Image

ജന്മനാടിന്റെ സ്‌മരണകളിലൂടെ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 27 June, 2013
ജന്മനാടിന്റെ സ്‌മരണകളിലൂടെ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
(സ്‌നേഹബന്ധങ്ങളും, ഗ്രാമനൈര്‍മ്മല്യവും, ലാളിത്യവും നിറഞ്ഞു തുളുമ്പി
നിന്നിരുന്ന എന്റെ ബാല്യത്തിലെ എന്റെ ഗ്രാമം നാലു ദശാബ്ദത്തിലധികം
കടന്നപ്പോഴേയ്‌ക്കും വളരെയധികം മാറിപ്പോയെങ്കിലും ഗൃഹാതുത്വം മഥിക്കുന്ന ഒരു മനസിന്റെ പ്രതിഫലനമാണ്‌ ഈ കവിത.)

ആകാശസീമകള്‍ക്കതിക്കു വയ്‌ക്കുന്നോരു-
ആഴിപ്പരപ്പിന്നുമകലെ
കേരവൃക്ഷങ്ങള്‍ കരം കോര്‍ത്തു നില്‍ക്കുന്ന
കേരളമാണെന്റെ നാട്‌.

മലകളും മേടുമായ്‌ ചേലോടൊഴുകുന്ന
പുഴകളും പുല്‍കിയുരുമ്മി
മരതകപ്പച്ചയില്‍ മുങ്ങിക്കുളിച്ചോരു
വയലുകള്‍ തിങ്ങിയ നാട്‌.

കാനനഭംഗിയില്‍ കാര്‍ത്തികരാവുകള്‍
കീര്‍ത്തനാലാപത്തില്‍ മുങ്ങി
തളിരിളം തെന്നലില്‍ മലരണിക്കാടുകള്‍
കുളിരുകോരിയോരു നാട്‌.

ഉത്രാടനാളിലെ തത്രപ്പാടെത്രയും
താളം തകര്‍ത്തു നിന്നെത്തും
ചിങ്ങമാസത്തിലെ തിരുവോണസന്ധ്യയില്‍
എല്ലാം മറന്നോരു നാട്‌.

ഓലയിലാദ്യം `ഹരി'യെന്നെഴുതിയ
ആശാന്റെയാകാരമെന്നും
ലോകമേകീട്ടുള്ള വിജ്ഞാനകോശത്തില്‍
അഗ്രത നേടിയ നാട്‌.

മുട്ടെത്തും മുണ്ടുമായ്‌ കര്‍ഷകപ്പെണ്‍കൊടികള്‍
ഓളത്തില്‍പ്പാടുന്ന പാട്ടില്‍
ചേറും ചെളിയും നിറഞ്ഞ പാടങ്ങളില്‍
ഞാറുകള്‍ നിരയാര്‍ന്ന നാട്‌.

ഒറ്റമുണ്ടും തലപ്പാളയും മാത്രമായ്‌
ഉച്ചവെയിലിലും നിന്ന്‌
തമ്പുരാന്‍ നല്‍കുന്ന കൂലിക്കതീതമായ്‌
കൂലിപ്പണി ചെയ്‌ത നാട്‌.

ചെറ്റക്കുടിലിലെ കഞ്ഞിക്കലത്തിന്റെ
വട്ടത്തില്‍ കുത്തിയിരുന്ന്‌
ചട്ടിയില്‍ കട്ടിയ കഞ്ഞിയിലുള്ളതാം
വറ്റിനാല്‍ സ്വാദാര്‍ന്ന നാട്‌.

കാളവണ്ടിയെന്നും നാട്ടിന്‍പുറത്തിന്റെ
നാരായവേരായി നിന്ന്‌
കുടമണി തൂക്കിയ കാളകളെന്നും
ഭാരം വലിച്ചോരു നാട്‌.

മുറ്റത്തു വെള്ളാരം കല്ലിനാല്‍ തീര്‍ത്തോരു
തുളസിത്തറയിലിരുന്ന്‌
പെണ്‍കൊടി കത്തിച്ചൊരന്തി വിളക്കിങ്കല്‍
വിശ്വം മയങ്ങിയ നാട്‌.

അച്ഛനുമമ്മയും അമ്മൂമ്മയും പിന്നെ
കൊച്ചു കിടാങ്ങളുമൊത്ത്‌
അന്തിയിലീണത്തില്‍ കീര്‍ത്തനാലാപത്താല്‍
അന്ധത വെന്നോരു നാട്‌.

ചേലോടൊഴുകിയാ ചോലയില്‍ മുങ്ങിയാ
ശാലീന കന്യക തന്റെ
ചേലാര്‍ന്ന വാര്‍മുടിക്കെട്ടില്‍ ലസിച്ചോരു
തുളസിയാല്‍ മണമാര്‍ന്ന നാട്‌.

വിശ്വത്തെ വെല്ലുന്ന നിസ്‌തുല സ്‌നേഹത്താ-
ലമലമാം ചിത്തവുമായി
ആറ്റുനോറ്റെന്നുമെനിക്കായിരുന്നതാം
ഉറ്റവര്‍ മേവിയ നാട്‌.

എന്നെന്നുമെന്നുടെയന്തരാത്മാവിങ്കല്‍
ആനമ്പ ബാഷ്‌പം നിറച്ച്‌
സ്‌നേഹത്തിന്‍ കൈത്തിരി ത്താലവുമായെന്റെ
ഓര്‍മ്മയില്‍ നിത്യം തെളിയുന്നെന്‍ നാട്‌.

ഇന്നെന്റെ ഗ്രാമത്തിന്‍ നാഗരികാദേശം
വെന്നിക്കൊടി ചാര്‍ത്തി നില്‍ക്കെ
ഒട്ടു സല്‍സ്‌മരണകളല്ലാതെയൊന്നും
നേട്ടമായില്ലെന്‍ മാനസക്കോവിലില്‍.

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ (Yohannan.elcy@gmail.com)

ജന്മനാടിന്റെ സ്‌മരണകളിലൂടെ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
വിദ്യാധരൻ 2013-06-27 17:16:45
ഭാവപൂർണ്ണമായ കവിത മോനോരോഗത്തിനു  ഒരൗഷധമാണ് . പ്രത്യേകിച്ചു കേരളത്തിലെ  മനോരോഗികക്ക്.  കാടും പുഴകളും തോടും തൊടികളും കേരവൃക്ഷങ്ങളും മണല് വാരിയും, ഇപ്പോൾ ആറുമുള തുടങ്ങിയ മനോഹര ഭൂപ്രദേശങ്ങളെ തീറെഴുതി കൊടുത്ത്  നശിപ്പിച്ചും മനോരോഗം അതിന്റെ മൂർദ്ദന്യാവസ്ഥയിൽ എത്തിയിര്ക്കുകയാണ്.  ഒരു കവിയുടെയോ കവിയിത്രിയുടെയോ ഇടപെടൽ ഈ സന്ദർഭത്തിൽ വളരെ നിർണ്ണായകമാണ് . സ്നേഹ നിര്ഭരമായ ഭാഷയിൽ ചൊല്ലിക്കൊടുക്കുന്ന കവിത ഒരു മന്ത്രമാണ് . എപ്പോഴാണ് ഈ മന്ത്രം ഫലിക്കുന്നെതു എന്ന് പറയാൻ പറ്റില്ല. ഭാവപൂർണ്ണവും സ്നേഹ നിർഭരവുമായ നിങ്ങളുടെ കവിത തെഞ്ഞുമാഞ്ഞുകൊണ്ടിരിക്കുന്ന സ്വന്തദേശത്തെ കുറിച്ചുള്ള വേദനയാൽ ആരദ്രവുമാണ് . ഭാഷയുടെ ലാളിത്യം, വൃത്തം ഇവയാൽ കവിത മനോഹരവുമാണ്.

"താമരപൂക്കളും  ഞാനുമോന്നിച്ചാണ് 
താമസിക്കുന്നതി നാട്ടിൽ 
കന്നിനിലാവും ഇളംവെയിലും വന്നു 
ചന്ദനം ചാർത്തുന്ന നാട്ടിൽ"  എന്ന് പാടിയ വയലാറിന്റെ കാലത്ത് നിന്ന് ചുരുങ്ങിയ കാലംകൊണ്ട്  കേരളം അരാചകത്തിനെറ്റെയും നാശത്തിന്റെയും വാക്കിലേക്ക് അതിവേഗം വന്നടുത്തിരിക്കുന്നു. മനോഹരമായ ഈ കവിത ശ്രിമതി എൽസിയൊഹന്നാനു എന്റെ കൂപ്പുകയ്യ് 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക