Image

കമ്പ്യുട്ടറിലെ ആദ്യ മലയാളം ഫോണ്ട്, ജോസ്‌കുട്ടി ഫോണ്ട്‌സിന്റെ സ്രഷ്ടാവ തോമസ് ജോസിനെപറ്റി മനോരമ

Published on 19 June, 2013
കമ്പ്യുട്ടറിലെ ആദ്യ മലയാളം ഫോണ്ട്, ജോസ്‌കുട്ടി ഫോണ്ട്‌സിന്റെ സ്രഷ്ടാവ തോമസ് ജോസിനെപറ്റി മനോരമ
മലയാളവാക്കുകള്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് (മംഗ്ലീഷ് എന്ന് വിളിപ്പേര്) കംപ്യൂട്ടറില്‍ മലയാളം രചിക്കുന്ന ട്രാന്‍സ്‌ലിറ്ററേഷന്‍ രീതി മലയാള ഭാഷയ്ക്ക് മരണമണി മുഴക്കുമെന്ന് അഭിപ്രായമുയരുന്നു. യുഎസില്‍ സ്ഥിരതാമസമാക്കിയ മലയാളിയും എണ്‍പതുകളില്‍ മലയാളത്തിനായി പ്രത്യേക സകംപ്യൂട്ടര്‍ സലിപിക്കായി(ഫോണ്ട്) ശ്രമിക്കുകയും അതില്‍ ഒട്ടൊക്കെ വിജയം കൈവരിക്കുകയും ചെയ്ത തോമസ് ജോസാണ് ഈ അഭിപ്രായം മുന്നോട്ടു വയ്ക്കുന്നത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും ബ്ലോഗുകളിലും വ്യാപകമാവുന്ന ട്രാന്‍സ്‌ലിറ്ററേഷന്‍ സമ്പ്രദായം മലയാളക്കരയിലെ ഡിടിപി രംഗത്തും വ്യാപകമാവുകയാണെന്ന് തോമസ് ജോസ് പറഞ്ഞു. അടുത്തിടെ നാട്ടിലെത്തി മലയാളത്തില്‍ ഒരു രേഖ ടൈപ്പ് ചെയ്തു കിട്ടുന്നതിനായി ഡിടിപി സെന്ററില്‍ എത്തിയപ്പോഴും ഈ രീതി പിന്തുടരുന്നത് കണ്ടു. മലയാളത്തില്‍ ചിന്തിച്ച് മലയാളത്തില്‍ രചന നിര്‍വഹിക്കുന്ന ഭാഷാസമ്പൂര്‍ണമായ ടൈപ്പിങ് രീതിയില്‍ നിന്നുമാറി ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളം രചിക്കുന്ന രീതി ഭാഷയ്ക്ക് നാശമുണ്ടാക്കുമെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഇത്തരത്തില്‍ ചെയ്യുന്ന പല വാക്കുകളിലും ഉപയോഗക്രമത്തിലെ മാറ്റങ്ങള്‍ കാരണം അക്ഷരത്തെറ്റുകളും കടന്നു വരുന്നുണ്ട് (അച്ഛന്‍, പ്രതിഛായ തുടങ്ങിയ വാക്കുകള്‍ ഉദാഹരണം)

ഭാഷാപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സര്‍വകലാശാല, ശ്രേഷ്ഠഭാഷാ പദവി തുടങ്ങിയ അവസ്ഥകളിലേക്ക് മലയാളഭാഷ മുന്നേറുമ്പോഴും കംപ്യൂട്ടറിലും മറ്റുമുണ്ടാകുന്ന ഈ അപചയം കൂടി ഭാഷാസ്‌നേഹികള്‍ ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം മനോരമ ഓണ്‍ലൈനോടു പറഞ്ഞു. ഭാഷയെ വേരില്‍ തന്നെ ബാധിക്കുന്ന അര്‍ബുദത്തിനാണ് ട്രാന്‍സ്‌ലിറ്ററേഷന്‍ വഴിതെളിക്കുക, ഇത് നിരുല്‍സാഹപ്പെടുത്തണം. ഭാഷയെ സംസ്‌കാരമായി തന്നെ കാണണം.

എണ്‍പതുകളില്‍ മലയാളത്തിനായി കംപ്യൂട്ടറില്‍ വേറിട്ട ഫോണ്ട് കണ്ടെത്താന്‍ ശ്രമിച്ച നിരവധി പേരില്‍ ഒരാളാണ് തോമസ് ജോസ്. എണ്‍പതുകളുടെ അവസാനത്തില്‍ അദ്ദേഹം സൃഷ്ടിച്ച മലയാളം ഫോണ്ട്, ജോസ്‌കുട്ടി പിസി ഫോണ്ട് എന്ന പേരില്‍ യുഎസില്‍ പ്രശസ്തമായിരുന്നു. മലയാളം കൂടാതെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകള്‍ക്കും അദ്ദേഹം ഫോണ്ട് നിര്‍മിച്ചിട്ടുണ്ട്. ആ ഓര്‍മകളിലേക്ക്:

ഇന്നത്തെ ദൃശ്യപ്പൊലിമയുള്ള രീതിയിില്‍ ആയിരുന്നില്ല എണ്‍പതുകളിലെ കംപ്യൂട്ടറുകള്‍. ഗ്രാഫിക് യൂസര്‍ ഇന്റര്‍ഫേസില്‍(ജിയുഐ) അധിഷ്ഠിതമായ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമെത്തും മുന്‍പ് ഡോസ്(ഡിഒഎസ് - ഡിസ്‌ക് ഓപ്പറേറ്റിങ് സിസ്റ്റം) എന്ന താരതമ്യേന വിരസമായ സങ്കേതമായിരുന്നു കംപ്യൂട്ടിങ് രംഗത്ത് ഉണ്ടായിരുന്നത്. ദൃശ്യപരമായി ഏറെ മേന്മയൊന്നും അവകാശപ്പെടാനില്ലാത്ത ഈ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ മലയാളം എങ്ങനെ ടൈപ്പ് ചെയ്യാനാകും എന്നതായിരുന്നു വെല്ലുവിളി. ഇംഗ്ലീഷ് കീബോര്‍ഡിലൂടെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കു പകരം മലയാളം ടൈപ്പ് ചെയ്യിക്കാനുളള ശ്രമം ഒടുവില്‍ വിജയിച്ചുവെങ്കിലും അത് സ്‌ക്രീനില്‍ കാണുന്ന രീതിയിലായിരുന്നില്ല. മോണിറ്ററില്‍ ഇംഗ്ലീഷില്‍ അക്ഷരങ്ങള്‍ കാണുകയും പ്രിന്റൗട്ടിലും മുന്‍കൂട്ടി നിര്‍ണയിച്ച മലയാളം അക്ഷരം പതിയുന്ന രീതിയാണ് ആദ്യം കണ്ടെത്തിയത്.

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ആവിര്‍ഭാവത്തോടെയാണ് ട്രൂ ടൈപ്പ് ഫോണ്ടുകള്‍(.ടിടിഎഫ്) രംഗത്തു വരുന്നത്. ഒന്നു മുതല്‍ മുകളിലേക്ക് എത്രവേണമെങ്കിലും ലിപി വലിപ്പം സാധിക്കുന്ന ഫോണ്ടുകള്‍ ഇതോടെ രംഗത്തെത്തി. 200 - 250 ഇംഗ്ലീഷ് ഫോണ്ടുകള്‍ വരെ രംഗത്തെത്തിയ അക്കാലത്തും മലയാളഭാഷയ്ക്ക് ക്രിയാത്മകമായി ഉപയോഗിക്കാവുന്ന ഒരു ഫോണ്ട് ലഭ്യമല്ലായിരുന്നു. ഇതില്‍ ഉത്കണ്ഠ തോന്നിയിരുന്നു. മലയാളത്തിന് ഒരു ഏകീകൃത കീബോര്‍ഡ്(കീ ലേഔട്ട്) വേണ്ടതുണ്ടെന്ന ആശയവും അന്നു മുതല്‍ തന്നെ അദ്ദേഹം പങ്കിട്ടിരുന്നു.

മലയാളം ടൈപ്പ്‌റൈറ്ററുകളില്‍ ഉണ്ടായിരുന്നത് പോലെ ചില്ലക്ഷരങ്ങള്‍ മീതല്‍( ് ) ചിഹ്‌നം കൂടിച്ചേര്‍ത്ത് യോജിപ്പിക്കുന്ന രീതിക്കുപരി കൂട്ടക്ഷരമായി കാട്ടുക എന്നതായിരുന്നു ഏറെ പ്രയാസകരം. എഴുപതുകളിലും മറ്റും ലിപിപരിഷ്‌കരണ ശ്രമങ്ങളില്‍ ഉപയോഗിച്ച സങ്കേതങ്ങള്‍ (ക എന്ന അക്ഷരത്തിനൊപ്പം തന്നെ ു ഇണക്കിച്ചേര്‍ത്തുപയോഗിക്കുന്ന രീതി) ഇതിനായി പരീക്ഷിച്ചു. ഇംഗ്ലീഷ് കീബോര്‍ഡില്‍ 26 അക്ഷരങ്ങളുടെ കാപിറ്റല്‍ - സ്മാള്‍ ലെറ്റര്‍ വകഭേദങ്ങളില്‍ 52 അക്ഷരങ്ങള്‍മാത്രമേ സാധ്യതയുളളൂവെന്നതിനാല്‍ അതിനുള്ളില്‍ തന്നെ അതിലേറെ വരുന്ന മലയാളം ലിപികള്‍ ഉള്‍പ്പെടുത്തുകയെന്നതായിരുന്നു ഈ രംഗത്ത് തനതായ സംഭാവന നടത്താന്‍ ആഗ്രഹിച്ചവര്‍ അന്നു നേരിട്ട പ്രധാന വെല്ലുവിളി.

അക്കാലത്ത് കേരളത്തില്‍ പത്രങ്ങളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ഉപയോഗിച്ചിരുന്ന ഫോണ്ടുകള്‍ പല ഫോര്‍മാറ്റുകളിലുള്ളവയായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഓരോരുത്തരും അവരവരുടെ സൗകര്യത്തിനനുസരിച്ച് ലിപികള്‍ രചിച്ച് അവ ഉപയോഗക്രമത്തില്‍ വരുത്തുന്ന രീതി. ഇതിനിടെ ഒട്ടൊക്കെ ഏകീകൃത കീബോര്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തിയത്.

ഏറ്റവുമധികം ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ അതിസ്വാധീന വിരലുകളില്‍ വിന്യസിക്കുകയും വിരളമായി ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ മറ്റു വിരലുകളില്‍ വിന്യസിക്കുകയും ചെയ്യുന്ന രീതിയാണ് ഇംഗ്ലീഷ് ടൈപ്പ്‌റൈറ്ററുകളില്‍ പിന്തുടര്‍ന്നതെങ്കില്‍ മലയാളത്തിലെ ആദ്യകാല ഫോണ്ട് നിര്‍മാതാക്കളില്‍ പലരും സൗകര്യപ്രദമെന്ന നിലയില്‍ ഇംഗ്ലീഷ് കീബോര്‍ഡിലെ ക്ക ആ ആയും ന്ന ക ആയും മറ്റുമായിരുന്നു വിന്യസിച്ചിരുന്നത്. ഉപയോഗരീതിയില്‍ പ്രധാനമെന്നു വിലയിരുത്തിയ ലിപികള്‍ കീബോര്‍ഡില്‍ എളുപ്പം ലഭിക്കുന്ന രീതിയില്‍ വിന്യസിക്കാനാണ് തോമസ് ജോസ് ശ്രമിച്ചത്.

ഉദാഹരണമായി, ഇംഗ്ലീഷ് കീബോര്‍ഡില്‍ ക്ക എന്ന അക്ഷരം വരുന്ന സ്ഥാനത്ത് അദ്ദേഹം ഉപയോഗിച്ചത് അന്ന് പ്രചാരത്തിലിരുന്ന മലയാളം ടൈപ്പ് റൈറ്ററിലെ അക്ഷര വിന്യാസമാണ്. സരോജ എന്നാണ് തോമസ് ജോസ് തന്റെ ഫോണ്ടിനു നല്‍കിയ പേരെങ്കിലും ജോസ്‌കുട്ടി പിസി ഫോണ്ട് എന്ന പേരിലാണ് ഇത് പ്രശസ്തമായത്. ഈ ഫോണ്ട് എണ്‍പതുകളില്‍ ധാരാളം പേര്‍ അദ്ദേഹത്തില്‍ നിന്നുവാങ്ങിയിരുന്നു. കോപ്പിറൈറ്റ് മാനദണ്ഡങ്ങള്‍ പ്രകാരം വില്‍ക്കാത്തതിനാല്‍ ഒരാള്‍ അവ നിരവധി പേര്‍ക്ക് കൈമാറിയിരിക്കാം എന്നത് പരിഗണിച്ചാല്‍ തന്നെ ആയിരക്കണക്കിനു പേര്‍ തന്റെ ഫോണ്ട് യുഎസ്, ഗള്‍ഫ് മേഖലകളില്‍ ഉപയോഗിച്ചിരിക്കാമെന്ന് തോമസ് ജോസ് പറയുന്നു.

സരോജ എന്ന ഫോണ്ടില്‍ ഫോണ്ട് നിര്‍മാണ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ജയ, ഗംഗ, കൈരളി തുടങ്ങിയ പേരുകളില്‍ വിളിച്ച ഫോണ്ടുകള്‍ അദ്ദേഹത്തിന്റെ കംപ്യൂട്ടറില്‍ പിറവിയെടുത്തു. ശ്രേഷ്ഠഭാഷയെന്ന നിലയില്‍ മലയാളഭാഷ മുന്നേറുമ്പോള്‍ ഏകീകൃത ഫോണ്ടുകള്‍ക്കും കീബോര്‍ഡ് വിന്യാസത്തിനും അധികൃതര്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കംപ്യൂട്ടറിലെ ഉപയോഗം ലളിതമാക്കാനാവും വിധം ലിപി പരിഷ്‌കരണത്തിന് ഇനിയും സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

ഉദാഹരണമായി പ്പ, ട്ട തുടങ്ങിയ കൂട്ടക്ഷരങ്ങള്‍ക്കു പകരം പ, ട തുടങ്ങിയ അക്ഷരങ്ങള്‍ക്കു മേല്‍ പൊതുവായി പ്രകടമാക്കാവുന്ന ഒരു ചിഹ്‌നം(അക്ഷരത്തിനു മേല്‍ ഒരു വരയോ മറ്റോ) ഉപയോഗിച്ച് കംപ്യൂട്ടറില്‍ ക്രമപ്പെടുത്തിയാല്‍ ഏകീകൃത കീബോര്‍ഡില്‍ 15 കീ വരെ ലാഭിക്കാനാവും. ഇങ്ങനെ ചെയ്യുമ്പോഴും ങ്ക തുടങ്ങിയ അക്ഷരങ്ങള്‍ അങ്ങനെ തന്നെയെഴുതുന്നതാകും ഭംഗിയെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ചൈനീസ് ഭാഷയില്‍ പരമ്പരാഗത, ആധുനിക ഫോണ്ടുകള്‍ ലഭ്യമാണെന്നതാണ് ഇതിന് പിന്‍ബലമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

മലയാളത്തിന് വേറിട്ട രൂപഭംഗിയില്‍ നിരവധി ഫോണ്ടുകള്‍ ലഭ്യമായ ഇക്കാലത്ത് തന്നേപോലുള്ളവര്‍ പണ്ടു നടത്തിയ ഫോണ്ട് പരീക്ഷണങ്ങള്‍ ആരും അത്ര കാര്യമായി കാണാനിടയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, സാങ്കേതികവിദ്യ പുരോഗമിക്കാത്ത അക്കാലത്ത് താനുള്‍പ്പെടെ നിരവധി പേര്‍ സ്വന്തം ഭാഷയ്ക്കായി നടത്തിയ ശ്രമങ്ങളിലൂടെ നേടിയ സംതൃപ്തി പറഞ്ഞറിയിക്കാനാവാത്തതാണെന്നും അദ്ദേഹം ഓര്‍മിക്കുന്നു.

1984 ല്‍ യുഎസില്‍ എത്തിയ തോമസ് ജോസ് യുഎസ് സര്‍ക്കാരിന്റെ തപാല്‍ സേവന വിഭാഗത്തില്‍ 25 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. ചങ്ങനാശേരി മാമൂട് ഇയാലില്‍ കുടുംബാംഗമായ ഇദ്ദേഹം ഇപ്പോള്‍ ബിസിനസ് രംഗത്താണ്. യുഎസിലെ മേരിലാന്‍ഡ് സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റോടെ നടത്തുന്ന ഫോസ്റ്റര്‍ ഹോമുകളുടെ പ്രവര്‍ത്തനത്തില്‍ വ്യാപൃതനാണ് അദ്ദേഹം. ചെന്നൈ സ്വദേശിനിയായ മലയാളി റോസിയാണ് ഭാര്യ. ഏകമകന്‍ അലക്‌സാണ്ടര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=14319235&programId=1074209519&channelId=-1073753625&BV_ID=@@@&tabId=11
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക