Image

ഇങ്ങനെയുമാകാം രണ്ടു വര്‍ഷങ്ങള്‍: ജോസ് കാടാപുറം

Published on 21 May, 2013
ഇങ്ങനെയുമാകാം രണ്ടു വര്‍ഷങ്ങള്‍:  ജോസ് കാടാപുറം
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യൂ.ഡി.എഫ് ഭരണത്തിന്റെ രണ്ടുവര്‍ഷം തികയ്ക്കുകയാണിവിടെ. വികസനം വികസനം എന്ന് മുഖ്യമന്ത്രിയും, കെ.പി.സി.സി. പ്രസിഡന്റും രായ്ക്കുരാമാനം പറഞ്ഞു കൊണ്ടിരിക്കുന്നു. വികസനമെന്നാല്‍ കൃഷിയും വ്യവസായവും അഭിവൃദ്ധിപ്പെടുത്തലാണെന്നാണ് എല്ലാവരും കേട്ടിരിക്കുന്നത്, അതോടൊപ്പം പൗരന്‍മാര്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, വൈദ്യസഹായം എന്നിവ ലഭ്യമാക്കണം. ഇക്കാര്യങ്ങളില്‍ എന്തൊക്കെ ചെയ്തുവെന്നാണ് വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അന്വേഷിക്കേണ്ടത്.
ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ വില ആകാശംമുട്ടുന്ന മട്ടില്‍ നില്‍ക്കുന്നു. അരിയുടെ വിലതന്നെ രണ്ടുവര്‍ഷം മുമ്പ് ഏറ്റവും കൂടിയ 20 രൂപയാണെങ്കില്‍ ഇന്ന് ഒരു കിലോയ്ക്ക് 46 രൂപയാണ്. പഞ്ചസാര 15 രൂപയില്‍ നിന്ന് 40 ലേക്ക് കടന്നു. കൂടുതല്‍ വിവരിക്കുന്നില്ല. പൊതുവിതരണ സമ്പ്രദായം പാടെ തകര്‍ത്തുയെന്നു മാത്രമല്ല റേഷന്‍ കടയും, മാവേലിസ്റ്റോറുകളും പെരുചാഴികളുടെ കേന്ദ്രമായി മാറി…
ആരോഗ്യ സംരക്ഷണമാണ് മറ്റൊരു പ്രധാന പ്രശനം. ഏറ്റവും താഴെകിടയിലുള്ള ആദിവാസികളുടെ കാര്യമെടുക്കാം. പോഷകാഹാരകുറവു മൂലം അട്ടപ്പാടിയില്‍ 35 ഓളം കുഞ്ഞുങ്ങള്‍ മരിച്ചത് ഞെട്ടലോടെയാണ് മനുഷ്യത്വമുള്ളവര്‍ കണ്ടത്. അവിടെ സന്ദര്‍ശിക്കുന്നവര്‍ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുന്നു. ആദിവാസികളോട് കാണിച്ചിട്ടുള്ള ഏറ്റവും വലിയ അവഗണയുടെ രണ്ടു വര്‍ഷം അവര്‍ക്ക് നല്‍കി. അഹാഡ്‌സിന്റെ അടച്ചുപൂട്ടലു കാരണം ദാരിദ്ര്യവും പട്ടിണി മരണവും നിത്യസംഭവമായി മാറി. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവര്‍ക്ക് രക്ഷയില്ലെങ്കില്‍ മറ്റെന്തു പറയാനാണ്.
ക്രമസമാധാനം മറ്റൊന്ന്, ലോകത്തിലെ ഏറ്റവും വലിയ സ്ത്രീപീഢന സംസ്ഥാനമായി കേരളം മാറി. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കി ക്രമസമാധാനം തകര്‍ത്തിട്ട് എന്തു നേടി? വീടു കൊള്ളയും, കൊലപാതകവും നിത്യസംഭവങ്ങളായി. തങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്കായി ജനാധിപത്യം മാറ്റിക്കൊണ്ട് ക്രമസമാധാനം നേട്ടം.
കാര്‍ഷികമേഖല തകര്‍ന്നു, ഉല്‍പാദനങ്ങളും ഉല്‍പാദന ക്ഷമതയും കുറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ സര്‍വ്വകാലാശാല വിദ്യാഭ്യാസം വരെ അഴിമതിയുടെ വിഹാരരംഗമാമയി മാറി. പൊതു മേഖലസ്ഥാപനങ്ങളായ ട്രാന്‍സ്‌പോര്‍ട്ട്, വൈദ്യുതി എന്നിവ ദുര്‍ഭരണം മൂലം നഷ്ടത്തിലായി, അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും എല്ലാം വീതം വയ്ക്കുന്ന കാര്യത്തില്‍ മാത്രം ഐക്യം എവിടെയും. അഞ്ചാം മന്തിയോ രമേശ് ചെന്നിത്തലകൂടി മന്ത്രിയാവുകയോ ഒക്കെ ആകും. ഇതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും മന്ത്രിസഭയെ പിടിച്ചുലയ്ക്കുന്നുണ്ട്. മറുവശത്ത് മന്ത്രിസഭയിലെ തര്‍ക്കങ്ങളും കുഴപ്പങ്ങളും, അധികാരം തുടങ്ങിയ അന്നുമുതല്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ട.് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ മോഹത്തോടെ ഈ പ്രതിസന്ധി മൂര്‍ച്ചിരിക്കുകയാണ്. അതിനിടയില്‍ ജനകീയ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ കാണാനോ മന്ത്രിമാര്‍ക്ക് സമയമില്ല.
എന്നാല്‍ ജനജീവിതം ദുഃസഹമാക്കുന്ന നടപടികള്‍ക്ക് യാതൊരു കുറവുമില്ല. യുഡിഎഫ് ഭരണങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഈ തമ്മിലടി വ്യക്തമാവും. മുമ്പ് 1991-ല്‍ കെ.കരുണാകരന് എതിരെയായിരുന്നു പടപ്പുറപ്പാടും കലഹവും, 2001-ല്‍ എ.കെ. ആന്റണിയെ കെട്ടുകെട്ടിക്കാനുള്ള അങ്കംവെട്ടായിരുന്നു അരങ്ങേറിയത്. കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും മാറിയിട്ടുണ്ടെന്നു മാത്രം. കഥ അധികാര കസേര സ്വന്തമാക്കാനുള്ള ആര്‍ത്തി തന്നെ. ആദ്യം തള്ളിപറയും. പിന്നെ കാലില്‍ വീഴുകയും ചെയ്യുന്ന മന്ത്രിസഭയിലെ പിതാവുപുത്രന്മാരും ഒക്കെ ഇക്കാര്യത്തില്‍ തുല്യരാണ്.
ഇതിന്റെ ഒക്കെ ദുരിതം പേറുന്നത് കേരള സംസ്ഥാനത്തെ 3 കോടി ജനങ്ങളും. സമുദായ നേതാക്കളുടെ ആക്രമണം മുന്നണി നേതാക്കളെ ആക്ഷേപിച്ചുകൊണ്ട് മുമ്പോട്ടുപോകുന്നു. തങ്ങള്‍ പറയുന്നവരെ മന്ത്രിയാക്കണമെന്ന് സമുദായ നേതാക്കള്‍, അവരുടെ ആക്ഷേപ വാക്കുകളോട് പ്രതികരിക്കാനാവാത്ത മുഖ്യമന്ത്രി, ഭരണത്തില്‍ സമുദായ നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വരുന്ന ഭരണകൂടം. ഇതിനിടയിലാണ് ചെന്നിത്തല മുഖ്യമന്തിക്ക് വെല്ലുവിളിയായി യാത്ര കഴിഞ്ഞ് എത്തിയത്. ചെന്നിത്തലയെക്കാള്‍ യോഗ്യനാണ് മാണിയെന്ന് പി.സി. ജോര്‍ജ് പരസ്യമായി പറഞ്ഞു
അടുത്ത നാടകം തുടങ്ങുകയായി. തിരശീല ഉയരുമ്പോള്‍ എത്രപേര്‍ക്ക് വസ്ത്രം നഷ്ടപ്പെട്ടിരിക്കുമെന്ന് ആര്‍ക്കറിയാം. ഇതിനിടയില്‍ ദുരന്തങ്ങള്‍പേറി കേരളജനത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക