Image

വളരുന്ന ഭ്രാന്താലയം (പി.റ്റി. പൗലോസ്‌)

Eമലയാളി എക്‌സ്‌ക്ലൂസീവ്‌ Published on 21 July, 2013
വളരുന്ന ഭ്രാന്താലയം (പി.റ്റി. പൗലോസ്‌)
പണ്ട്‌ രാജഭരണകാലത്ത്‌, പ്രജകളുടെ സൗകര്യാര്‍ത്ഥം, വഴിയോരത്ത്‌ വിശ്രമസങ്കേതങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നു. അഞ്ചലോട്ടക്കാരന്‍െറ അത്താണികളുംമറ്റും കാലത്തിന്‍െറ തിരുശേഷിപ്പുകളായി ഇന്നും പലയിടങ്ങളിലും കാണാന്‍ കഴിയും. അവ പിന്നീട്‌ വെയ്‌റ്റിംഗ്‌ഷെഡ്‌ഡുകള്‍ക്കും, ഇന്ന്‌ ഹൈടെക്ക്‌ വെയ്‌റ്റിംഗ്‌ഷെഡ്‌ഡുകള്‍ക്കും വഴിമാറി. കേരളചനിലെ പല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അനന്തരം ഹൈടെക്ക്‌ വെയ്‌റ്റിംഗ്‌ഷെഡ്‌ഡുകള്‍ കാണാം. ഒന്നിന്‍െറ നിര്‍മ്മാണത്തിന്‌ അഞ്ചു ലക്ഷം രൂപയിലധികം ചെലവു വരുമെന്നാണു കണക്ക്‌. എന്നാല്‍ അവ മോഷണം പോകുന്നതിനെപ്പറ്റി ഒന്നു ചിന്തിച്ചുനോക്കൂ. ഏങ്കില്‍ അതു സംഭവിച്ചിരിക്കുന്നു. ലോകത്തില്‍ ആദ്യമായി കേരളത്തില്‍. എറണാകുളത്ത്‌ എം.ജി. റോഡില്‍ പത്മാ തീയേറ്ററിനു സമീപം ഉണ്ടായിരുന്നൊരു വെയ്‌റ്റിംഗ്‌ഷെഡ്‌ഡ്‌ കഴിഞ്ഞ വര്‍ഷം ആദ്യം ഒരു സുപ്രഭാതത്തില്‍ കാണാനില്ല. നാലു കാലും അറുത്തെടുത്തു കൊണ്ടുപോയിരിക്കുന്നു. കോര്‍പ്പറേഷന്‍ ഭരണകൂടവും പ്രതിപക്ഷവും പോലീസും ഇതൊരു വലിയ സംഭവമായി കണക്കാക്കിയില്ല. നിര്‍മ്മാണസാധനങ്ങള്‍ മോഷ്‌ടിച്ചുവില്‌ക്കുന്ന സംഘമാവാം സംഭവത്തിനു പിന്നില്‍. അല്ലെങ്കില്‍ ഏതെങ്കിലും കച്ചവടസ്‌ഥാപനത്തിന്‍െറ ഒത്താശയോടെ സാമൂഹ്യവിരുദ്ധര്‍ ചെയ്‌തതാവാം. എന്തായാലും, ഇത്‌ കേരളത്തില്‍ മാത്രമേ നടക്കുകയുള്ളു. മുത്തശ്ശിക്കഥകളില്‍ കപ്പല്‍ വിഴുങ്ങുന്ന കടല്‍മത്സ്യങ്ങളുണ്ട്‌. `ദൈവചനിന്‍െറ സ്വന്തം നാടായ' കേരളത്തിലെ ദൈവപുത്രരുടെ രാപ്പകലുകളുടെ നേര്‍പ്പകര്‍പ്പാണിത്‌.

വിവേകാനന്ദസ്വാമികള്‍, പുരുഷകേസരി, ഭാരതത്തിന്‍െറ ആത്മാവിലേക്ക്‌ സിംഹസദൃശം കടന്നുവന്ന യുഗപുരുഷന്‍! അദ്ദേഹത്തിന്‍െറ 150-ആം ജന്മവാര്‍ഷികം ലോകമെങ്ങും കൊണ്ടാടപ്പെടുകയാണ്‌. ഭാരതത്തിന്‍െറ ആത്മീയതയും പാശ്‌ചാത്യരുടെ സാങ്കേതിക പുരോഗതിയും ചേര്‍ന്ന ഒരു സമൂഹത്തെയാണ്‌ ഭാരതീയരുടെ മുന്നില്‍ അദ്ദേഹം ആദര്‍ശമായി ഉയര്‍ത്തിക്കാട്ടിയത്‌. വിദേശമേധാവിത്വത്തിന്‍കീഴില്‍ ഭാരതത്തിനു നഷ്‌ടപ്പെട്ടതുപോലെ കാണപ്പെട്ടിരുന്ന ദേശീയമായ ആത്മവിശ്വാസം വീണ്ടെടുക്കുകയായിരുന്നു ആ മഹാശയന്‍െറ ഭാരതപര്യടനങ്ങളുടെ ഉദ്ദേശം.

പഴമയുടെ അസ്‌ഥിമാടങ്ങളെ നോക്കി അദ്ദേഹം ഗര്‍ജ്ജിച്ചു: `നിങ്ങളുടെ അനന്തരാവകാശികള്‍ കലപ്പയേന്തുന്ന കര്‍ഷകരുടെ, മുക്കുവരുടെ, ചെരുപ്പുകുത്തികളുടെ, തൂപ്പുകാരുടെ കുടിലുകളിലാണ്‌. അവിടെനിന്നും നവഭാരതം ഉയരട്ടെ! ചെറുവനങ്ങളിലും വന്‍കാടുകളിലും മലകളിലും മലയോരങ്ങളിലും സ്വാതന്ത്ര്യത്തിന്‍െറ സുഖമുള്ള കാറ്റ്‌ വീശട്ടെ! ഭൂതകാലത്തിന്‍െറ രക്തമാസങ്ങളില്ലാത്ത അസ്‌ഥികൂടങ്ങള്‍ മാത്രമാണു നിങ്ങള്‍. നിങ്ങളുടെ അസ്‌ഥിമാത്ര അംഗുലികളില്‍ പൂര്‍വ്വികര്‍ സ്വരൂപിച്ച അനര്‍ഘരത്‌നമോതിരങ്ങളുണ്ട്‌. ചീഞ്ഞുനാറുന്ന നിങ്ങളുടെ ശവശരീരങ്ങളുടെ പരിരംഭണത്തില്‍ കുറെ പുരാതനമായ നിധിപേടകങ്ങള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു; അവ നിങ്ങളുടെ അനന്തരാവകാശികളായ, അരക്കഷണം അപ്പംകൊണ്ട്‌ ഊര്‍ജ്ജം സമ്പാദിക്കുന്ന, വരാനിരിക്കുന്ന ഭാരതത്തിന്‍െറ സന്തതികള്‍ക്ക്‌ എറിഞ്ഞുകൊടുക്കൂ. അനേകലക്ഷം ഇടിവെട്ടുകളുടെ മുഴക്കത്തില്‍ നവഭാരതത്തിന്‍െറ ഉദ്‌ഘാടനഘോഷണം പ്രപഞ്ചമാകെ പ്രതിധ്വനിക്കട്ടേ.'

ഭാരതസ്വാതന്ത്രസമരത്തിനു ചുക്കാന്‍പിടിച്ച നേതാക്കളായ ഗാന്ധി, നെഹ്രു, നേതാജി, പട്ടേല്‍ പോലുള്ളവര്‍ ആ സമരത്തിന്‌ ആവേശം നല്‍കിയതിന്‌ സ്വാമിജിയോടു കടപ്പെട്ടിരുന്നു. ഹിന്ദുമതപ്രചരണവും ആത്മീയതചന്വചിന്തകളും വിവേകനന്ദസ്വാമികളുടെ ജീവിതത്തിന്‍െറ അവിഭാജ്യഭാഗമായിരുന്നെങ്കിലും, അതിനെല്ലാമുപരിയായി, ഭാരതത്തിലെ ജനങ്ങളെ ദേശീയമായി ഒന്നിപ്പിച്ച്‌ സ്വാതന്ത്ര്യത്തിനുവേണ്ടി സജ്ജമാക്കുക എന്നതായിരുന്നു ഹിമാലയംമുതല്‍ കന്യാകുമാരിവരെയുള്ള തന്‍െറ പര്യടനങ്ങള്‍കൊണ്ട്‌ അദ്ദേഹം ഉദ്ദേശിച്ചത്‌. സ്വാമിജി കേരളത്തിലെത്തിയപ്പോള്‍, കേരളത്തിലെ വൈവിധ്യം അദ്ദേഹത്തെ അദ്‌ഭുതപ്പെടുത്തിയിരിക്കണം. നിലവിലിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതഭ്രാന്തും കണ്ടിട്ടാകണം കേരളത്തെ അദ്ദേഹം `ഭ്രാന്താലയം' എന്നു വിളിച്ചത്‌. മതങ്ങളുടെ വേരുകള്‍ ജനമനസ്സുകളിലേക്ക്‌ അത്രമാത്രം ആഴ്‌ന്നിറങ്ങിയതു മനസ്സിലാക്കിയിട്ടാകണം അദ്ദേഹം ഉദ്‌ബോധിപ്പിച്ചത്‌: `നമുക്ക്‌ ഒരു നല്ല ഹിന്ദുവാകാം, ഒരു നല്ല ക്രിസ്‌ത്യാനിയാകാം, ഒരു നല്ല മുസ്സല്‍മാനാകാം, സര്‍വ്വോപരി ഒരു നല്ല മനുഷ്യനാകാം. നല്ല മനുഷ്യരുടെ മണ്ണാണു സ്വര്‍ഗ്ഗം; മണ്ണിലെ മനുഷ്യരാണു ദൈവം.'

കാലം മാറി. സമകാലീനകേരളം തട്ടിപ്പിന്‍െറ തട്ടകമാണ്‌. എന്തു തട്ടിപ്പും നടത്തി മുങ്ങുകയും പിന്നെ പൊങ്ങുകയും ചെയ്യാനുള്ള ഒരിടമായി കേരളം. ആട്‌, ആപ്പിള്‍, മാഞ്ചിയം, മണിച്ചെയിന്‍, ശബരിനാഥ്‌, ലിസ്‌ മുതല്‍ അധികാരത്തിന്‍െറ അരമനകളില്‍ കൊടുങ്കാറ്റു വിതച്ച ഐസ്‌ക്രീംപാര്‍ലര്‍, നളിനി നെറ്റൊ, മുല്ലപ്പെരിയാര്‍, ലാവ്‌ലിന്‍, ഗണേഷ്‌കുമാര്‍, ചെന്നിത്തല, തെറ്റയില്‍, ഇപ്പോഴിതാ സരിത നായരും ഉമ്മന്‍ചാണ്ടിയും. ഇതില്‍ പൊതുവായുള്ള വസ്‌തുത, ശരാശാരി കേരളിയന്‍െറ 'മൈന്‍ഡ്‌സെറ്റ്‌' ആണ്‌--ഒന്നു കഴിയുമ്പോള്‍ അതിനെ മറന്ന്‌ പുതിയതിനെ ഏറ്റെടുക്കുന്ന, ശതശതമാനസാക്ഷരര്‍ എന്നവകാശപ്പെടുന്ന കേരളജനതയുടെ മന:സ്‌ഥിതി. തികച്ചും ലജ്ജയുണ്ട്‌ ഒരു പ്രവാസിമലയാളിക്ക്‌ ഇന്നത്തെ കേരളചെനപ്പറ്റി സംസാരിക്കാന്‍. അഴിമതിയില്ലാത്ത, ആദര്‍ശാത്മകമായ ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിരുന്നത്‌ 1957-ലാണ്‌. ലോകത്തിലാദ്യമായി ബാലറ്റ്‌ പേപ്പറിലൂടെ കമ്മ്യൂണീസ്റ്റ്‌പാര്‍ട്ടി അധികാരചനില്‍ വന്നു. രണ്ടര വര്‍ഷത്തിനുശേഷം രാഷ്‌ട്രീയം വര്‍ഗ്ഗീയതയുമായി ഇണചേര്‍ന്ന്‌ അതിന്‍െറ കടയ്‌ക്കല്‍ കത്തിവച്ചു. സി.ഐ.എ-യും പിന്നില്‍ കളിച്ചെന്ന്‌ പിന്നീടറിഞ്ഞു. അതിനുശേഷം ഇന്നുവരെ ഭരിക്കുന്നവര്‍ക്കെതിരായി ജനങ്ങള്‍ വോട്ടു ചെയ്‌ത ചരിത്രമാണ്‌ കേരളത്തിനുള്ളത്‌. ആ പൊളിറ്റികല്‍ മാജിക്ക്‌ ഇടതുപക്ഷവും വലതുപക്ഷവും ഹൃദിസ്‌ഥമാക്കി. അവര്‍ക്കു വേണ്ടത്‌ പരിഹരിക്കപ്പെടാത്ത ഇഷ്യൂസാണ്‌. അവയ്‌ക്ക്‌ വിലക്കയറ്റം ഉണ്ടായിക്കൊണ്ടിരിക്കണം. അവയെ ഹര്‍ത്താലുകള്‍കൊണ്ടു നേരിട്ട്‌ ജനങ്ങള്‍ക്ക്‌ ആശ്വാസം നല്‍കാമല്ലൊ. റോഡുകളിലെ കുഴികളുടെ എണ്ണം ദിനംപ്രതി പെരുകണം; ഡെങ്കിപ്പനിയും പേമാരിയും ഉണ്ടായിക്കൊണ്ടേയിരിക്കണം; പെണ്‍വാണിഭം മന്ത്രിമന്ദിരങ്ങളിലേക്കും വ്യാപിക്കണം; കേരളചനിലെ റോഡുകള്‍ക്ക്‌ 30 അടി മാത്രം വീതി മതി (എന്നു ഭരണാധികാരികള്‍ പറഞ്ഞത്‌ ലോത്തില്‍ ആദ്യമായി കേട്ടതാണ്‌); ഓര്‍ത്തഡോക്‌സും പാത്രിയര്‍ക്കീസും പള്ളിമുറ്റത്തു നടത്തുന്ന സായുധപോരാട്ടം പള്ളിക്കത്തേക്കു വ്യാപിക്കണം; പ്രവാസി മലയാളികളെ സന്ദര്‍ശിക്കുമ്പോള്‍ അവരുടെ കണ്ണീരൊപ്പാന്‍ ഒരു കൈലേസെങ്കിലും കൈയില്‍ ഉണ്ടായിരിക്കണം; മുല്ലപ്പെരിയാര്‍ പൊട്ടിയില്ലെങ്കില്‍ ഇടുക്കി ഡാമെങ്കിലും പൊട്ടണം; കൊച്ചി മെട്രൊ ഒരിക്കലും പണിതീരരുത്‌; അടിസ്‌ഥാനസൗകര്യങ്ങളൊന്നുമില്ലെങ്കിലും,
സ്‌മാര്‍ട്ട്‌ സിറ്റിയെ മലയാളികള്‍ മറക്കരുത്‌ (അതിന്‍െറ അടിസ്‌ഥാനശില ഇടച്ചിറയിലെ ചതുപ്പുനിലത്തില്‍ എന്നും കിടക്കണം). അതുപോലെ, മലയാളം സര്‍വ്വകലാശാലയും പേരിനെങ്കിലും മലയാളിയുടെ മനസ്സില്‍ ഉറങ്ങിക്കിടക്കണം. പെണ്‍വാണിഭമോ സ്‌ത്രീപീഡനമോ സംഭവിക്കുകയാണെങ്കില്‍, സത്യധര്‍മ്മങ്ങളുടെ വാളേ ന്തിയ മിശിഹയായി ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി അവതരിക്കണം. ഇതാണു കേരളരാഷ്‌ട്രീയം.

ഒന്നു ചോദിക്കട്ടെ: സമകാലീന കേരളത്തില്‍ സദാചാരത്തിന്‍െറ അപ്പോസ്‌തൊലര്‍ ആരാണ്‌. വലതുപക്ഷമോ? ഇടതുപക്ഷമോ? ഇവിടെ വീരപ്പനും സുകുമാരക്കുറുപ്പും പരസ്‌പരം വിധിയെഴുതുകയാണ്‌. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം ഇല്ലാതിരുന്ന കാലത്ത്‌, ഒരു മന്ത്രിമുഖ്യന്‍െറ ഓമനപ്പുത്രന്‍ കെണിയില്‍പ്പെട്ട കഥ ചുരുക്കം ചില മലയാളികള്‍ക്കെങ്കിലും ഓര്‍മ്മയുണ്ട്‌. സംഭവം ചുരുക്കത്തില്‍: പ്രശസ്‌തയായ ഒരു സിനിമാനടിയുമായി തൃശൂര്‍ രാമനിലയചനില്‍ സുഖശയനം നടത്തുകയായിരുന്നു മുഖ്യമന്ത്രിപുത്രന്‍. അസൂയ മൂത്ത അംഗരക്ഷകന്‍ വിവരം രഹസ്യമായി, പൗരധര്‍മ്മത്തിന്‍െറ പേരില്‍, അച്ഛന്‍മുഖ്യനു ചോര്‍ത്തിക്കൊടുത്തു. അന്ന്‌ മലയാളസിനിമയില്‍ മന്ത്രിപുത്രന്‍െറ പേരുള്ളൊരു നടന്‍ ഉണ്ടായിരുന്നു; അയാളാണ്‌ നടിയുടെകൂടെ എന്നു തെറ്റിദ്ധരിച്ച്‌ മുഖ്യമന്ത്രി മുഖംനോക്കാതെ നടപടിയെടുത്തു. പോലീസ്‌ മകനെ പിടിച്ചപ്പോള്‍, തനിക്കു പറ്റിയ അമളി മുഖ്യന്‍ ഉടന്‍ തിരുത്തി: ത്രിശൂരിലെ അന്നത്തെ അന്തിപ്പത്രങ്ങളെല്ലാം മൊത്തമായി വിലയ്‌ക്കെടുത്തു കത്തിച്ചു; ന്യൂസ്‌ മറ്റു പത്രങ്ങളിലേക്കു വ്യാപിക്കാതിരിക്കാനുള്ള നടപടികളുമെടുചനു! എങ്ങനുണ്ട്‌?

ജന്മിമുതലാളിത്തത്തനിനെതിരെ വസന്തത്തിന്‍െറ ഇടിമുഴക്കവുമായി, അധ്വാനിക്കുന്നവന്‌ ആശ്വാസം പകരാന്‍ രക്തപതാകയുമായി സമത്വവും സുന്ദരനാളെകളും സ്വപ്‌നംകണ്ട്‌, ഒരിക്കല്‍ കമ്മ്യൂണീസ്‌റ്റുകളെന്ന ജനവിഭാഗം വാരിക്കുന്തങ്ങളുമായി നിറതോക്കുകള്‍ക്കെതിരെ തെരുവിലിറങ്ങി കേരളത്തെ രക്തസാക്ഷികളുടെ നാടാക്കി. ആ പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ സഖാക്കള്‍ ഒളിവിലായി. സംശയിക്കപ്പെടാത്ത വീടുകളിലെ മച്ചിന്‍പുറത്ത്‌ മാട്ടിറച്ചിയും മത്തിക്കറിയും മാങ്ങാമപ്പാസും വെച്ചുവിളമ്പിയ വീട്ടമ്മമാരുടെ ഉദരങ്ങളില്‍ കുട്ടിസഖാക്കളുടെ കുഞ്ഞിക്കൈകള്‍ ഇങ്ക്വിലാബ്‌ വിളിച്ചത്‌ ഒളിവിലെ ഓര്‍മ്മകളുടെ രഹസ്യയറകളില്‍ ഭദ്രമായി ഇരുന്നു. ചില വീട്ടമ്മമാര്‍ ഭര്‍ത്താക്കന്മാരോടു വിടചൊല്ലി സഖാക്കളുടെകൂടെ പുതിയ ലോകത്തു ജീവിതമാരംഭിച്ചത്‌ ചരിത്രം. ഇതൊക്കെ അറിയാവുന്നതുകൊണ്ടായിരിക്കണം, ആരാധ്യനായ സഖാവ്‌ നായനാര്‍ പറഞ്ഞത്‌: `പെണ്ണുള്ളിടത്ത്‌ പീഡനവും ഉണാകുമെടോ.' ഇവിടെ ആര്‍ ആരെ പഴിക്കും? ദിശാബോധമില്ലാത്ത യുവതലമുറ. അലക്കിത്തേച്ച ഖദര്‍ഷര്‍ട്ടും, ഐ-ഫോണും എ.സി-കാറും, പോക്കറ്റുമണി ദിവസം ആയിരംമുതല്‍ അയ്യായിരംവരെ. നമുക്ക്‌ അവരോടു ചോദിക്കാം, എന്താ പണി? ഉത്തരം ഇടന്‍ വരും: ഒരു പണിയുമില്ല. പൊള്ളുന്ന ചൂടില്‍ മണലാരണ്യത്തില്‍ മലയാളികള്‍ മാസം പതിനായിരം രൂപയ്‌ക്കു കൂലിപ്പണി ചെയ്യുമ്പോള്‍, കേരളത്തില്‍ പണി ചെയ്യുന്ന അന്യസംസ്‌ഥാനത്തൊഴിലാളി തന്‍െറ നാടായ ബംഗാളിലേക്കും ഒറീസ്സയിലേക്കുമൊക്കെ അയയ്‌ക്കുന്നത്‌ മാസംതോറും ഇരുപത്തയ്യായിരം രൂപവരെ! എന്നിട്ടും മലയാളിക്ക്‌ ഗള്‍ഫില്‍നിന്നു മടങ്ങാന്‍ മടിയാണ്‌.

മലയാളിയുടെ കരള്‍ കരിഞ്ഞാലും ഖജനാവിലേക്ക്‌ പണം പെരുപ്പിക്കണം, സര്‍ക്കാരിന്‍െറ മദ്യനയത്തിലൂടെ. ഓണം-ക്രിസ്‌ത്‌മസ്‌ കാലങ്ങളില്‍ , കരുനാഗപ്പള്ളിയും ചാലക്കുടിയും തമ്മില്‍ മദ്യവില്‌പനയില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ്‌. മലയാളിയുടെ പൊട്ടിയ കരളിന്‍െറ മുറിവായ അടയ്‌ക്കേണ്ടത്‌ സര്‍ക്കാരിന്‍െറ ബാധ്യതയല്ലല്ലൊ. ഒരു ചെത്തുകത്തികൊണ്ട്‌ നാലു ക്ഷൗരക്കത്തികള്‍ ഉണ്ടാക്കി തെരുവോരത്തിരുന്ന്‌ ക്ഷൗരം ചെയ്യുന്നതാണ്‌ കള്ളുചെത്തിനെക്കാള്‍ അന്തസ്സായ പണിയെന്നു പഠിപ്പിച്ച ശ്രീനാരായണഗുരുവിന്‍െറ ദീപാലംകൃതമായ പടമെങ്കിലും മദ്യഷാപ്പുകളില്‍നിന്നു മാറ്റിക്കൂടെ? മഹചനായ ആദര്‍ശങ്ങളെ ചുവന്ന തെരുവില്‍ വില്‍ക്കാതിരിക്കൂ.

ഞാന്‍ അവസാനിപ്പിക്കയാണ്‌. നെറികേടുകളെ നെഞ്ചിലേറ്റുന്ന സാംസ്‌കാരികകേരളത്തിലെ രാഷ്‌ട്രീയ പിമ്പുകളായ ഖദര്‍ധാരികളേ, നിങ്ങള്‍ കരിഞ്ചന്തയില്‍ കളിച്ചും കൂട്ടിക്കൊടുത്തുമുണ്ടാക്കുന്ന കറുത്ത കോടികളെ അലക്കിവെളുപ്പിക്കാന്‍ അധികാരത്തിന്‍െറ അകത്തളങ്ങള്‍ വേണം. പതിറ്റാണ്ടുകളായി ഞങ്ങളുടെ രക്തമാംസങ്ങളെ സേവിച്ചു തടിച്ചുകൊഴുത്ത്‌, സേവനം മുഖമുദ്രയാക്കിയ നിങ്ങളുടെ മുന്നില്‍, അഞ്ചുവര്‍ഷംവീതം നിങ്ങള്‍ ഇടതുപക്ഷവും വലതുപക്ഷവും പങ്കുവച്ചു സേവിക്കപ്പെടാന്‍, വെറും
അസ്‌ഥികൂടങ്ങളായി അവശേഷിക്കുന്ന ഞങ്ങളെന്ന കഴുതക്കൂട്ടം ഒരിക്കല്‍ക്കൂടി വ്യവസ്ഥകളില്ലാതെ ശിരസ്സു കുനിക്കുന്നു. പകരം, ഇതെങ്കിലും നിങ്ങള്‍ ചെയ്‌തിരിക്കണം: ഖദറിന്‍െറ മഹത്ത്വം ഭാരതീയനെ പഠിപ്പിച്ച രാഷ്‌ട്രപിതാവിന്‍െറ ചിത്രം നിങ്ങളുടെ ഭവനങ്ങളില്‍നിന്ന്‌ എടുത്തുമാറ്റൂ; മഹാത്മജിയുടെ മാനത്തിന്‌ വിലപേശാതിരിക്കൂ!
വളരുന്ന ഭ്രാന്താലയം (പി.റ്റി. പൗലോസ്‌)
Join WhatsApp News
Benoy Kurian Paul 2013-07-23 08:23:21
very good article ... Benoy
new yorker 2013-07-23 17:00:56
very good article. you said the fact.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക