Image

അല്‍ഐന്‍ വിനോദ സഞ്ചാര മേഖലകളില്‍ പുതിയ റോഡുകള്‍

Published on 06 October, 2011
അല്‍ഐന്‍ വിനോദ സഞ്ചാര മേഖലകളില്‍ പുതിയ റോഡുകള്‍
അല്‍ഐന്‍: നഗര ഭംഗി തേടിയെത്തുന്ന സഞ്ചാരികള്‍ക്ക്‌ ആശ്വാസം പകര്‍ന്ന്‌ അല്‍ഐന്‍ മുനിസിപ്പാലിറ്റി വിനോദ സഞ്ചാര മേഖലകളിലെ റോഡുകള്‍ പുതുക്കിപ്പണിതു. ജബല്‍ ഹഫീത്ത്‌, ഗ്രീന്‍ മുബസ്സറ, ഐന്‍ അല്‍ഫായിദ, ശാബ്‌ അല്‍ ഖാഫ്‌ തുടങ്ങിയ മേഖലകളിലാണ്‌ റോഡുകള്‍ പുതുക്കി നിര്‍മിച്ചത്‌. റോഡുകളുടെ നവീകരണം ഈ മേഖലകള്‍ക്ക്‌ പുതിയ മുഖം നല്‍കിയിട്ടുണ്ട്‌.

അല്‍ഐനിലേക്ക്‌ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന പൊതു അവധി ദിവസങ്ങളില്‍ വന്‍ ഗതാഗതക്കുരുക്കാണ്‌ ഈ ഭാഗങ്ങളില്‍ അനുഭവപ്പെടാറ്‌. കൂടാതെ ഈദ്‌ ദിനങ്ങള്‍, ദേശീയദിനാഘോഷ പരിപാടികര്‍ എന്നിവക്കും നല്ല തിരക്ക്‌ അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തുടങ്ങിയ റോഡ്‌ നവീകരണ പദ്ധതിക്ക്‌ 63 മില്യന്‍ ദിര്‍ഹം ചെലവ്‌ വന്നതായി ഇന്‍േറണല്‍ റോഡ്‌ പദ്ധതി മാനേജര്‍ റാശിദ്‌ അല്‍ നിയാദി പറഞ്ഞു. വിനോദ സഞ്ചാര മേഖലകളില്‍ ഗതാഗത സുരക്ഷിതത്വവും സൗകര്യങ്ങളും വര്‍ധിപ്പിക്കുകയെന്ന മുനിസിപ്പാലിറ്റിയുടെ തീരുമാനത്തിന്‍െറ ഭാഗമായാണ്‌ പദ്ധതി നടപ്പാക്കിയതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പദ്ധതിപ്രകാരം നേരത്തെ മുബസ്സറയിലേക്കുള്ള ഒറ്റവരിപ്പാത രണ്ടു ഭാഗങ്ങളായി വിപുലീകരിച്ചിട്ടുണ്ട്‌. ഓരോ ഭാഗങ്ങളിലും മൂന്ന്‌ ലൈനുകളില്‍ കൂടി വാഹനങ്ങള്‍ക്ക്‌ പോകാന്‍ കഴിയും. തെരുവു വിളക്കുകളും, െ്രെഡനേജ്‌ സംവിധാനവും, മഴവെള്ള നീരൊഴുക്കിനായി പ്രത്യേകം ചാലുകളും സ്ഥാപിച്ചിട്ടുണ്ട്‌. ഗതാഗതക്കുരുക്ക്‌ കൂടുതല്‍ അനുഭവപ്പെട്ടിരുന്ന ഗ്രീന്‍ മുബസ്സറക്ക്‌ പുറത്ത്‌ പ്രധാന റോഡില്‍ റൗണ്ട്‌ എബൗട്ടും സ്ഥാപിച്ചിട്ടുണ്ട്‌. കാല്‍നട, സൈക്കിള്‍ യാത്രക്കാരെ പരിഗണിച്ചാണ്‌ പുതിയ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്‌. ഗ്രീന്‍ മുബസ്സറ ഡാം പരിസരത്തുനിന്ന്‌ ഐന്‍ അല്‍ ഫായിദ ഭാഗത്തേക്ക്‌ പുതുതായി സ്ഥാപിച്ച റോഡിന്‍െറ അവസാന മിനുക്കുപണിയും നടക്കുന്നുണ്ട്‌. അതേസമയം, ജബല്‍ ഹഫീത്തിന്‌ മുകള്‍ഭാഗം അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടിരിക്കുകയാണ്‌.
ദിവസേന 5,000 വാഹനങ്ങള്‍ ഈ റോഡുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്‌. 2020 ആകുമ്പോഴേക്കും 31,000 ആകുമെന്നും അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക