'് ആയിരിക്കുന്നു താന്‍. മേരിക്കുട്ടിയോര്‍ത്തു. എങ്ങിനെയെങ്കിലും ബീനയെ തിരികെ കൊണ്ടു വരണം.

'അടുത്ത ഞായറാഴ്ച ഞാന്‍ പള്ളിയില്‍ പോകുന്നുണ്ട്. അപ്പോള്‍ സൂസിയാന്റിയേയും ബിന്ദുവിനേയും കണ്ട് 'ഹായ്' പറഞ്ഞോളാം.”

'ബിന്ദു ബിസിനസ് മേജര്‍ ചെയ്യുന്നു. എല്ലാ വെള്ളിയാഴ്ചയും അവള്‍ വീട്ടില്‍ വരും. തിങ്കളാഴ്ച മടങ്ങിപ്പോകും.'.

'ദാറ്റീസ് നൈസ്.' എങ്ങും തൊടാത്ത മട്ടിലവള്‍ പറഞ്ഞു.

'ബീനാ നിനക്കും അതുപോലെ ചെയ്തുകൂടേ? പുതിയ വര്‍ഷം ഇങ്ങോട്ടു ട്രാന്‍സ്ഫര്‍ വാങ്ങ് മോളേ. നിന്നെ ഞങ്ങള്‍ ഒരുപാട് മിസ് ചെയ്യുന്നു. നീ പോയതോടെ വീടുറങ്ങി.' മേരിക്കുട്ടിയുടെ തൊണ്ടയിടറിയത് ബീന ശ്രദ്ധിച്ചുപോലുമില്ല.

'നോ.' അവള്‍ അലറി.

ജോസും മേരിക്കുട്ടിയും നടുങ്ങിപ്പോയി.

പെട്ടെന്ന് ബീന സ്വയം നിയന്ത്രിച്ചു.

'എനിക്കു ഞാന്‍ പഠിക്കുന്ന കോളേജു മതി. പ്ലീസ് മാം, ഒരു വഴക്കുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് എന്നോട് സ്‌നേഹമുണ്ടെങ്കില്‍ എന്റെ അലവന്‍സ് കൂട്ടിത്താ. പറ്റില്ലെങ്കില്‍ വേണ്ട.'

വെക്കേഷന്‍ കഴിയുംമുന്‍പേ ബീന ഡോമിലേക്ക് തിരികെപ്പോയി.

Previous Page Link: http://www.emalayalee.com/varthaFull.php?newsId=50352

സ്വപ്നാടനം(നോവല്‍ ഭാഗം-15)- നീന പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക