Image

ജസ്റ്റിസ് കൃഷ്ണയ്യര്‍ “ സൂപ്പര്‍ സര്‍ക്കാര്‍ ” ചമയണ്ട സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 06 October, 2011
ജസ്റ്റിസ് കൃഷ്ണയ്യര്‍ “ സൂപ്പര്‍ സര്‍ക്കാര്‍ ” ചമയണ്ട സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

കൊച്ചി: സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനുവേണ്ടി പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മീഷന്റെ ഗര്‍ഭഛിദ്രം അനുവദനീയമാണെന്നും രണ്ടില്‍കൂടുതല്‍ കുട്ടികളുണ്ടായാല്‍ മാതാപിതാക്കളെ ശിക്ഷിയ്ക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങളില്‍ ശക്തമായ എതിര്‍പ്പുമായി പൊതുവികാരം നിലനില്‍ക്കുമ്പോള്‍ ആരെതിര്‍ത്താലും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമെന്നുള്ള ജസ്റ്റിസ് കൃഷ്ണയ്യരുടെ പ്രസ്താവനയും പിടിവാശിയും സൂപ്പര്‍ സര്‍ക്കാരാകുവാനുള്ള അദ്ദേഹത്തിന്റെ ശ്രമവുമാണ്. നിയമസംവിധാനത്തെക്കുറിച്ചും നീതിവ്യവസ്ഥയെക്കുറിച്ചും ബോധ്യമുള്ള കേരളമണ്ണില്‍ ഇത്തരം ജല്പനങ്ങള്‍ വിലപ്പോവില്ലെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ,വി.സി.സെബാസ്റ്റ്യന്‍ പ്രസ്താവിച്ചു.

ബില്ലിലെ വിവാദ നിര്‍ദ്ദേശങ്ങള്‍ ഏതെങ്കിലും സഭയുടെയോ സമൂദായത്തിന്റെയോ മാത്രം പ്രശ്‌നമല്ല; മനുഷ്യമഹത്വത്തെയും മാതൃത്വത്തെയും മാനിക്കുന്നവരുടെയും ജീവന് വിലകല്‍പ്പിക്കുന്നവരുടെയും നേരെയുള്ള വെല്ലുവിളിയാണ്. ഇത്തരം വിവാദ നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുന്നത് പൊതുസമൂഹത്തിന്റെ ഒറ്റക്കെട്ടായ വികാരവുമാണ്. ജര്‍മ്മനിയില്‍ ഹിറ്റ്‌ലറും ചൈനയില്‍ കമ്യൂണിസ്റ്റ് ഭരണകൂടവും ചെയ്ത കിരാതനടപടി കേരളത്തിലോ ജനാധിപത്യ രാജ്യത്തോ ആവര്‍ത്തിക്കുവാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്ക് മന:സാക്ഷിമരവിച്ചവര്‍ക്കു മാത്രമെ കൂട്ടുനില്‍ക്കാനാവൂ. വനിതാ കോഡ് ബില്ലിലെ ചില നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വിവിധ സംഘടനകളും, സമൂദായങ്ങളും, വ്യക്തികളും പ്രതികരിക്കുമ്പോള്‍ കത്തോലിക്കാ സഭയെ തെരഞ്ഞുപിടിച്ച് ആക്ഷേപിച്ച് ജനശ്രദ്ധതിരിക്കുവാന്‍ കൃഷ്ണയ്യര്‍ നടത്തുന്ന ശ്രമം പാഴ്‌വേലയാണ്. ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന കത്തോലിക്കാ സഭയ്ക്ക് വിശ്വാസികളുടെ എണ്ണത്തില്‍ ഒരു കുറവുമില്ല. പക്ഷെ മനുഷ്യമഹത്വത്തിനും ജീവനുമെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ ആരുശ്രമിച്ചാലും നഖശിഖാന്തം എതിര്‍ക്കും. കേരള-കേന്ദ്ര സര്‍ക്കാരുകളെന്നോ വ്യക്തികളെന്നോ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. ജസ്റ്റിസ് കൃഷ്ണയ്യരെപ്പോലൊരു വ്യക്തി ആരാച്ചാരുടെ റോളിലേയ്ക്ക് തരംതാഴുന്നത് സാക്ഷര സാംസ്‌കാരിക പാരമ്പര്യം വച്ചുപുലര്‍ത്തുന്ന കേരളസമൂഹത്തിന് തന്നെ അപമാനമാണ്. സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നിയമമാക്കിയിരിക്കുന്നു എന്ന ധാര്‍ഷ്ഠ്യത്തോടെ ജസ്റ്റിസ് കൃഷ്ണയ്യര്‍ സംസാരിക്കുന്നത് മാന്യതയല്ലെന്നും വി.സി.സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു.
 
സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ പ്രധാനമന്ത്രിക്കും കേന്ദ്ര നിയമമന്ത്രിക്കും ഒക്‌ടോബര്‍ 20ന് വിമന്‍സ് കോഡ് ബില്ലിലെ വിവാദ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ നിവേദനം സമര്‍പ്പിക്കുമെന്ന് വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക