Image

ജോലി വാഗ്‌ദാനം ചെയ്‌തു തട്ടിപ്പ്‌; പാമ്പാടി സ്വദേശി കബളിപ്പിക്കപ്പെട്ടു

Published on 06 October, 2011
ജോലി വാഗ്‌ദാനം ചെയ്‌തു തട്ടിപ്പ്‌; പാമ്പാടി സ്വദേശി കബളിപ്പിക്കപ്പെട്ടു
റിയാദ്‌: ഇന്റര്‍നെറ്റിലൂടെ വിദേശത്തു ജോലി വാഗ്‌ദാനം ചെയ്‌തു തട്ടിപ്പ്‌; യുവാവിനു ലക്ഷങ്ങളുടെ നഷ്ടം. സൗദിയില്‍ മെയില്‍ നഴ്‌സായിരുന്ന മീനടം വട്ടക്കാവ്‌ ജോബിഷ്‌ മാത്യു (25) വിനാണ്‌ നാലര ലക്ഷം രൂപയോളം നഷ്ടപ്പെട്ടത്‌. സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്നു ജോബിഷ്‌. മൗണ്ട്‌ എന്റര്‍പ്രൈസസ്‌ എന്ന സ്ഥാപനം വഴി ഇംഗ്ലണ്ടില്‍ ജോലി തരപ്പെടുത്താമെന്ന്‌ ഇന്റര്‍നെറ്റിലൂടെ ജോബിഷിനെ അറിയിക്കുകയായിരുന്നു. പല ഘട്ടങ്ങളിലായി ഇംഗ്ലണ്ട്‌ സ്വദേശിയായ മാര്‍ട്ടിന്‍ റോജര്‍, മലയാളിയായ കെ.എന്‍. മിഥുന്‍ എന്നിവര്‍ ആവശ്യപ്പെട്ടപ്രകാരം 439720 രൂപ മുംബൈയിലുള്ള ബാങ്ക്‌ അക്കൗണ്ട്‌ വഴി ജോബിഷ്‌ ഇവര്‍ക്കു പണം നല്‍കുകയായിരുന്നെന്ന്‌ പാമ്പാടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്‌ പ്രകാരം പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. സൗദിയില്‍ ജോലി ഉണ്ടായിരുന്ന ജോബിഷിന്‌ ഇംഗ്ലണ്ടില്‍ കൂടുതല്‍ ശമ്പളത്തിന്‌ ഹോംനഴ്‌സായി നിയമനം നല്‍കാമെന്നു കാണിച്ചുള്ള ഇന്റര്‍നെറ്റ്‌ സന്ദേശമാണ്‌ കൈമാറിയിരുന്നത്‌. പണമടച്ചതും നെറ്റ്‌ ബാങ്കിംഗ്‌ സംവിധാനംവഴിയാണ്‌. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെന്നു കാണിച്ചു ഹിന്ദിയിലെ പ്രമുഖ തൊഴില്‍ വെബ്‌സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്‌തതിന്റെ ചുവടുപിടിച്ചായിരുന്നു തട്ടിപ്പിന്‌ കളമൊരുങ്ങിയത്‌.

തുടര്‍ന്ന്‌ ഇംഗ്ലണ്ടില്‍ ജോലി നല്‍കാം എന്ന ഇമെയില്‍ ജോബിഷിനു ലഭിച്ചു. ഇംഗ്ലണ്ടിലെ വീട്ടിലുള്ള ഭാര്യയുടെ ആരോഗ്യ പരിചരണത്തിനായി നഴ്‌സിങ്‌ അസിസ്റ്റന്റായി ജോലി ചെയ്യണമെന്നു പറഞ്ഞുള്ള ഒരാളുടെ അറിയിപ്പ്‌ കിട്ടിയതിനെ തുടര്‍ന്നു ജോബിഷ്‌ സമ്മതം അറിയിച്ച്‌ ഇമെയിലിലൂടെ മറുപടി നല്‍കി. മികച്ച ശമ്പളമാണ്‌ ജോലിക്കു വാഗ്‌ദാനം ചെയ്‌തിരുന്നത്‌. വിദേശത്തേക്കു വരുന്നതിനു വേണ്ടി അക്കൗണ്ട്‌ തുടങ്ങണമെന്നും ആയിരം പൗണ്ട്‌ ഇതിനായി അയച്ചു നല്‍കണമെന്നും തുടര്‍ന്ന്‌ അറിയിപ്പു വന്നു.

നാഷനലൈസ്‌ഡ്‌ ബാങ്കില്‍ ജോബിഷ്‌ ഇതിനായി പുതിയ അക്കൗണ്ടും തുടങ്ങി. വിവിധ കാര്യങ്ങളുമായി ഇന്റര്‍നെറ്റിലൂടെ ആശയവിനിമയം തുടര്‍ന്നു. ഇതിനിടെ ജോബിഷിനു വ്യാജ വര്‍ക്ക്‌ പെര്‍മിറ്റ്‌, വീസയുടെ കോപ്പി തുടങ്ങിയ വിവിധ രേഖകളും ഇന്റര്‍നെറ്റിലൂടെ അയച്ചു നല്‍കി. യാത്രകള്‍ക്കും മറ്റുമായി വീണ്ടും പണം അയച്ചു നല്‍കണമെന്നും ശമ്പളത്തിനൊപ്പം ഇവ തിരിച്ചു നല്‍കുമെന്നും അറിയിപ്പു വന്നു. 2000 പൗണ്ട്‌ അടയ്‌ക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന്‌ അഹമ്മദാബാദില്‍ നിന്നു ദുബായ്‌ വഴി ഇംഗ്ലണ്ടിലെത്താനുള്ള വിമാന ടിക്കറ്റും ഇന്റര്‍നെറ്റിലൂടെ നല്‍കി. പിന്നീട്‌ സംശയം തോന്നിയതോടെ അന്വേഷണം നടത്തിയപ്പോഴാണ്‌ തട്ടിപ്പ്‌ ബോധ്യമാകുന്നത്‌.

അക്കൗണ്ട്‌ മരവിപ്പിച്ച ശേഷം ഇദ്ദേഹം പാമ്പാടി സിഐ സാജു വര്‍ഗീസിനു പരാതി നല്‍കി. തട്ടിപ്പു നടത്തിയവര്‍ എടിഎം കാര്‍ഡ്‌ ഉപയോഗിച്ച്‌ ഇന്ത്യയില്‍ നിന്നു തന്നെയാണ്‌ പണം പിന്‍വലിക്കുന്നതെന്നു ബോധ്യപ്പെട്ടിട്ടുണ്ടെന്നു സിഐ പറഞ്ഞു. അഹമ്മദാബാദ്‌, ബംഗാള്‍ സ്വദേശികളാണ്‌ തട്ടിപ്പിനു പിന്നിലെന്ന സൂചനയും ലഭിച്ചിട്ടുണ്ട്‌. പരാതി മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍ പെടുത്തും. തുടര്‍ നടപടികള്‍ ആയശേഷം അന്യസംസ്ഥാനത്തേക്ക്‌ അന്വേഷണം വ്യാപിപ്പിക്കുമെന്നു സിഐ സാജു വര്‍ഗീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക