Image

ലണ്‌ടനില്‍ വ്യാപക ഇമിഗ്രേഷന്‍ റെയ്‌ഡ്‌; 23 ഇന്ത്യാക്കാര്‍ പിടിയില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 27 September, 2011
ലണ്‌ടനില്‍ വ്യാപക ഇമിഗ്രേഷന്‍ റെയ്‌ഡ്‌; 23 ഇന്ത്യാക്കാര്‍ പിടിയില്‍
ലണ്‌ടന്‍: ലണ്‌ടനില്‍ യുകെ ബോര്‍ഡര്‍ സെക്യൂരിറ്റി ഓഫീസര്‍മാരും ലോക്കല്‍ പോലീസും സംയുക്തമായി നടത്തിയ വ്യാപകമായ ഇമിഗ്രേഷന്‍ റെയ്‌ഡില്‍ വെസ്റ്റ്‌ ലണ്‌ടനിലെ സൗത്താള്‍ ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അനധികൃതമായി ജോലിചെയ്‌തിരുന്ന 25 തൊഴിലാളികളെ പിടികൂടി.

പിടിയിലായവരില്‍ മൂന്ന്‌ സ്‌ത്രീകളടക്കം 23 പേര്‍ ഇന്ത്യക്കാരാണ്‌. മറ്റു രണ്‌ടുപേരില്‍ ഒരാള്‍ പാകിസ്ഥാനിയും ഒരാള്‍ ഘാനാക്കാരനുമാണ്‌. 19 നും 54 നും ഇടയില്‍ പ്രായമുള്ളവരാണ്‌ അറസ്റ്റുചെയ്യപ്പെട്ടതെന്ന്‌ യുകെ ബോര്‍ഡര്‍ ഓഫീസര്‍മാര്‍ പറഞ്ഞു. അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ ബോര്‍ഡര്‍ ഏജന്‍സി പുറത്തുവിട്ടിട്ടില്ല. അതിനാല്‍ ഇവരില്‍ മലയാളികള്‍ ഉണ്‌ടോയെന്ന കാര്യവും അവ്യക്തമാണ്‌.

പിടിയിലായ 25 പേരില്‍ 15 പേര്‍ വീസ നിയമങ്ങള്‍ തെറ്റിച്ച്‌ ജോലിയെടുക്കുന്നവരും ആറു പേര്‍ യുകെയിലേക്ക്‌ അനധികൃതമായി കുടിയേറിയവരും നാലുപേര്‍ വീസ കാലാവധി കഴിഞ്ഞിട്ടും യുകെയില്‍ തങ്ങിയവരുമാണെന്ന്‌ ഏജന്‍സി വെളിപ്പെടുത്തി. ഇവരെ നിലവിലുള്ള നിയമമനുസരിച്ച്‌ നാടുകടത്തും.

സൗത്താളിലെ സൗത്ത്‌ റോഡിലുള്ള ക്വാളിറ്റി ഫുഡ്‌സ്‌ സൂപ്പര്‍മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ ചമഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ തന്ത്രപൂര്‍വം ജോലിക്കാരെ കുടുക്കുകയായിരുന്നു.

പിടിയിലായവര്‍ ഒരോരുത്തര്‍ക്കും വേണ്‌ടി 10,000 പൗണ്‌ട്‌ വീതം പിഴയടക്കുവാന്‍ സൂപ്പര്‍മാര്‍ക്കറ്റ്‌ ഉടമയോട്‌ ബോര്‍ഡര്‍ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്‌ട്‌. അനധികൃതമായി തൊഴില്‍ ചെയ്യിക്കുന്നവര്‍ പെനാല്‍റ്റി മാത്രമല്ല സ്ഥാപനത്തിന്റെ ലൈസന്‍സ്‌ വരെ റദ്ദാക്കാന്‍ നിയമവ്യവസ്ഥയുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക