Image

കുവൈറ്റ്‌- ഇറാന്‍ ബന്ധം ഊഷ്‌മളം: അസംബ്‌ളി സ്‌പീക്കര്‍ ജാസിം അല്‍ ഖറാഫി

Published on 05 October, 2011
കുവൈറ്റ്‌- ഇറാന്‍ ബന്ധം ഊഷ്‌മളം: അസംബ്‌ളി സ്‌പീക്കര്‍ ജാസിം അല്‍ ഖറാഫി
കുവൈറ്റ്‌: കുവൈറ്റും ഇറാനും തമ്മില്‍ പല വ്യത്യാസങ്ങളും അഭിപ്രായഭിന്നതകളുമുണ്ടെങ്കിലും ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം ഊഷ്‌മളമാണെന്ന്‌ ദേശീയ അസംബ്‌ളി സ്‌പീക്കര്‍ ജാസിം അല്‍ ഖറാഫി. `നമുക്കിടയില്‍ പല വ്യത്യാസങ്ങളുമുണ്ട്‌, രീതിയിലായാലും അഭിപ്രായത്തിലായാലും. എന്നാല്‍, അതൊന്നും ഇരുജനതക്കും തൃപ്‌തികരമായ രീതിയില്‍ ഊഷ്‌മള ബന്ധം തുടരുന്നതിന്‌ തടസ്സമല്ല' അഞ്ചാമത്‌ ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ്‌ ഓണ്‍ ഫലസ്‌തീന്‍ ഇന്‍തിഫാദയില്‍ സംബന്ധിക്കാന്‍ ഇറാനിലെത്തിയ അല്‍ ഖറാഫി പറഞ്ഞു.

പ്രസിഡന്‍റ്‌ മഹ്മൂദ്‌ അഹ്മദി നജാദിനെ സന്ദര്‍ശിച്ച അല്‍ ഖറാഫി അമീര്‍ ശൈഖ്‌ സ്വബാഹ്‌ അല്‍ അഹ്മദ്‌ അല്‍ ജാബിര്‍ അസ്വബാഹിന്‍െറ ആശംസ അദ്ദേഹത്തിന്‌ കൈമാറി. അമീറിനും സര്‍ക്കാറിനും കുവൈത്തിലെ ജനങ്ങള്‍ക്കും നജാദ്‌ അഭിവാദ്യമര്‍പ്പിച്ചു. മാരിടൈം കോണ്ടിനന്‍റല്‍ ഷെല്‍ഫ്‌ പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ കുവൈത്തും ഇറാനും സൗദി അറേബ്യയും ഒരുമിച്ച്‌ ശ്രമിക്കണമെന്ന്‌ അഭിപ്രായപ്പെട്ട അല്‍ ഖറാഫി ജി.സി.സി രാജ്യങ്ങള്‍ ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമം ഊര്‍ജിതമാക്കുന്നുണ്ടെന്ന്‌ കൂട്ടിച്ചേര്‍ത്തു. പ്രദേശത്തെ അസ്ഥിരപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇത്തരമൊരു കൂട്ടായ്‌മ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുതന്നെയാണ്‌ ഇറാന്‍െറയും താല്‍പര്യമെന്ന്‌ നജാദും വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക