Image

ശ്വേതയുടെ ചിത്രം ആഗോള റിലീസ്‌ 23-ന്‌, ബ്ലെസ്സി തിരിച്ചടിക്കുന്നു: കുര്യന്‍ പാമ്പാടി

കുര്യന്‍ പാമ്പാടി (emalayalee exclusive) Published on 05 August, 2013
ശ്വേതയുടെ ചിത്രം ആഗോള റിലീസ്‌ 23-ന്‌, ബ്ലെസ്സി തിരിച്ചടിക്കുന്നു: കുര്യന്‍ പാമ്പാടി
`ഇതൊന്ന്‌ ഇറങ്ങിയിട്ടുവേണം എന്റെ ആദ്യത്തെ ഇംഗ്ലീഷ്‌/ഹിന്ദി ചിത്രത്തിന്റെ പണി തുടങ്ങാന്‍.' കൃതഹസ്‌തനായ സംവിധായകന്‍ ബ്ലെസ്സി പറയുന്നു.

`ശ്വേതാമോനോന്റെ' യഥാര്‍ത്ഥ പ്രസവരംഗം ഉള്‍ക്കൊളളിച്ചിരിക്കുന്ന `കളിമണ്ണ്‌' അടുത്ത 23-ന്‌ വേള്‍ഡ്‌ വൈഡ്‌ റിലീസ്‌ ചെയ്യാനുറച്ചിരിക്കുകയാണ്‌, ബ്ലെസിയും നിര്‍മ്മാതാക്കളും. പ്രസവം ചിത്രീകരിച്ചിരിക്കുന്നതു മനുഷ്യാവകാശ ധ്വംസനമാണെന്നു കാട്ടി ചിത്രത്തിനെതിരെ കോലാഹലം കൂട്ടുന്ന ധര്‍മ്മ സന്യാസിമാരെ ബ്ലെസ്സിക്ക്‌ തെല്ലും കൂസലില്ല.

ആരോ കുബുദ്ധികള്‍ ജസ്റ്റീസ്‌ ബഞ്ചമിന്‍കോശി അദ്ധ്യക്ഷനായ മനുഷ്യാവകാശ കമ്മീഷനു പരാതിയയച്ചു. അതിന്റെ ചുവടുപിടിച്ചു സംവിധായകനോടും നിര്‍മ്മാതാവിനോടും കമ്മീഷന്‍ സമാധാനം ചോദിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.

അതൊന്നും ഞാനറിഞ്ഞിട്ടില്ല. ആരും എന്നോടു സമാധാനം ചോദിച്ചിട്ടുമില്ല. ശ്വേതയുടെ പ്രസവം കളിമണ്ണിലെ ഏറ്റം സ്‌തോഭജനകമായ രംഗമൊന്നുമല്ല. ബിജുമോനോന്‍ നായകനായ ചിത്രത്തിലെ ഏതാനും മിനിറ്റുള്ള ഒരുരംഗംമാത്രം- ബ്ലെസി തിരുവല്ലയില്‍ പുതിയതായി പണിത വീടിന്റെ പൂമുഖത്തു നിന്ന്‌്‌ `ഈമലയാളി'യുമായുള്ള എക്‌സ്‌ക്ലൂസീവ്‌ ഇന്റര്‍വ്യൂവില്‍ പറഞ്ഞു.

പ്രസവരംഗത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരം അധാര്‍മ്മികമാണെന്നു ആദ്യം ഒച്ചപ്പാടുണ്ടാക്കിയത്‌ സ്‌പീക്കര്‍ ജി. കാര്‍ത്തികേയനാണ്‌. തുടര്‍ന്ന്‌ ഒരുപറ്റം ആളുകള്‍ അക്കൂട്ടത്തില്‍ ചേര്‍ന്നു.

പ്രസവത്തെ ഒരു കലാകാരന്റെ കണ്ണില്‍ക്കൂടിയാണു ഞാന്‍ കണ്ടത്‌.ഡെബണയറും അമേരിക്കയിലെ പ്ലേബോയിയും പെന്റ്‌ഹൗസും മറ്റും സ്‌ത്രീ ശരീരത്തെ കണ്ടത്‌ അതൊരു മനോഹരമായ കലാരൂപം എന്ന നിലയിലാണ്‌. ഇന്ത്യക്കാര്‍ക്കു മനസ്സിലായില്ലെങ്കില്‍ അമേരിക്കക്കാര്‍ക്കെങ്കിലും മനസ്സിലാകും - ബ്ലെസ്സി പറയുന്നു.

ശ്വേത മലയാളികളുടെ ഹരമാണ്‌. ഏറ്റം മികച്ച അഭിനേതാക്കളില്‍ ഒരുവളാണ്‌. വളരെക്കാലം കേരളത്തിനു പുറത്തു ജീവിച്ച ശ്വേത മലയാളത്തിലെത്തി ഏതാനും ചിത്രംകൊണ്ട്‌ മലയാളികളുടെ ഹൃദയം കവര്‍ന്നു. മലയാളം ശരിക്കും സംസാരിക്കാന്‍ അറിയില്ലായിരുന്നിട്ടു കൂടി ഏതു വേഷവും മലയാളികളുടെ ഭാവതീവ്രതയോടെ അഭിനയിക്കാനാവുമെന്നു തെളിയിച്ചു.

ലൈംഗികമായി ഇക്കിളിയുണ്ടാക്കി പണം വാരാന്‍ ഉദ്ദേശിച്ചുളള ഒരു മെഡിക്കല്‍ ചിത്രമല്ല കളിമണ്ണ്‌. വികാരതീവ്രമായ ഒരു പ്രണയത്തിന്റെ കഥയുണ്ടായുരുന്നു അതിനുളളില്‍.

കാഴ്‌ച എന്ന ചിത്രവുമായി 2004 ലാണ്‌ ബ്ലെസി ഒരു കൊടുങ്കാറ്റുപോലെ മലയാളത്തില്‍ കടന്നു വരുന്നത്‌. സിനിമാരംഗത്തെ അനുഭവപരിജ്ഞാനം കൈമുതലായി ഉണ്ടായിരുന്നു. കാഴ്‌ചയും പിന്നീടുവന്ന തന്മാത്രയും വന്‍വിജയങ്ങളായി മലയാള സിനിമയുടെ നവോന്മേഷത്തിന്റെ പതാകവാഹകനാണു ബ്ലെസി എന്ന കാര്യത്തില്‍ സംശയമില്ല. കളിമണ്ണ്‌ ബ്ലെസിയുടെ ഏഴാമത്തെ ചിത്രമാണ്‌. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ നിര്‍മ്മിച്ച ലോകോത്തര സംവിധായകരുടെ മുന്‍പന്തിയില്‍ സ്ഥാനം പിടിച്ച പ്രതിഭാധനന്മാരുടെ പട്ടികയില്‍ ബ്ലെസിയും ഉണ്ടാവും തീര്‍ച്ച. ബ്ലെസിയുടെ കരിയറില്‍ ഏറ്റവും ചെലവു വന്നത്‌ കല്‍ക്കട്ടാന്യൂസ്‌ എന്ന ചിത്രത്തിനാണ്‌. കല്‍ക്കട്ടയിലെ വെളളപ്പൊക്കവും മറ്റും മൂലം ഷെഡ്യൂളുകള്‍ താമസിച്ചു. മുടക്കിയ പണത്തിനനുസരിച്ചു പണം വാരാന്‍ ചിത്രത്തിനു കഴിഞ്ഞില്ല. ദിലീപന്റെ ഉണ്ടായിട്ടുപോലും.

ഇനി എന്റെ കരിയറിലെ ഏറ്റം പണംമുടക്കുളള ഒരു ബിഗ്‌ ബജറ്റ്‌ ചിത്രത്തിന്റെ രൂപരേഖകള്‍ മനസ്സിലുണ്ട്‌. മലയാള പ്രസാധന ചരിത്രത്തില്‍ റിക്കാര്‍ഡിട്ട ഒരു നോവല്‍ എന്റെ പുതിയ വീടിന്റെ
സ്റ്റുഡിയോ
റൂമില്‍ മേശപ്പുറത്തിരിക്കുന്നു. പതിവുപോലെ ബ്ലെസി തന്നെ തിരക്കഥ എഴുതും. വിദേശ ചിത്രീകരണത്തിനും പണം വാരിയെറിയേണ്ടിവരുന്നതിനാല്‍ അതു മലയാളത്തില്‍ ഒതുക്കി നിര്‍ത്താനാവില്ല. ഇംഗ്ലീഷിലും ഹിന്ദിയിലുമായിരിക്കും പുതിയ ചിത്രം.

ഭാര്യ മിനിയും പുത്രന്‍ അതിഥും (പ്ലസ്‌ടു) അഖിലും (9) തിരുവല്ല മാര്‍ത്തോമ്മാകോളേജിനും എതിര്‍വശത്തെ യഥാര്‍ത്ഥ `പുത്തന്‍പുര'യില്‍ കൂട്ടിനുണ്ട്‌ കഥയെഴുതാന്‍ ഈ അന്തരീക്ഷം ധാരാളം.

ബ്ലെസി ഇന്റര്‍നെറ്റ്‌ സാവി അല്ല എങ്കിലും കളിമണ്ണിലെ `ലാലിലാലി' എന്നപാട്ട്‌ യൂട്യൂബിലൂടെ പത്തുലക്ഷംപേര്‍ കേട്ടതില്‍ ഈഅമ്പതുകാരനു അഭിമാനമുണ്ട്‌.
ശ്വേതയുടെ ചിത്രം ആഗോള റിലീസ്‌ 23-ന്‌, ബ്ലെസ്സി തിരിച്ചടിക്കുന്നു: കുര്യന്‍ പാമ്പാടിശ്വേതയുടെ ചിത്രം ആഗോള റിലീസ്‌ 23-ന്‌, ബ്ലെസ്സി തിരിച്ചടിക്കുന്നു: കുര്യന്‍ പാമ്പാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക