Image

അക്ഷരമുറ്റത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

Published on 06 October, 2011
അക്ഷരമുറ്റത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു
തിരുവനന്തപുരം: അക്ഷരമുറ്റത്തേക്ക് പിച്ചവച്ച് ആയിരക്കണക്കിന് കുരുന്നുകള്‍ സംസ്ഥാനത്ത് ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. സരസ്വതീക്ഷേത്രങ്ങളില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

പറവൂര്‍ ദക്ഷിണമൂകാംബി ക്ഷേത്രം, പനച്ചിക്കാട് ക്ഷേത്രം, തിരൂര്‍ തുഞ്ചന്‍ സ്മാരകം തുടങ്ങിയിടങ്ങളില്‍ പതിനായിരങ്ങളാണ് ആദ്യാക്ഷരം കുറിച്ചത്. പുലര്‍ച്ചെ നാലു മുതലാണ് തുഞ്ചന്‍ പറമ്പിലെ വിദ്യാരംഭം ആരംഭിച്ചത്. കൃഷ്ണശിലാ മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്‍മാരും സരസ്വതീ മണ്ഡപത്തില്‍ സാംസ്‌കാരിക നായകരുമാണ് കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നത്. തുഞ്ചന്‍ സ്മാരക മണ്ഡപത്തില്‍ എം.ടി. വാസുദേവന്‍ നായരും കുട്ടികളെ എഴുത്തിനിരുത്തി. ആലക്കോട് ലീലാകൃഷ്ണന്‍ , കെപി രാമനുണ്ണി തുടങ്ങിയവര്‍ തുഞ്ചന്‍ സ്മാരക മണ്ഡപത്തില്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ എത്തിയിരുന്നു. ഇതിനുശേഷം കവികളുടെ വിദ്യാരംഭവും ഇവിടെ നടക്കും.
 
പനച്ചിക്കാട് ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലിന് പൂജയെടുപ്പോടെയാണ് വിദ്യാരംഭം ആരംഭിച്ചത്. സരസ്വതി മണ്ഡപത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. പറവൂര്‍ ദക്ഷിണമൂകാംബി ക്ഷേത്രത്തില്‍ രാവിലെ അഞ്ചരയോടെയാണ് ക്ഷേത്രം തന്ത്രിയുടെയും മേല്‍ശാന്തിയുടെയും നേതൃത്വത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി.

ആറ്റുകാല്‍ ദേവീക്ഷേത്രം, ചോറ്റാനിക്കര, ഗുരുവായൂര്‍, തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രം തുടങ്ങിയിടങ്ങളിലെല്ലാം എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നിരുന്നു.

തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. ദേശീയ ബാലതരംഗവും സബര്‍മതിയും വൈലോപ്പിള്ളി സംസ്‌കൃതി ഭവനുമാണ് ചടങ്ങ് സംഘടിപ്പിച്ചത്.

തിരുവനന്തപുരത്ത് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക