Image

ഡ്രൈവിങ് ടെസ്റ്റ് നിരീക്ഷിക്കാന്‍ കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനം

Published on 04 October, 2011
ഡ്രൈവിങ് ടെസ്റ്റ് നിരീക്ഷിക്കാന്‍ കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനം
കണ്ണൂര്‍: ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഡ്രൈവിങ് ടെസ്റ്റ് വിജയിക്കാമെന്ന് ഇനി ആരും കരുതേണ്ട. ലൈസന്‍സിനായി മൈതാനത്ത് വാഹനമോടിച്ച് 'എട്ടും' 'എച്ചും' വരയ്ക്കുന്നത് നിരീക്ഷിക്കാന്‍ കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനമേര്‍പ്പെടുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. ആദ്യ ഘട്ടമെന്ന നിലയില്‍ കണ്ണൂര്‍ എളയാവൂരിലും കോഴിക്കോട് ചേവായൂരിലുമാണ് കമ്പ്യൂട്ടര്‍ നിയന്ത്രിത ഓട്ടോമേറ്റഡ് ഡ്രൈവര്‍ ടെസ്റ്റിങ് യാര്‍ഡുകളൊരുക്കുന്നത്. ഡ്രൈവിങ് ടെസ്റ്റ് നടത്തിപ്പ് സുതാര്യമാക്കുകയും നിശ്ചിത നിലവാരം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

ചേവായൂരില്‍ നിലവിലുള്ള ഡ്രൈവര്‍ ടെസ്റ്റിങ് ട്രാക്കിലാണ് കമ്പ്യൂട്ടര്‍ സംവിധാനവും സെന്‍സറുകളും സ്ഥാപിക്കുന്നത്. കണ്‍ട്രോള്‍റൂമിനുള്ള മുറിയും ഇവിടെയുണ്ട്. എളയാവുരില്‍ ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. നിലവിലുള്ള ട്രാക്കില്‍ മാറ്റമൊന്നും വരുത്താതെ ഏത് വാഹനത്തിനും പറ്റിയ രീതിയിലാവും സംവിധാനമൊരുക്കുക. രണ്ടിടത്തും ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റിങ് യാര്‍ഡ് ഒരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു. ബി.ഒ.ടി. (നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ച് പരിപാലിച്ച് കൈമാറുന്ന) രീതിയിലാവും പദ്ധതി നടപ്പാക്കുക.

ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള 'എച്ച്' ട്രാക്കിലും പാര്‍ക്കിങ് ട്രാക്കിലും ഗ്രേഡിയന്‍റ് ട്രാക്കിലും ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കുമുള്ള 'എട്ട്' ട്രാക്കിലുമാണ് പുതിയ സംവിധാനമൊരുക്കുന്നത്. ടെസ്റ്റിന് അപേക്ഷകന്‍ ഓടിക്കുന്ന വാഹനത്തിന്റെ പാതയും വേഗവും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. പാതയുടെ രേഖാചിത്രത്തില്‍ പല നിറങ്ങളിലാവും വേഗം സൂചിപ്പിക്കുക. ട്രാക്കില്‍ സെന്‍സര്‍ സ്ഥാപിച്ച് ഈ വിവരങ്ങള്‍ ശേഖരിക്കും. ഓട്ടത്തിനിടയ്ക്ക് ട്രാക്കിന് പുറത്തുകടക്കുകയോ കാലുകുത്തുകയോ ചെയ്താല്‍ കമ്പ്യൂട്ടര്‍ പിടിക്കും.

ട്രാക്കിന്റെ ഒരുഭാഗത്ത് അപേക്ഷകന്റെയും വാഹനത്തിന്റെയും ഫോട്ടോ എടുക്കാനും സംവിധാനമുണ്ടാവും. ഡ്രൈവിങ് ടെസ്റ്റിന്റെ ഫലത്തോടൊപ്പം ഈ ഫോട്ടോയും ഉള്‍പ്പെടുത്തും. ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ അപേക്ഷകന്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രധാന സെര്‍വറിലുണ്ടാവും. അപേക്ഷ നല്‍കുമ്പോള്‍ ബാര്‍ കോഡ് ഉള്‍പ്പടുത്തിയ തിരിച്ചറിയല്‍ രേഖയും അപേക്ഷകന് നല്‍കും. ഡ്രൈവര്‍ ടെസ്റ്റിങ് യാര്‍ഡിലേക്ക് പ്രവേശിക്കുമ്പോള്‍ ബാര്‍ കോഡ് സ്‌കാന്‍ചെയ്യുന്നതോടെ ഈ വിവരങ്ങള്‍ അവിടെ ലഭിക്കും. പരീക്ഷ കഴിഞ്ഞാലുടന്‍ ഫലം ഈ വിവരങ്ങളോടൊപ്പം വകുപ്പിന്റെ പ്രധാന സെര്‍വറിലേക്ക് നല്‍കും. ഇത് പരിശോധിച്ചാവും ലൈസന്‍സ് അനുവദിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക