Image

മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷിച്ചു

ജോസ്‌ കണിയാലി Published on 05 October, 2011
മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ നി.വ.ദി. ശ്രീ. ജോസഫ്‌ മാര്‍ കൂറിലോസ്‌ വലിയ മെത്രാപ്പോലീത്തയുടെ രജതജൂബിലി ന്യൂയോര്‍ക്കിലെ ടാപ്പനിലുള്ള ഇന്റര്‍ ഡിനോമിനേഷണല്‍ ക്രൈസ്റ്റ്‌ ചര്‍ച്ചില്‍വച്ച്‌ ആഘോഷിച്ചു.സെപ്‌റ്റംബര്‍ 25 ന്‌ വൈകിട്ട്‌ 5 മണിക്ക്‌ അഭിവന്ദ്യ മെത്രാപ്പോലീത്തായെ പ്രശസ്‌ത സുവിശേഷകനും ഇന്റര്‍ ഡിനോമിനേഷണല്‍ ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ യു.എസ്‌.എ.യുടെ പ്രസിഡന്റുമായ ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗീസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. കത്തിച്ച മെഴുകുതിരിയും മുത്തുക്കുടകളും ഏന്തി വിശ്വാസികള്‍ അഭിവന്ദ്യ തിരുമേനിയെ ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ ആലപിച്ച്‌ സമ്മേളന ഹാളിലേക്ക്‌ ആനയിച്ചു. തുടര്‍ന്ന ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ അനുമോദന സമ്മേളനം നടത്തപ്പെട്ടു.

കൂറിലോസ്‌ വലിയ മെത്രാപ്പോലീത്തയുമായി പരിചയപ്പെട്ടത്‌ ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും തികച്ചും യാദൃശ്ചികമായിരുന്നുെവന്നും ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗീസ്‌ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. തിരുമേനിയുടെ ലളിതമായ ജീവിതത്തെക്കുറിച്ച്‌ അദ്ദേഹം ഊന്നിപ്പറയുകയും തോഴിയൂര്‍ സഭയുടെ ആത്മീയ വളര്‍ച്ചയ്‌ക്ക്‌ വേണ്ടി കൂടുതലായി പ്രവര്‍ത്തിക്കുവാന്‍ അത്യുന്നതനായ ദൈവം തിരുമനസ്സിന്‌ ആയുസ്സും ആരോഗ്യവും നല്‍കട്ടേയെന്ന്‌ ആശംസിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ബ്രദര്‍ മാര്‍ട്ടിന്‍ ഹെന്ററി, ജെയിംസ്‌ ജസ്റ്റിന്‍, ചെറിയാന്‍ ഫിലിപ്പ്‌ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോസഫ്‌ കുളങ്ങര സ്വാഗതവും കുര്യന്‍ ചാലുപറമ്പില്‍ കൃതജ്ഞതയും പറഞ്ഞു. പ്രാസംഗികര്‍ എല്ലാവരുംതന്നെ അഭിവന്ദ്യ തിരുമേനിയുടെ വിനയസ്വഭാവത്തെക്കുറിച്ചും ദൈവനാമത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഊന്നിപ്പറയുകയുണ്ടായി. സഭാ ചരിത്രത്തെക്കുറിച്ച്‌ പരാമര്‍ശിച്ച ചെറിയാന്‍ ഫിലിപ്പ്‌ തോഴിയൂര്‍ സഭ, മാര്‍ത്തോമ്മ സഭയെ അവരുടെ ഒരു പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ചത്‌ ഓര്‍മ്മിപ്പിക്കുകയുണ്ടായി. മെത്രാപ്പോലീത്ത തന്റെ മറുപടി പ്രസംഗത്തില്‍, താന്‍ ജനിച്ചുവളര്‍ന്നത്‌ ലളിതമായ ജീവിതം നയിച്ചുകൊണ്ടായിരുന്നുവെന്നും മെത്രാപ്പോലീത്ത ആയതിനാല്‍ തന്റെ സ്വഭാവവും മറ്റുള്ളവരോടുള്ള സമീപനവും മാറ്റേണ്ട ആവശ്യമുണ്ടെന്ന്‌ തോന്നിയില്ലെന്നും പറഞ്ഞു. തന്റെ ആത്മീയ യാത്രയില്‍ ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗീസുമായുള്ള ബന്ധം ഏറെ സഹായകരമാണെന്നും ദൈവനാമ മഹത്വത്തിനുവേണ്ടി താന്‍ പ്രതിനിധീകരിക്കുന്ന സഭയിലൂടെ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അഭിവന്ദ്യ തിരുമേനി പറയുകയുണ്ടായി. അനുമോദന സമ്മേളനം സംഘടിപ്പിച്ച ഐ.ഡി.സി.എഫ്‌. ഭാരവാഹികളോടും സമ്മേളനത്തില്‍ പങ്കെടുത്ത വിശ്വാസികളോടും അദ്ദേഹം തന്റെ സ്‌നേഹവും നന്ദിയും അറിയിച്ചു.

സമ്മേളന മദ്ധ്യേ തിരുമേനി കേക്ക്‌ മുറിച്ചു. തിരുമേനിയുടെ ജൂബിലിയാഘോഷത്തോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച സ്‌മരണിക ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗീസ്‌ പ്രകാശനം ചെയ്‌തു. ഐ.ഡി.സി.എഫ്‌. യു.എസ്‌.എ.യുടെ വൈസ്‌ പ്രസിഡന്റ്‌ ജോസഫ്‌ കുളങ്ങര തിരുമേനിക്ക്‌ മെമെന്റോ നല്‍കി ആദരിച്ചു. ചായ സല്‍ക്കാരത്തോടുകൂടി ചടങ്ങുകള്‍ സമാപിച്ചു.
മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക