Image

തോമസ് ട്രാന്‍സ്‌ട്രോമറിന് സാഹിത്യ നൊബേല്‍

Published on 06 October, 2011
തോമസ് ട്രാന്‍സ്‌ട്രോമറിന് സാഹിത്യ നൊബേല്‍
സ്റ്റോക്ക്‌ഹോം: സ്വീഡിഷ് കവിയും എഴുത്തുകാരനും വിവര്‍ത്തകനുമായ തോമസ് ട്രാന്‍സ്‌ട്രോമറാണ് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ കരസ്ഥമാക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമൊരു കവിയ്ക്ക് നൊബേല്‍ ലഭിക്കുന്നത്. പുരസ്‌കാരപ്പട്ടികയില്‍ സിറിയന്‍ കവി അഡോണിനെയും പോളീഷ് കവി അദം സജാവെസ്‌കിയെയും, കോറിയന്‍ കവി കൊ യുന്നിനെയും പിന്തള്ളിയാണ് 80-കാരനായ ട്രാന്‍സ്‌ട്രോമര്‍ പുരസ്‌കാരം നേടിയത്.

1931-ല്‍ സ്റ്റോക്ക്‌ഹോമില്‍ ജനിച്ച ഇദ്ദേഹം പതിമൂന്നാമത്തെ വയസ്സില്‍ കവിത എഴുതി തുടങ്ങി. 1954-ല്‍ ആദ്യത്തെ കവിതാസമാഹാരമായ പതിനേഴ് കവിതകള്‍ (17 ഡിക്ടര്‍) പുറത്തുവന്നു. മോഡേണിസവും സര്‍റിയലിസവും കൂടിക്കലര്‍ന്ന അദ്ദേഹത്തിന്റെ നവീനമായ ശൈലി പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെട്ടു.

ഹാഫ് ഫിനിഷ്ഡ് ഹെവന്‍, വിന്‍ഡോസ് ആന്‍ഡ് സ്‌റ്റോണ്‍സ്, നൈറ്റ് വിഷന്‍, പാത്ത്‌സ്, ബാല്‍ട്ടിക്‌സ്, ഫോര്‍ ദി ലിവിങ്ങ് ആന്‍ഡ് ദി ഡെഡ് തുടങ്ങി നിരവധി സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി പുസ്തകങ്ങള്‍ അദ്ദേഹം സ്വീഡിഷ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

1990-ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടു. എന്നാലും കവിത എഴുത്ത് തുടര്‍ന്നു. സ്റ്റോക്ക്‌ഹോം സര്‍വകലാശാലയില്‍ മനശാസ്ത്ര വിഭാഗത്തില്‍ പ്രൊഫസറായിരുന്നു.

മലയാളത്തിന്റെ പ്രിയ കവി കെ. സച്ചിദാനന്ദന്‍ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. സച്ചിദാനന്ദനെ കൂടാതെ പ്രമുഖ ബംഗാളി സാഹിത്യകാരി മഹാശ്വേത ദേവി, രാജസ്ഥാനി കഥാകൃത്ത് വിജയ്ദാന്‍ ദേത്ത എന്നിവരും ഇന്ത്യയില്‍നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിലുള്‍പ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക