Image

ന്യൂയോര്‍ക്കില്‍ ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണ്‌ ഒരാള്‍ മരിച്ചു (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 05 October, 2011
ന്യൂയോര്‍ക്കില്‍ ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണ്‌ ഒരാള്‍ മരിച്ചു (അങ്കിള്‍സാം വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക്‌: അഞ്ചുപേരുമായി ന്യൂയോര്‍ക്കിലെ റിവര്‍ബാങ്ക്‌ ഹെലിപോര്‍ട്ടില്‍ നിന്ന്‌ പറന്നുയര്‍ന്ന സ്വകാര്യ ഹെലികോപ്‌റ്റര്‍ ഈസ്റ്റ്‌ റിവറില്‍ തകര്‍ന്നുവീണ്‌ ഒരാള്‍ മരിച്ചു. നാലു പേരെ രക്ഷപ്പെടുത്തി. ചൊവ്വാഴ്‌ച വൈകിട്ടാണ്‌ അപകടമുണ്‌ടായത്‌. ജന്‍മദിനം ആഷോഷിക്കാനെത്തിയ കുടുംബമാണ്‌ അപകടത്തില്‍പ്പെട്ടത്‌. സോണിയ മാറ എന്ന ബ്രീട്ടീഷുകാരിയാണ്‌ അപകടത്തില്‍ മരിച്ചത്‌.

ബ്രിട്ടീഷുകാരായ പോള്‍ നിക്കോള്‍സണ്‍, ഹാരിയറ്റ്‌ നിക്കോള്‍സണ്‍ ദമ്പതികളുടെ മകളാണ്‌ സോണിയ. ഇവര്‍ക്കു പുറമെ പൈലറ്റ്‌ പോള്‍ ഡ്യൂഡ്‌ലി, ന്യൂസിലന്‍ഡുകാരിയായ ഹെലന്‍ ടമാക്കി എന്നിവരാണ്‌ കോപ്‌റ്ററിലുണ്‌ടായിരുന്നത്‌. സോണിയയുടെയും പോളിന്റെയും ജന്‍മദിനം ആഘോഷിക്കാനാണ്‌ കുടുംബം ന്യൂയോര്‍ക്കിലെത്തിയത്‌. ജെറ്റ്‌ റേഞ്ചറിന്റെ ബെല്‍-206 കോപ്‌റ്ററാണ്‌ അപകടത്തില്‍പ്പെട്ടത്‌. നിയന്ത്രണം വിട്ട കോപ്‌റ്റര്‍ ഈസ്റ്റ്‌ റിവറിലേക്ക്‌ കൂപ്പുകുത്തുകയായിരുന്നു. ന്യൂയോര്‍ക്ക്‌ പോലീസിന്റെ ഡൈവേഴ്‌സാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.

പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കാനില്ലെന്ന്‌ ന്യൂജഴ്‌സി ഗവര്‍ണര്‍ ക്രിസ്‌ ക്രിസ്റ്റി

ട്രെന്റണ്‍: അടുത്തവര്‍ഷം നവംബറില്‍ നടക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ ന്യൂജഴ്‌സി ഗവര്‍ണര്‍ ക്രിസ്‌ ക്രിസ്റ്റി. ഇത്‌ തന്റെ സമയമല്ലെന്നായിരുന്നു പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയാവുന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണറായ ക്രിസ്റ്റിയുടെ പ്രതികരണം. പരമ്പരാഗതമായി ഡമോക്രാറ്റുകള്‍ക്ക്‌ സ്വാധീനമുള്ള ന്യൂജഴ്‌സിയിലെ ജനപ്രിയ നേതാവാണ്‌ ക്രിസ്റ്റി.

പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കണമെന്ന്‌ തന്നെ സ്‌നേഹിക്കുന്ന നിരവധിപേര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒടുവില്‍ ഇത്തവണ തനിക്ക്‌ പറ്റിയ സമയമല്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നുവെന്നും ക്രിസ്റ്റി പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാവാന്‍ നിലവില്‍ മത്സരരംഗത്തുള്ള മാസാചുസെറ്റ്‌സ്‌ ഗവര്‍ണര്‍ മിറ്റ്‌ റോമനെ, ടെക്‌സാസ്‌ ഗവര്‍ണര്‍ റിക്‌ പെറി എന്നിവരെക്കാള്‍ ജനപ്രിയനായ ക്രിസ്റ്റിയുടെ തീരുമാനം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരെ നിരാശരാക്കുമെന്നാണ്‌ സൂചന.

അല്‍ക്വയ്‌ദയ്‌ക്ക്‌ ഇനിയൊരു 9/11 ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന്‌ ഒബാമ

വാഷിംഗ്‌ടണ്‍: 9/11 ഭീകരാക്രമണത്തിന്‌ സമാനമായൊരു ഭീകരാക്രമണം നടത്താന്‍ ഇപ്പോള്‍ അല്‍ക്വയ്‌ദയ്‌ക്ക്‌ ശേഷിയില്ലെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ. അല്‍ക്വയ്‌ദ നേതൃത്വം തീരെ ദുര്‍ബലമായിപ്പോയെന്നും മറ്റു രാജ്യങ്ങള്‍ക്ക്‌ ഭീഷണിയാവുന്ന തരത്തില്‍ തീവ്രവാദികളെ പരിശീലിപ്പിക്കാന്‍ ഇപ്പോള്‍ അവര്‍ക്ക്‌ കഴിയില്ലെന്നും ഒരു അഭിമുഖത്തില്‍ ഒബാമ പറഞ്ഞു.

കഴിഞ്ഞ ഒരു ദശകത്തിനിടെ യുഎസ്‌ നടത്തിയ നീക്കങ്ങളും ബിന്‍ ലാദനെ വധിച്ചതും അല്‍ക്വയ്‌ദ നേതൃത്വത്തെ ദുര്‍ബലമാക്കിയിട്ടുണ്‌ട്‌. ഇതൊക്കെയാണെങ്കിലും അമേരിക്ക ഇപ്പോഴും ഭീകരാക്രമണ ഭീഷണിയില്‍ നിന്ന്‌ പൂര്‍മായും വിമുക്തരായിട്ടില്ലെന്നും ഒബാമ പറഞ്ഞു. എന്നാല്‍ വലിയ രീതിയലുള്ള ഭീകരാക്രമണങ്ങള്‍ നടത്താനുള്ള വിഭവങ്ങളോ സാമ്പത്തിക ശേഷിയോ അല്‍ക്വയ്‌ദയ്‌ക്ക്‌ ഇല്ലാത്തതിനാല്‍ അത്തരം അക്രമണങ്ങള്‍ ഇനി പ്രതീക്ഷിക്കേണ്‌ടെന്നും ഒബാമ പറഞ്ഞു.

ഇമ്മോര്‍ട്ടലുമായി വീണ്‌ടും മൈക്കല്‍ ജാക്‌സണ്‍

ലോസ്‌ എയ്‌ഞ്ചല്‍സ്‌: വരുന്നു മൈക്കല്‍ ജാക്‌സന്റെ `പുതിയ ആല്‍ബം. ജാക്‌സന്റെ അനശ്വരത ഓര്‍മിപ്പിക്കുംവിധം `ഇമ്മോര്‍ട്ടല്‍' എന്നാണ്‌ പേര്‌. നവംബര്‍ 21ന്‌ പുറത്തിറങ്ങും. ഇതുവരെ പുറംലോകം കേട്ടിട്ടില്ലാത്ത ഗാനങ്ങളും എക്കാലത്തെയും ഹിറ്റുകളുടെ നവീകരിച്ച രൂപങ്ങളുമാകും ഇമ്മോര്‍ട്ടലിനെ അനശ്വരമാക്കുക. കെവിന്‍ ആന്‍ട്യൂണ്‍സാണ്‌ ശില്‍പി. ജാക്‌സന്റെ സംഗീതത്തോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള ആരാധകരോടുമുള്ള സ്‌നേഹവും ആദരവുമാണ്‌ ഇതിന്‌ ആധാരമെന്നും ആന്‍ട്യൂണ്‍സണ്‍ പറയുന്നു.

ജാക്‌സണ്‍ ഓര്‍മയായി രണ്‌ടു വര്‍ഷത്തിനുശേഷമാണ്‌ അദ്ദേഹത്തിന്റെ സംഗീതപാരമ്പര്യത്തിലേക്ക്‌ ആരാധകരെ വീണ്‌ടും കൂട്ടിക്കൊണ്‌ടുപോകുന്ന ഈ ഉപഹാരം ഒരുങ്ങുന്നത്‌. പുറത്തിറങ്ങിയിട്ടില്ലാത്ത ഒട്ടേറെ ഗാനങ്ങളുമായി കഴിഞ്ഞവര്‍ഷം `മൈക്കല്‍ എന്ന പേരിലും 2009ല്‍ മടങ്ങിവരവിനായി ലണ്‌ടനില്‍ നടത്താന്‍ ആലോചിച്ചിരുന്ന സ്‌റ്റേജ്‌ ഷോയുടെ റിഹേഴ്‌സലടങ്ങിയ `ദിസ്‌ ഈസ്‌ ഇറ്റ്‌' എന്ന ആല്‍ബവും ആരാധകരെ ആവേശഭരിതരാക്കിയിരുന്നു.

ഇതിനിടെ, ജാക്‌സണെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നതായി സ്വകാര്യ ഡോക്‌ടര്‍ കൊണ്‍റാഡ്‌ മുറേയുമായി ബന്ധപ്പെട്ട കേസില്‍ ലോസ്‌എയ്‌ഞ്ചല്‍സ്‌ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ മൊഴി നല്‍കി.വേദനസംഹാരികളുടെ അമിത ഉപയോഗമാണ്‌ മരണകാരണമെന്നാണ്‌ ആക്ഷേപം.

ഒബാമയുടെ തൊഴില്‍ബില്‍ പ്രതിസന്ധിയില്‍

വാഷിംഗ്‌ടണ്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിനു മുമ്പ്‌ അമേരിക്കയിലെ തൊഴിലില്ലായ്‌മയ്‌ക്ക്‌ പരിഹാരം കാണാമെന്ന പ്രതീക്ഷയോടെ പ്രസിഡന്റ്‌ ബറാക്‌ ഒബാമ കൊണ്‌ടുവന്ന തൊഴില്‍ ബില്‍ നടപ്പാവില്ലെന്ന്‌ ഉറപ്പായി. 44,700 കോടി ഡോളര്‍ വകയിരുത്തിയിട്ടുള്ള ബില്ലിലെ ചില നിര്‍ദേശങ്ങളെ മാത്രമേ അനുകൂലിക്കൂ എന്ന്‌ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കി. ഈ മാസാവസാനം സെനറ്റില്‍ വോട്ടിനിടുന്ന ബില്‍ പരാജയപ്പെടുമെന്ന്‌ ഇതോടെ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയും ഉറപ്പിച്ചിരിക്കുകയാണ്‌.

പൊതുകടം പരിഹരിക്കുന്നതിന്‌ സ്വീകരിക്കേണ്‌ട നടപടിയുടെ കാര്യത്തില്‍ ഭിന്നിച്ചതുപോലെ ഈ വിഷയത്തിലും യുഎസ്‌ കോണ്‍ഗ്രസ്സില്‍ വരുംദിവസങ്ങളില്‍ ചൂടന്‍ വാഗ്വാദങ്ങള്‍ ഉണ്‌ടാകുമെന്നാണ്‌ നിരീക്ഷകരുടെ വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന യുഎസില്‍ 9.1 ശതമാനമാണ്‌ തൊഴിലില്ലായ്‌മ നിരക്ക്‌. ഇത്‌ പരിഹരിക്കാന്‍ കൂടുതല്‍ ധീരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ്‌ ഇരുപക്ഷവും ആഗ്രഹിക്കുന്നതെന്ന്‌ പ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രണ്‌ടാമത്തെ നേതാവായ എറിക്‌ കാന്റര്‍ പറഞ്ഞു.

ഒബാമയുടെ സാമ്പത്തിക നേതൃത്വത്തില്‍ അമേരിക്കന്‍ ജനതയ്‌ക്ക്‌ വിശ്വാസം നഷ്ടപ്പെട്ടുകൊണ്‌ടിരിക്കുന്ന സാഹചര്യത്തില്‍ അത്‌ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ പടിപടിയായി ബില്‍ പാസാക്കാന്‍ തയ്യാറാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ കരാറുകാര്‍ക്ക്‌ കിട്ടാനുള്ള പണം ശേഖരിക്കാന്‍ അനുമതി നല്‍കുന്ന വകുപ്പുപോലെ ബില്ലിലെ ചില കാര്യങ്ങള്‍ പാസാക്കാന്‍ തയ്യാറാണെന്ന്‌ കാന്റര്‍ അറിയിച്ചു. ദീര്‍ഘകാലമായി പാസാകാതെ കിടക്കുന്ന വാണിജ്യ ഉടമ്പടികള്‍ പാസാക്കാനും ഒബാമയുമായി സഹകരിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

യുഎസിന്റെ കറന്‍സി ബില്ലിനെതിരെ ചൈന

വാഷിംഗ്‌ടണ്‍: യുഎസ്‌ സെനറ്റ്‌ പാസാക്കിയ കറന്‍സി ബില്ലിനെതിരെ ചൈന ശക്തമായി രംഗത്തെത്തി. മറ്റു രാജ്യങ്ങളെ നാണയ മൂല്യം ഉയര്‍ത്താന്‍ നിര്‍ബന്ധിക്കുന്ന ബില്‍ യുഎസ്‌ പാസാക്കിയാല്‍ വാണിജ്യ യുദ്ധമായിരിക്കും ഫലമെന്ന്‌ ചൈന വ്യക്തമാക്കി. നാണയ മൂല്യം സംബന്ധിച്ച തര്‍ക്കം രാഷ്ട്രീയവല്‍ക്കരിക്കാനാണ്‌ യുഎസ്‌ ശ്രമിക്കുന്നതെന്നും തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ പ്രസ്‌താവനയില്‍ ചൈന ആരോപിച്ചു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ തമ്മില്‍ വാണിജ്യ യുദ്ധത്തിനു വഴിതെളിക്കുന്ന ബില്ലിനെ ശക്തമായി എതിര്‍ക്കുകമെന്നും ചൈന വ്യക്തമാക്കി.

കയറ്റുമതി രംഗത്തു മേല്‍ക്കൈ നിലനിര്‍ത്തുന്നതിനു നാണയ മൂല്യം കൃത്രിമമായി കുറച്ചു കാണിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക്‌ അധിക നികുതി ചുമത്താന്‍ സര്‍ക്കാരിന്‌ അധികാരം നല്‍കുന്ന കറന്‍സി എക്‌സ്‌ചേഞ്ച്‌ റേറ്റ്‌ ഓവര്‍സൈറ്റ്‌ റിഫോം ആക്‌റ്റിനെതിരേയാണു ചൈന ഭീഷണിയുമായി രംഗത്തിറങ്ങിയത്‌. യുഎസ്‌ സെനറ്റില്‍ അവതരിപ്പിച്ച ബില്‍ ലോക വാണിജ്യ സംഘടനാ നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നു ചൈനീസ്‌ സെന്‍ട്രല്‍ ബാങ്കും വിദേശവാണിജ്യ മന്ത്രാലയങ്ങളും ആരോപിച്ചു.

യുഎസ്‌ സെനറ്റില്‍ അവതരിപ്പിച്ച ബില്ലില്‍ ഒരാഴ്‌ചയായി ചര്‍ച്ച തുടരുകയാണ്‌. തിങ്കളാഴ്‌ച നടന്ന മുന്‍കൂര്‍ വോട്ടെടുപ്പില്‍ 19 നെതിരേ 79 വോട്ടുകള്‍ക്കു ബില്‍ പാസായി. അന്തിമ വോട്ടെടുപ്പ്‌ ഈ ആഴ്‌ച അവസാനത്തോടെ നടക്കുമെന്നു പ്രതീക്ഷിക്കുന്നു. ചൈന യുവാന്റെ മൂല്യം കൃത്രിമമായി കുറച്ചു കാണിക്കുന്നത്‌ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നത്‌ ഒഴിവാക്കുകയാണ്‌ യുഎസിന്റെ ലക്ഷ്യം. ചൈനയില്‍ നിന്നുള്ള ഉത്‌പന്നങ്ങള്‍ കൂടുതലായി എത്തുന്നതു യുഎസില്‍ തൊഴില്‍ സാധ്യത ഇല്ലാതക്കുന്നുമുണ്‌ട്‌.

യുവാന്റെ മൂല്യം വര്‍ധിപ്പിക്കണമെന്ന്‌ യുഎസ്‌ നേരത്തെ ചൈനയോട്‌ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, യുഎസിന്റെ അഭ്യര്‍ഥന ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്ന നിലപാടാണു ചൈന സ്വീകരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക