Image

ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം വിപുലമാക്കുന്നു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 05 October, 2011
ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം വിപുലമാക്കുന്നു
ന്യൂയോര്‍ക്ക്‌: പ്രവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പാസ്‌പോര്‍ട്ട്‌, വിസ, ഓ.സി.ഐ., എന്നീ നിയമങ്ങളിലെ അവ്യക്തതകളെക്കുറിച്ചും, അവര്‍ ഇന്ത്യയില്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും സമഗ്രമായ പഠനം നടത്തി ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ സമര്‍പ്പിച്ച്‌ പരിഹാരം കണ്ടെത്തുന്നതിന്‌ വിവിധ മേഖലകളില്‍ പ്രവര്‍ത്തനപരിചയം നേടിയിട്ടുള്ള മലയാളി സാമൂഹ്യപ്രവര്‍ത്തകര്‍ രൂപീകരിച്ച ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിന്റെ (IPAC) പ്രവര്‍ത്തനങ്ങള്‍ക്ക്‌ വടക്കേ അമേരിക്കയിലുടനീളം ഏറെ പ്രചരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. മലയാളികള്‍ മാത്രമല്ല ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സംഘടനകളും ദിനംപ്രതി തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ രംഗത്തുവരുന്നത്‌ ഐപാക്‌ പ്രവര്‍ത്തകര്‍ക്ക്‌ കൂടുതല്‍ ആത്മവിശ്വാസം പകരുകയാണ്‌.

നിലവിലുള്ള സംഘടനകള്‍ക്ക്‌ യാതൊരു വെല്ലുവിളിയുമുയര്‍ത്താതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു `ആക്‌ഷന്‍ കൗണ്‍സില്‍' മാത്രമാണ്‌ ഐപാക്‌. ഏതെങ്കിലും സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ  പ്രത്യേക പ്രാതിനിധ്യമോ ആലങ്കാരിക പദവികളോ ഒന്നും ഐപാകില്‍ ഇല്ല. ഭിന്നതകള്‍ മറന്ന്‌ പൊതുസമൂഹത്തിന്റെ നന്മകള്‍ ലക്ഷ്യമാക്കി മാത്രം തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ താല്‌പര്യമുള്ള ഏവര്‍ക്കും ഐപാകിന്റെ പ്രവര്‍ത്തനമേഖല തെരഞ്ഞെടുക്കാവുന്നതാണ്‌.

അമേരിക്കയിലെ പ്രവാസികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ നിന്ന്‌ നേരിടുന്ന പ്രശ്‌നങ്ങള്‍ ക്രോഡീകരിച്ച്‌ ഇന്ത്യന്‍ എംബസ്സിയിലും അതാത്‌ കോണ്‍സുലേറ്റുകളിലും സമര്‍പ്പിക്കുന്നതോടൊപ്പം, ഡല്‍ഹിയില്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും മന്ത്രാലയങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കൈമാറുകയും ചര്‍ച്ചകളിലൂടെ പരിഹാരമാര്‍ക്ഷം കണ്ടെത്തുകയുമാണ്‌ ഐപാകിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്‌.

പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ ഫീ അല്ലെങ്കില്‍ റിനൗണ്‍സിയേഷന്‍ ഫീ, റിനൗണ്‍സ്‌ ചെയ്യാന്‍ കാലതാമസം വരുത്തിയാല്‍ ഭീമമായ പിഴയടപ്പിക്കല്‍ തുടങ്ങിയ വിശദീകരണമില്ലാത്ത സമീപനം പ്രവാസികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ഇത്തരം അനീതികള്‍ക്ക്‌ അറുതി വരണമെങ്കില്‍ പ്രവാസികള്‍ സംഘടിതരാകണം. അവിടെയാണ്‌ ഐപാക്‌ നിങ്ങളുടെ സഹായത്തിനെത്തുന്നത്‌.

ഓ.സി.ഐ. എന്ന പേരില്‍ ഇന്ത്യ നല്‍കുന്നത്‌ വെറും ആജീവനാന്ത വിസയാണെന്നറിയാതെ പലരും ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്‌. പാന്‍ കാര്‍ഡ്‌, തിരിച്ചറിയല്‍ കാര്‍ഡ്‌ എന്നിവയില്ലാതെ ഒരു പ്രവാസിക്ക്‌ ഇന്ത്യയില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്‌. ഈ ഓ.സി.ഐ. കാര്‍ഡ്‌ ഒരു സ്ഥിരം തിരിച്ചറിയല്‍ കാര്‍ഡ്‌ രൂപത്തിലാക്കിയാല്‍ (അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡുപോലെ) പ്രവാസികള്‍ക്കത്‌ ഏറെ ഗുണം ചെയ്യും. ഐപാകിന്റെ ആവശ്യങ്ങളിലൊന്ന്‌ ഇതു തന്നെയാണ്‌.

ഇരട്ട നികുതി സമ്പ്രദായം നിര്‍ത്തലാക്കുക, പ്രവാസികളുടെ ഇന്ത്യയിലെ സമ്പത്തിനും സ്വത്തുവകകള്‍ക്കും സംരക്ഷണം നല്‌കുക, അനാവശ്യമായതും തെളിവില്ലാത്തതുമായ കുറ്റങ്ങള്‍ ചുമത്തി അമേരിക്കന്‍ ജയിലുകളില്‍ അടച്ചിട്ടിരിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ നിയമപരിരക്ഷ നല്‍കുകയും അവര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുക, ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകരായ ഇതര രാജ്യക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, താത്‌ക്കാലികമായോ സന്ദര്‍ശക വിസയിലോ അമേരിക്കയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക്‌ അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്‌തുകൊടുക്കുക, നിലവില്‍ അപര്യാപ്‌തമായ കോണ്‍സുലേറ്റുകളിലെ ടെലഫോണ്‍/ഇ-മെയില്‍ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുക, കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥര്‍ പ്രവാസികളോട്‌ കാണിക്കുന്ന അവഹേളനങ്ങളും ദാര്‍ഷ്‌ഠ്യസ്വഭാവവും അവസാനിപ്പിച്ച്‌ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്‌ചവെക്കുക, മാസത്തിലൊരിക്കല്‍ പ്രവാസികളും നയതന്ത്രകാര്യാലയങ്ങളും തമ്മില്‍ ആശയവിനിമയം നടത്താനുള്ള സ്ഥിരം സംവിധാനമൊരുക്കുക, ഔട്ട്‌സോഴ്‌സ്‌ ഏജന്‍സിയുടെ നിരുത്തരവാദിത്വപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന്‌ പരിഹാരം കാണുക മുതലായ ഒട്ടേറെ പ്രധാനപ്പെട്ട കാര്യങ്ങളാണ്‌ ഇപ്പോള്‍ ഐപാകിന്റെ മുഖ്യ അജണ്ടയിലുള്ളത്‌.

അതിവിപുലമായ സംവിധാനങ്ങളോടെയാണ്‌ ഐപാകിന്റെ പ്രവര്‍ത്തനം. വെബ്‌സൈറ്റുവഴി ലോകത്തിന്റെ ഏതു കോണില്‍നിന്നും പ്രവാസികള്‍?നേരിടുന്ന പ്രശ്‌നങ്ങള്‍ ഐപാകിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്താവുന്നതാണ്‌. വിവരസാങ്കേതിക വിദഗ്‌ദ്ധരടങ്ങുന്ന ഒരു സംഘം വെബ്‌സൈറ്റ്‌/ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മുതലായവ കൈകാര്യം ചെയ്യുമ്പോള്‍ നിയമവിദഗ്‌ദ്ധരടങ്ങുന്ന സംഘം നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. വിവിധ ഇന്ത്യന്‍ സമൂഹവുമായി ആശയവിനിമയങ്ങള്‍ നടത്തുവാന്‍ കഴിവുള്ളവര്‍ അവരവരുടെ മേഖലകളിലും, സാമ്പത്തിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ ആ മേഖലയില്‍ പ്രാവീണ്യം നേടിയവരും പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരിതര കാര്യങ്ങളുടെ മേല്‍നോട്ടത്തിന്‌ മറ്റൊരു വിദഗ്‌ദ്ധസംഘവും പ്രവര്‍ത്തിക്കുന്നു.  പത്രമാധ്യമ പ്രവര്‍ത്തനങ്ങളില്‍ പ്രഗത്ഭരായ വ്യക്തികള്‍ ദൃശ്യ-ശ്രാവണ-അച്ചടി മാധ്യമങ്ങള്‍ വഴി ഐപാകിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ലോകമെമ്പാടും പ്രചരിപ്പിക്കുന്നു.

ഐപാകിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ താല്‌പര്യമുള്ളവര്‍ ബന്ധപ്പെടുക: pravasiaction@yahoogroups.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക