Image

മതസംഘടനകളുടെ വളര്‍ച്ച മതേതര സംഘടനകളെ എങ്ങിനെ ബാധിക്കുന്നു?

മനോഹര്‍ തോമസ് Published on 27 September, 2011
മതസംഘടനകളുടെ വളര്‍ച്ച മതേതര സംഘടനകളെ എങ്ങിനെ ബാധിക്കുന്നു?

അമേരിക്കന്‍ സാമൂഹ്യ മണ്ഡലത്തിലെ ഈ പ്രസക്തമായ വിഷയം സര്‍ഗവേദിയില്‍ ഉച്ചയ്ക്ക് അവതരിപ്പിച്ചത് ജനനി പത്രാധിപരും, പ്രശസ്ത വാഗ്മിയുമായ ജെ മാത്യൂസ് ആണ്. മതത്തിന്റെ ഉത്ഭവം മുതല്‍ , സംഘടിത മതത്തിന്റെ വളര്‍ച്ചയിലൂടെ, മതങ്ങള്‍ തമ്മിലും, മത വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും, മത്സരങ്ങളും, തര്‍ക്കങ്ങളും ആത്മീയതയില്‍ അധിഷ്ഠിതമായ മതം, ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന മതം, എല്ലാ മേഖലകളിലേയ്ക്കും വ്യാപിച്ചു നില്‍ക്കുന്ന ജാതി മത സംഘടനകള്‍ , നിത്യ ജീവിതത്തില്‍ നിരന്തരം ഇടപെട്ടുനില്ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ -പൊക്കിള്‍ക്കൊടി മുതല്‍ , മരണം വരേയും പലപ്പോഴും അതിനു മുമ്പും, അതിനു ശേഷവും വരിഞ്ഞു മുറുക്കുന്ന ആചാരങ്ങളുടെ ചരടുകള്‍ എന്നു തുടങ്ങി ഈ വിഷയത്തിന്റെ നാനാ മേഖലകളിലേയ്ക്കും പടരുന്ന ഒരു സമഗ്ര പഠനമാണ് അദ്ദേഹം അവതരിപ്പിച്ചത്.

ലോകജനസംഖ്യയില്‍ 210 കോടി ക്രിസ്ത്യാനികളും 150 കോടി മുസ്ലീംകളും, 110 കോടി മതരഹിതരും ഉണ്ടെന്ന കണക്ക് പ്രസക്തമാണ്. അമേരിക്കയിലേക്ക് കുടിയേറിയ അഞ്ചുലക്ഷത്തോളം മലയാളികളില്‍ നാലര ലക്ഷത്തോളം ക്രിസ്ത്യാനികളും, ബാക്കി വരുന്ന അരലക്ഷത്തില്‍ ഹിന്ദുക്കളും, മറ്റു ജാതിക്കാരും പെടുന്നു.
മലയാളിയ്ക്ക് നഷ്ടപ്പെട്ടത് അവന്റെ സ്വത്വമാണ്. അത് അവനിവിടെ ഈ മണ്ണില്‍ തേടുകയാണ്. ഓണത്തിലൂടെ, വിഷുവിലൂടെ, പെരുന്നാളിലൂടെ മതം തൊഴിലായി സ്വീകരിച്ചവരുടെ നിതാന്ത വാഗ്ദാനങ്ങളിലൂടെ. അവസാനം ഒന്നോ രണ്ടോ തലമുറ, മാറുമ്പോള്‍ വായനക്കാരന്റെ അവസ്ഥാ വിശേഷം സാമൂഹ്യതലത്തില്‍ ഉണ്ടാകുന്നതിന്റെ കേളികൊട്ട് ഉയരുന്നുണ്ട്. ഇതൊരു നിഗമനമല്ല. അപകടജഡിലമായ ഒരാശങ്കയാണ്.

മതസംഘടനകളുടെ വളര്‍ച്ച ഒരു കാരണവശാലും, മതേതര സംഘടനകളെ ബാധിച്ചിട്ടില്ല അവ പരസ്പരം പൂരകങ്ങളായി മാറി നില്‍ക്കുകയാണെന്ന് കുറെ പേര്‍ വാദിച്ചപ്പോള്‍ മതേതര സംഘടനകളുടെ തകര്‍ച്ചയ്ക്കും, പിളര്‍പ്പിനും കാരണക്കാര്‍ അധികാര മോഹികളായ നേതാക്കന്മാരുടെ കെടു കാര്യസ്ഥതയും സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളും, കീര്‍ത്തിയ്ക്കു വേണ്ടിയുള്ള വിഫല ശ്രമങ്ങളുമാണെന്ന് മറ്റു ചിലര്‍ വാദിക്കുന്നു.

ഇവിടെ രജീസ് നെടുങ്ങാടപ്പള്ളി പറഞ്ഞ ഒരു കാര്യം പ്രസക്തമാകുന്നു. മതസംഘടനകള്‍ക്കും, മതേതര സംഘടകള്‍ക്കും പൊതുവായ ലക്ഷ്യങ്ങള്‍ കുറവാണ്. മതങ്ങള്‍ക്കും, മതസംഘടനങ്ങള്‍ക്കും, മതേതര സംഘടനകളുടെ ആവശ്യം ഒരു സമൂഹ വിവാഹത്തിലോ, ഒരു സര്‍വ്വമത പ്രാര്‍ത്ഥനാ യജ്ഞനത്തിലോ അവസാനിക്കുന്നു. അവിടെ പോലും മതമാണ് അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച് തോരണം തൂക്കുന്നത്. മതേതര സംഘടകള്‍ക്ക് മതങ്ങളില്ലാതെ നിലനില്‍ക്കാന്‍ സാധ്യത കുറവാണ്.

രജീസ് നെടുങ്ങാടപ്പള്ളി, സി.ആന്‍ഡ്രൂസ്, ഡോ.എന്‍.പി ഷാല, ജോണ്‍ , രാജു അബ്രഹാം, ജോസ് കാടാംപുറം, വാസുദേവ് പുളിക്കല്‍ , എം.ടി.ആന്റണി, സി.എം.സി.മാമന്‍ മാത്യൂ എന്നിവര്‍ വിവിധ വാദമുഖങ്ങളോടെ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.


മതസംഘടനകളുടെ വളര്‍ച്ച മതേതര സംഘടനകളെ എങ്ങിനെ ബാധിക്കുന്നു?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക