Image

പവര്‍കട്ട് ഏതാനും ദിവസം കൂടി മാത്രം: വൈദ്യുതിമന്ത്രി

Published on 04 October, 2011
പവര്‍കട്ട് ഏതാനും ദിവസം കൂടി മാത്രം: വൈദ്യുതിമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള ലോഡ്‌ഷെഡ്ഡിംഗ് ഉടന്‍ അവസാനിപ്പിക്കുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന ഊര്‍ജ്ജക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണുന്നതിനായി പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഒരു കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നിലവിലുള്ള രാത്രികാല ലോഡ്‌ഷെഡ്ഡിംഗ് ഏതാനും ദിവസം കൂടി മാത്രമേ തുടരുകയുള്ളൂ-നിയമസഭയിലെ ചോദ്യോത്തരവേളയില്‍ വൈദ്യുതിമന്ത്രി പറഞ്ഞു.

ചെലവുചുരുക്കലിന്റെ ഭാഗമായി വിപണിയില്‍ നിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നത് കെ.എസ്.ഇ.ബി. കുറച്ചതോടെയാണ് സംസ്ഥാനം കടുത്ത ഊര്‍ജ്ജക്ഷാമത്തിലേയ്ക്ക് നീങ്ങിയത്. കേന്ദ്ര വൈദ്യുതിവിഹിതത്തിലുണ്ടായ കുറവിനു പുറമെ ഇതു കൂടിയായതോടെ സംസ്ഥാനത്ത് പകലും ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് സ്ഥിതിയായി. എന്നാല്‍, എതിര്‍പ്പ് രൂക്ഷമാവുകയും കേന്ദ്ര വിഹിതം ഭാഗികമായി പുന:സ്ഥാപിക്കുകയും ചെയ്തതോടെ പകല്‍ ലോഡ്‌ഷെഡ്ഡിംഗ് ബോര്‍ഡ് ഉപേക്ഷിക്കുകയായിരുന്നു. രാത്രി അര മണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് തുടരുകയും ചെയ്തു. എന്നാല്‍, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ രാത്രി ഒരു മണിക്കൂര്‍ വരെ ലോഡ്‌ഷെഡ്ഡിങ് നിലവിലുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ ആസൂത്രണവിഭാഗത്തിന്റെ വീഴ്ചാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക