Image

സിസേറിയന്‍ - മീട്ടു റഹ്മത്ത് കലാം

ഇ മലയാളി എക്‌സ്‌ക്ലൂസീവ്‌ Published on 01 August, 2013
സിസേറിയന്‍ - മീട്ടു റഹ്മത്ത് കലാം
മുന്‍പൊക്കെ ഒരു കുഞ്ഞു ജനിച്ചു എന്നറിഞ്ഞാല്‍ അത് ആണോ പെണ്ണോ എന്നറിയാനായിരുന്നു ആളുകള്‍ക്ക് തിടുക്കം. എന്നാലിന്ന് ഈ വാര്‍ത്ത കേള്‍ക്കുന്നപാടെയുള്ള ചോദ്യം 'സിസേറിയന്‍ ആയിരിന്നിരിക്കും അല്ലേ' എന്നാണ്. സുഖപ്രസവം എന്നത് വരും തലമുറയ്ക്ക് കേട്ടുകേള്‍വി ആകുമോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. കേരളത്തില്‍ നടക്കുന്ന സിസേറിയന്‍രെ ഞെട്ടിക്കുന്ന കണക്കുകള്‍ വിരല്‍ചൂണ്ടുന്നത് അത്തരമൊരു സൂചനയിലേയ്ക്കാണ്.

സാറാ ജോസഫിന്റെ ആലാഹയുടെ പെണ്‍മക്കള്‍ എന്ന നോവലില്‍ 'മരിച്ചാലും കീറിമുറിക്കാന്‍ ഞാനില്ലേ' എന്നു പറഞ്ഞ് കരഞ്ഞ സ്ത്രീ കഥാപാത്രത്തില്‍ നിന്ന് 'എനിക്ക് സിസേറിയന്‍ മതി' എന്ന് പറയുന്നത് വരെ കാലഘട്ടത്തില്‍ മാറ്റം സംഭവിച്ചിരിക്കുന്നു. ആശുപത്രി മുറ്റത്തെ ഭയത്തോടെ കണ്ടിരുന്ന അജ്ഞതയില്‍ നിന്നുള്ള വളര്‍ച്ച സ്വാഗതാര്‍ഹം തന്നെ. പക്ഷേ, സ്വാഭാവിക ജനനം തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ പരസ്യത്തില്‍ കാണാറുള്ളതുപോലെ സുഖപ്രസവം അമ്മയുടെയും കുഞ്ഞിന്റെയും അവകാശമാണ്.  പിറന്നു വീഴുമ്പോള്‍ മുതല്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണോ എന്ന് കുഞ്ഞുങ്ങള്‍ ചിന്തിക്കുന്നുണ്ടാകും.
സാമാന്യ വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കുപോലും സിസേറിയന്‍ എന്ന വാക്ക് സുപരിചിതമാണ്. ഗര്‍ഭിണിയുടെ വയറ് കീറി കുഞ്ഞിനെ പുറത്തെടുക്കുന്നു എന്ന അവരുടെ അറിവില്‍ കവിഞ്ഞ്  ആത്യന്തികമായ ജ്ഞാനമൊന്നും വിദ്യാസമ്പന്നരിലും ഇല്ലെന്നതാണ് വാസ്തവം.

പ്രസവം എന്നത് വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. രണ്ട് ജീവനുകള്‍ ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അമ്മ അനുഭവിക്കുന്ന വേദന വാക്കുകള്‍ക്കതീതമാണ്. പ്രസവവേദന അനുഭവിച്ചവര്‍ അതിനെകകുറിച്ചുള്ള ഓര്‍മ്മ പങ്കുവയ്ക്കുമ്പോള്‍ അതിന്റെ തീവ്രതയും കുഞ്ഞിന്റെ മുഖം കാണുന്ന മാത്രയില്‍ എല്ലാമൊരു മധുരനൊമ്പരമായി തീരുമെന്നതും മനസ്സിലാക്കാം. എന്നാല്‍ പൂര്‍ണ്ണ വളര്‍ച്ച എത്തിക്കഴിഞ്ഞ്, തനിക്ക് ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ട് ഗര്‍ഭപാത്രത്തിലെ സുഖവാസം മതിയാക്കി പുറത്തേയ്ക്കിറങ്ങാന്‍ നടത്തുന്ന തന്ത്രപാടുകളെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കാനോ ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുക്കാനോ ഇന്നോളം പിറന്ന ആര്‍ക്കും കഴിഞ്ഞിട്ടില്ല. സൃഷ്ടിയുടെ ഇന്ദ്രജാലം അത്രത്തോളം ദൈവീകമാണ്.

മുട്ട പൊട്ടി കോഴിക്കുഞ്ഞ് പുറത്തിറങ്ങും പോലെ സ്വാഭാവികമായി ഒരു മനുഷ്യകുഞ്ഞിന്റെ പിറവി നടക്കുന്നതിലും സൃഷ്ടാവിന്റെ ചില ഇടപെടലുകളുണ്ട്.

ഗര്‍ഭപാത്രത്തിന്റെ പേശീചലനങ്ങള്‍ക്കനുസൃതമായി ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുകയും ചെരിഞ്ഞും മറിഞ്ഞും പുറത്തേയ്ക്കിറങ്ങാന്‍ കുഞ്ഞുങ്ങള്‍ക്ക് നൈസര്‍ഗീകമായ കഴിവുണ്ട്. അത് സുഗമമാക്കാന്‍ പണ്ട് വയറ്റാട്ടികളുടെ സഹായം തേടിയിരുന്നെങ്കില്‍ ഇപ്പോള്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമൊക്കെയായി വലിയൊരു ടീം തന്നെ അമ്മയ്ക്കും കുഞ്ഞിനുമൊപ്പം ലേബര്‍ റൂമില്‍ ഉണ്ട്.
അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന് ഭീഷണിയുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ സ്വാഭാവിക പ്രസവത്തിന് പകരം സ്വീകരിക്കാവുന്ന രക്ഷാമാര്‍ഗമായാണ് സിസേറിയന്‍ ഓപ്പറേഷന്‍ അഥവാ C-സെക്ഷന്‍ വികസിച്ചത്. 1500ല്‍ ജോണ്‍ നേഫര്‍ എന്ന സ്വിറ്റ്‌സര്‍ലണ്ടുകാരന്‍ തന്റെ ഭാര്യ പ്രസവിക്കാന്‍ കഴിയാതെ വേദനകൊണ്ട് പുളഞ്ഞപ്പോള്‍, അയാള്‍ വളര്‍ത്തുന്ന പന്നികളില്‍ ചെയ്യാറുള്ളതുപോലെ വയറ്റില്‍ ചെറിയ കീറലുകള്‍ നടത്തി കുഞ്ഞിനെ  പുറത്തെടുത്ത മുറിവ് തുന്നിക്കെട്ടി പൂര്‍ണ്ണ ആരോഗ്യത്തോടെ ഭാര്യയുടെ ജീവന്‍ രക്ഷിച്ചതാണ് സിസേറിയന്റെ തുടക്കമായി കണക്കാക്കപ്പെടുന്നത്.
(തുടരും)

സിസേറിയന്‍ - മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക