Image

എഴുത്തുകൂട്ട് (മാനസി, നിര്‍മ്മല, റീനി, നീന)

സ്വപ്ന അനു ബി. ജോര്‍ജ് Published on 30 June, 2013
എഴുത്തുകൂട്ട് (മാനസി, നിര്‍മ്മല, റീനി, നീന)
ജീവിതത്തിന്റെ ഹൃദയവേരുകള്‍ ഇന്നും കേരളത്തില്‍ നിന്നും പറിച്ചുമാറ്റാത്ത, പ്രവാസജീവിതം നയിക്കുന്ന നാലു സ്ത്രീജന്മങ്ങള്‍ .എല്ലാവരുടെ വിരല്‍ത്തുമ്പിലും കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, നിരൂപണങ്ങള്‍... എല്ലാവരും മലയാള സാഹിത്യത്തെ നെഞ്ചോട് ചേര്‍ത്തവര്‍. ജിവിതത്തില്‍ എന്നോ നെഞ്ചോട് ചേര്‍ത്ത സാഹിത്യവാസനെ അതേ അളവിലോ അതിനേക്കാളേറെയോ നിലനിര്‍ത്താന്‍ കഴിയുന്നവര്‍ അത്യപൂര്‍വ്വം മാത്രം. അവരുടെ കൂടിക്കാഴ്ചകള്‍, ഒത്തുചേരലുകള്‍ എന്നും ഓര്‍മ്മിക്കാന്‍ അവര്‍ പറഞ്ഞ ചില നുറുങ്ങുകള്‍, വിശേഷങ്ങള്‍, സന്തോഷങ്ങള്‍.....

കാനഡയില്‍ നിന്നുള്ള നിര്‍മലാ തോമസ്, യു.എസ്.എയിലെ കണക്ടിക്കട്ടില്‍നിന്നുള്ള റീനി മമ്പലം, മുംബൈയില്‍നിന്നുള്ള മാനസി, ഫിലാഡല്‍ഫിയയില്‍ നിന്നുള്ള നീനാ പനയ്ക്കല്‍. എല്ലാവരും ഒത്തുചേര്‍ന്നു ഫിലാഡല്‍ഫിയയില്‍. 

മാനസി വിജയന്‍

ചെറുകഥാ സമാഹാരങ്ങള്‍, മഞ്ഞിലെ പക്ഷി, കേരള സാഹിത്യ അക്കാഡമിയുടെ അവാര്‍ഡ്, പലതരം ഫീച്ചറുകളും, ഭാഷാപരിവര്‍ത്തനങ്ങളും പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കഥ "പുനരധിവാസം' സിനിമയായും സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനും കേരളാ സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 

നിര്‍മ്മല തോമസ്

ആദ്യത്തെ പത്ത് ചെറുകഥകള്‍, ഈ കഥാസമാഹാരത്തിന് പോഞ്ഞിക്കര റാഫി സ്‌പെഷല്‍ ജൂറി അവാര്‍ഡ് ലഭിച്ചു. സ്‌ട്രോബറികള്‍ പൂക്കുമ്പോള്‍, നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി , 10 ചെറുകഥാ സമാഹാരം. 

റീനി മമ്പലം

2010-ല്‍ പ്രസിദ്ധീകരിച്ച റിട്ടേണ്‍ ഫ്‌ളൈറ്റ് 12 കഥകളുടെ സമാഹാരമാണ്. ചെറുകഥകള്‍ വാരാദ്യമാധ്യമം, പുഴ ഡോട്ട്‌കോം, സമകാലിക മലയാളം വാരിക, പ്രവാസചന്ദ്രിക, വനിത, ദേശാഭിമാനി വാസി, മുംബേ, കാക്ക, മഴവില്‍ ഓണ്‍ലൈന്‍, ചിന്ത ഡോട്ട്‌കോം തുടങ്ങിയവയില്‍ ചെറുകഥകളെഴുതി.ഇതുകൂടാതെ ലേഖനങ്ങള്‍ പലതും ദേശാഭിമാനി മാസികയിലും അഭിമുഖം ചന്ദ്രികമാസികയിലും പ്രാസിദ്ധീകരിച്ചിട്ടുണ്ട്.

നീന പനയ്ക്കല്‍

സന്മനസുള്ളവര്‍ക്ക് സമാധാനം (ചെറുകഥാ സമാഹാരം), ഒരു വിഷാദഗാനം പോലെ (ചെറുകഥാ സമാഹാരം), മഴയുടെ സംഗീതം (ചെറുകഥാ സമാഹാരം), സ്വപ്നാടനം (നോവല്‍)-ഡി.സി. ബുക്‌സ്, ഇലത്തുമ്പിലെ തുഷാരബിന്ദുവായി (നോവല്‍), മല്ലിക (നോവല്‍), നിരവധി പുരസ്കാരങ്ങളുടെ കൂട്ടത്തില്‍ ബാലജനസഖ്യം അവാര്‍ഡ്, സ്വപ്നാടനത്തിനുള്ള അവാര്‍ഡ്, ഗ്രേറ്റ് അമേരിക്കന്‍ മലയാളി അവാര്‍ഡ്, ഫിലാഡല്‍ഫിയ മലയാളി അസോസിയേഷന്‍ അവാര്‍ഡ് ഇവയെല്ലാം നീനയുടെ പുസ്തകങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. 

ഫിലാഡല്‍ഫിയയില്‍ ഈ സംഗമം. മാനസി, നീന പനയ്ക്കല്‍, നിര്‍മ്മല തോമസ്, റീനി മമ്പലം, ഇത് ആരുടെ ആശയമായിരുന്നു?

റീനി: നീനയുടെ ഐഡിയ ആയിരുന്നു. കുറെക്കാലമായി ഞാനുംനീനയും,നിര്‍മ്മലയും എവിടെയെങ്കിലും ഒന്നിച്ചുകൂടണം എന്ന ചിന്തയുമായി നടക്കുകയായിരുന്നു. അപ്പോഴാണ് മാനസി വീണ്ടും ഫിലാഡല്‍ഫിയയിലേക്ക് വന്നത്. അങ്ങനെ ഫിലാഡല്‍ഫിയയില്‍ ഒത്തുകൂടാമെന്ന് ഞങ്ങള്‍ വിചാരിച്ചു. നിര്‍മ്മല മാനസിയെ കണ്ടിട്ടില്ലായിരുന്നു. കഴിഞ്ഞ "ലാന'യ്ക്ക് (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) മാനസിയായിരുന്നു മുഖ്യാതിഥി. അപ്പോള്‍ ഞാന്‍ പരിചയപ്പെട്ടു. നീനയ്ക്ക് മാനസിയുമായി വര്‍ഷങ്ങളുടെ പരിചയമുണ്ട്. നീനയും ഫിലാഡല്‍ഫിയയിലാണ് താമസം. ഞാനും നീനയും തമ്മില്‍ സാഹിത്യസംബന്ധമായി ചലപ്പോഴൊക്കെ ന്യൂയോര്‍ക്കില്‍ കാണാറുണ്ട്. നിര്‍മ്മല കാനഡയിലായതുകാരണം ചുരുക്കമായേ ന്യൂയോര്‍ക്കിലേക്ക് വരാറുള്ളൂ. 

നിര്‍മ്മല: ഇതു തികച്ചും ഒരു സൗഹൃദസംഗമം ആയിരുന്നു.സാഹിത്യം, എഴുത്ത് എന്നൊന്നും ആലോചിച്ചല്ല കൂടിയത്. പ്രത്യേക അജണ്ടകളില്ലാതെ, പറയുന്നതെല്ലാം പിച്ചിച്ചീന്തി വിചാരണചെയ്യപ്പെടാം എന്ന വേവലാതിയില്ലാതെ, മുഖംമൂടിയും മറയുമില്ലാതെ നിര്‍ദോഷമായ തമാശകളും അതിരില്ലാത്ത തമാശകളും നിറഞ്ഞ കുറച്ചു സമയം. അതിനെ ഇങ്ങനെയൊരു "സംഭവ'മായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുതന്നെ ആ കൂടിക്കാഴ്ചയ്ക്ക് ചേര്‍ന്നതല്ല എന്ന് ഓര്‍മ്മപ്പിക്കട്ടെ. 

മാനസി: പ്രധാനമായും നീനയുടെ ചില അസൗകര്യങ്ങള്‍ കാരണം ഓരോരുത്തരേയും പ്രത്യേകമായി കാണുക അസാധ്യമായിരുന്നതിനാല്‍ എല്ലാവരും ഒരുമിച്ച് ഒരിടത്ത് കാണാമെന്നുവെച്ചു. എല്ലാവര്‍ക്കും താരതമ്യേന സൗകര്യപ്രദമായ ഒരു സ്ഥലവും സമയവും തീരുമാനിച്ചു. വീടിനു പുറത്തൊരു സ്ഥലം എന്ന ആശയം ആദ്യം പറഞ്ഞത് നീനയാണ്. 

എഴുത്തുകാരികളായി മാത്രം കുറച്ചു സമയം ഒരുമിച്ച് ചെലവിടണമെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ടായിരുന്നു. ആ താത്പര്യം ഈ സംഗമത്തില്‍ കലാശിച്ചു. 

എല്ലാവരും കഥയയുടെ രസതന്ത്രമറിയാവുന്നവര്‍. രചനയെന്ന പ്രക്രിയയെപ്പറ്റി...?

മാനസി: എന്റെ ഭാവനയെ ത്രസിപ്പിക്കുന്ന കഥകള്‍ എഴുതുന്നവരോട് വ്യക്തികള്‍ എന്ന നിലയ്ക്കല്ല, അവരുടെ കഴിവിനോട് വളരെയധികം ബഹുമാനം തോന്നാറുണ്ട്. കഥയെഴുതാനുള്ള കഴിവ് സര്‍ഗ്ഗപരമായ, കായികമായ, അക്കാഡമിക്കായ മറ്റു കഴിവുകളെപ്പോലെ തന്നെ ഒരു സിദ്ധിയാണ്. ഈ കഴിവുകള്‍ ഒരു വ്യക്തിയെ നല്ലതോ, ചീത്തയോ ആക്കുന്നില്ല. കഴിവിനെയാണ് ഞാന്‍ പ്രണമിക്കുന്നത്. 

റീനി: നല്ല നുണകള്‍ എഴുതുന്നവരാണ് നല്ല എഴുത്തുകാര്‍. എല്ലാ വികാരങ്ങളും അല്‍പം ഒന്ന് "എക്‌സാജറേറ്റ്' ചെയ്യണം. മനസിനെ കീറിമുറിക്കാനാവണം. വായിച്ചുകഴിഞ്ഞാല്‍ വര്‍ഷങ്ങളോളം കഥകള്‍ മനസില്‍ തങ്ങിക്കിടക്കണം. ഓര്‍മ്മയില്‍ അതുണ്ടാക്കിയ മുറിവുകള്‍ ചോര കിനിഞ്ഞ് നില്‍ക്കണം. അവിടെയാണ് എഴുത്തുകാരുടെ കഴിവ്. 

നിര്‍മ്മല: ഓരോരുത്തര്‍ക്കും ഏഴുത്ത് അവരവരുടേതായ അനുഭവമാണ്.അതിനെ ഒരേ മൂശയില്‍ ഒതുക്കാന്‍ ശ്രമിച്ചാല്‍ പാകമാവില്ല. ആ വൈവിധ്യം തന്നെയാണ് എഴുത്തിലും ശക്തിയും ആകര്‍ഷണീയതയും. 

നീന: എന്റെ കഥകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യമായി കിട്ടിയ അഭിനന്ദനം, പ്രചോദനം ഇന്നും ഞാന്‍ മനസില്‍ സൂക്ഷിക്കുന്നു. പണ്ട് കോളജ് മാഗസിനില്‍ ഒരു കഥയെഴുതിയിരുന്നു. അതേ കോളജില്‍ എന്റെ സീനിയര്‍ ആയിരുന്ന ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി അന്ന് എന്റെ കൈയ്ക്ക് പിടിച്ച് അനുമോദിക്കുകയുണ്ടായി. എന്റെ ആദ്യത്തെ രാജകീയ അംഗീകാരം. ഒരു പൊങ്ങച്ചമായി തോന്നാമെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഒരു സ്വര്‍ണ്ണത്തൂവല്‍ പോലെ എന്നും മനസിന്റെ താളുകളില്‍ ഞാന്‍ സൂക്ഷിച്ചുവെയ്ക്കുന്നു.

കഥകള്‍ക്കായി സമയം കിട്ടിത്തുടങ്ങിയത് അമേരിക്കയില്‍ വന്നശേഷമാണ്. വിമര്‍ശന ചക്രവര്‍ത്തിയായ പ്രഫ. എം. കൃഷ്ണന്‍നായര്‍ പലതവണ എന്റെ കഥകളേയും എന്റെ മനസിനേയും നിരൂപണങ്ങളില്‍ കോര്‍ത്തുവലിച്ചുവെങ്കിലും ഞാന്‍ വീണ്ടും വീണ്ടുംഉയര്‍ത്തെഴുന്നേറ്റു. എന്നാല്‍ ഒരു സഹൃദയനായി വാക്കുകളാല്‍ പ്രചോദനം നല്‍കാനും അദ്ദേഹം മറന്നില്ല. മൂന്നു ചെറുകഥാ സമാഹരങ്ങളും രണ്ട് നോവലുകളും പ്രസിദ്ധീകരിച്ചുകഴിഞ്ഞു. മൂന്നാമത്തെ നോവല്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരണത്തിനായി തയാറാക്കുന്നു. കൂടെ മറ്റൊരു നോവലിന്റെ പണിപ്പുരയിലാണ് ഞാനിപ്പോള്‍. 

ഇന്നത്തെ "മോഡേണ്‍ കഥകള്‍', കുറച്ചുകൂടി വിശദാംശങ്ങളിലേക്ക് പോകുന്നില്ലെ, ബന്ധങ്ങളെക്കുറിച്ച്, ശാരീരിക ബന്ധങ്ങളെക്കുറിച്ച്? 

മാനസി: ഏതുകാലത്തെ കഥയായാലും ആ കഥയുടെ ആശയപ്രകനടത്തിന് പ്രസക്തമാണെങ്കില്‍ ബന്ധത്തെക്കുറിച്ചോ, ശാരീരിക ബന്ധത്തെക്കുറിച്ചോ എങ്ങനെയും എഴുതാം. ശാരീരികമോ,അശ്ശീലമോ എനിക്ക് ലൈംഗിതകയല്ല. അസഭ്യവുമല്ല. കഥ അസഭ്യമാവുന്നത് കഥയിലെ അപ്രസക്തമായ വിവരണങ്ങള്‍കൊണ്ട്, ചേരാത്ത പ്രയോഗങ്ങള്‍കൊണ്ടുമാണ്. കഥയ്ക്ക് ഒരു സൗന്ദര്യശാസ്ത്രം ഉണ്ട്. 

ഏതൊരു ശില്പത്തിനും എന്നപോലെ ഒരു സ്ത്രീയുടേയോ, പുരുഷന്റെയോ നഗ്ന ശില്‍പം അസഭ്യമോ അശ്ശീലമോ അല്ല. ആണെങ്കില്‍ നമ്മുടെ കഥ, സാഹിത്യപൈതൃകത്തില്‍ അതിശ്രേഷ്ഠം എന്നു പരിഗണിക്കപ്പെടുന്ന പലതും അസാദ്ധ്യമായിത്തീരും. 

റീനി: പക്ഷെ, ഇപ്പോള്‍ ആളുകള്‍ അല്‍പംകൂടി ബോള്‍ഡ് ആയി തുറന്നെഴുതുന്നുണ്ടെന്നെനിക്കു തോന്നുന്നു. ആലോചിച്ചു നോക്കുമ്പോള്‍ ബന്ധങ്ങളൊക്കെ സ്വാഭാവികമല്ലേ? പിനെന്തിന് എഴുതാതിരിക്കണം. 

നീന: ഇന്നത്തെ എഴുത്തുകാര്‍ തുറന്ന, വിശാലമായ നിലയില്‍ കഥകള്‍ മെനഞ്ഞെടുക്കാന്‍ വെമ്പല്‍ കാണിക്കുന്നില്ലെന്നൊരു തോന്നല്‍. 

സഭ്യതയുടെ മൂടുപടം ഇന്ന് കഥകളില്‍ കാണുന്നില്ല. അത് ആധുനിക ചിന്താഗതിയാണോ, അതോ മാറ്റത്തിന്റെ സ്വഭാവം ആണോ?

മാനസി: എന്താണ് സഭ്യത? എന്നെ സംബന്ധിച്ചടത്തോളം സര്‍ഗത്തിന്റെ ഒരു ഭാഗവും അസഭ്യമല്ല. പ്രകൃതിദത്തമായ ലൈംഗികത അശ്ശീലമല്ല. സ്ത്രീ-പുരുഷാകര്‍ഷണം അസഭ്യമല്ല. വിശക്കുന്നവന്റെ മുന്നിലിരുന്ന് അവനൊന്നും കൊടുക്കാതെ മൃഷ്ടാന്നം ഭക്ഷിക്കുന്നതാണ് അശ്ശീലം. അസഭ്യം, പ്രതിപക്ഷ ബഹുമാനം ഇല്ലാതെയുള്ള പെരുമാറ്റമാണ് അസഭ്യം. 

ശാരീരികബന്ധങ്ങളെക്കുറിച്ച് തുറന്നെഴുതുന്നത് അസഭ്യമല്ല. പരസ്പരം ചതിച്ചും ദ്രോഹിച്ചും ശപിച്ചും ജീവിക്കുന്നത്, ജീവിതത്തെ വയറ്റിപ്പിഴപ്പിനും ആര്‍ഭാടത്തിനും വേണ്ടി മൂടിവെച്ച് മാന്യകള്‍/മാന്യന്മാരായി നടക്കുന്നതാണ് അസഭ്യം. ആധുനിക ചിന്താഗതിയെന്നല്ല, ആത്മാര്‍ത്ഥമായ ചിന്താഗതിയാണത്. ധൈര്യമുള്ളവര്‍ എന്നും ഇങ്ങനെയൊക്കെ എഴുതിയിട്ടുണ്ട്. സത്യം പറയല്‍ കഥാകാരന്റെഅവകാശമാണ്. ആരൊക്കെ എവിയെടൊക്കെ ചൊടിച്ചാലും. 

നീന: തുറന്ന, വിശാലമായ കഥകളോട് വായനക്കാര്‍ക്ക് പ്രതിക്ഷേധം ഇല്ല എന്നതാണ് സത്യം. അല്‍പം മസാലയും കന്യാസ്ത്രീ കഥകളും മറ്റും ആസ്വദിച്ച് വായിക്കാന്‍ ധാരാളം ആള്‍ക്കാരുണ്ട്. എങ്കിലും ഇന്നും ഇത്തരം കഥകള്‍ വായിക്കാനും എനിക്ക് സങ്കോചം ഇല്ലാതില്ല. 

നിര്‍മ്മല: കാലോചിതമായ മാറ്റങ്ങള്‍ എല്ലായിടത്തും അനിവാര്യമാണ്. "സഭ്യത' എന്നതിന്റെ നിര്‍വ്വചനത്തിനുതന്നെ മാറ്റം സംഭവിച്ചിട്ടില്ലേ? രാജകുടുംബത്തെ പ്രകീര്‍ത്തിച്ച് സംസ്കൃതത്തില്‍ എഴുതുന്നത് എന്നതില്‍ നിന്നും സാഹിത്യം എത്രയോ ദൂരം പിന്നിട്ടിരിക്കുന്നു. 

റീനി: ആധുനിക കഥകളില്‍ തുറന്നെഴുന്ന പ്രവണതയില്ലേ? "ക്യൂരിയോസിറ്റി' മനുഷ്യസ്വഭാവത്തിന്റെ ഒരു വശമായതിനാല്‍ അത്തരം കഥകള്‍ക്ക് ധാരാളം വായനക്കാരും ഉണ്ടാവും. വായിക്കാന്‍ എങ്ങനെയുള്ള കഥകള്‍ തെരഞ്ഞെടുക്കണം എന്ന സ്വാതന്ത്ര്യം വായനക്കാരനുണ്ടല്ലോ! 

ഇന്റര്‍നെറ്റും, ഫെയ്‌സ്ബുക്കും ഒക്കെ വന്നതിന്റെ ഭാഗമായി നമുക്ക് കഥകള്‍ വാരികയ്ക്ക് അയച്ചുകൊടുക്കാനും വായനക്കാരനുമായി സംസാരിക്കാനും അഭിപ്രായങ്ങള്‍ വഴി നമുക്കുതന്നെ കൂടുതല്‍ നന്നായി എഴുതാനും സാധിക്കുന്നുണ്ടോ?

മാനസി: ഇന്റര്‍നെറ്റ് ഒരു വലിയ ലോകമാണ് നമുക്ക് മുന്നില്‍ തുറന്നിടുന്നത്. ഇത് മറ്റുള്ളവരുമായുള്ള വാര്‍ത്താവിനിമയത്തിന് ഏറ്റവും അധികം സൗകര്യം നല്‍കുന്നു. ഇതുവഴി നമ്മുടെ സൃഷ്ടിയെക്കുറിച്ച് മറ്റുള്ളവര്‍ എന്തു പറയുന്നു എന്നറിയാനും, അതനുസരിച്ച് വേണമെങ്കില്‍ മാറ്റങ്ങള്‍ വരുത്താനും കഴിയുന്നു. വലിയ സൗകര്യമാണത്. 

റീനി:കഥകള്‍ ഈമെയില്‍ വഴി പെട്ടെന്ന് ആനുകാലികങ്ങള്‍ക്ക് അയച്ചുകൊടുക്കാമെന്നത് വലിയ അനുഗ്രഹമാണ്. എന്നാലും നമ്മള്‍ വിചാരിക്കുന്നതുപോലെ എല്ലാവരും കംപ്യൂട്ടര്‍ ഉപയോഗിക്കാറില്ലല്ലോ? ഫേസ്ബുക്ക്, ബ്ലോഗ് പോലെയുള്ളടത്ത് കഥകള്‍ പോസ്റ്റ് ചെയ്താല്‍ ഉടന്‍തന്നെ വായനക്കാരുടെ ഫീഡ്ബാക്ക് കിട്ടും. അവരുടെ ഫീഡ്ബാക്ക് നമ്മെ മറ്റൊരു വിധത്തില്‍ ചിന്തിപ്പിക്കുകയും, നല്ലതെന്ന് തോന്നിയാല്‍ വ്യത്യാസങ്ങള്‍ വരുത്തുകയും ചെയ്യാന്‍ സഹായിക്കുന്നു.സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ എഴുത്തുകാര്‍ക്ക് പ്രോത്സാഹനമാണ്. അവരില്‍ ചിലര്‍ക്കൊക്കെ മഹത്തായ എഴുത്തുകാരാണെന്നുള്ള ധാരണയുണ്ട്. 

നിര്‍മ്മല: വായനക്കാരുമായും മറ്റ് എഴുത്തുകാരുമായി സംവദിക്കാന്‍ സോഷ്യല്‍ മീഡിയ തീര്‍ച്ചയായും ഉപകരിക്കപ്പെടുന്നുണ്ട്. മാത്രമല്ല, ഇവിടെ പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വ്യത്യസ്തമായ അഭിപ്രായങ്ങളും ചിന്തകളും കാണാം. അത് എഴുത്തിനെ പരോക്ഷമായി ബാധിക്കുന്നു എന്നുതന്നെ കരുതാം.മെച്ചപ്പെടുത്തുന്നുണ്ടാവും എന്ന് ഉറപ്പായി പറയാന്‍ കഴിയില്ല. 

നീന: ഫെയ്‌സ്ബുക്കും എല്ലാത്തരം സോഷ്യല്‍ നെറ്റ് വര്‍ക്കുകളോട് ഒരു വിരോധവും ഇല്ല. എങ്കിലും എനിക്ക് പരിചയമുള്ള എന്റെ സുഹൃത്തുക്കളുടെ പേജുകളില്‍മാത്രമേ അഭിപ്രായം പറയാറും എഴുതാറുമുള്ളൂ. എന്റെ കഥകള്‍ഒന്നുംതന്നെ ഞാന്‍ ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിക്കാറില്ല. എങ്ങനെയെന്നറിയില്ല എന്നതും ഒരു സത്യംതന്നെയാണ്. 

മാനസി: പ്രസിദ്ധീകരണങ്ങള്‍ ഏറെയാണ്. എഴുതുന്നവരും. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ വരുന്ന സൃഷ്ടികള്‍ കൂടുതല്‍ മെച്ചപ്പെട്ടതുകൊണ്ട് മറിച്ച്, അവ കൂടുതല്‍ കൈകളില്‍ എത്തിപ്പെടുന്നു എന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ നേടുന്നു എന്നതിനാല്‍ ഓണ്‍ലൈന്‍ മാഗസിനുകളും ബ്ലോഗുകളും പ്രസിദ്ധീകരണത്തിന്റെ മറ്റു തലങ്ങളാണ്. ഇതെല്ലാം വായനയെ വൈവിധ്യപൂര്‍ണ്ണവും ആഴത്തിലുള്ളതുമാക്കുന്നു. 

റീനി: വാരികകള്‍ക്കെല്ലാം വിദേശ വായനക്കാര്‍ ഉണ്ട്. ഈ മാസികകള്‍ എല്ലാം കേരളത്തില്‍ നിന്നയച്ചാല്‍ രണ്ടാഴ്ചകൊണ്ട് അമേരിക്കയില്‍ എത്തും. അല്‍പം ലേറ്റായി കവിതകളും കഥകളും വായിക്കാമെന്നേയുള്ളൂ. പിന്നെ പല മാസികളും ഓണ്‍ലൈനില്‍ ലഭ്യമാണ്. അച്ചടിമാധ്യമങ്ങള്‍ക്കാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. 

നിര്‍മ്മല: മലയാള സാഹിത്യത്തിലെ കഥകള്‍ ഇന്നും പ്രഥമമായി ശ്രദ്ധിക്കപ്പെടുന്ന് അച്ചടിമാധ്യമത്തിലൂടെ തന്നെയാണ്. അതേസമയം തന്നെ ഈ കൃതികള്‍ ലോകത്തിന്റെ എല്ലാകോണിലും എത്തുകയും ചെയ്യുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കുറച്ച് സാരമായ മാറ്റം വരും. ഇപ്പോള്‍ത്തന്നെ "നാലാമിടം' പോലെയുള്ള ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ പുതിയ വിഷയങ്ങള്‍ ആഴത്തില്‍ അവതരിപ്പിക്കുന്നുണ്ട്. മാനവജീവിതം ആഗോളമായിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ അച്ചടിമാധ്യമങ്ങളെ മറികടക്കും. 

നീന: എന്റെ കഥകള്‍ മിക്കവാറും ഇ മലയാളി ഡോട്ട്‌കോം, ബിലാത്തി മലയാളം (ലണ്ടന്‍), ജനനി മാസിക എന്നിവയിലാണ് പ്രസിദ്ധീകരിക്കാറുള്ളത്. ഇക്കാലത്ത് ഓണ്‍ലൈന്‍ മാഗസിനുകളും പത്രങ്ങളും ഉള്ളതുകൊണ്ട് ആര്‍ക്കും സമയവും സൗകര്യവും അനുസരിച്ച് കഥകളും മറ്റും ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്. 

ഇന്ന് ധൃതിപിടിച്ച് ലോകത്തിലെ ജീവിതത്തിനിടയില്‍ കഥകള്‍ക്കായി സമയം സ്വയം മാറ്റിവെയ്ക്കാന്‍ സാധിക്കുന്നുണ്ടോ? അതിനായി സമയം കണ്ടെത്താതിരുന്നാല്‍ ഏതോ നഷ്ടബോധം ഉണ്ടാകാറുണ്ടോ?

മാനസി: ഇന്നത്തെ ജീവിതരീതി കഥയെഴുത്തിനും വായനയ്ക്കുമൊക്കെയുള്ള സമയം വല്ലാതെ ചുരുക്കുന്നു. സമയം ഇല്ലാതായിപ്പോകുന്നതില്‍ നഷ്ടബോധമുണ്ട്. സാഹിത്യവും കലയുമൊക്കെ മനസില്‍, കടലാസൊക്കെ എത്രയോ പിന്നാലെ വരുന്ന സാധനമാണ്. എനിക്ക് ഒരാളുടെ നോട്ടമോ ചിരിയോ വാക്കോ ഒക്കെ കഥാതന്തു തുടക്കം ഇടാറുണ്ട്. ധാരാളം നഷ്ടബോധം തോന്നാറുണ്ട്. പരിചയമുള്ള ലോകത്തെക്കുറിച്ചേ ഞാന്‍ എഴുതിയിട്ടുള്ളൂ. എഴുതുക എന്നത് എന്നെ സംബന്ധിച്ചടത്തോളം പ്രതികരണമാണ്. അമര്‍ഷവും നിസഹായതയും അറപ്പും വെറുപ്പുമൊക്കെ അതില്‍ വരും. എഴുതിക്കഴിഞ്ഞാല്‍ ഒരു പൊട്ടിത്തെറിയുടെ ആശ്വാസം തോന്നും. ലോകത്തോട് സംസാരിക്കാനുള്ള ഒരു ജനല്‍പ്പാളിയാണ് എനിക്ക് എഴുത്ത്. 

റീനി: കഥകള്‍ക്കായി സമയം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. അക്ഷരങ്ങളില്‍ നിന്ന് അധികം മാറിനില്‍ക്കാനാവില്ല. മാറിനിന്നാല്‍ എന്തോ നഷ്ടബോധം തോന്നും. എന്നാല്‍ എപ്പോഴും എഴുത്ത് വരികയുമില്ല. എന്റെ ഭര്‍ത്താവ് ജേക്കബ് കവിയും ചെറുകഥാകൃത്തുമാണ്. അതിനാല്‍ ഒരാള്‍ കഥകള്‍ക്കായി സമയം കണ്ടെത്തിയാല്‍ മറ്റേയാള്‍ക്കത് മനസിലാവും. അന്യോന്യം നിരൂപകരായി മാറുകയും ചെയ്യും, പുറം ലോകത്തിന് മുന്നിലേക്ക് കൃതികള്‍ എറിയും മുമ്പ്.

നിര്‍മ്മല: ഉത്തര അമേരിക്കയിലെ ജീവിതം തിരക്കുപിടിച്ചതുതന്നെയാണ്.അങ്ങേയറ്റം വ്യത്യസ്തമായ രണ്ട് ലോകങ്ങളെ കൂട്ടിയിണക്കിയുള്ള ഞാണിന്മേല്‍ കളിയാണ് ഈ ഉഭയജീവിതം. "ഡ്രൈവര്‍, കുക്ക്, ക്ലീനര്‍, പെയിന്റര്‍, ട്യൂഷന്‍ ടീച്ചര്‍' തുടങ്ങിയുള്ള ദശാവതാരങ്ങള്‍ക്കിടയില്‍ (ചിലപ്പോള്‍ അതിലേറെയും)ജീവിക്കുന്നുണ്ടോ എന്നുതന്നെ സംശയം തോന്നും. നയന്‍താരയെ അറിയുന്നതുപോലെ തന്നെ ആന്‍ ഹാത്തവേയും അറിയണം. തലേന്നത്തെ ഒബാമയുടെ പ്രസംഗവും എം.എ ബേബിയുടെ പ്രസ്താവനയും കൃത്യമായും വായിക്കണം. മുത്തങ്ങ ഗൃഹവൈദ്യത്തില്‍പ്പെടുന്നൊരു പുറമ്പോക്കു ചെടി മാത്രമല്ലെന്നതുപോലെ മീച്ച് ലേക്ക് തടാകം ഒരു തടാകം മാത്രമല്ലെന്നും മറക്കരുത്. ടി.എസ്.ഇയുടേയും ജെ.സി.ബിയുടേയും അര്‍ത്ഥനാര്‍ത്ഥങ്ങളും പ്രസക്തിയും മനസിലാക്കണം.ഇനി ശ്വാസമടക്കിപ്പിടിച്ച് ഓടിയൊളിച്ചാലല്ലേ കളി പൂര്‍ണ്ണമാകൂ. "പച്ചില കത്രിക...പച്ചില കത്രിക...പച്ചില കത്രിക..' (സ്‌ട്രോബറികള്‍ പൂക്കുമ്പോള്‍, 2008, ഗ്രീന്‍ബുക്‌സ്) ഈ ഓട്ടത്തിനിടയില്‍ ശ്വാസമെടുക്കുന്ന പ്രക്രിയയാണ് എഴുത്ത്. അത് വേണ്ടെന്നുവെച്ചാല്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചുപോകും. 

എങ്ങനെയാണ് കഥകള്‍ക്ക് തുടക്കം ഇടുന്നത്. മനസിലോ കടലാസിലോ?

മാനസി: ആത്മാര്‍ത്ഥമായ എഴുത്ത് ഉണ്ടാകുന്നത് എഴുതാതിരിക്കാന്‍ വയ്യാതാകുമ്പോഴാണ്. എന്റെ ആവശ്യമാണ്. ആശ്വാസമാണ്, പൊട്ടിത്തെറിയാണ് എനിക്ക് എഴുത്ത്. ഒരു ശ്വാസംമുട്ടലില്‍നിന്നുള്ള രക്ഷപെടല്‍! നല്ല സാഹിത്യവും കലയും ഒക്കെ ലീഷറിന്റെ ഉത്പന്നങ്ങളാണെന്ന് വികെഎന്‍ പറയുന്നു. 

റീനി: കഥകള്‍ രൂപംകൊള്ളുന്നത് മനസില്‍ തന്നെ. അത് കംപ്യൂട്ടറില്‍ വരുമ്പോള്‍ ചിലപ്പോള്‍ അതിന്റെ ഗതിമാറിയെന്നും വരാം. ചിലപ്പോള്‍ ഒഴുകുന്നത് വേറൊരു വഴിക്കായിരിക്കും. 

നിര്‍മ്മല: തീര്‍ച്ചയായും മനസില്‍ തന്നെ. 

റീനി: മനസില്‍ ഒരു കഥ വന്നാല്‍ ഞാന്‍ അത് കടലാസിലേക്ക് എഴുതുകയും, വീണ്ടും വീണ്ടും തിരുത്തി എഴുതിയശേഷമേ പ്രസിദ്ധീകരിക്കാനായി നല്‍കാറുള്ളു. 

കഥകളില്‍ സ്വന്തം കൂട്ടുകാരും, ബന്ധങ്ങളും കഥാതന്തുക്കള്‍ ആകാറുണ്ടോ?

മാനസി: ധാരാളം. എനിക്ക് പരിചയമുള്ള ലോകത്തേക്കുറിച്ചേ ഞാന്‍ എഴുതാറുള്ളൂ. എഴുതുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം പ്രതികരണമാണ്. അമര്‍ഷവും നിസഹായതയും അറപ്പും വെറുപ്പും ഒക്കെ അതില്‍ വരും. എഴുതിക്കഴിഞ്ഞാല്‍ ഒരു പൊട്ടിത്തെറിയുടെ ആശ്വാസം തോന്നും. ലോകത്തോട് സംസാരിക്കാനുള്ള ഒരു ജനല്‍പ്പാളിയാണ് എനിക്ക് എഴുത്ത്. 

റീനി: ഞാന്‍ ആദ്യം എഴുതിയ ചില കഥകളില്‍ കഥാപാത്രങ്ങള്‍ക്കായി എന്റെ കൂട്ടുകാരോ ഞാന്‍ അറിയുന്നവരോ ഉണ്ട്. പിന്നീട് കൂട്ടുകാരും ബന്ധങ്ങളും ഒന്നും കടന്നുവന്നിട്ടില്ല. ഇനിയും കടന്നുവരില്ല എന്ന് ഞാന്‍ പ്രോമിസ് ചെയ്യുന്നുമില്ല. 

നിര്‍മ്മല: അനുഭവങ്ങളും സംഭവങ്ങളുമൊക്കെ ഒരു സ്പാര്‍ക്ക് ആകാറുണ്ട്. പക്ഷെ, കഥയായിക്കഴിയുമ്പോള്‍ തുടക്കത്തില്‍ നിന്ന് ഏറെദൂരം പൊയ്ക്കഴിഞ്ഞിരിക്കും. വിത്തും ചെടിയും തമ്മില്‍ സാദൃശ്യം ഉണ്ടാകാറില്ലല്ലോ?

നീന: എഴുതുന്ന കഥകളില്‍ സുഹൃത്തുക്കളുടെ പരാമര്‍ശം ഇല്ലാതില്ല. തുറന്ന് എഴുതാറില്ല എങ്കിലും വളരെ ചെറിയതോതില്‍ അംശങ്ങളായി വന്നുചേരാറുണ്ട്. 

കഥകളും, കവിതകളും എഴുതുന്നതുവഴി സ്വന്തം മനസിനെ എത്രമാത്രം സ്വാധീനിക്കുന്നു. ഒരു കരപറ്റാന്‍ മനസിനെ തരപ്പെടുത്തുന്നു?

റീനി: ചിലപ്പോള്‍ ചില കഥകള്‍ എഴുതാതിരിക്കാന്‍ കഴിയില്ല. കണ്ടറിവുകളും കേട്ടറിവുകളും ചിലപ്പോള്‍ അനുഭവങ്ങളുമല്ലേ കഥകളായി വരുന്നത്? എപ്പോഴും അങ്ങനെയാണ് കഥകള്‍ വരുന്ന വഴിയെന്ന് പറയാനും പറ്റില്ല. ചിലപ്പോള്‍ കഥ പിറക്കുന്നത് പരിപൂര്‍ണ്ണ ഭാവനയില്‍ നിന്നാകും. അതിനാല്‍ എഴുതുന്നതെല്ലാം കഥാകൃത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്ന് ആരോപിക്കുന്നത് ശരിയല്ല. 

ആടുജീവിതം പോലൊരു നോവല്‍ അമേരിക്കയില്‍ നിന്ന് വരാന്‍ ചാന്‍സ് കുറവാണ്. കാരണം അത്തരം തിക്താനുഭവങ്ങള്‍ അമേരിക്കയില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ചിലകഥകള്‍ എഴുതുമ്പോള്‍ മനസില്‍ ഒരു പേമാരി പെയ്‌തൊഴിയുന്ന അനുഭവമാണ്. സ്വാധീനം ഉണ്ടാകുന്നത് കഥകള്‍ക്ക് മുമ്പാണെന്നാണ് എന്റെ വിശ്വാസം. മനസിനെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ അല്ലേ എഴുതുന്നത്? സമൂഹത്തില്‍ നടക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് എഴുതാതിരിക്കാന്‍ കഴിയില്ല. അവ അത്രതന്നെ മനസിനെ സ്വാധീനിക്കുന്നു. എന്റെ "റിട്ടേണ്‍ ഫ്‌ളൈറ്റ്' എന്ന കഥ ഒരു ഉദാഹരണമാണ്. 

ഞാനാണ് ഈ കഥയെഴുതിയത് എന്നറിയപ്പെടാനാഗ്രഹിക്കാത്തത്?

മാനസി: പ്രശസ്തിയും പ്രസിദ്ധീകരണവും പുരസ്കാരവുമൊക്കെ എത്രയോ പിന്നില്‍ വരുന്നതാണ്. എഴുതുമ്പോള്‍ തൃപ്തികരമായി എങ്ങനെ എഴുതാമെന്നു മാത്രമാണ് ചിന്ത. 

റീനി: ചില കഥകള്‍ എഴുതിക്കഴിയുമ്പോള്‍ നമുക്കുതന്നെ ഒരു പ്രത്യേക ഫീല്‍ വരും. ഒരു നിറഞ്ഞ സംതൃപ്തി. അത്തരംകഥകളിലൂടെ അറിയപ്പെടുന്നത് മോശമായ സംഗതിയാണെന്ന് തോന്നാറുമില്ല. എന്റെ "ഔട്ട്‌സോഴ്‌സ്', "എഴുത്തിന്റെ വഴികള്‍', "സെപ്റ്റംബര്‍ 14' എന്നിവ അത്തരം കഥകളാണ്. നാട്ടില്‍നിന്ന് അടുത്തിടെ അമേരിക്കയിലേക്ക് താമസം മാറ്റിയ ഒരു കുട്ടി "ഔട്ട്‌സോഴ്‌സ്ഡ്' എന്ന കഥയെഴുതിയത് ഈ "റീനി' തന്നെയോ എന്ന് എന്നെ ആദ്യമായി കണ്ടപ്പോള്‍ ചോദിച്ചു. നാട്ടില്‍വെച്ച് ഒരു സഹപ്രവര്‍ത്തകന്‍ മലയാളി വാരിക ആ കുട്ടിക്ക് കൊടുത്തിട്ട് അതിലൊരു കഥയുണ്ട് വായിക്കണമെന്ന് പറഞ്ഞിരുന്നത്രേ. അത് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. 

നീന: ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി എന്റെ കൈപിടിച്ച് അഭിനന്ദിക്കുകയുണ്ടായി. തമ്പുരാട്ടി അത് മറന്നിട്ടുണ്ടാവണം. എന്നാലും എന്റെ ആ ഒരു പ്രശംസാദിനം എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല ഇന്നും. എന്നാല്‍ മനസിന്റെ ഈ കഥകളെ അതിക്രൂരമായി വിമര്‍ശിക്കുന്നവരും ഇല്ലാതില്ല. 

കഥ എഴുതാനും പ്രായം ഉണ്ടോ?

മാനസി: ഇല്ല. ഏതു പ്രായത്തിലും എഴുതാം. സാധാരണനിലയ്ക്ക് വായനയുടെ പശ്ചാത്തലം ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കാണുന്ന രീതികള്‍ കുറെക്കൂടി വസ്തുനിഷ്ഠമാക്കാം. അത് കഥയെ അതിന്റെ സൗന്ദര്യശാസ്ത്രത്തെ പ്രകടനപാടവത്തെ പുഷ്കലമാക്കാം. ഒരു ജീനിയസിന് പക്ഷെ ഇതൊന്നും ബാധകമല്ല. 

റീനി: എഴുതാനും കഥാകൃത്താകാനും കാലവും ദേശവും പ്രായവും ഒന്നുംബാധകമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ഇളയ മകള്‍ കോളജില്‍ പോയ ശേഷമാണ് ഞാന്‍ കഥയെഴുത്ത് സീരിയസായി എടുത്തത്. അതിനുമുമ്പ് ചില കഥകള്‍ തമാശയ്ക്ക് എഴുതിയിട്ടുണ്ട്. സാഹിത്യം ഇഷ്ടമായിരുന്നു. കുട്ടികള്‍ വീടുവിട്ട് കോളജില്‍പോകുംവരെ എനിക്ക് കുടുംബത്തിലും കുട്ടികളിലുമേ ഫോക്കസ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. അല്‍പസ്വല്‍പം വായനയുണ്ടായിരുന്നുവെന്നു മാത്രം. 

എന്നെ കഥയെഴുതാന്‍ പ്രേരിപ്പിച്ചത് അന്നു നടന്ന ചില സംഭവങ്ങളാണ്.പ്രതീക്ഷിക്കാതെ നടന്ന ഒന്നുരണ്ട് മരണങ്ങള്‍. എന്റെ വേദനകള്‍ കടലാസിലേക്ക് പകരുന്നത് അപ്പോഴാണ്. അവ കഥകളായി മാറിയതും. 

നിര്‍മ്മല: ഇന്ന് കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എഴുത്തും പ്രസിദ്ധീകരണവും നടത്തുന്നുണ്ട്. സാറാ ജോസഫിന്റെനോവലുകള്‍ പുറത്തുവന്നത് റിട്ടയര്‍ ചെയ്യുന്നതിനു ശേഷമാണ്. എത്ര ശക്തമായ എഴുത്താണ് സാറാ ടീച്ചറിന്റേത്. ചില മത്സരങ്ങള്‍ക്കുമാത്രമാണ് സാഹിത്യത്തില്‍ പ്രായപരിധി കണ്ടിട്ടുള്ളത്. 

നീന: കഥാകൃത്തിന്റെ പ്രായം കഥകള്‍ക്ക് വിലങ്ങുതടിയല്ല. എന്നും എപ്പോഴും എവിടെയും എനിക്ക് കഥകള്‍ മെനഞ്ഞെടുക്കാം. എന്നാല്‍ പ്രായം നമുക്ക് മുന്നേ നടക്കുന്നതിനാല്‍ അതേ വേഗത കഥകള്‍ക്ക് വരണം എന്നില്ല. കാലം നമുക്കായി കാത്തിരിക്കില്ലല്ലോ? 

സ്വപ്ന അനു ബി. ജോര്‍ജ്

(കടപ്പാട്: കന്യക)
എഴുത്തുകൂട്ട് (മാനസി, നിര്‍മ്മല, റീനി, നീന) എഴുത്തുകൂട്ട് (മാനസി, നിര്‍മ്മല, റീനി, നീന) എഴുത്തുകൂട്ട് (മാനസി, നിര്‍മ്മല, റീനി, നീന)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക