Image

ഫോണ്‍വിളി: പിള്ളയ്ക്ക് നാലു ദിവസം കൂടി അധികശിക്ഷ

Published on 06 October, 2011
ഫോണ്‍വിളി: പിള്ളയ്ക്ക് നാലു ദിവസം കൂടി അധികശിക്ഷ
തിരുവനന്തപുരം: തടവില്‍ കഴിയവേ ഫോണ്‍ വിളിച്ച സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്‌ടെത്തിയതിനെ തുടര്‍ന്ന് ആര്‍. ബാലകൃഷ്ണപിളളയുടെ തടവ് കാലാവധി നാല് ദിവസം കൂടി നീട്ടി. ഇക്കാര്യത്തില്‍ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണപിള്ള ഒരു മാധ്യമപ്രവര്‍ത്തകനോട് നടത്തിയ ഫോണ്‍ സംഭാഷണമാണ് നടപടിക്ക് കാരണം. പിള്ളയുടെ മൊബൈല്‍ നമ്പരില്‍ നിന്ന് അനവധി കോളുകളാണ് ദിവസവും പോകുന്നതെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്‌ടെത്തിയിരുന്നു. ശിക്ഷ നീട്ടിയത് സംബന്ധിച്ച് ജയില്‍ അധികൃതര്‍ ഉത്തരവും ഇറക്കി.

ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തേക്കായിരുന്നു സുപ്രീംകോടതി ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചിരുന്നത്. ജനുവരി രണ്ടിന് ശിക്ഷാകാലാവധി അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ശിക്ഷ നീട്ടിയതോടെ ആറിന് മാത്രമേ പിള്ളയ്ക്ക് പുറത്തിറങ്ങാനാകൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക