Image

പീറ്റര്‍ നീണ്ടൂരും പഴയ മലയാള കാവ്യരൂപങ്ങളും - സുധീര്‍പണിക്കവീട്ടില്‍

സുധീര്‍പണിക്കവീട്ടില്‍ Published on 01 August, 2013
പീറ്റര്‍ നീണ്ടൂരും പഴയ മലയാള കാവ്യരൂപങ്ങളും - സുധീര്‍പണിക്കവീട്ടില്‍
ഉത്തരാധുനികതയുടെ  പ്രവണതകളില്ലാതെ പരമ്പരാഗത കാവ്യസങ്കല്‍പ്പങ്ങളില്‍ വിശ്വസിക്കുന്ന കവിയാണ് അമേരിക്കന്‍ മലയാളി ശ്രീ. പീറ്റര്‍ നീണ്ടൂര്‍. മലയാളത്തിന്റെ തനതുശൈലികളില്‍ എപ്പോഴും ആകൃഷ്ടനാകുന്ന ഈ കവിക്ക് അത്തരം രചനകളോട് ആഭിമുഖ്യമുണ്ട്. കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ട അല്ലെങ്കില്‍ പാപമാര്‍ഗങ്ങളിലൂടെ അവരെ രക്ഷിച്ചിരുന്ന ഒരു നിഷാദന്‍ മുനിമാരുടെ ഉപദേശം കേട്ട് കുടുംബം മറന്ന് രണ്ടു മരങ്ങളിക്കിടയിലിരുന്ന് ധ്യാനിച്ചപ്പോള്‍ വാല്‍മീകം കൊണ്ട് മൂടിപോയതറിഞ്ഞില്ല. പിന്നെ അത് പൊട്ടിപൊളിച്ച് പുറത്ത് വന്നപ്പോള്‍ അദ്ദേഹം കവിയായി. മാനവനന്മയ്ക്കായി ഇതിഹാനങ്ങള്‍ രചിച്ചു. എന്നാല്‍ സ്വന്തം കുടുംബവും സമുദായവും മറന്നുകൊണ്ടുള്ള സര്‍ഗ്ഗസൃഷ്ടിയില്‍ മുഴുകാന്‍ ശ്രീ പീറ്റര്‍ നീണ്ടൂര്‍ എന്ന കവി ഇഷ്ടപ്പെടുന്നില്ല. മലയാളത്തിന്റെ തനിമയും ശീലുകളും രചനയില്‍ കലര്‍ത്താനാണു ഇദ്ദേഹത്തിനു കൗതുകം. ഗ്രഹാതുരത്വത്തെക്കാള്‍ പ്രവാസ ജീവിതത്തിലെ സംഘര്‍ഷങ്ങളും വെല്ലുവിളികളും, അവയെ മനസ്സിലാക്കാനും അതിജീവിക്കാനുമുള്ള സൂചനകളും ഇദ്ദേഹത്തിന്റെ കവിതയിലെ പ്രമേയങ്ങളാണ്. ഈ കവി സമൂഹത്തില്‍ നിന്നകന്നു നിന്ന് പ്രവചനങ്ങളും ഭീഷണികളും മുഴുക്കുകയല്ല മറിച്ച് ജീവിതത്തെ തൊട്ടറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധതിരിക്കയാണ്. അവ അവതരിപ്പിക്കാന്‍ അദ്ദേഹം മലയാളസാഹിത്യത്തിലെ പഴയ കലാരൂപങ്ങള്‍ പരീക്ഷിക്കുന്നത് അത്ഭുതാവഹം തന്നെ. കാരണം ആധുനികതയുടെ പിറകെ സഞ്ചരിക്കാനാണു എവിടേയും കവികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഈ കവി പഴമയുടെ വഴിതേടിപോകുന്നു.

മലയാളത്തില്‍ കവിത എഴുതുന്നവരില്‍ ചിലര്‍ ആവിഷ്‌കാരരീതിയിലും ഇതിവൃത്തപ്രതിപാദനത്തിലും ആധുനികത എന്ന പേരും പറഞ്ഞ് അതിനെ പിന്തുടരാന്‍ ശ്രമിക്കുന്നത് കാണാം. ആഫ്രിക്കക്കാരുടേയും സ്‌പെയിന്‍കാരുടെയും കവിതകള്‍ അവരെ പ്രലോഭിപ്പിക്കുകയോ, സ്വാധീനിക്കുകയോ ചെയ്യുന്ന പോലെ തോന്നാറുണ്ട്. എന്നാല്‍ ഇല്ലത്ത്‌നിന്ന് പുറപ്പെടുകയും ചെയ്തു. അമ്മാത്ത് എത്തിയും ഇല്ല എന്ന് പറഞ്ഞപോലെ വിദേശ കവിതകളുടെ  അടുത്തൊന്നും പലരും എത്തുന്നില്ല. അതിനു കാരണമായി കാണുന്നത് അനുകരണപ്രവണതയാണ്. ജന്മസിദ്ധമായ സര്‍ഗ്ഗവാസനയുള്ളവര്‍ ആധുനിക കവിതകള്‍ ധാരാളം വായിക്കുകയും അവ മനസ്സിലാക്കുകയും ചെയ്തതിനുശേഷം എഴുതുന്നത് കണ്ട് എനിക്കും സാധിക്കുമെന്ന മൂഢാവേശത്തില്‍ ആരെങ്കിലും എഴുതുമ്പോള്‍ അതിനു നിലവാരം കുറയുമല്ലോ? ഏച്ച് വക്കപ്പെടുന്ന അത്തരം കൃതികളെല്ലാം മുഴച്ചിരിക്കുന്നത് തിരിച്ചറിയാന്‍ പ്രയാസമില്ല. ചിലര്‍ വെറും പദ്യം പോലെയും വാക്കുകള്‍ നിരത്തിവെച്ച് എഴുതുന്നു. അതില്‍ വിവരങ്ങള്‍ മാത്രം. നമ്പൂതിരി പറഞ്ഞപോലെ "ഇയ്യാള്‍ക്ക് ഇതില്‍ ഗദ്യത്തില്‍ എഴുതാമിയിരുന്നില്ലേ" എന്ന് നമുക്കും തോന്നുന്നു. ചലരുടെ കവിതകള്‍ ഗദ്യം പോലെതന്നെതോന്നുമെങ്കിലും അവര്‍ വരികള്‍മുറിച്ച് എഴുതുന്നു എന്നു മാത്രം. വായിച്ചാല്‍ മനസ്സിലാകാത്തതൊക്കെ ആധുനികമെന്ന് വായനക്കാരനെകൊണ്ട് വിശ്വസിപ്പിക്കാന്‍ ശ്രമിക്കന്ന ഒരു ദയനീയത അത്തരം കവിതകളില്‍ കാണാം. വായനക്കാരെ രാവണന്‍ കോട്ടക്കുള്ളിലാക്കി വഴിതെറ്റിനടക്കുന്നു. മലയാളഭാഷയില്‍ തന്നെ ഹൃദ്യമായ എത്രയോതരം കാവ്യാവിഷ്‌കാരരീതികള്‍ ഉണ്ട്. അങ്ങനെ എഴുതാന്‍ അവസരമുള്ളപ്പോള്‍ എന്തിനാണു ഇങ്ങനെ കഷ്ടപ്പെടുന്നത് എന്ന് ഭൂരിപക്ഷം വായക്കാരും അതിശയിക്കുന്നുണ്ടെന്ന് അവരുമായുള്ള സംഭാഷണങ്ങളില്‍ നിന്നും മനസ്സിലാക്കാം.

ഈ ലേഖകന്‍ വായിച്ച പല കവിതകളും വിദേശ കവിതകളുടെ സ്വാധീനത്തില്‍ അകപ്പെട്ടിരിക്കുന്നതായി കണ്ടിട്ടുണ്ട്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ വിദേശകവിതകളുടെ സ്വാധീനത്തില്‍ എഴുത്തുന്നവരുടെ വലയത്തില്‍പ്പെട്ടിരിക്കുന്നു എന്നര്‍ഥം. അവര്‍ക്ക് വിദേശ കവിതകളെ കുറിച്ച് അറിവോ ധാരണകളോ ഇല്ല. ഒരു നോക്കി പകര്‍ത്തല്‍ പ്രക്രിയതന്നെ. അത്തരം കവിത എഴുതുന്ന ഒരാളിനോട് പാബ്ലൊനെരൂദയെപ്പറ്റി കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് പറഞ്ഞ മറുപടി ഈ ലേഖകനെ അത്ഭുതപ്പെടുത്തി. വൃത്തമൊപ്പിച്ചോ, പദ്യരൂപത്തിലോ എഴുതുന്ന ഒരു സാഹിത്യശില്‍പ്പമായിട്ടാണ് കവിതയെ വിശേഷിപ്പിക്കുന്നത്. ഇതിലൂടെ ഒരു കവി അദ്ദേഹത്തിന്റെ ഭാവന പ്രകടിപ്പിക്കുന്നു, ഉപമകളും, ഉല്‍പ്രേക്ഷകളും, പ്രതിമാനങ്ങളും ചേര്‍ത്ത്‌കൊണ്ട് കവികളുടെ സങ്കല്‍പ്പങ്ങളേയും, വികാരങ്ങളേയും പെട്ടെന്ന് വായനക്കാരിലെത്തിക്കാന്‍ അവര്‍ വാക്കുകളുടെ പ്രയോഗത്തിലും ബിംബങ്ങള്‍ സന്നിവേശിപ്പിക്കുന്നതിലും ചാരുത കാട്ടുന്നു. അത് കവിതയെ അണിയിച്ചൊരുക്കുന്നതൊടൊപ്പം അനുവാചക ഹൃദയങ്ങളില്‍ അനുഭൂതിപകരുകയും ചെയ്യുന്നു. എന്നാല്‍ ആധുനികത എന്ന വാക്ക് ഇപ്പോള്‍ വ്യഭിചരിക്കപ്പെടുകയാണ്. എല്ലാവരും അതിന്റെ പറ്റുകാരാണ്. എന്നാല്‍ വാസ്തവത്തില്‍ എത്രപേര്‍ അത് മനസ്സിലാക്കുന്നു എന്ന കാര്യം സംശയമാണ്. കവികള്‍ വൃത്തത്തിനപുറത്ത് ചാടിയപ്പോഴും വായനക്കാര്‍ ക്ഷമിച്ചു. പിന്നെ അവര്‍ മറുകണ്ടം ചാടാന്‍ തുടങ്ങിയപ്പോഴാണു അവയെ അസംബന്ധം എന്ന് പറഞ്ഞു വായനക്കാരന്‍ വിട്ടുകളഞ്ഞത്. എന്തിനാണു മാര്‍ഗ്ഗകദര്‍ശനത്തിനുവിദേശങ്ങളിലേക്ക് നോക്കുന്നത് എന്ന് അതെഴുതുന്നവരുടെ ഇഷ്ടം അല്ലെങ്കില്‍ തീരുമാനമാണ് എന്ന് നമ്മള്‍ക്ക് കരുതാം.

അങ്ങനെ ചിന്തിച്ചിപ്പോഴാണു ശ്രീ.പീറ്റര്‍ നീണ്ടൂരിന്റെ കവിതകള്‍ ശ്രദ്ധിച്ചത്. അതായ്ത് അദ്ദേഹം എഴുതുന്ന ഓട്ടം തുള്ളല്‍, വില്ലടിച്ചാന്‍പാട്ട്, നാടോടിപാട്ട്,വഞ്ചിപ്പാട്ട് തുടങ്ങിയവ. ഇയ്യിടെ ഒരു മലയാള സിനിമക്കും അദ്ദേഹം പാട്ടെഴുതിയെന്നത് അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു. എന്തുകൊണ്ട്  ഒരു അമേരിക്കന്‍ മലയാളി കവി നാട്ടില്‍പോലും എഴുത്തുകാര്‍ മിക്കവാറും വിസ്മരിച്ച കലാരൂപങ്ങളെ തട്ടി കുടഞ്ഞ് എടുക്കുന്നു. ഈ ലേഖകന്‍ അദ്ദേഹത്തിന്റെ ഈ വാസനയെ അഭിനന്ദിക്കുന്നു.ഒരു പക്ഷെ പഴമയുടെ പിന്നാമ്പുറങ്ങളില്‍നിന്നും കാവ്യാവിഷ്‌കാരത്തിനു അനുയോജ്യമായ ഒരു കലാശില്‍പ്പം ശ്രീ. നീണ്ടൂര്‍ സ്വന്തമായി മെനഞ്ഞെടുത്തേക്കാം. ഈ അവസരത്തില്‍ 'അമ്മിണി കവിതകള്‍'' എന്ന പേരില്‍ ശ്രീ എം.ടി. ആന്റണി എഴുതുന്ന കവിതകള്‍ ഓര്‍മ്മിക്കുന്നു.. ഇത്‌ വായിക്കാനും പോഷിപ്പിക്കാനും വായനക്കാരുണ്ടെങ്കില്‍ മലയാളഭാഷക്ക് കിട്ടുന്ന ഒരു പുതിയ കലാശില്‍പ്പമാകുമിത്. പലരും ജപ്പാന്‍കാരുടെ കലാശില്‍പ്പമായ'ഹൈക്കു''വിനുപുറകെ പോകുമ്പോള്‍ ശ്രീ.ആന്റണി തനിമലയാലത്തിന്റെ പിടിയില്‍ ഒതുങ്ങുന്ന ഒരു കലാരൂപം സ്വന്തമായിസ്രുഷ്ടിക്കുന്നു. കുഞ്ഞുണ്ണി കവിതകളോടോ ശ്ലോകങ്ങളോടോ അവക്ക് ചായ്‌വ് അല്ലെങ്കില്‍ സാമ്യം ഉണ്ടായിരിക്കാമെങ്കിലും സ്രുഷ്ടികള്‍ അദ്ദേഹത്തിന്റെ മൗലിക പ്രതിഭയില്‍നിന്നും വരുന്നതാണല്ലോ?. ചിലതിന്റെപൊരുള്‍ പെട്ടെന്ന് വായനക്കാര്‍ക്ക് ഗ്രാഹ്യമാകുകയില്ലായിരിക്കാം. എന്നാലും മൊത്തം മലയാളികള്‍ക്ക് അഭിമാനിക്കാം  അത് അവരുടെ പൈത്രുകത്തിന്റെ തുടക്കമാണെന്നു. ഹൈക്കുവ്ം , സ്പാനിഷ്/ആഫ്രിക്കന്‍ കവിതകളും പരതി അതേപോലെ മലയാളത്തില്‍ തട്ടികൂട്ടുന്നത്‌കൊണ്ട് മലയാളഭാഷക്ക്‌ നേട്ടമില്ലെന്ന് ഈ ലേകന്‍ കരുതുന്നു. ഓരോ കലാരൂപവും ഉണ്ടാകുന്നത് ഓരോ എഴുത്തുകാരുടേയും കണ്ടുപിടിത്തമാണു. മിഴാവ്‌കൊട്ടികൊണ്ടിരുന്നപ്പോള്‍ ഉറങ്ങിപോയതിനു അതിരു കടന്നു അധിക്ഷേപിച്ച ചാക്യാരെ കടത്തിവെട്ടികൊണ്ട് കുഞ്ചന്‍നമ്പ്യാര്‍ ഓട്ടം തുള്ളല്‍ എന്ന കലാശില്‍പ്പം കണ്ടെത്തി. കാലഘട്ടത്തിന്റെ ഒഴുക്കില്‍ അത്പിന്നെ അപ്രത്യക്ഷ്മായെങ്കിലും ആ ശൈലിയില്‍ എഴുതപ്പെട്ടസാഹിത്യം ഇന്നും വായനക്കാരെ ആകര്‍ഷിക്കുന്നു. അപ്പോള്‍പിന്നെ എന്തുകൊണ്ട് മലയാളി കവികള്‍ ആ ശൈലിയില്‍ എഴുതാതെ സ്‌പെയിനിലേയോ ആഫ്രിക്കയിലേയോ കവികളെ പിന്‍തുടരുന്നു. അറിഞ്ഞ്കൂടാ. സ്വന്തം സംസ്‌കാരവും ഭാഷയും മലയാളിക്ക്‌ വലിയ പിടുത്തമില്ലെന്ന് പല സംഭവങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അവര്‍ക്ക് എളുപ്പം മറ്റൊരുഭാഷയും സംസ്‌കാരവുമായി ഇഴുകിചേരാന്‍ കഴിയുന്നു. അത്പക്ഷെ അവരുടെ സ്വന്തം സംസ്‌കാരത്തിനും ഭാഷക്കും പതനമുണ്ടാക്കുന്നു. ഇതര ഭാഷകളെ സ്‌നേഹിക്കുമ്പോള്‍ തന്നെ സ്വന്തം ഭാഷയും സംസ്‌കാരവും മറക്കണമെന്നില്ല.

മലയാളഭാഷയുടെ ആദ്യത്തെ അറുനൂറു്‌വര്‍ഷങ്ങളില്‍ മലയാളസാഹിത്യം അതിന്റെ പ്രാഥമിക അവസ്ഥയില്‍ സ്തിഥിചെയ്തു.. ഇക്കാലത്ത് അധികവും പാട്ടുകളായിരുന്നു പ്രചാരത്തിലിരുന്നിരുന്നത്.. ദൈവങ്ങളെ മഹത്വപ്പെടുത്തിയുള്ള കീര്‍ത്തനങ്ങള്‍, യോദ്ധാക്കളുടെ അപദാനങ്ങള്‍, ആഘോഷങ്ങളെക്കുറിച്ചുള്ള ഉല്ലാസ ഗാനങ്ങള്‍, ഭൂതകാലത്തെ ഏതൊകേഴ്‌വികേട്ട സംഭവങ്ങളെ പറ്റിയുള്ള ഗാനങ്ങള്‍ അങ്ങനെപലതും. ഇവയില്‍ ചിലത് ചില ജാതിക്കാരുടെ മാത്രമയി അവശേഷിച്ചു. പാട്ടൂകള്‍ എത്രതരം എന്നുനോക്ക്കുക. ഭദ്രകാളി പാട്ട്, തോറ്റം പാട്ട്, നിഴല്‍കൂത്ത്പാട്ട്, സര്‍പ്പപ്പാട്ട്, പുള്ളുവര്‍പാട്ട്, കൃഷിപാട്ട്, പട പാട്ട്, വില്ലടിച്ചാന്‍ പാട്ട്, ഓണപാട്ട്, മലയാള പദ്യ-കവിത-ഗാന ശാഖയുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ മൂന്നായി കാണുന്നു. പച്ചമലയാളത്തിലുള്ളവവയായിരുന്നു തോറ്റം പാട്ടു, ഭദ്രകാളിപ്പാട്ട്, കൃഷിപാട്ട്, ഓണപ്പാട്ട് തുടങ്ങിയവ. പിന്നീടാണു തമിഴ്‌സ്വാധീനമുള്ള കാവ്യങ്ങളുടെ ആരംഭം. അതില്‍ രാമചരിതംപെടുന്നു. അതിനുശേഷം വന്നത്‌ സംസ്‌കൃത സ്വാധീനമാണു. അതാണു മണിപ്രവാളമെന്നറിയപ്പെടുന്നത്. നമ്പൂതിരി കവികള്‍ എഴുതിയ ഇത്തരം കാവ്യങ്ങള്‍ കൂത്തമ്പലങ്ങളില്‍ മണിപ്രവാള കാവ്യങ്ങള്‍ എന്ന പേരില്‍ അരങ്ങേറി. ലീലതിലകം എന്ന കാവ്യം മണിപ്രവാളത്തില്‍ എഴുതപ്പെട്ടവയാണു. മണിപ്രവാള കവികള്‍ക്ക് ഭക്തിയോടൊപ്പം തന്നെരതിയും ഇഷ്ടപ്പെട്ട ഭാവമായിരുന്നു. ഈ വരികള്‍ ശ്രദ്ധിക്കുക-
 

നാരായണന്‍ തന്റെപാദാരവിന്ദം
നാരീജനത്തിന്റെ മുകാരവിന്ദം
മനുഷ്യനായാലിവരണ്ടിലൊന്നു
നിനച്ചു വേണം സമയം കഴിക്കാന്‍
പിന്നീട് ചമ്പുക്കളും, സന്ദേശ കാവ്യങ്ങലുമുണ്ടായി. അതിനുശേഷം തനി മലയാളം വന്നു. അതാണു നരണം സ്‌ക്കൂള്‍ ഓഫ് പോയട്രി. തെക്കേ കേരളത്തിലെ നിരണത്തില്‍ നിന്നും മൂന്നു കവികള്‍ പുരാണങ്ങളും ഇതിഹാസങ്ങളും, ഭഗവത് ഗീതയും തനി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ട് പുതിയ കവിതകള്‍ക്ക് ജന്മം നല്‍കി. കൃഷ്ണഗാനഥ പാടികൊണ്ട് ചെറുശ്ശേരിയുമെത്തി.

പിന്നെയാണു മലയാളത്തിന്റെ പിതാവ് എന്ന പേരിനര്‍ഹനായികൊണ്ട് ത്രുക്കണ്ടിയൂരില്‍നിന്നും തുഞ്ചത്ത് എഴുത്തച്ഛന്‍ വരുന്നത്. അദ്ദേഹം കിളിപ്പാട്ട് എന്ന ഒരു പ്രസ്ഥാനം ഉണ്ടാക്കി. മലയാളഭാഷയില്‍ അമ്പത്തിയൊന്ന് അക്ഷരം നിരത്തികൊണ്ട് അദ്ദേഹം ഹരിനാമകീര്‍ത്തനം എഴുതി. മലയാള ഭാഷയില്‍ അമ്പത്തിയൊന്ന് അക്ഷരം നിരത്തികൊണ്ട് അദ്ദേഹം ഹരിനാമകീര്‍ത്തനം എഴുതി. തുള്ളലും ആട്ടകഥകളും ഉണ്ടായി. എഴുത്തച്ഛന്റെ കാലത്ത് ഒരു ഭക്തിപ്രസ്ഥാനം നിലവില്‍വന്നു. ആധുനിക കവിതാപ്രസ്ഥാനം ആരംഭിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ഈ ആധുനികത ഇന്നു നാം കാണുന്ന ആധുനികതയല്ല. കവിത്രയങ്ങളുടെ രംഗപ്രവേശം നിയോക്ലാസ്സിക്ക് പ്രസ്ഥാനത്തിനു അപചയമായി. കാല്‍പ്പനികതയുടെ വസന്തം മലയാളത്തില്‍ പൂത്തുലഞ്ഞു. ഇത്രയും ചുരുക്കമായി പറഞ്ഞത് അമേരിക്കന്‍ മലയാള കവിയായ പീറ്റര്‍ നീണ്ടൂരിന്റെ കാവ്യസമീപനത്തിനു ആമുഖമായാണ്.

പീറ്റര്‍ തന്റെ സര്‍ഗ്ഗ കര്‍മ്മങ്ങള്‍ക്കായി അവലംബിക്കുന്നത് തനിമലയാളരീതിയാണ്. ഇതിനര്‍ത്ഥം അദ്ദേഹം നവ്യവും വൈദേശികവുമായ ആശയങ്ങള്‍ക്ക്‌നേരേ കണ്ണടക്കുന്നു എന്നല്ല. തന്റെ ഇിനവേളകളില്‍ ഭൂതകാലത്തിന്റെ സുവര്‍ണ്ണവാതിലുകള്‍ ഒന്ന് തുറന്നിട്ട് അതില്‍ നിന്നും ഇമ്പമുള്ളവ സ്വീകരിക്കാനുള്ള ഒരു ശ്രമം ഇദ്ദേഹം നടത്തുന്നുണ്ട്. പുസ്തകങ്ങളില്‍ ഒതുങ്ങിപോയ വില്ലടിച്ചാന്‍ പാട്ടും,  ഓട്ടം തുള്ളലും, വഞ്ചിപാട്ടുമൊക്കെ വീണ്ടും ഇദ്ദേഹത്തിന്റെ രചനകളിലൂടെ സജീവമായി വരുന്നു. വിദേശിയുടെ കയ്യില്‍ നിന്നും കടം വാങ്ങാന്‍ പോകുന്നതിനെക്കാള്‍ നമ്മുടെ പൈതൃകം തിരയുന്നത് ഉല്‍കൃഷ്ടമെന്ന ചിന്തയുള്ള ഈ കവിസമര്‍പ്പണ ബോധത്തോടെ മാതൃഭാഷയെ സ്‌നേഹിക്കുന്നയാളാണ്. ആ അമ്മയുടെ ആമാടപെട്ടികള്‍ തുറന്ന് അവരുടെ പൊന്നാഭരണങ്ങളെ അക്ഷരങ്ങളിലൂടെ തേച്ച് മിനുക്കുന്നത് ഒരു നിയോഗം പോലെ ഈ കവി കാണുന്നു. കവിതകള്‍ ഇന്നത്തെപോലെ ദുര്‍ഗ്രഹമാകുന്നതിനുമുമ്പുള്ള കാലത്തെ പാട്ടുകള്‍ വള്ളത്തോള്‍ പാടിയപ്പോലെ “ചെകിട്ടിനെല്ലാം പാല്‍കുഴമ്പായിരുന്നു.” പീറ്റര്‍ നീണ്ടൂരിന്റെ പരിശ്രമം കൊണ്ട് പുനര്‍ജനിക്കുന്ന പഴയ കലാരൂപങ്ങള്‍ മലയാളത്തിന്റെ കുളിര്‍മ്മയും ലാളിത്യവും നല്‍കി പ്രവാസത്തിന്റെ മുഷിപ്പില്‍ എപ്പോഴെങ്കിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കട്ടെ. അതിനായി പീറ്റര്‍ നീണ്ടൂര്‍ ഇത്തരം കാവ്യരൂപങ്ങള്‍ പോഷിപ്പിക്കുന്നതില്‍ ശ്രദ്ധ പതിപ്പിച്ച്‌കൊണ്ടിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം ഋതുരേഖയില്‍ കൂടിമാത്രം ചരിച്ചും, ഋതുസംഗമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചും(പീറ്റര്‍ നീണ്ടൂരിന്റെ ഒരു കവിത) കാവ്യസപര്യാപ്രയാണം അനസ്യൂതം തുടരട്ടെയെന്നാശംസിക്കുന്നു.



ശുഭം



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക