Image

ശമ്പളം ചോദിച്ചതിന് സ്പോണ്‍സര്‍ മലയാളി യുവാവിനെ മര്‍ദിച്ചെന്ന് പരാതി

Published on 28 September, 2011
ശമ്പളം ചോദിച്ചതിന് സ്പോണ്‍സര്‍ മലയാളി യുവാവിനെ മര്‍ദിച്ചെന്ന് പരാതി
ഖമീസ് മുശൈത്: വിശ്രമമില്ലാതെ നാലു മാസത്തോളം ജോലി ചെയ്ത മലയാളി യുവാവ് സ്പോണ്‍സറോട് ശമ്പളം ആവശ്യപ്പെട്ടതിന്‍െറ പേരില്‍ ക്രൂര മര്‍ദനത്തിന് ഇരയായി. പാലക്കാട് പട്ടാമ്പിക്കടുത്ത് തിരുവേഗപ്പുറ വട്ടപ്പറമ്പില്‍ വീട്ടില്‍ ബഷീര്‍ ബാബു (31) ആണ് ഖമീസ് സിറ്റി ആശുപത്രിയില്‍ കഴിയുന്നത്. കെ.എം.സി.സി ഖമീസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റും എന്‍.ആര്‍.കെ ചെയര്‍മാനുമായ ബഷീര്‍ മൂന്നിയൂര്‍ ഇദ്ദേഹത്തിന് സഹായത്തിന് രംഗത്തെത്തി.

 80,000 രൂപ വിസക്ക് നല്‍കി മൂന്ന് വര്‍ഷം മുമ്പാണ് ബഷീര്‍ സൗദിയിലെത്തിയത്.  സ്പോണ്‍സറുടെ ഭാര്യയുടെ കീഴില്‍ രണ്ട് വര്‍ഷത്തോളം റിയാദ് മക്ക റോഡിലെ വാദിലവനില്‍ ഡൈവ്രറായി ജോലി ചെയ്തു. ടീച്ചറായ ഇവരില്‍നിന്ന് കൃത്യമായി 1,000 റിയാല്‍ ശമ്പളവും മാന്യമായ പെരുമാറ്റവും ലഭിച്ചിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് അവധിക്ക് നാട്ടില്‍ പോയി വന്ന ശേഷം നേരിട്ട് സ്പോണ്‍സറുടെ കീഴില്‍ ജോലിയെടുക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ബഷീറിന് ദുരിതം തുടങ്ങിയത്. ഇഖാമയും ലൈസന്‍സും സ്പോണ്‍സര്‍ വാങ്ങിവെച്ച ശേഷം നിരന്തരം ജോലിയെടുപ്പിച്ചു. നാലു മാസമായിട്ടും ശമ്പളം നല്‍കാന്‍ തയാറായില്ല. പല തവണ സ്പോണ്‍സറെ ഈ ആവശ്യവുമായി സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
സുഹൃത്തുക്കള്‍ വഴി ബഷീര്‍ ശമ്പളത്തിനായി ഒരു ശ്രമം നടത്തിയതിന്‍െറ പേരിലാണ് കൊടിയ പീഡനമുണ്ടായതെന്ന് പറയുന്നു. സ്പോണ്‍സറെ വീണ്ടും കാണാന്‍ ചെന്നപ്പോള്‍ തലമുടിയില്‍ പിടിച്ച് തല ശക്തമായി ഭിത്തിയിലിടിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഖമീസ് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്ന മലപ്പുറം വളാഞ്ചേരി വലിയകുന്ന് വീട്ടില്‍ അമീറലിക്ക് ഏഴു മാസത്തെയും പാകിസ്താന്‍ പൗരന് 14 മാസത്തെയും ശമ്പളം  സ്പോണ്‍സര്‍ നല്‍കാനുണ്ടത്രെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക