Image

ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ നിയമനത്തില്‍ വി.എസ്. ഇടപെട്ടു: പി.സി.ജോര്‍ജ്‌

Published on 06 October, 2011
ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ നിയമനത്തില്‍ വി.എസ്. ഇടപെട്ടു: പി.സി.ജോര്‍ജ്‌
കോട്ടയം: കൊച്ചി ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ.യുടെ നിയമനത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ അനധികൃതമായി ഇടപെട്ടുവെന്ന് ഗവ. ചീവ് വിപ്പ് പി.സി.ജോര്‍ജ് ആരോപിച്ചു. വി.എസ്. നടത്തിയത് നിയമവിരുദ്ധമായ പ്രവര്‍ത്തിയാണ്. ഈ അനധികൃത ഇടപെടല്‍ വഴി വി.എസ്. സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയിരിക്കുന്നത്. ഇതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം-പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ജിജോ ജോസഫും സെബാസ്റ്റിയന്‍ പോളും പിന്നീട് അറിയിച്ചു.

അഭിമുഖത്തില്‍ ഒന്നാം റാങ്ക് നേടിയ വ്യക്തിയെ പരിഗണിക്കാതെയാണ് രണ്ടാം റാങ്കുകാരനായ ജിജോ ജോസഫിനെ ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ. ആക്കിയതെന്ന് പി.സി. ജോര്‍ജ് ആരോപിച്ചു. മുന്‍ എം.പി. സെബാസ്റ്റിയന്‍ പോളിന്റെ ബന്ധുവായ ജിജോ ജോസഫിനുവേണ്ടിയാണ് വി.എസ്. ഇടപെട്ടത്. ഈ ഇടപെടല്‍ തെളിയിക്കാന്‍ ആവശ്യമായ മുഴുവന്‍ രേഖകളും തന്റെ പക്കലുണ്ടെന്നും വി.എസിന്റെ കപടമുഖം വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ഇതിനുള്ള പ്രത്യുപകാരമാണ് സെബാസ്റ്റിയന്‍ പോള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു.

ആദ്യവട്ട അഭിമുഖത്തില്‍ ഒന്നാം റാങ്കു നേടിയ കിഷോര്‍ പിള്ള എന്നയാളെ ബയോഡാറ്റ സമര്‍പ്പിക്കാന്‍ ഒരു ദിവസം വൈകി എന്ന കാരണം കാണിച്ചാണ് രണ്ടാം റാങ്കുകാരനായ ജിജോ ജോസഫിനെ നിയമിച്ചത്. ഇതിനു പിന്നില്‍ വി.എസിന്റെ ഇടപെടല്‍ തന്നെയാണെന്നും പി.സി.ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക