Image

യു.കെ യില്‍ മിനിമം വേതനനിരക്ക്‌ ഉയര്‍ത്തുന്നു ; ശനിയാഴ്‌ച മുതല്‍ പ്രാബല്യത്തില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 29 September, 2011
യു.കെ യില്‍ മിനിമം വേതനനിരക്ക്‌ ഉയര്‍ത്തുന്നു ; ശനിയാഴ്‌ച മുതല്‍ പ്രാബല്യത്തില്‍
ലണ്‌ടന്‍: സാമ്പത്തിക ദാരിദ്ര്യത്തിലേയ്‌ക്കു കൂപ്പുകുത്തുന്ന ബ്രിട്ടനിലെ മലയാളികുടുംബങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു താങ്ങായി രാജ്യത്ത്‌ മിനിമം വേതന നിരക്കില്‍ വര്‍ദ്ധന വരുത്തിക്കൊണ്‌ട്‌ നിയമം പ്രാബല്യത്തിലാവുന്നു.

ഒക്‌ടോബര്‍ ഒന്നുമുതലാണ്‌ പുതയ നിയമവ്യവസ്ഥ നടപ്പിലാവുന്നത്‌. മിനിമം വേജ്‌ 6.08 പൗണ്‌ടായി സര്‍ക്കാര്‍ ഉയര്‍ത്തിയിരിയ്‌ക്കയാണ്‌. ഇതനുസരിച്ച്‌ 9,00,000 ത്തോളം ജീവനക്കാര്‍ക്കാണ്‌ ശനിയാഴ്‌ച്ച മുതല്‍ വേതനത്തില്‍ വര്‍ദ്ധനയുണ്‌ടാവും.

ബ്രിട്ടനില്‍ ഇതാദ്യമാണ്‌ മിനിമം വേജ്‌ 6 പൗണ്‌ടിനു മുകളില്‍ എത്തുന്നത്‌ നിലവില്‍ താഴ്‌ന്ന വരുമാനമുള്ള സ്‌ത്രീകള്‍ക്കും മറ്റു കരാര്‍ ജോലിക്കാര്‍ക്കുമാവും ഈ മാറ്റം ഏറെ പ്രയോജനപ്പെടുന്നത്‌. ഇതനുസരിച്ച്‌ മുതിര്‍ന്നവര്‍ക്കുള്ള പ്രതിഫലം മണിക്കൂറിന്‌ 6.08 പൗണ്‌ടും, 18-20 വയസിനിടയിലുള്ളവര്‍ക്ക്‌ 4.98 പൗണ്‌ടും 16-17 വയസുള്ളവര്‍ക്ക്‌ 3.68 പൗണ്‌ടും അപ്രന്റിസുകള്‍ക്ക്‌ 2.60 പൗണ്‌ടും ലഭിയ്‌ക്കും. ഈ വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ അടുത്ത ജനുവരി ഒന്നു മുതല്‍ കൂടുതല്‍ ശമ്പള വര്‍ദ്ധനവ്‌ നടപ്പിലാക്കുമെന്നാണ്‌ കണക്കുകൂട്ടുന്നത്‌.

യൂറോപ്യന്‍ യൂണിയനിലെ ഭൂരിഭാഗം അംഗരാജ്യങ്ങളിലും നിര്‍ദ്ദിഷ്‌ടമായ ഒരു മിനിമം വേതന നിയമം ഇതുവരെ പ്രാബല്യത്തിലാക്കിയിട്ടില്ല. കൂടാതെ മിക്കരാജ്യങ്ങളിലെയും ജോലിസമയം വ്യത്യാസപ്പെട്ടിരിയ്‌ക്കുന്നതിനാല്‍ ഒരു കൂട്ടായ നയം ഇക്കാര്യത്തില്‍ ഉണ്‌ടായിട്ടില്ല. ആഴ്‌ചയില്‍ മുപ്പത്തിയഞ്ചു മണിക്കൂര്‍ മുതല്‍ 52 മണിക്കൂര്‍വരെയാണ്‌ ജോലിസമയം ക്രമീകരിച്ചിരിയ്‌ക്കുന്നത്‌. ജര്‍മനിയിലെ ചില മേഖലകളില്‍ അടിസ്ഥാന വേതനം നിശ്ചയിച്ചിട്ടുണ്‌ടെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ ഈ വേതനം തുലോം കുറവുമാണ്‌.
യു.കെ യില്‍ മിനിമം വേതനനിരക്ക്‌ ഉയര്‍ത്തുന്നു ; ശനിയാഴ്‌ച മുതല്‍ പ്രാബല്യത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക