Image

രജിസ്‌ട്രേഷന്‍ നിയമം ലംഘിച്ച കാറുകള്‍ പിടികൂടി

Published on 01 October, 2011
രജിസ്‌ട്രേഷന്‍ നിയമം ലംഘിച്ച കാറുകള്‍ പിടികൂടി
അബൂദാബി: രജിസ്‌ട്രേഷന്‍ പുതുക്കാതെ ഓടുകയായിരുന്ന 46 കാറുകള്‍ പിടികൂടി. ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്‍െറ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരം അബൂദബിയിലും അല്‍ഐനിലും നടത്തിയ പരിശോധനയിലാണ്‌ 46 കാറുകള്‍ പൊലീസ്‌ പിടികൂടിയത്‌. ഇതില്‍ 41 എണ്ണം പിടികൂടിയത്‌ അബൂദബിയിലാണ്‌. ബാക്കിയുള്ളവ അല്‍ഐനിലും. രജിസ്‌ട്രേഷന്‍ പുതുക്കാതെ ഓടുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള കാമ്പയിന്‍ തുടങ്ങി ഒരാഴ്‌ചക്കകമാണ്‌ ഇത്രയും വാഹനങ്ങള്‍ കുടുങ്ങിയത്‌. കാലാവധി കഴിഞ്ഞ്‌ ആറു മാസമായത്‌ മുതല്‍ മൂന്നു വര്‍ഷമായത്‌ വരെയുള്ള വാഹനങ്ങള്‍ ഇതിലുണ്ടെന്ന്‌ അബൂദബി ട്രാഫിക്‌ പൊലീസിലെ ട്രാഫിക്‌ കണ്‍ട്രോള്‍ വിഭാഗം മേധാവി ഫസ്റ്റ്‌ ലഫ്‌റ്റനന്‍റ്‌ അബ്ദുല്ല അല്‍ ഖുബൈസി പറഞ്ഞു.

രജിസ്‌ട്രേഷന്‍ പുതുക്കാത്ത വാഹനങ്ങള്‍ റോഡിലിറങ്ങുന്നത്‌ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും അപകടങ്ങള്‍ക്ക്‌ ഇടയാക്കുകയും ചെയ്യുമെന്നത്‌ കണക്കിലെടുത്താണ്‌ നടപടി. ഇത്തരം വാഹനങ്ങള്‍ ഗതാഗത നിയമത്തില്‍ നിര്‍ദേശിക്കുന്ന പരിശോധനകള്‍ക്ക്‌ വിധേയമാകാത്തത്‌ കടുത്ത അപകട ഭീഷണിയുണ്ടാക്കുമെന്നാണ്‌ വിലയിരുത്തല്‍. രജിസ്‌ട്രേഷന്‍ പുതുക്കാത്ത വാഹനങ്ങള്‍ക്കെതിരെ അബൂദബി, അല്‍ഐന്‍, പശ്ചിമ മേഖല എന്നിവിടങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ അബ്ദുല്ല അല്‍ ഖുബൈസി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക