Image

ഇന്തോ- അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്റെ വാര്‍ഷികം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 07 October, 2011
ഇന്തോ- അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്റെ വാര്‍ഷികം ആഘോഷിച്ചു
ഷിക്കാഗോ: നോര്‍ത്ത്‌ അമേരിക്കയിലെ ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനും, അവരെ അമേരിക്കന്‍ രാഷ്‌ട്രീയത്തിലേക്ക്‌ വളര്‍ത്താനുമായി രൂപീകരിച്ച ഇന്തോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്റെ 32-മത്‌ വാര്‍ഷിക സമ്മേളനം സ്‌കോക്കി ഹോളിഡേ ഇന്നിന്റെ ഗ്രാന്റ്‌ ബാള്‍ റൂമില്‍ അഞ്ഞൂറിലധികം വരുന്ന വിശിഷ്‌ടാതിഥികള്‍ നിറഞ്ഞ സദസ്സില്‍ വെച്ച്‌ പ്രസിഡന്റ്‌ ഹരേന്ദ്ര മംഗോള ഉദ്‌ഘാടനം ചെയ്‌തു.

ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ വിശിഷ്‌ടാതിഥികളെ സ്വാഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്‌തു. ഇല്ലിനോയി സ്റ്റേറ്റ്‌ ലഫ്‌ ഗവര്‍ണ്ണര്‍ ഷീല സൈമണ്‍ ആയിരുന്നു കീനോട്ട്‌ സ്‌പീക്കര്‍. യു.എസ്‌ സെനറ്ററും, സെനറ്റിലെ മജോറിറ്റി വിപ്പുമായ ഡിക്ക്‌ ഡര്‍ബിന്‍ ആയിരുന്നു മുഖ്യാതിഥി. യു.എസ്‌ കോണ്‍ഗ്രസ്‌മാന്‍മാരായ ഡാനി ഡേവിസ്‌, മൈക്ക്‌ ക്വാഗ്ലി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഇവരെ കൂടാതെ സ്റ്റേറ്റ്‌ സെനറ്റേഴ്‌സ്‌, സേറ്റ്‌ റെപ്രസന്റേറ്റീവ്‌സ്‌, ജഡ്‌ജിമാര്‍, മേയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

മുന്‍ പ്രസിഡന്റുമാരായ ആന്‍ കാലായില്‍, സെല്‍മ ഡിസൂസ എന്നിവര്‍ക്ക്‌ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ സമ്മാനിച്ചു. ഈവര്‍ഷത്തെ സ്റ്റുഡന്റ്‌ അവാര്‍ഡ്‌ ഡി പോള്‍ യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌ പ്രസിഡന്റ്‌ അബിന്‍ കുര്യാക്കോസ്‌ ഏറ്റുവാങ്ങി. അസോസിയേഷന്റെ പ്രസിഡന്റ്‌ ഹരീന്ദ്ര അദ്ദേഹത്തിന്റെ അധ്യക്ഷപ്രസംഗത്തില്‍ അമേരിക്കയുടെ രാഷ്‌ട്രീയത്തില്‍ ഇന്ത്യക്കാര്‍ വളരെ മുമ്പന്തിയില്‍ എത്തിയിരിക്കുന്നുവെന്ന്‌ പറഞ്ഞു. ഉദാഹരണമായി രണ്ട്‌ ഗവര്‍ണ്ണര്‍മാര്‍, കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറല്‍, യു.എസ്‌ കോണ്‍ഗ്രസിലേക്ക്‌ മത്സരിക്കുന്ന രാജാ കൃഷ്‌ണ മൂര്‍ത്തി എന്നിവരെ ചൂണ്ടിക്കാട്ടി.

ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ തന്റെ നന്ദി പ്രസംഗത്തില്‍ ഇന്ത്യക്കാര്‍ തങ്ങളുടെ വോട്ടവകാശം കൂടുതലായി രേഖപ്പെടുത്തണമെന്ന്‌ അറിയിച്ചു. ഐ.എ.ഡി.ഒയ്‌ക്ക്‌ 32 വര്‍ഷത്തിനിടയില്‍ പല ഇന്ത്യക്കാരെ അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ വളര്‍ത്താന്‍ സാധിച്ചിട്ടുണ്ട്‌. രണ്ടുപേരെ യു.എസ്‌ പ്രസിഡന്റ്‌ അപ്പോയിന്റ്‌ ചെയ്‌തു. ഗവര്‍ണ്ണര്‍ അപ്പോയിന്റ്‌മെന്റ്‌, കമ്മീഷണര്‍, സിറ്റി ട്രസ്റ്റി, യു.എസ്‌ കോണ്‍ഗ്രസിലേക്ക്‌ മത്സരിക്കുന്ന രാജാ കൃഷ്‌ണമൂര്‍ത്തി എന്നിവര്‍ ഓര്‍ഗൈസേഷന്റെ അഭിമാനമാണെന്ന്‌ കൂട്ടിച്ചേര്‍ത്തു. കോമഡി ഷോയ്‌ക്കും ഡിന്നറിനും ശേഷം പരിപാടികള്‍ സമാപിച്ചു.
ഇന്തോ- അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്റെ വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക