Image

ജോണ്‍ എബ്രഹാമിന്റെ വേര്‍പാടിന്‌ 27 വയസ്‌

Published on 30 May, 2013
ജോണ്‍ എബ്രഹാമിന്റെ വേര്‍പാടിന്‌ 27 വയസ്‌
സിനിമയേയും നാടകത്തേയും പ്രണയിച്ച്‌ നാല്‍പ്പത്തിയൊമ്പതാം വയസില്‍ അരങ്ങൊഴിഞ്ഞ ജോണ്‍ എബ്രഹാം വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന്‌ 27 വര്‍ഷങ്ങള്‍ പിന്നിട്ടു. ഒറ്റ സിനിമകൊണ്ട്‌ പ്രശസ്‌തനായ ജോണ്‍ ഏബ്രഹാം എല്‍.ഐ.സിയിലെ ഉദ്യോഗം വലിച്ചെറിഞ്ഞ്‌ പൂണൈ ഫിലിം ഇന്‍സ്‌?റ്റി?റ്റിയൂട്ടില്‍ പ്രവേശനം നേടി. ജയിച്ചിറങ്ങി മണി കൗളിന്റെ ചിത്രത്തില്‍ അസിസ്‌റ്റന്റായും നടനായും പ്രവര്‍ത്തിച്ചു. 17 കൊല്ലത്തെ ചലച്ചിത്ര ജീവിതത്തില്‍ ജോണ്‍ പുറത്തിറക്കിയ ചിത്രങ്ങള്‍ നാലെണ്ണം മാത്രമാണ്‌. മലയാള സിനിമയില്‍ മിന്നിപ്പൊലിഞ്ഞുപോയ ജോണ്‍ മലയാള സിനിമയ്‌ക്ക്‌ എക്കാലവും നികത്താനാവാത്ത നഷ്‌ടമാണ്‌.

ജോണിന്റെ ആദ്യചിത്രം 1969ല്‍ പുറത്തിറങ്ങിയ `വിദ്യാര്‍ഥികളേ ഇതിലെ ഇതിലേ യാണ്‌. മൗലികതയുള്ള കഥാകൃത്തുകൂടിയായിരുന്നു ജോണ്‍.

കോട്ടയം സി.എം.എസ്‌ കോളേജിലും, തിരുവല്ല മാര്‍ത്തോമാ കോളേജിലും വിദ്യാഭ്യാസം നടത്തി നാടുവിട്ട ജോണ്‍ പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ പ്രിയ എന്ന ഹൃസ്വചിത്രത്തിന്‌ സ്വര്‍ണ്ണമെഡല്‍ നേടിയാണ്‌ നാട്ടില്‍ തിരിച്ചെത്തിയത്‌. പിന്നെ സിനിമ എടുക്കാനുള്ള മോഹവുമായി നാടുമുഴുവന്‍ അലഞ്ഞു നടന്നു.

അരവിന്ദനെ പോലുള്ള കോട്ടയത്തെ സുഹൃത്തുക്കളുമായി തിരുനക്കര ക്ഷേത്രത്തിന്റെ ആല്‍ത്തറയില്‍ വൈകുന്നേരങ്ങളിലെ കൂടി ചേരലുകളിലായിരുന്നു ആദ്യ സിനിമ പിറന്നത്‌. മറ്റാര്‍ക്കും അനുകരിക്കാനാവത്ത ശൈലിയിലാണ്‌ അദ്ദേഹം സിനിമ പിടിച്ചത്‌. ജനകീയ പങ്കാളിത്തത്തോടെയാണ്‌ സിനിമകള്‍ നിര്‍മ്മിച്ചത്‌. ചിത്രീകരണത്തിലും പ്രദര്‍ശനത്തിലുമെല്ലാം ജോണ്‍ 'ടച്ച്‌ ' ഉണ്ടായിരുന്നു. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ അടൂര്‍ഭാസി എന്ന മഹാനടനെ ഒരു തെങ്ങിന്റെ മുകളില്‍ കയറ്റി ഇരുത്തിയശേഷം അടുത്തുള്ള കള്ളുഷാപ്പില്‍ മദ്യപിക്കാന്‍ പോയിയെന്ന കഥ സുഹൃത്തുക്കള്‍ പറയുമായിരുന്നു. അമ്മ എന്ന അറിയാന്‍ എന്ന സിനിമ കാന്‍ ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കുന്‌പോള്‍ മുന്‍നിരയിലിരുന്ന്‌ കൂവി വിളിക്കാന്‍ ജോണിന്‌ മാത്രമെ കഴിഞ്ഞിട്ടുള്ളു.

കോട്ടയത്ത്‌ എത്ര മത്തായിമാരുണ്ട്‌, പക്ഷിക്കൂട്‌ ബുക്ക്‌, പ്‌ളാസ്റ്റിക്‌ കണ്ണുള്ള അല്‍സേഷന്‍പട്ടി, മരണാനന്തരം തുടങ്ങിയ കഥാസമാഹാരങ്ങളും , കയ്യൂര്‍, ജോസഫ്‌ എന്ന പുരോഹിതന്‍ , നന്മയിന്‍ ഗോപാലന്‍ എന്നീ തിരക്കഥകളും ജോണിന്റേതായി പുറത്തു വന്നു.

ഒടുവില്‍ 1987 മേയ്‌ 30ന്‌ കോഴിക്കോട്‌ നഗരത്തിലെ, പണിതീരാത്ത ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‌ താഴേക്ക്‌ വീണാണ്‌ ജോണ്‍ വിടപറഞ്ഞത്‌.
ജോണ്‍ എബ്രഹാമിന്റെ വേര്‍പാടിന്‌ 27 വയസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക